14/5/07

അയ്യപ്പന്‍കാട്ടില്‍വെച്ചു കണ്ടു

അഭയവരദ മുദ്രകളില്ലാതെ

മരച്ചുവട്ടിലിരുന്നു

ബീഡി വലിക്കുന്നു

കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്

മുഷിഞ്ഞിട്ടുണ്ട്

വെയില്‍ തിന്നാവണം

മുഖം ചുവന്നിരിക്കുന്നത്

ചിരിച്ചു

“പുലിപ്പാലു തേടിയാണോ

നീയും വീടു വിട്ടത്?”

“അല്ല, കാടു കാണാന്‍

വീടിന്റെ ചതുരത്തിനപ്പുറം

കണ്ടിട്ടില്ല

താഴ്വരകള്‍, നീരൊഴുക്കുകള്‍

പുല്‍ക്കാടുകള്‍

അറിഞ്ഞിട്ടില്ല”

മരവേരിലല്പം ഇടം തന്നു

ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു

മുലയൂട്ടുന്ന കവിതയുടെ

മുരള്‍ച്ച!

11 അഭിപ്രായങ്ങൾ:

അനിലൻ പറഞ്ഞു...

എന്റെ തറവാട്ടമ്പലത്തിലെ ദേവന്‍ അയ്യപ്പനാണ്, കവിതയിലും.

വിഷ്ണു പ്രസാദ് പറഞ്ഞു...

വിശാഖ്,നീ തേടി നടന്ന കവിത ദാ ഇവിടെ.അനിലിന്റെ ഏറ്റവും നല്ല കവിതയെന്ന് പലരും എടുത്തു പറഞ്ഞ അയ്യപ്പന്‍..

കണ്ണൂസ്‌ പറഞ്ഞു...

ആ മരവേരിലിരുന്നതിന്റെ എരണം കാണുന്നുണ്ട്‌ അനിലേ. കവിതയുടെ മുരള്‍ച്ച ഇവിടേയും കേള്‍ക്കുന്നു!

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ശ്ശൊ.. ഇതെന്നെ തിന്നു കളഞ്ഞു.
ഞാന്‍ ദഹിച്ചൊരു വികാരമായിത്തീര്‍ന്നു.!

വിശാഖ് ശങ്കര്‍ പറഞ്ഞു...

അനിലാ,
ഈ മുരള്‍ച്ച വിശദമായി കേള്‍ക്കണമെന്നാണ് ആശ.ശ്രമിച്ചു നോക്കാം,അല്ലേ..

G.MANU പറഞ്ഞു...

അനിലാ..അയ്യപ്പനോട്‌ പറയണമെന്നുണ്ട്‌..

എന്നിലും ഒരയ്യപ്പനുണ്ട്‌.
അലയുന്നവന്‍..
അകത്തിരുട്ടില്‍ ഒളിക്കുന്നവന്‍..
സംഹിതകളിലേക്കു സംഹാരത്തുപ്പല്‍ ചാറ്റുന്നവന്‍..
പക്ഷേ നിന്നെപ്പോലെ ഭാഗ്യമില്ലാത്തവന്‍.. ബീജത്തില്‍ വിളയിച്ചവണ്റ്റെയും
ബീജ ഏറ്റുവാങ്ങിയവളുടേയും കണ്ണീര്‍ക്കയ്പ്പ്‌ പുരണ്ടവന്‍

അഭയാര്‍ത്ഥി പറഞ്ഞു...

കവിത എന്നത്‌ സപ്ര്യയാക്കിയ മറ്റാരുമില്ല അയ്യപ്പനൊഴികെ ഇപ്പോള്‍ മലയാളത്തില്‍.
പണ്ടൊരു കുഞ്ഞിരാമന്‍ നായരുണ്ടായിരുന്നു.
നിളയുടെ തീരം മുഴുവനലഞ്ഞവന്‍.
30 വര്‍ഷം മുമ്പ്‌ അയ്യപ്പനെ കണ്ടിട്ടുണ്ട്‌. അന്നിയാള്‍ ഒര്‌ കിറുക്കനാണെന്ന
മുന്വിധിയാണ്‌ ഞാനെന്ന മിടുക്കനുണ്ടായിരുന്നത്‌.

