13/8/20

Symbolic order - Ardra V.S

 കണ്ണാടിക്കപ്പുറം ഇല്ലായ്മയെന്നവളുണ്ട്

ആർദ്ര വി.എസിന്റെ സിംബോളിക് ഓർഡർ എന്ന കവിതയുടെ സ്വതന്ത്രവായന

അനൂപ് എം.ആർ


കണ്ണാടിയുടെ പ്രതിഫലനപര്യായം ഉടയുന്നു

അബോധത്തിന്റെ ഭാഷയെപ്പറ്റി ഏറെ ഗഹനമായി പഠിച്ച സുപ്രസിദ്ധ മനോവിജ്ഞാനീയ വിദഗ്ദ്ധനായ ഴാക്ക് ലകാനാണ് സിംബോളിക് ഓർഡർ എന്ന പ്രയോഗം ആദ്യമായി നടത്തിയത്. ഈ കവിതയിലേയ്ക്കുള്ള പ്രധാന താക്കോലുകളിൽ ഒന്നാണ് അന്തർവൈജ്ഞാനികമായ ഈ അറിവെങ്കിലും അതില്ലാതെതന്നെ ഈ കവിത ശക്തമായി അതിന്‍റെ സ്ഥാനം നേടുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. 

അദൃശ്യമായൊരു ചിഹ്നലോകം നമുക്കുചുറ്റും സർവ്വതലങ്ങളിലും ചൂഴ്ന്നുനിൽക്കുന്നുണ്ട്. കവിതയിലേയ്ക്ക് പ്രവേശിക്കുമ്പോൾ കണ്ണാടിനിറഞ്ഞ അജ്ഞാതമായൊരു മുറിയിൽ അകപ്പെട്ട ഭ്രമമാണ് ആദ്യം അനുഭവപ്പെടുകയെന്നുവരാം. പക്ഷേ, എഴുതാനാകാതെ ആധിപിടിച്ച ഒരുവളുടെ പിടിച്ചുലയ്ക്കുന്ന അനുഭവങ്ങളാണ് പൊള്ളിക്കുന്ന ഉൾവരികളിലുള്ളത്. അവൾ നിസ്സഹായതയാലോ ഉന്മാദത്താലോ ചിരിക്കുകയാണ്, അത് തുടരുകയാണ്‌, ഒടുവില്‍ അപ്പുറമെത്തും‍വരെ.  

“എഴുതാനാകാതെ

ആധിപിടിച്ച ഒരുവൾ

കണ്ണാടിക്ക് മുന്നിൽനിന്ന് ചിരിക്കുകയാണ്

കണ്ണാടിക്കപ്പുറം എഴുതിയെഴുതി

ഭ്രാന്തനായിപ്പോയ മനുഷ്യൻ“

എന്നുതുടങ്ങുന്ന കവിതയിൽ ആദ്യംതന്നെ ആകർഷിക്കുന്ന പ്രയോഗമാണ് മനുഷ്യനെന്ന നിർലിംഗപദം. മനുഷ്യൻ എന്ന വാക്ക് ഒരു ഉട്ടോപ്പ്യൻ സംജ്ഞയായിമാത്രം മാറുന്ന കാലത്ത് ‘അവൾ‘ മനുഷ്യനെന്ന് കവി ഓർമ്മിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് നമുക്ക് പരസ്പരം കാണാനാവാത്തതെന്ന ചാട്ടുളിച്ചോദ്യം അനുവാചകരോട് കവി തുടക്കത്തിലേ ഉന്നയിക്കുന്നു. നീതിബോധത്തിന്റെ തുല്യനീതിയ്ക്കായുള്ള പോരാട്ടത്തിൽ നീക്കുപോക്കില്ലെന്ന് വ്യക്തമാക്കുന്ന നില ഇക്കവിതയിലെ ഏറെ കൊളുത്തിവലിയ്ക്കുന്ന സവിശേഷതയാണ്‌.

