30/03/11

വിധവ തയ്ക്കുന്നു

നസീർ കടിക്കാട്



















1

അവളുടെ തയ്യൽ‌യന്ത്രത്തിൽ
തീവണ്ടി
ചൂളം കുത്തി നിൽക്കുമ്പോൾ
നൂലിഴയിലൂടെ ഉടൽ
പാലങ്ങളും തുരങ്കങ്ങളും കവച്ച്
പൂളമരത്തിനു മുകളിലൂടെ
ആകാശത്തേക്കു പായുകയാണ്.

തീവണ്ടിയിൽ
അവൾ അവളോടു മാത്രം
സൂചിമുന പോലെ സൂക്ഷിച്ച്
ചുണ്ടുകളനക്കി
അനേകം അളവുകളുള്ള ശരീരത്തെ
പാഠപുസ്തകത്തിന്റെ ഈണത്തിൽ
ഉറക്കെ വായിക്കുകയാണ്.

2

അവളുടെ തയ്യൽ‌യന്ത്രത്തിൽ
പല പ്രായത്തിലുള്ള കുട്ടികൾ
ഓടിവന്നു
മുറ്റത്തു നിൽക്കുകയാണ്.

ഉടുപ്പു തുന്നാൻ വന്നതാണെന്ന്
മടിയിലേക്കും മാറിലേക്കും
ചാഞ്ഞു വീഴുന്ന മഴയിൽ
ചാരിവെച്ച കുട
മലകളിലേക്കു തുഴഞ്ഞു പോവുകയാണ്.

3

അവളുടെ തയ്യൽ‌യന്ത്രത്തിൽ
വെളുത്ത പതാക
എല്ലാം മറന്നു
പാടുകയാണ്.

കെട്ടിപ്പിടിച്ചു
കിതച്ചോടിയ വിരലുകൾ
താളം പിടിച്ചു ഇലകൾ തൊടുമ്പോൾ
കൈവെള്ളയിൽ മുഖം പൊത്തി
ദൈവത്തിന്റെ വിഗ്രഹം
പ്രാർത്ഥിക്കുവാൻ വിളിക്കുകയാണ്.

4

അവളുടെ തയ്യൽ‌യന്ത്രത്തിൽ
കണ്ണുകാണാത്ത മുലകൾ
ഇമകളിറുക്കി
പ്രാർത്ഥിക്കുകയാണ്.

അളന്നു മുറിച്ച
പല നിറത്തിലുള്ള ആകാശമിതാ
മാറത്തു
കൊളുത്തു തുന്നുകയാണ്
അരക്കെട്ടിൽ
പാവാട തുന്നുകയാണ്.

5

അവളുടെ തയ്യൽ‌യന്ത്രത്തിൽ
ദീർഘനിശ്വാസം പോലെ
കാറ്റ്
ഒളിച്ചിരിക്കുകയാണ്.

മേഘങ്ങൾക്കു കുങ്കുമനിറമെന്ന്
അവൾ അവളോടുമാത്രം
ആകാശത്തെ കണ്ണാടിയിൽ
ഒന്നൊന്നായി അഴിച്ചെറിയുമ്പോൾ
കൊടുങ്കാറ്റുകൾ അവളെ
കുതിരപ്പുറത്തു കയറ്റി
പറന്നു പോകുകയാണ്.


29/03/11

പെരുവഴി

ഇരുട്ടത്തെന്തോ
ഇഴഞ്ഞുപോകുന്നതുപോലെ തോന്നിയപ്പൊ
അടിച്ചങ്ങുകൊന്നു

ഇനിയെന്തു ചെറുക്കാനെന്നപോലെ
ഒരു കരച്ചില്‍ പോലും ദുര്‍വ്യയം ചെയ്യാതെ
അതാവട്ടെ കമഴ്‌ന്നുകിടന്നുതന്നു

ഇഴയുന്നതെല്ലാം പാമ്പല്ലെന്ന്
രാത്രിയൊത്തിരി നിലാവ്‌ തെറിപ്പിച്ചത്‌
കുപ്പായമ്പോലും നനച്ചില്ല

ചത്തുചുരുണ്ടത്‌
അണയ്ക്കാതിരിക്കാന്‍ മുറിച്ചുവച്ച
നടവഴിയുടെ ബാക്കിയായിരുന്നു!

28/03/11

തോര്‍ത്ത്‌

പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്‌,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം

മാര്‍ക്കറ്റ്‌ ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.

കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി

സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്‌
അവന്‍ പോയ്ക്കളഞ്ഞത്‌.

19/03/11

രക്ഷ

ഇരക്കു പിന്നില്‍ മറഞ്ഞിരുന്ന്
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.

ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.

ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.

കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.