കാര്‍ഡിയോഗ്രാം പോലെ കേറിയും ഇറങ്ങിയും വരികളാല്‍ ഇയാളെഴുതുന്നതെന്തെന്ന്‌
ഒരെത്തും പിടിയുമുണ്ടായിരുന്നില്ല. എംകിലും അപൂര്‍വങ്ങളായി മാത്രുഭൂമിയില്‍,
കലാകൗമുദിയില്‍ അച്ചടിച്ച്‌ വരുന്നത്‌ കാണുമ്പോള്‍ ഇയാളെഴുതുന്നതില്‍ എന്തൊക്കേയൊ
ഉണ്ട്‌ എന്ന്‌ ധരിക്കുവാന്‍ നിര്‍ബന്ധിതനായി.

കാലങ്ങള്‍ക്ക്‌ ശേഷം അയ്യപ്പന്റെ വരികള്‍ പറയുന്ന ചെറുപ്പങ്ങളെ കാണുമ്പോള്‍
മിടുക്കിന്റെ മുനതേഞ്ഞ്‌ കഴിവുകെട്ടവനായ എനിക്ക്‌ മനസ്സിലാകുന്നു അയ്യപ്പന്‍
കവിതയുടെ അയ്യനായിരുന്നു.
കവിതോപാസാനയില്‍ ജന്മം താണ്ടാന്‍ കഴിഞ്ഞ അപൂര്‍വവ്യക്തി വൈശിഷ്ട്യങ്ങളിലൊന്ന്‌.

Kuzhur Wilson പറഞ്ഞു...

എന്റെ ജോണ്‍ദിനങ്ങള്‍ തയ്യാറാക്കാന്‍ കുറെ ദിവസം അയ്യപ്പന്റെ കൂടെ കഴിയേണ്ടി വന്നിട്ടുണ്ടു. ആലുവയിലും, കൊടുങ്ങല്ലൂരിലും. കവിയായ സെബസ്റ്റ്യന്‍ ചേട്ടന്റെ നിര്‍ദ്ദേശ്ശപ്രകാരം.

ഒരു രാത്രി അയ്യപ്പന്‍ എന്നോട് പറഞ്ഞു, ടാ എന്റെ അച്ചന്‍ ഒരു സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു. ഞാന്‍ സ്വര്‍ണ്ണമായിരുന്നു. മിക്ക വരികളും ആവര്‍ത്തിക്കുന്ന അയ്യപ്പന്‍ ഇതു എവിടെയും എഴുതിക്കണ്ടില്ല. സമാനമായ വരികള്‍ എഴുതിയിട്ടുണ്ടു എങ്കിലും.

ആ വരികള്‍ ഉള്ളില്‍ നിന്നും പോകുന്നില്ല. എന്റെ അയ്യപ്പന്‍ ദിനങ്ങള്‍ കുറച്ചുണ്ടു. അതു പിന്നീട്
ഇവിടെ എഴുതാം.

സ്വകാര്യം:
ടി.പി.അനില്‍കുമാറിനെ ടി.പി.കുഞ്ഞിരാമന്‍ നായര്‍ എന്നു വിളിക്കുന്ന ചിലര്‍ ഇവിടെ ഉണ്ട് (ഞാന്‍ ഈ നാട്ടുകാരനല്ല)

Rajeeve Chelanat പറഞ്ഞു...

അനിലന്റെ കവിതയിലെ മുരള്‍ച്ച തീര്‍ന്നോ എന്നു സംശയിച്ചുതുടങ്ങിയപ്പോഴാണ്‌ അയ്യപ്പനെ വായിച്ചത്‌..
ആശ്വാസമായി...

അനിലൻ പറഞ്ഞു...

കവിതയിലെ മുരള്‍ച്ചയല്ല് രാജീവ്, അനിലന്റെ മുരള്‍ച്ച തന്നെ തീര്‍ന്നുപോയ്.

Kuzhur Wilson പറഞ്ഞു...

എ.അയ്യപ്പനു ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയതു കാര്‍ട്ടൂണിസ്റ്റ് രാജു ആണെന്നു തോന്നുന്നു. അയ്യപ്പനു എവിടെ നിന്നും സ്വീകരിക്കാവുന്ന വിലാസം ഇ തന്നെയാണ്‍. പിന്ന്നെ കാലവും. അയ്യപ്പന്‍റെ ഓറ്ക്കൂട്ട് ഇടം ഇവിടെയുണ്ടു
ചേരണേ....