കണ്ണാടിയെന്ന കാവ്യബിംബം മലയാളകവിതയിൽ പുതിയതല്ല. എന്നാൽ ഇരുപുറമുള്ള, സുതാര്യമായ, അർദ്ധതാര്യവും അതാര്യവുമായ സർവ്വവ്യാപിയായ കണ്ണാടിയെന്ന ബിംബം അത്യപൂർവ്വമാണ് എന്നുപറയേണ്ടിവരും. പത്തിടങ്ങളിലാണ് ഈ ബിംബം പ്രത്യക്ഷപ്പെടുന്നത്. ഓരോയിടത്തും ഒന്നിനൊന്ന് വ്യത്യസ്തമാണ്, അതേസമയം ഒരു സിംബോളിക് ഓർഡർ ഇവയെ കൂട്ടിപ്പിടിക്കുന്നുമുണ്ട്. കാവ്യഘടന മനോഹരമായി പേരിനോട് താദാത്മ്യപ്പെടുന്നുമുണ്ട്.

കണ്ണാടിക്കൂടുകളുടെ പ്രത്യേകതയെന്താണെന്ന് കഥയില്ലാത്തവളോട് കഥാകാരൻ ചോദിക്കുന്നു. എഴുത്തും എഴുത്തുകാരനും രണ്ടായിപ്പിരിഞ്ഞ് അന്യോന്യം ചോദ്യങ്ങൾകൊണ്ട് പൊതിയുന്നു. അവളോ എന്നും കരയോരങ്ങളിൽമാത്രം ജീവിച്ചവൾ കണ്ണുകൾ കൂർപ്പിച്ച് ആയിരം വാക്കുകൾ എഴുതിവെയ്ക്കുന്നു. ഈ ഘട്ടത്തിൽ അവ്യക്തമെങ്കിലും എഴുത്ത് എഴുത്തുകാരൻ, എഴുത്തുകാരി എന്ന് രണ്ടായി വിഭജിക്കപ്പെടുന്നു. മനുഷ്യനെന്ന ഏകവചനം എല്ലാമുള്ളവനെന്നും ഒന്നുമില്ലാത്തവളെന്നും രണ്ടായി പിരിയുന്നു.

കണ്ണാടിയുടെ അപ്പുറവും - ഇപ്പുറവും എന്ന ദ്വന്ദമാണ് കവിതയുടെ മുഖ്യപ്രമേയം. കണ്ണാടിയ്ക്ക് ഇപ്പുറം മഞ്ഞും അപ്പുറം വരൾച്ചയുമാണ്. അസംബന്ധങ്ങളുടെ നീണ്ടതും അതേസമയം പരസ്പരബന്ധിതവുമായൊരു സിംബോളിക് ഓർഡർ ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാക്കുകള്‍ക്കിടയിലെ ഒച്ചയില്ലായ്മ,

ഒഴുക്കില്ലായ്മ, ബന്ധമില്ലായ്മ,

സംബന്ധം...”

എഴുത്തുകാരന്‍ ഒച്ചവെയ്ക്കുകയും എഴുതിനിറച്ച (മനസ്സിലാവണം) പതിനായിരം കഥകള്‍ കണ്ണാടിക്കപ്പുറമെറിയുകയും ചെയ്യുന്നു. അത് വരള്‍ച്ചയിലേയ്ക്കും വരള്‍ച്ചയെന്ന അവളുടെ ജീവിതത്തിലേയ്ക്കുമാണ്‌. കണ്ണാടിയുടെ വിണ്ടുകീറിയ വക്കുകളില്‍ കാലങ്ങളുടെ കറുത്ത ചോരക്കറ പുരണ്ടിരിക്കുന്നു. അനാദികാലത്തെ അവളുടെ ഏകാന്തമുറിവുകളുടെ മുനമ്പാണത്. ഒന്നുമല്ലാതാക്കിക്കളഞ്ഞവളുടെ കഥകളാണ്‌ വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്.  

