പ്രിയകവേ,
കത്തും കവിതപ്പുസ്തകവും കിട്ടി. സന്തോഷമുണ്ട്. വായിക്കാന്‍ സമയമില്ലെന്നു പറയേണ്ടിവന്നതില്‍ ഖേദവും. പുണ്യപുരാണങ്ങള്‍ തൊട്ടു പെരുങ്കായത്തിന്റെ പൊതിവരെയെന്തും വായിച്ചുതള്ളുകയും വായിച്ചതെല്ലാം ഓര്മ്മവെക്കുകയും ചെയ്ത പഴയ കാലമല്ലല്ലോ ഇത്. തിരക്കൊഴിഞ്ഞ നേരമില്ല. മുതുകത്തിരുന്ന് ആരോ ചാട്ടവാറുകൊണ്ട് അടിച്ചോടിക്കുന്നതുപോലെ. ഒരുതരം മരണപ്പാച്ചില്‍ എന്നുതന്നെ പറയാം. അതിനിടയില്‍ ഒട്ടൊഴിവു കിട്ടിയാല്‍ ഒരല്പം വിനോദത്തിനാണു മനസ്സുകൊതിക്കുന്നത്.
എന്റെ പ്രിയപ്പെട്ട ഒരു കാവ്യവിനോദത്തെപ്പറ്റി എഴുതട്ടെ. പലതരം കവിതാസമാഹാരങ്ങളെടുത്ത് കുത്തിക്കെട്ടഴിച്ചു കടലാസുകള്‍ കലര്‍ത്തും. അവയില്‍ നല്ലതു തെരഞ്ഞെടുത്തു കപ്പലുണ്ടാക്കിയൊഴുക്കും. ചിലതു ചുട്ടുകളയും. ഇനിയും ചിലതു കാറ്റില്‍ പറത്തും. ബാക്കിയാവുന്നവയുടെ വരികള്‍ക്കിടയില്‍ തോന്നിയവാസമെഴുതി നിറയ്ക്കും. വാക്കുകള്‍ കറുപ്പിച്ചുചേര്ത്ത് പുഷ്പചക്രങ്ങള്‍ വരയ്ക്കും. ഒടുക്കം താളുകള്‍ തുന്നിച്ചേര്‍ത്തു പിന്നീടു വായിക്കാന്‍ സൂക്ഷിക്കും.
സമയം കിട്ടുമ്പോഴൊക്കെ എഴുതുക.
സസ്നേഹം
കാലം

13 അഭിപ്രായങ്ങൾ:
കാലം എന്തു ബാക്കി വെക്കുമെന്ന് ചിന്തിക്കുന്നത് രസം തന്നെ.ക്ഷണികമായ ഉത്സവമായി പുതുകവിത അധഃപതിക്കുന്നുണ്ടോ?ഉണ്ടെങ്കിലും അതിനെ കുറ്റം പറയാന്‍ തോന്നുന്നില്ല.അനശ്വരത ഒരു കുറ്റമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അതുകൊണ്ട് ക്ഷണികതയെ ക്കുറിച്ച് എനിക്ക് പരിഭവമില്ല.
ഇങ്ങനെ വായിച്ചാല്‍ മനസ്സിലാവുന്ന കവിതകളിനിയും വേണം :)
വിഷ്ണു,
(എഴുത്തുകാരന് വായനയില്‍ ഇടപെടുന്നതു തെറ്റാണോ എന്നറിയില്ല. കമന്റും പോസ്റ്റിനോടൊപ്പമോ അതിലും മുമ്പോ ആണു പലരും വായിക്കുന്നതെന്നതു കൊണ്ട് ഇടപെടാതിരിക്കുന്നതാണോ തെറ്റ് എന്നും അറിയില്ല.) കവിതയിലായിരുന്നില്ല, കാലത്തിലായിരുന്നു എന്റെ ഊന്നല്‍.
