1/9/20

സംഗീത ചേനംപുല്ലിയുടെ കവിത - അതേയോ

 സംഗീത ചേനംപുല്ലിയുടെ അതേയോ –
മറ്റൊരു ടെബിബൈറ്റ് സാന്ദ്രവനം



 

സുഹൃത്തുക്കളുടെ അനേകം കവിതകള്‍ നിരന്തരം വായിക്കുന്നു. ഏത് പുസ്തകത്തില്‍ വായിക്കുന്നതിനേക്കാളുമധികം ഫേസ്ബുക്കിലും വാട്സാപ്പിലും ഇപ്പോള്‍ ടെലഗ്രാമിലുമാണ്‌ വായിക്കുന്നത്. പകര്‍ത്തിയെടുക്കുമ്പോള്‍ വെറും കിലോബൈറ്റുകള്‍ മാത്രമുള്ളവ ടെബിബൈറ്റ് സാന്ദ്രവനങ്ങളെന്ന് കമ്പ്യൂട്ടറിനറിയില്ലല്ലോ എന്ന് കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ ഞാനെഴുതിക്കുകയാണ്‌.

വിശപ്പ് അരാജകത്വത്തിന്‍റെ മാതാവാണെന്ന് അമേരിക്കയുടെ മുപ്പത്തിയൊന്നാം പ്രസിഡന്‍റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍ ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഭയമുള്ളതുകൊണ്ടുകൂടിയാവണം പലരും ഉണ്ണുമ്പോള്‍ മാത്രം ലോകത്തിന്‍റെ വിശപ്പിനെക്കുറിച്ചോര്‍ക്കുന്നത്. ഉണ്ണുമ്പോള്‍ ലോകത്തെയോര്‍ക്കുന്ന പതിവ് എനിക്കുമുണ്ട് എന്ന കുറ്റസമ്മതത്തോടെ തുടങ്ങാം. മറ്റാര്‍ക്കോ അര്‍ഹതപ്പെട്ടതല്ലോ എന്ന് ഭക്ഷണത്തെക്കുറിച്ചുമാത്രമല്ല പലതിനെപ്പറ്റിയും ചിന്തിക്കാറുമുണ്ട്.

“സുഖമായിരിക്കും അല്ലേ
ഉണ്ടു തുടങ്ങുമ്പോഴൊരുരുള
മറ്റാരുടെയോ പാത്രം തേടി
പെട്ടെന്നിറങ്ങിപ്പോകാറുണ്ടോ?

സംഗീത ചേനംപുല്ലിയുടെ അതേയോ? എന്ന കവിത വായിച്ചുതുടങ്ങിയത് അടഞ്ഞമനസ്സുമായാണെങ്കില്‍ പൂര്‍ത്തിയാക്കുന്നത് അതിനെക്കുറിച്ച് എഴുതിക്കൊണ്ടാണ്‌. ചില കവിതകള്‍ അങ്ങനെയാണ്‌ നമുക്ക് വായിക്കാന്‍ പാകത്തിന്‌ കാലാകാലം മറഞ്ഞുനില്‍ക്കും. അത് തെളിഞ്ഞുവരുന്നത് ഓര്‍മ്മിക്കത്തക്കതായ ഒരു വായനാനുഭവം നല്‍കിക്കൊണ്ടുമാവും.


“മായാ സീതയെപ്പുണർന്ന്
വെന്തുപോയ മനസുമായി
ഇപ്പോഴും രാവെരിക്കാറുണ്ടോ?

എന്നെല്ലാം ചോദിച്ചുകൊണ്ട് തുടക്കത്തില്‍ കവിതസൃഷ്ടിക്കുന്ന ആകാംക്ഷ ബോധപൂര്‍വ്വം വരുത്തിയതാണെങ്കിലും അല്ലെങ്കിലും കവിതയിലേയ്ക്ക് ആഴത്തില്‍ നോക്കാന്‍ പ്രചോദനം നല്‍കുന്നുണ്ട്.

