ആദിത്യശങ്കർ
നാട്ടിലേക്കോടുന്ന ബസ്സുകൾക്ക്
ഒരു പ്രത്യേക മണം.
അവ ഓർമ്മിപ്പിക്കുന്നു
നായാട്ടുകമ്പം മൂത്ത് കാടു കേറുന്ന
അമ്മാവന്മാർക്ക് വഴികാട്ടി
അതിഗൌരവത്തോടെ നടക്കുന്ന
വേട്ടനായ്ക്കളുടെ വിയർപ്പ് .
ഭംഗിയുള്ള ഒരു വരി കൊണ്ടോ വാക്ക് കൊണ്ടോ
സൂര്യൻ ഇടയ്ക്കിടെ ജനാലയ്ക്കൽ ഇടപെടുന്നു;
അവയോടൊത്ത് നാം പങ്കിടുന്നു
നിഷ്കളങ്കവും കൈതമുള്ള് പോലെ
കൂർത്തതുമായ ഒരേകാന്തത
ഗ്രാമരാത്രികൾ തിരിച്ചു തരും
ഒരു കടും മണം
ഒരു മരത്തിൽ നിന്നു മറ്റൊന്നിലേക്ക്
നടക്കുകയാണ് ഞാനെന്നു തോന്നി.
കുറച്ചുകൂടി ചെന്നാൽ ഓടിവരവായി
കാത്തുമടുത്തവരെപ്പോലെ വീട്ടുവിളക്കുകൾ.
പക്ഷെ
ചെമ്മൺ പാതകളുടെ പരിചിത വളവുകളേക്കാളും
സിനിമാ പോസ്റ്ററുകളിലെ വടിവുകളേക്കാളും
മണ്ണിന്റെ മുറിവുകളിലെ
മഴയുടെ ജലതരംഗത്തേക്കാളും മുമ്പ്
ഓടിയെത്തുന്നു
വീടിന്റെ ഇരുണ്ട മൂല
ഒരു കടൽക്കോണായി സങ്കല്പിച്ച്
ഏകാന്തതയിൽ നിന്നു
ദൂരങ്ങളിലേക്കു ലോഹസന്ദേശങ്ങളയക്കും
എന്റെ അനിയനും
അവന്റെ മോർസ്ക്കോഡും.
4 അഭിപ്രായങ്ങൾ:
ഗംഭീരം ...
നല്ല കവിത
വീട്ടില്‍ വരവ് എന്ന മനോഹര കവിത എത്ര തവണ ഞാന്‍ വായിചെന്നറിയില്ല.അതിലെ കൈതമുള്ള് പോലുള്ള, ഗ്രാമത്തിലെ വഴിവിളക്കു കള്‍ പോലുള്ള ബിംബങ്ങള്‍ എന്നെ വല്ലാതാകര്
ഷിച്ചു .
nannayitund..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