ഭ്രാന്തനെഴുത്ത്, ശബ്ദം, കടസാസുകഷ്ണങ്ങള്‍, കത്തിച്ച പുക... അത് മുറിയ്ക്കകത്ത് നിറയുന്നു. ത്രിമാനത്തിനുമപ്പുറമുള്ള അനുഭവമാണ്‌ ഈ ഭാഗം നല്‍കുന്നത്. പുകനിറഞ്ഞ അവളുടെ ചില്ലുകൂട്ടില്‍ യുഗങ്ങളായി പുകപിടിച്ചവളുടെ സ്വയം കത്തിയെരിയുന്ന പുകയും വെളിച്ചവും നീറ്റലുമാണത്. ഒരുപക്ഷേ ഉമിത്തീയില്‍ വെന്തവന്‍റെ കഥയേക്കാള്‍ സാവധാനം കത്തിച്ചുതീര്‍ക്കേണ്ട തീയാണ് അവള്‍ക്കുജീവിതം. മടുപ്പിന്‍റെ മഞ്ഞവെള്ളം പുളിച്ചുതികട്ടുന്നു. കണ്ണാടി കവിതയില്‍ അവസ്ഥാന്തരപ്പെടുന്നുണ്ടെങ്കിലും ഏറിയകൂറും അതാര്യമായാണ്‌ നിലയുറപ്പിക്കുന്നത്. കണ്ണാടിയെന്ന പ്രതിഫലനപര്യായവും സുതാര്യതയുടെ പര്യായവും ഇവിടെ ഉടഞ്ഞുപോവുകയാണ്‌. തമ്മില്‍ കാണാന്‍ അപ്പുറം പോയേതീരൂ. അതുകൊണ്ടുതന്നെ

“കണ്ണാടിക്കൂടുകളില്‍

വലിയൊരു ചതി മലച്ചുകിടക്കുന്നുണ്ട്”

അവിടെയും അവള്‍ പരാജയം സമ്മതിക്കാതെ അടരാടുന്നുണ്ട്. സ്വയം സമാധാനിപ്പിച്ചുകൊണ്ട് പൊടുന്നനെ അവള്‍ തിരിച്ചറിയുന്നു

“നമ്മള്‍ കണ്ണാടിക്ക്

അകത്തും പുറത്തുമാകുന്നു”

അവളുടെ വാക്കുകള്‍ ലാവപോലെ തിളച്ചു. കഥാകാര‌ന്‌ വായില്‍ മഞ്ഞവെള്ളം നിറഞ്ഞു. അവളുടെ ഉയര്‍ന്നുവരവ് അസഹനീയമെങ്കിലും

“വാ തുറന്നാല്‍ അത് തിളച്ചുതൂവുമെന്ന

ഭയപ്പാടോടെ അയാള്‍ ഇനിമേല്‍ മൗനിയാവുക”യാണ്‌ ചെയ്യുന്നത്.

ഈ മൗനത്തിന്‌ അംഗീകാരത്തിന്‍റെ, പരസ്പരബഹുമാനത്തിന്‍റെ ഛായ ഒരിടത്തുമില്ല. അടക്കിപ്പിടിച്ച ചില പ്രതികാരങ്ങളായി അത് അവന്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നു.

കണ്ണാടി ദ്വിമാനത്തിലും ത്രിമാനത്തിലും തെളിയുന്നു. കഥയും എഴുത്തുകാരിയും വരള്‍ച്ചയില്‍വെച്ച് കട്ടപിടിച്ച ചോരപ്പാടുകള്‍ക്കും അപ്പുറത്ത് കണ്ടുമുട്ടുന്നു. അവള്‍ എക്കാലത്തും എഴുതാന്‍ അനുവാദം ലഭിക്കാതിരുന്ന ഭിക്ഷാലുവായിരുന്നു. കഥാകാരനോ കഥാകാരിയോ എന്ന ഭ്രമം ഈ കവിത പലേടത്തും ബാക്കിയാക്കുന്നുണ്ട്. എങ്കിലും പേരിനോട് നീതിപുലര്‍ത്തുന്ന നിലയ്ക്കൊരു സാധൂകരണവുമാകുന്നുണ്ട് ഈ ഓര്‍ഡര്‍.  