മായാസീതയെക്കുറിച്ച് ലക്ഷ്മണന്‍പോലുമറിയാത്ത മായ പലതിനെക്കുറിച്ചും എല്ലാവര്‍ക്കും ഉള്ളിലുണ്ടാകുന്ന ഒരു അപഭ്രംശമാണെന്നത് തീര്‍ച്ചയാണല്ലോ! നമ്മുടെ ബോധങ്ങളില്‍ കലങ്ങിപ്പോയ എന്തൊക്കെയോ തട്ടിയുണര്‍ത്തി രാവുറങ്ങാനാകാതെയാക്കുന്ന അനേക കാര്യങ്ങള്‍ ചുറ്റും അരങ്ങേറുന്നുണ്ട്. വാക്കുകളിലെ വേവ് നോവാകുന്നു.

“സശ്രദ്ധമൊളിപ്പിച്ച കനിവുകൾ അബദ്ധത്തിൽ ചാടിയിറങ്ങി കൺതുമ്പുകളെ നനയ്ക്കാറുണ്ടോ? എന്ന ചോദ്യം വായനക്കാരന്‍ വിവൃതമുഖത്തോടെയല്ലാതെ ഏറ്റെടുക്കുകയുണ്ടാവില്ല. നല്ലതെന്തുകാണുമ്പോഴും കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും കണ്ണുനിറയുകയും ഒറ്റയ്ക്കിരുന്ന് അകാരണമായി തേങ്ങുകയും ചെയ്യുന്ന ആര്‍ക്കും അതൊന്നും അബദ്ധത്തിലല്ലെന്ന് വീണ്ടും വീണ്ടുമറിയാം. തന്നേക്കാള്‍ അപരനെ സ്നേഹിക്കുന്ന ഒരാളുടെ കരുതലാണ്‌ വരികളില്‍ തെളിയുന്നത്.  

വേര്‍പിരിയലുകളുടെ അദൃശ്യമാപിനി ഈ കവിതയുടെ അന്തര്‍ധാരയാണ്‌. കണ്ണീരുപോലും പിരിഞ്ഞുപോവുകയാണ്‌. ചിലപ്പോള്‍ ആത്മമിത്രങ്ങള്‍, ചിലപ്പോള്‍ കനിവുകള്‍, കവിതയില്‍നിന്ന് മുറിഞ്ഞുപോകുന്ന, ചിലപ്പോള്‍ ഉണ്ടുകൊണ്ടിരുന്ന ഉരുളതന്നെയും!   

നാമറിയാത്ത ഒരോര്‍മ്മയിലേയ്ക്ക് പൊടുന്നനെ വലിച്ചെറിയപ്പെടുന്ന ആ നിസ്സഹായ നിമിഷമുണ്ടല്ലോ! ആ നിമിഷമാണ്‌ ഈ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചോറുരുളയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് വാക്കുകളാണ്‌. അവയ്ക്ക് മോക്ഷമില്ല. കണ്ണീരുനിറഞ്ഞ ഉപ്പുപാടമാവുകയാണ്‌ നിനവുകള്‍. മരിച്ചവരെ, മറന്നവരെ, വലിച്ചെറിഞ്ഞവരെ ഒക്കെ കവിത ഓര്‍ക്കുന്നുണ്ട്. അവയെ നേര്‍വരക്കവിതയുടെ വരികള്‍ക്കിടയില്‍ വിത്തെന്നതുപോലെ സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയുന്നതാണ്‌ ഈ കവിതയെ ഉര്‍വ്വരമാക്കുന്നത്.

“നിനക്ക് നിനക്കെന്ന് വരികൾ
കവിതയിൽ നിന്ന് മുറിഞ്ഞ്
പൊടുന്നനെയൊച്ച വെക്കാറുണ്ടോ

അനുവാചകര്‍ക്ക് ഉള്ളില്‍ ഒരു സേര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന നിമിഷമാണത്. ആദ്യ വരികളില്‍ തീകൊളുത്തുന്ന ഉദ്വേഗം അര്‍ത്ഥത്തിലേയ്ക്ക് നടന്നടുക്കുന്നത് ഈ വരികളിലെ ചോദ്യത്തിലൂടെയാണ്‌. വാക്കുകള്‍ കവിതയില്‍നിന്ന് ജീവിതത്തിലേയ്ക്ക് പിരിഞ്ഞിറങ്ങിപ്പോവുകയാണ്‌.  