10/03/11

അരിയല്ലൂർ ശാന്തി

Posted By: ഉമ്പാച്ചി


ച്ചപ്പടം
പപ്പടം
ഊണിനൊപ്പം
പൊടിച്ചു കുഴച്ചോ
കറി വരുന്നതിനു മുന്നേ
പൊട്ടിച്ചു ചവച്ചോ തീരും

വിശപ്പു മാറില്ല പൂതിയും തീരില്ല
അത്രമാത്രം
നീ കാണിച്ചതും
കൊതിപ്പിച്ചതുമെല്ലാം കൂടി

ഒരു വല്ലാത്ത സുഖം
എല്ലാം കണ്ട ഈ പ്രായത്തില്‍
നിന്നെക്കുറിച്ചോര്‍ക്കുന്നതു പോലും

കുളിപ്പുരയില്‍
നിന്റെ നനഞ്ഞ കഴുത്ത്‌ കാണുന്നേരം
ചുമരിനപ്പുറം നീ മുഴുവനും
നനഞ്ഞു നില്‍ക്കുന്നുണ്ടാകുമോ

ഒരു ദിവസം തന്നെ
ഇങ്ങനെ പലവട്ടം കുളിച്ചാല്‍
നിനക്കു ജലദോശം വരില്ലേ
പനി പിടിക്കില്ലേ നീ കിടപ്പിലാവില്ലേ

ഇത്രയും നര്‍ത്തകിമാരെ
തോഴികളായിക്കിട്ടാന്‍
നീയാര്‌, രാജാവിന്റെ മകളോ
ഒന്നു പോടീ

നിന്നെത്തന്നെ വേണമെന്നില്ല
പിന്നിലും ഇരു വശങ്ങളിലും
കൂടെത്തുള്ളുന്ന
ആട്ടക്കാരികളിലൊന്നിനെ മതി
നിന്നെപ്പറ്റി
ആലോചന പോയിട്ടുണ്ട്‌
കുരുത്തം കെട്ട്‌ പല പ്രകാരം
എല്ലാം പൊറുക്കണം ചെറുപ്പമായിക്കരുതി

ഇടവേളയില്‍
നിന്റെ ഭൃത്യന്‍മാര്‍
വിളക്കു തെളിക്കുന്നതു വരേ
നിന്നില്‍ തന്നെ മുഴുകി
മൂത്രമൊഴിക്കാന്‍ പോലും മറന്നിട്ടുണ്ട്‌

മൂത്രപ്പുരയില്‍ പോലും
ഞങ്ങളെഴുതീ നിന്റെ
നിന്ദാ സ്‌തുതി വചനങ്ങള്‍
നിന്നെ വിളിക്കാവുന്ന നമ്പറുകള്‍
സാക്ഷി നിന്റെ നാഭിച്ചുഴിയെന്നോര്‍ത്ത്‌
കുത്തിക്കെടുത്തിയ സിഗരറ്റു കുറ്റികള്‍

നിന്റെ ജന്മം വല്ലാത്തത്‌
എന്നൊന്നും പറഞ്ഞാല്‍ പോര
കാരണം
ഞങ്ങളുടെ വൃത്തികേടുകളത്രയും സഹിച്ച നീ
ഉച്ച ചരിഞ്ഞുള്ള സമയം
അമ്മയായി
അനിയത്തി പ്രാവായി
ഓപ്പോളും കുട്ട്യേടത്തിയുമായി
കുടംബങ്ങളുടെ കസ്‌തൂരിമാനായി
പുതിയ കുട്ടികളുടെ ക്ലാസ്‌മേറ്റു പോലുമായി
നീ ഭയങ്കരി തന്നെ

നിനക്കും പ്രായമായിരിക്കും
മരിച്ചോ മണ്ണടിഞ്ഞോ
ഒരു വിവരവുമില്ല
ഞാനും മരിച്ചു കൊണ്ടിരിക്കുന്നു
നിനക്കും നിത്യ ശാന്തി...



*കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ദേശമാണ് അരിയല്ലൂര്‍, അവിടത്തെ സിനിമാ ടാക്കീസ് ശാന്തി.

07/03/11

പ്രാര്‍ത്ഥനകളുടെ അത്താണി

വംശം രേഖപ്പെടുത്താതെ പോയ
ഒരു ജീവിയുടെ
അവസാനപ്രാര്‍ത്ഥന
ദൈവവഴിയില്‍
ഇടയ്ക്കു വച്ച് നിശ്ചലമായ്.

അത് ഉറഞ്ഞുറഞ്ഞ്
ഒരത്താണിയായ് തീര്‍ന്നു;
ദൈവത്തിലേക്കു  പോകുന്ന
പ്രാര്‍ത്ഥനകള്‍ക്കു മാത്രം
കാണാവുന്നതും
ഇരിക്കാവുന്നതുമായ്
നിലകൊണ്ടങ്ങിനെ..

ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്‍ക്കും
പ്രാര്‍ത്ഥനകള്‍.

പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
ഓരോ പ്രാര്‍ത്ഥനയും
ഇളവേറ്റ് പോകുമ്പോഴും
ഉറഞ്ഞുറഞ്ഞ് അത്താണി.