ഒരിക്കല്‍ കൂടൊരുങ്ങുമെന്ന പ്രതീക്ഷപേറിയോ യാന്ത്രികമായോ അവള്‍ കണ്ണാടിക്കൂടുകള്‍ക്കപ്പുറം ചുള്ളിക്കമ്പുകള്‍ ശേഖരിച്ചുവെച്ചു. പറക്കാന്‍ അവള്‍ സൂക്ഷിച്ചുവെച്ച പതിനായിരക്കണക്കിന്‌ കഥകള്‍ മതിയായില്ല. കവിതയവസാനിക്കുമ്പോള്‍ അത് വരികളില്‍ മാത്രമെന്ന് തിരിച്ചറിയുന്നു. ചിഹ്നങ്ങളിപ്പോഴും അലമാലകള്‍പോലെ പ്രേഷിക്കപ്പെടുന്നുണ്ട്; തിരിച്ചുവരാത്ത പതിനായിരം കഥകള്‍ പോലെ.  


-----------------------------------------------------------------------------------------------------------------




ആർദ്ര .വി .എസ്

മലപ്പുറം മുണ്ടുപറമ്പ് സ്വദേശി. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ എം.എ. വുമണ്‍ സ്റ്റഡീസ് വിദ്യാർത്ഥി. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. യുറീക്ക, തളിർദേശാഭിമാനി വാരിക എന്നിവയിലാണ് രചനകൾ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. ആത്മാ ഓൺലൈൻ, wtp live എന്നിവയിലും പ്രസിദ്ധീകരിച്ചു. ദേശാഭിമാനി പെൺകവിതാ പതിപ്പിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്കണം സംസ്കാരികവേദി പ്രസിദ്ധീകരിച്ച അങ്കണം കവിതകൾ എന്ന പുസ്തകത്തിൽ ഒരു കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റന്റ് പബ്ലിക്ക പുറത്തിറക്കിയ 'എന്നിട്ട്എന്ന കഥാസമാഹാരത്തിൽ 'മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രംഎന്ന കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകം : 'അമ്മ ഉറങ്ങാറില്ല' - കവിതാ സമാഹാരം. - 2015 ( പബ്ലിഷേഴ്‌സ് - റാസ്പ്ബെറി ബുക്ക്സ് കോഴിക്കോട്) ഇതിന് 2016 ലെ ഭീമ സ്വാതീകിരൺ പുരസ്കാരം ലഭിച്ചു.

- 'കുട്ടികളുണ്ടാക്കുന്ന യുറീക്ക പത്രാധിപസമിതി അംഗമായിരുന്നു. 2017ൽ ഭീമ സ്വാതീകിരൺ പുരസ്കാര നിർണയത്തിൽ കുട്ടികളുടെ ജൂറി അംഗമായിരുന്നു.

മറ്റ് അവാർഡുകൾ:

-അങ്കണം കവിതാ പുരസ്കാരം (2014)

-അങ്കണം കഥാ പുരസ്കാരം (2015)

-സൗഹൃദം-സ്കൈലൈൻക് കവിതാ പുരസ്കാരം (2014)

-മുല്ലനേഴി വിദ്യാലയ കാവ്യ പ്രതിഭ പ്രത്യേക പുരസ്കാരം (2015)

-പത്തനാപുരം ലൈബ്രറി ട്രസ്റ്റിന്റെ ആർ. വിശ്വനാഥൻ നായർ കവിത പുരസ്കാരം (2016)

-പച്ചമഷി മാസിക നടത്തിയ മത്സരത്തിൽ മികച്ച പത്ത് കഥകളിലും കവിതകളിലും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു (2015)

-ദേശാഭിമാനി കഥാ മത്സരത്തിൽ 'മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രംഎന്ന കഥയ്ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു (2017)

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“എഴുതാനാകാതെ

ആധിപിടിച്ച ഒരുവൾ

കണ്ണാടിക്ക് മുന്നിൽനിന്ന് ചിരിക്കുകയാണ്

കണ്ണാടിക്കപ്പുറം എഴുതിയെഴുതി

ഭ്രാന്തനായിപ്പോയ മനുഷ്യൻ“