“തിങ്ങിനിറഞ്ഞ തീവണ്ടി മുറിയിൽ
ഒഴിഞ്ഞ മുകൾതട്ടിൽ
രണ്ടുപേർ ഇപ്പോഴും
എന്നുമെന്നും താമസിക്കാൻ
കൂടെ പോരുമോയെന്ന്
മൂളുന്നുണ്ടാവുമോ

യാത്രകളില്‍ തെളിയുന്ന പല ചിത്രങ്ങളും ഇക്കവിതയില്‍ ഒരു മിന്നല്‍പ്രയാണം നടത്തുന്നുണ്ട്. തിങ്ങിനിറഞ്ഞ തീവണ്ടിമുറിയിലെ മുകള്‍ബര്‍ത്തില്‍ പുറംകാഴ്ചകളില്‍നിന്ന് സ്വയമകന്ന് പ്രണയികള്‍ ആത്മസഞ്ചാരം നടത്തുകയാണ്‌. അവര്‍ക്കുചുറ്റും സമയം പ്രകാശവേഗത്തിന്‍റെ ശലഭങ്ങളായി പറക്കുകയാണ്‌. പ്രണയത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളെ എത്ര മനോഹരമായാണ്‌ ഇവിടെ കുറിച്ചിരിക്കുന്നത്. തീവണ്ടിപോലെ നീണ്ട ഒരു പ്രണയമാണത്. അതുകൊണ്ടാണവര്‍ എന്നുമെന്നും എന്നുതന്നെ ഉപയോഗിച്ചത്.  പ്രണയം ആള്‍ക്കൂട്ടത്തിന്‍റേതല്ല. അവര്‍ പുറം കാഴ്ചകളില്‍ മുഴുകി, തിരക്കില്‍ വിയര്‍ത്തൊലിച്ച് ശപ്തജീവിതത്തില്‍നിന്ന് ഒരു ദിവസംകൂടി ഉരുക്കഴിച്ച് കിഴിച്ച് രേഖപ്പെടുത്താനൊന്നുമില്ലാത്ത ആവര്‍ത്തനമാക്കിക്കളയുകയാണ്‌. അകജീവിതം നഷ്ടമാകാത്ത പ്രണയികള്‍ക്ക് ഉത്തരം കിട്ടുംവരെ ആ ദീര്‍ഘയാത്ര തുടരാം.

“ഉണരുമ്പോഴാദ്യമെന്നു
ഉറങ്ങുമ്പോഴൊടുക്കമെന്ന്
ഇപ്പോഴുമെപ്പോഴും അവളുണ്ടോ?
വെളിച്ചം തെളിക്കാൻ മടിച്ച്
ബാക്കി നിർത്തിയ ഇരുട്ടിൽ
ഒരു പൂച്ചക്കുഞ്ഞ് മാത്രം
സങ്കടപ്പാട്ടു മൂളുന്നുണ്ടാവും
അല്ലേ?

ഒടുവില്‍ ഒരു നഷ്ടമുണ്ട്. അത് കടന്നുപോയ കാലത്തെക്കുറിച്ചോര്‍ക്കുന്ന അവിരാമമായ നഷ്ടബോധമാണ്‌. ഒപ്പം കണ്ണുനിറയിക്കുന്ന ഒരു ആനന്ദവുമാണ്‌. അവളിപ്പോഴും നിറയുന്നുണ്ട്. ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഒപ്പം മനസ്സിലുണരുന്നത്. അതിന്‍റെ ജാലകങ്ങള്‍ മലര്‍ക്കെത്തുറന്ന് വൃശ്ചികക്കാറ്റിനൊപ്പം ഓടാമ്പലിടാത്ത അരവാതില്‍ തുറന്ന് വരാന്തയില്‍ അസ്തമയനിലാവുപോലെ പരന്നത് പ്രണയി ഓര്‍ക്കുന്നു. ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. ഓര്‍മ്മയുടെ പര്യായംപോലെ തുറന്നിട്ട ജാലകംവഴി ഓര്‍മ്മകള്‍ നിലാവുപോലെ നിറയുന്നു. എങ്കിലും ഇരുട്ടിന്‍റെ പ്രായോഗിക യാഥാര്‍ത്ഥ്യമാണ്‌ ചുറ്റും. ഈ ജീവിതം ഓര്‍മ്മകളില്‍നിന്നകന്ന് ഏതോ പാപഭാരത്താല്‍, കുറ്റബോധത്താല്‍ നിറഞ്ഞ് മറ്റാര്‍ക്കോവേണ്ടി ഇരുട്ടില്‍ തുടരുകയാണെന്ന് സംഗീത ചേനംപുല്ലി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടോ?

