9/3/12

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

സന്തോഷ് പല്ലശ്ശന

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

5 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആമരമീമരം...
രാമ..രാമ
‘നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം...’


നന്നായിട്ടുണ്ട് കേട്ടൊ ഭായ്

Joy Varghese പറഞ്ഞു...

മരങ്ങള്‍ കവിത വായിക്കാതിരിക്കുന്നത് നന്നായി ..

ആഷിക്ക് തിരൂര്‍ പറഞ്ഞു...

വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... വീണ്ടും വരാം .. സ്നേഹം ..

വീകെ പറഞ്ഞു...

ആശംസകൾ...

kochumol(കുങ്കുമം) പറഞ്ഞു...

ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം...
നല്ല വരികള്‍ ഇഷ്ടായി ...