23/5/07

കളിവണ്ടി

വണ്ടി വലിച്ച്‌ തളര്‍ന്ന്
വഴിയോരം വീണ്‌ കണ്ണടച്ചൊരു
വണ്ടിക്കാളയുടെ എല്ലിന്‍കൂടുപോലെ
പാതവക്കില്‍ കിടപ്പുണ്ടൊരു
ഉരുക്കിന്റെ അസ്ഥികൂടം.

പൂര്‍ത്തിയാവാത്ത
അതിന്റെ മരണം
മഴവെള്ളം വീണ്‌
തുരുമ്പിച്ചിരുന്നു.

ചക്രങ്ങള്‍ അഴിഞ്ഞ
അച്ചുതണ്ടില്‍
‍ഓടിത്തീരാത്ത വേഗങ്ങളെ
കുറ്റിയടിച്ച്‌ തളച്ചിരുന്നു.

കത്താത്ത കണ്ണുകളില്‍
‍എത്താതെപോയ
ലക്ഷ്യങ്ങള്‍‍ പോലുമില്ലായിരുന്നു.

ചിതയ്ക്കുചുറ്റും
കറങ്ങുന്ന കാലുകള്‍ പോലെ
അതിനെ വലംവച്ച്‌ നീങ്ങുന്നു
തുടരിന്റെ വ്യഥയുണ്ണുന്ന
വണ്ടികള്‍, വഴിയാത്രക്കാര്‍..

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

കട്ടപ്പുറത്തെ വണ്ടി കാണാന്‍
‍നിന്നേക്കും ഒരു മാത്ര..,

പിന്നെയവനുമീ കളി തുടരും!

6 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇതാ..,ഒരു വണ്ടികവിത..

വല്യമ്മായി പറഞ്ഞു...

കട്ടപ്പുറത്തെ വണ്ടി കണ്ട്
അവന്‍ കളി തുടര്‍ന്നോട്ടെ
പരിഹസിക്കാതെ
പുച്ഛിക്കാതെ
എല്ലാം തിരിച്ചറിഞ്ഞ്.

അപ്പൂസ് പറഞ്ഞു...

തിരക്കിലൂടിടംവലം തന്റെ
ടയറുവണ്ടിയും വെട്ടിച്ചോടി
വരുന്നുണ്ട്‌ വിയര്‍ത്തൊട്ടി
കിതപ്പും വിസിലുമായ്‌
കളിച്ചൂടിലൊരു പയ്യന്‍.

അവനെന്നും അവിടെയില്ലേ? എല്ലാം കണ്ടിട്ടും കാണാതെ..?
ഇഷ്ടമായി. വായിക്കുന്തോറും.

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ലൊരു കവിതയാണിത്.പക്ഷേ അതിന്റെ കളിവണ്ടി എന്ന പേര് കവിതയെ കെടുത്തുന്നതു പോലെ തോന്നുന്നു.

Rajeeve Chelanat പറഞ്ഞു...

ബൂലോക കവിതകളുടെ ഫോസ്സിലുകള്‍ കാണാന്‍ എന്നെങ്കിലും ഇതു വഴി വന്നേക്കാവുന്ന കുട്ടികള്‍ ഈ ‘കളിവണ്ടി’ക്കു മുന്‍പില്‍ ഒരു നിമിഷം നില്‍ക്കും. തീര്‍ച്ച.
ഇവിടെത്തന്നെയുള്ള മറ്റ്ചില വണ്ടികള്‍ക്കടിയില്‍പ്പെട്ട് അവരുടെ കവിതാഭ്രമങ്ങള്‍ അവസാനിച്ചേക്കുമെന്ന് ഒരു
ദുശ്ചിന്ത കൂടെയുണ്ടെങ്കിലും.

വിശാഖ് ശങ്കര്‍ പറഞ്ഞു...

വല്യമ്മാ‍യി,
ഒരു മാത്ര,ഒരു മാത്രയെങ്കിലും ഒന്നു നിന്നിട്ട് അവന്‍ കളി തുടര്‍ന്നോട്ടെ,അല്ലെ..,നന്ദി.
അപ്പൂസെ,
ഉണ്ട്. അവന്‍ എന്നും ഉണ്ടാകും.ഒന്നു തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന ദൂരത്ത് അവനുണ്ടാകും.
വിഷ്ണു,
അഭിപ്രായത്തിനു നന്ദി.തലക്കെട്ട് നിരാശപ്പെടുത്തി അല്ലെ..:)
രാജീവേ....:),ഞാനും അങ്ങനെ ആശിക്കുന്നു.വളരെ നന്ദി,ഈ വാക്കുകള്‍ക്ക്..