12/5/07

ഹൃദയമുകുളങ്ങള്‍..!

ആദ്യം കുരുത്ത
മുഖക്കുരു കണ്ടപ്പോള്‍
‍അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!

കാല്‍ വിരല്‍ തൊട്ടങ്ങ്‌
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാ‍തരമായ്‌ നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.

ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.

സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.

ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്‍
‍നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
‍വാരിയെറിഞ്ഞപ്പോള്‍
‍മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!

പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്‌
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്‌
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്‌
പ്രണയച്ചൂടകറ്റാന്‍
‍പാടുപെട്ടു...

പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്‍
കാവിലെ ഭഗോതിക്കും
എന്നോട്‌ മോഹം!

പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
‍കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ്‌ അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...

ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
‍ബാക്കിയായവളുടെ വിധിയോര്‍ത്ത്‌
ചിരിക്കും.

18 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇതാ വിചിത്രമായൊരു പ്രണയകഥ!
“ഹൃദയമുകുളങ്ങള്‍..!“

Kiranz..!! പറഞ്ഞു...

ആസ്വദിച്ചു വിശാഖ്..!

ഈശ്വരാ,10-12 വര്‍ഷം ഈപ്പരിപാടി നടത്തിയിട്ടു ഒറ്റ മുകുളമ്പോലും പൊന്താത്ത എന്തൊരു ജീവി..:(ആത്മന്‍)

വല്യമ്മായി പറഞ്ഞു...

കുറേ പേര് ഒരുമിച്ചു മോഹിച്ചത് ഇഷ്ടപ്പെട്ടു.
ഇതേ ബിംബം മുമ്പും എവിടെയോ വായിച്ചൊരോര്‍മ്മ.

സാരംഗി പറഞ്ഞു...

'ഹൃദയമുകുളങ്ങള്‍'വളരെ ഇഷ്ടമായി.
ഓര്‍മ്മിയ്ക്കാനൊരു കല പോലും ബാക്കിവയ്ക്കാതെ പോയ മുഖക്കുരുക്കള്‍..അതാണെന്റെ അനുഭവം.:)

P.Jyothi പറഞ്ഞു...

നല്ല കവിത വിശാഖ്‌ ശങ്കര്‍ :)

വിശാഖ് ശങ്കര്‍ പറഞ്ഞു...

കിരന്‍സേ,
ആസ്വാദനത്തിന് നന്ദി.
തുടങ്ങിയ ഒരു പരിപാടിയും നിര്‍ത്തരുത്.ഇന്നല്ലെങ്കില്‍ നാളെ മുകുളങ്ങള്‍ വിരിഞ്ഞിരിക്കും.
വല്യമ്മയി,
നന്ദി.എവിടെയാണെന്ന് ഒന്ന് ഓര്‍ത്തുനോക്കു.വായിക്കാന്‍ ഒരു കൌതുകം..
സാരംഗി,
അതു കൊണ്ടല്ലേ നിങ്ങളൊരു സുന്ദരനായത്...!
ജ്യൊതിസ്സ്,
നന്ദി.വായനയ്ക്കും അഭിനന്ദനത്തിനും.

വിഷ്ണു പ്രസാദ് പറഞ്ഞു...

മക്കള്‍ പ്രണയിച്ചാലും കഷ്ടപ്പാട് അമ്മയ്ക്ക്..
(മാതൃദിനമല്യോ ,കിടക്കട്ടെ)
പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്‌
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്‌
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്‌
പ്രണയച്ചൂടകറ്റാന്‍
‍പാടുപെട്ടു...

ബാക്കിയയവള്‍ ഇപ്പോഴും ചിരിക്കുന്നുണ്ടോ...:)

Pramod.KM പറഞ്ഞു...

അവസാനം ഞാനും ചിരിച്ചു;)
;)

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ഞാന്‍ ഹൃദയങ്ങള്‍ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്.
ഭീകരന്‍ !!
ചുമ്മാതല്ല...

Abdu പറഞ്ഞു...

നന്നായിരിക്കുന്നു പ്രമോദ്,

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇടങ്ങളേ,
പിടികിട്ടിയില്ല... :)

G.MANU പറഞ്ഞു...

really good viSaakh

വിശാഖ് ശങ്കര്‍ പറഞ്ഞു...

പൊന്നപ്പാ,
ഹൃദയമുകുളങ്ങള്‍ക്ക്
നഖക്ഷതം നിഷിദ്ധം..
മുളയിലേ നുള്ളിയാലത്
മൂത്ത് ഗര്‍ത്തങ്ങളായിടും!
വിഷ്ണു,
ബാക്കിയായവള്‍ക്ക് ചിരിക്കാനല്ലേ ആവു..
പ്രമോദേ,
കാലമൊരുപാട് കഴിഞ്ഞാണ് ഞാനും
കണ്ണാടിനോക്കി ചിരിക്കാന്‍ പഠിച്ചത്
ജി.മനു,
നല്ലവാക്കിന് നന്ദി.

Rajeeve Chelanat പറഞ്ഞു...

കവിതയുടെ കൊഴുപ്പുകൊണ്ടുതന്നെയാവണം
കുമിളകള്‍ ഇങ്ങിനെ ഇടവിടാതെ വിടരുന്നത്‌
നല്ല (ക)വിത
ആശംസകള്‍

വിശാഖ് ശങ്കര്‍ പറഞ്ഞു...

നന്ദി രജീവ്..

Unknown പറഞ്ഞു...

ഈ കാമുകിയുമൊത്ത്‌
നൊങ്കും വേപ്പിലയും പങ്കിട്ട്‌
കുറച്ച്‌ നാള്‍ ഞാനും കഴിഞ്ഞിട്ടുണ്ട്‌ തിരുവനന്തപുരത്ത്‌.
വിട്ടൊഴിയുമ്പോള്‍
ഇനി വന്നു ചേരാനാവാത്തവിധം
ഉടലാകെ പ്രതിരോധം ചുരത്തി
പോകുന്ന ചുരുക്കം
കാമുകിമാരില്‍ ഒരുവള്‍.

കവിത നന്നായി വിശാഖ്‌!

മുല്ലപ്പൂ പറഞ്ഞു...

ഹഹഹ
നല്ല അസ്സല് കവിത.
കാവിലെ ഭഗോതീ....

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:

ഭഗവാനേ അതിശയം!!!
മനസ്സിലാവുന്ന ടൈപ്പ് കവിത!!!!
ഇതൊരു സംഭവം തന്നെ!!!