സിബു,
:-)
അക്കിത്തത്തിന്റെ ഈ കവിത വായിച്ചിട്ട് എഴുതിയതാണിത്. ഇതിന്റെ കൂടെയല്ലാതെയും വായിക്കാം എന്നതുകൊണ്ടാണ് അതു പ്രത്യേകം പറയാതിരുന്നത്:
നീ മാത്രം സത്യം
കാലമേ, കനിയുക!
സദയം വെട്ടിക്കള-
ഞ്ഞാലുമെന് കൈക്കുറ്റപ്പാ-
ടിലുള്ള പാഴ്വാക്കുകള്‍.
അര്‍ത്ഥമുള്ളവ, നിത്യ-
പ്രണവസംഗീതസാ-
ന്ദ്രാനന്ദം പൊഴിപ്പവ,
വല്ലതും ശേഷിക്കുകില്
അതുമാത്രം നീ ശേഖ-
രിച്ചുവെക്കുക! വെട്ടി-
യകറ്റീടുകെന് പേര്: ഞാന്‍
മിഥ്യ; നീ മാത്രം സത്യം.
:)
സത്യം.അതേ പരമമായ സത്യം.:)
:) വെരി ക്ലിയര്‍.
കാലവും, വര്‍ഷവും, എല്ലാം ഒരു കാലവര്‍ഷത്തില്‍ ഒലിച്ചു പോവാനുള്ളത് അല്ലേ, രാജേഷ്.
കാലമേ,
“ബാക്കിയാവുന്നവയുടെ വരികള്‍ക്കിടയില്‍ തോന്നിയവാസമെഴുതി നിറയ്ക്കും. വാക്കുകള്‍ കറുപ്പിച്ചുചേര്ത്ത് പുഷ്പചക്രങ്ങള്‍ വരയ്ക്കും“
നിന്റെ ഇത്തരം കാവ്യവിനോദങ്ങള്‍ ചിലപ്പോഴെങ്കിലും എന്നെ മുഷിപ്പിച്ചീട്ടുണ്ട് എന്ന് പറയാതെ വയ്യ.
എന്ന്
ആരാധിക
"അവയില്‍ നല്ലതു തെരഞ്ഞെടുത്തു കപ്പലുണ്ടാക്കിയൊഴുക്കും" എത്ര നല്ല കാവ്യ വിനോദം!
നന്നായിരിക്കുന്നു രാജേഷ്.
നന്നായിരിക്കുന്നു മാഷേ :)
'സമയം കിട്ടുമ്പോഴൊക്കെ എഴുതുക' എന്നൊരു ആപ്പും കൂടി വെച്ചല്ലോ കാലം...ഭയങ്കരം..!!!
പി.രാമന്റെ കവിത ഓര്‍മ്മ വന്നു-
“ഒരിക്കലും കാലഹരണപ്പെടില്ല
ഒന്നുമാവിഷ്കരിക്കാന് കഴിയാത്തവന്റെ ദു:ഖം”
കൗതുകകരമായ ഓരോരോ തോന്ന്യാസങ്ങളേ....
കൊള്ളാം...കൊള്ളാം....ഇഷ്ടപ്പെട്ടു
സങ്കു, വേണു, വിശാലന്, നിര്‍മ്മല, ജിതേഷ്,
നന്ദി.
വിമതന്,
എല്ലാ പെരുവെള്ളപ്പാച്ചിലുകളിലും എന്തെങ്കിലുമൊക്കെ ബാക്കിയാകുന്നു.
ഡാലി,
മുഷിപ്പിക്കുക എന്നാണോ ഭ്രാന്തുപിടിപ്പിക്കുക എന്നാണോ പറയേണ്ടതെന്നറിഞ്ഞുകൂട.
ലാപുട,
രാമനുള്‍പ്പെടെയുള്ളവരുടെ തലമുറയിലെ കവിതയുമായി പരിചയപ്പെടേണ്ടിയിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