05/03/11

ഡ്രാഫ്റ്റ്

കുഴൂര്‍ വിത്സണ്

ഓരോ തവണ
നീ ഫോണ്‍ വയ്ക്കുമ്പോഴും
ബര്ദുബായ് ജയിലിന്റെ
സാക്ഷ
ആ പോലീസുകാരന്
മുറുക്കിയടക്കുന്നതിന്റെ
ശബ്ദമെനിക്ക് കേള്ക്കാം


മിസ് കാള്

ജീവപര്യന്തം
തടവ് ശിക്ഷയില്
കഴിയുന്നവന്റെ
ജാമ്യഹര്ജിയാണത്


ഇരുട്ടില്
പേടിയാകുമ്പോള്

അമ്മേയെന്ന്
വിളിക്കാന്
ബാലന്സ്
ഇല്ലാത്തതിനാല്

നേരത്തെ
ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു

ആത്മകഥ

ഒരു മനസ്സിന്റെ ദൂരമേയുള്ളൂ
ബയോഡേറ്റയില്‍ നിന്നും
ജീവിതത്തിലേക്ക് കടന്നെത്താനെങ്കില്‍
എന്തെളുപ്പം.
ഒരു ജീവിതത്തിന്റെ അകലമേയുള്ളൂ
ഒരുപാട് നുണകള്‍ക്കും
ഇത്തിരി സത്യത്തിനും
ഇടയിലെങ്കില്‍
തൊഴില്‍പരിചയത്തിന്റെ
ആവശ്യമേയുണ്ടാവില്ലായിരുന്നു.
എഴുതിവക്കാനാവാത്ത സത്യങ്ങള്‍
മാത്രമല്ല,
പൂരിപ്പിക്കാത്ത യാഥാര്‍ത്ഥ്യങ്ങളും
വിളക്കിപ്പിടിപ്പിച്ച നുണകളും
തൊങ്ങലുകള്‍ പോലുള്ള
കെട്ടിയൊരുക്കലുകളും കൂടിയുണ്ടാവണം
അവനവനെക്കുറിച്ച് മറ്റുള്ളവരെ
വിശ്വസിപ്പിക്കാന്‍.
തൊഴിലന്വേഷണത്തിനിടയില്‍ എഴുതിയുണ്ടാക്കിയ
ജീവചരിത്രം
ആത്മകഥയായി മൊഴിമാറ്റുമ്പോഴാണ്
ഒരിക്കലും പരാജയപ്പെടാത്തവര്‍
നമുക്ക് മാതൃകയാകുന്നത്,
വിജയികളുടേതുമാത്രമായ
വഴികള്‍ കാണപ്പെടുന്നത്.

02/03/11

ആന, ഒരു വീട്ടുമൃഗമല്ല!


കലാം

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ഒരു ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌

അരയാല്‍ തണലിലെ
പനയോല നിറവില്‍
പണിക്കു നിൽക്കുമ്പോഴാണ്
തല വിച്ഛേദിക്കപ്പെടുന്നത്

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്

ജടപിടിച്ച ഒരേയൊരോർമ്മയുടെ മറവില്‍
ഒരു മുറിവു പോലെ
കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യമെന്നു പറയാവുന്ന
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്
സിംഹാസനങ്ങളെ നോക്കി
ചിന്നംവിളിച്ച രണ്ട് കുടുസ്സുകണ്ണുകൾ

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി
കരുത്തിന്റെ മല മണ്ണ് കുഴിക്കും

ചങ്ങലകെട്ടുകള്‍ തമാശയാകും
ഏകാധിപത്യം കാട്ടിലേക്കുള്ള വഴി ചോദിക്കും
സ്വാതന്ത്ര്യമെന്നൊക്കെ ആനക്കുട്ടികൾ
റോഡ് മുറിച്ചു കടക്കും

മുറിവേറ്റവരുടെ
ചരിത്രമെന്നൊക്കെ
ചരിത്രത്തിനും മുറിവേറ്റേക്കാം

കരുതിയിരിക്കുക
ആന,ഒരു വീട്ടുമൃഗമല്ല





01/03/11

മാതൃക


ഇത്രയും ക്ഷമ പാടില്ല ചെടിയേ 
നനയോ തടമോ കിട്ടാതെ പൂവിടുന്ന 
നിന്നില്‍ നിന്നും പഠിക്കണം 
സംവരണത്തിനു പഠിപ്പും പണിയും നേടിയ 
ഞാന്‍ സ്വാശ്രയ തത്വം,
കോരുമ്പോള്‍ ഒലിച്ചിറങ്ങുന്ന 
വെള്ളം മതിയെന്നു ശഠിച്ച് 
നീ കിണറ്റു വക്കത്തു തന്നെ 
നിന്നു കളഞ്ഞതല്ലേ, 
വിനയത്തെ കുറിച്ച് ദിവസവും ഓര്‍മ്മിക്കുന്നതിന് 
നിന്നെ ക്ഷമയുടെ അതിരിലേക്ക് 
മാറ്റി നടാന്‍ പോകുന്നൂ ഞാന്‍.