സി.എസ്.രാജന്‍
- ഇലകളുടെ ഇളം ചൂടുള്ള അടിവയറ്റില്‍
കാതോര്‍ത്തു കിടന്ന
കടുംമഞ്ഞ നിറമുള്ള നിശ്ശബ്ദത.
മഴയുടെ വനങ്ങളില്‍ വഴിതെറ്റുമ്പോള്‍
കാഴ്ചയില്‍ കളഞ്ഞു കിട്ടിയ
ആകാശത്തിന്റെ കണ്ണാടിത്തുണ്ട്.
വെളിച്ചത്തിന്റെ വയലില്‍ നാം ഇണചേരുമ്പോള്‍
നിന്റെ സ്ഫടികച്ചിറകുകളില്‍ നിന്നും പൊഴിഞ്ഞ
സൂര്യന്റെ പരാഗങ്ങള്‍.
കൊടുംകാറ്റുകൊണ്ട് മേഞ്ഞ നമ്മുടെ വീടിന്റെ ചില്ലകളില്‍
മരിച്ച പ്രണയികള്‍ ഉയര്‍ത്തിയ
വേനലിന്റെ പതാകകള്‍.
എന്റെ ഇരുണ്ട ചര്‍മ്മത്തിന്റെ
പ്രാചീനമായ അടരുകള്‍ക്കടിയില്‍ നിന്ന്
നീ ഖനനം ചെയ്തെടുത്ത
നഷ്ടഗോത്രങ്ങളുടെ സ്വപ്നനിക്ഷേപങ്ങള്‍.
കേള്‍വിയുടെ ഭൂഗര്‍ഭദേശങ്ങളില്‍
വസന്തങ്ങളായ് ഉരുള്‍പൊട്ടിയൊഴുകിയ
'മാല്‍കോന്‍സി'ന്റെ സുവര്‍ണ്ണ ലാവ.
ഇപ്പോള്‍,
ഓര്‍മ്മയുടെ അവസാന തുറമുഖങ്ങളില്‍ കാത്തുകിടക്കുന്ന,
നാനാര്‍ഥങ്ങള്‍ വറ്റിപ്പോയ
ഒരു മണലുടല്‍.
6 അഭിപ്രായങ്ങൾ:
aiwa...superb..
നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്‍.
വിഷാദത്തിന്റെ ഒരു ഈറൻ കാറ്റ് പതിയെ പതിയെ തഴുകി പോകുന്നു...
liked it..
nannayittundu
manoharam..... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