“ഇപ്പോഴുമെപ്പോഴും അവളുണ്ടോ?
വെളിച്ചം തെളിക്കാൻ മടിച്ച്
ബാക്കി നിർത്തിയ ഇരുട്ടിൽ
ഒരു പൂച്ചക്കുഞ്ഞ് മാത്രം
സങ്കടപ്പാട്ടു മൂളുന്നുണ്ടാവും
അല്ലേ?

വെളിച്ചം തെളിക്കാന്‍ മടിച്ച് ഇരുട്ടിനെ ജീവിതമാക്കി നമ്മള്‍ മറ്റാരോ ആയിത്തുടരും. സങ്കടപ്പാട്ടുമൂളുന്ന ആ പൂച്ചയാണ്‌ നിങ്ങള്‍ കുഴിച്ചുമൂടിയ മോഹങ്ങളുടെ ശവവാഹകന്‍. ഇരുട്ടില്‍ ഞെളിപിരികൊള്ളിക്കുന്ന പ്രണയം ഓട്ടംനിലച്ച തീവണ്ടിയുടെ മുകള്‍ബര്‍ത്തില്‍ ഏകാകിയായി കിടക്കുകയാണ്‌. ഒഴുക്കുനിലച്ച നദി ശവവാഹനംപോലെ പ്രണയിക്കുള്ളില്‍ ആ നിമിഷംവരെ ഉറങ്ങിപ്പോയിരിക്കണം.

ലളിതമെന്ന് തോന്നിക്കുകയും, ഉള്ളില്‍ച്ചെന്നിരട്ടിക്കുകയും ചെയ്യുന്ന വര്‍ദ്ധമാനവശ്യതയാണ്‌ സംഗീതയുടെ കവിതകളില്‍ ഞാന്‍ കാണുന്നത്. ഓര്‍ത്തുവെയ്ക്കാനുള്ള എന്തെങ്കിലും എപ്പോഴും തരുന്ന കവിതകളാണ്‌ സംഗീതയുടേതെന്ന് പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.




 

 

കവിപരിചയം - ഡോ. സംഗീത ചേനംപുല്ലി

 

 

ഒറ്റപ്പാലം താലൂക്കില്‍ മുണ്ടനാട്ടുകരയില്‍ ജനിച്ചു. ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്വ്വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് എന്‍. ഐ. ടിയില്‍ നിന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി ബിരുദം നേടി (2017). കോഴിക്കോട് ഗവണ്മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍, ശാസ്ത്രസാഹിത്യപരിഷത്ത് ഓണ്‍ലൈന്‍ മാസിക ലൂക്ക, ജനാവിഷ്കാര ഓണ്‍ലൈന്‍ പോര്‍ട്ടല്‍, അക്ഷരം ഓണ്‍ലൈന്‍ എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതി അംഗമായിരുന്നു. ആനുകാലികങ്ങളില്‍ ശാസ്ത്ര, സിനിമാ ലേഖനങ്ങളും കവിതകളും എഴുതുന്നു. 2015 ലെ ഉപന്യാസത്തിനുള്ള കുട്ടേട്ടൻ സ്മാരക പുരസ്കാരം, 2016 ലെ പായല്‍ബുക്സ് കവിതാ പുരസ്‌കാരം, 2019 ലെ ദേവകീ വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്. പ്രകാശവും രസതന്ത്രവും 2018 ല്‍ മലപ്പുറം ജില്ലാ വനിതാ വായനാമത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017, 18 വര്‍ഷങ്ങളില്‍ IFFK ഫെസ്റ്റിവല്‍ ബുക്കിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു.

 

പുസ്തകങ്ങള്‍

പ്രകാശവും രസതന്ത്രവും - ഒലീവ് പബ്ലിക്കേഷന്‍സ് 2017

കൌതുകമുള്ള ശാസ്ത്രകാര്യങ്ങള്‍ - മേയ്ഫ്ലവര്‍ ബുക്സ് 2018

 

വിലാസം: ഡോ. സംഗീത ചേനംപുല്ലി അസിസ്റ്റന്‍റ് പ്രൊഫസര്‍, കെമിസ്ട്രി ഗവണ്മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട്, 673018

ഇമെയില്‍: sangeethachenampulli@gmail.com