21/6/11

ഒരിത്

നസീർ കടിക്കാട്

...............................


അങ്ങിനെയാ മത്തി

ചിലേടത്തൊക്കെ ചാള

മഴക്കാലത്തിനും

വേനൽക്കാലത്തിനുമിടയിൽ

അടിവയറുഴിഞ്ഞുഴിഞ്ഞ്

കടലിൽ കിടന്ന്

ആയിരക്കണക്കിനു മനുഷ്യരെ പെറ്റു


എത്രയായാലും മനുഷ്യനല്ലേയെന്നാ മത്തി

നെഞ്ചത്തടിച്ചു നിലവിളിക്കുന്നതു കേട്ടിട്ടതാ

കടലിനടുത്തുള്ള

കാറ്റത്തു വീണ

വീട്ടിലിരുന്നൊരമ്മ

ഉറക്കത്തിലെണീറ്റോടി


അമ്മേ

അമ്മയുടെ മോനാണ്


ഏട്ടാ

ഏട്ടന്റനിയനാണ്


ന്റെ മോനേ

ന്റനിയാ


ദൈവത്തിനു മടുത്തു


സമയം പോകുന്നില്ലല്ലോയെന്നു

ദൈവം

പഴം തൊലിയുരിച്ചു തിന്നു

പൈനാപ്പിൾ ചെത്തി മുറിച്ചു

അരിക്കിപ്പോൾ

ആ മണമില്ലല്ലോയെന്നു

അങ്ങിനെയങ്ങ് അസൂയപ്പെട്ടു


കോഴിയെ

ആടിനെ

പോത്തിനെ

വളർത്തി വളർത്തി

മുറിച്ചു വേവിച്ചു തിന്നു


ഛർദ്ദിക്കുകയെന്നാൽ

വള്ളത്തോൾ നാരായണമേനോനാണോ

നാലാപ്പാടനാണോ

കുമാരനാശാനാണോ


ആ കാറ്റാണോ

കാറ്റത്തു വീണ മഴയാണോ

മഴ നടന്ന മരമാണോ

മരം പെയ്ത കണ്ണാണോ

കണ്ണു കുത്തിയ മിന്നലാണോ

മിന്നലു ചിഹ്നിയ ഇടിയാണോ

ഇടി കൊണ്ടയൊച്ചയാണോ


ആശാനാണോ

കളരിയാണോ


കവിതയ്ക്കു പുറത്താണോ


ഛർദ്ദിക്കുന്നതൊരു സുഖമാണ്


മീനിനുമുണ്ടാകില്ലേ

മനുഷ്യരെപ്പോലെ

ബർഗുമാനാകാനൊക്കെയൊരു

ഛർദ്ദിച്ചു ഛർദ്ദിച്ചു

ഉടലോടെ

നീലത്തിമിംഗലമാകാനൊരു മോഹം


കണ്ണുരുട്ടിയുരുട്ടി

ഇരുട്ടുരുട്ടിയുരുട്ടി

ചിരിച്ചോടാനൊരു ത്

കടപ്പുറത്തു നിൽക്കുമാ പുല്ലിന്റെയിത്

തൊട്ടടുത്തെയാ മരത്തിനോടത്


ഇക്കിളിയാക്കല്ലെ

ആക്കല്ലെ

ക്കല്ലെ

കല്ലെ


അങ്ങിനെയൊക്കെയല്ലെ

ഒരോട്ടോമാറ്റിക്ക് വാഷിംഗ് മെഷീനിൽ

ഒരാളുടെ

ഒരു വിട്ടിലെ

അതൊക്കെയൊന്നു കഴുകിയുണക്കിയെടുക്കുന്നത്

10 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കവിത വിറ്റുപോകാത്ത പുസ്തകം തന്നെയാണ്

Phayas AbdulRahman പറഞ്ഞു...

സത്യം പറയാമല്ലോ.. ഒന്നും മനസ്സിലായില്ല. എന്നാലും വായിക്കാന്‍ ഒരിത് ഉണ്ട്ട് :)

ജസ്റ്റിന്‍ പറഞ്ഞു...

ഈ കവിതയ്ക്ക് ഒരിത് എന്നതിനേക്കാള്‍ ഒരു തിരിച്ചറിവ് (കൂടി) എന്നായിരുന്നു ഉചിതം എന്ന് തോന്നിപ്പോകുന്നു. :)

നസീര്‍ കടിക്കാട്‌ പറഞ്ഞു...

...ന്റെ മോനേ
ന്റനിയാ

ദൈവത്തിനു മടുത്തു...

ന്റെ ജസ്റ്റിനേ
"ഒരു തിരിച്ചറിവ് (കൂടി)"

Mahesh Palode പറഞ്ഞു...

കവിത വിറ്റുപോകാത്തത് ഇത്തരം സാധനങ്ങള്‍ കവിത എന്ന പേരില്‍ അച്ചടിച്ച് വരുമ്പോഴാണ്പ്രി
യ സുഹൃത്തേ
എന്തിനാണ് താങ്കള്‍ ഇങ്ങനെ ഓരോ സാധനം എഴുതുന്നത്.
വള്ളത്തോളിന്റെയോ കുമാരനാശാന്റെയോ ഒന്നും പേരു പറയാനുള്ള യോഗ്യതയുണ്ടോ നിങ്ങള്‍ക്കൊക്കെ?
എന്തിനാ കവിതയെ ഇങ്ങനെ വായനക്കാരില്‍ നിന്നകറ്റുന്നത്?
എതിരു പറയാതെ, പാരവയ്ക്കാതെ ഒരു നിമിഷം ചിന്തിച്ചു കൂടേ
കണ്ടില്ലേ മാതൃഭൂമി ആഴ്ചപ്പതിപ്പൊക്കെ എന്നേ പുതിയ കവിതയെ ആട്ടിപ്പുറത്താക്കി
മലയാളകവിതയില്‍ നിങ്ങളുടെയൊന്നും പേര് ഒരിക്കലും നിലനില്ക്കുകയില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാം

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മഹേഷേ
താങ്കളുടെ പ്രാർത്ഥനയോടൊപ്പം ഞാനും ചേരുന്നു

എനിക്കു വേണ്ടി (ഈ സാധനത്തിനു വേണ്ടി) ഇത്രയും വാക്കു നനച്ചുവല്ലോയെന്നോർത്തു താങ്കളുടെയീ സ്നേഹത്തോടൊപ്പവും പ്രാർത്ഥനയോടെ ചേരുന്നു

മാതൃഭൂമി കീ...ജയ് ...

Mahendar പറഞ്ഞു...

കടലിനടുത്തുള്ള
കാറ്റത്തു വീണ
വീട്ടിലിരുന്നൊരമ്മ...:)

@mahesh
കണ്ടില്ലേ മാതൃഭൂമി ആഴ്ചപ്പതിപ്പൊക്കെ എന്നേ പുതിയ കവിതയെ ആട്ടിപ്പുറത്താക്കി

മാത്രുഭുമിയെ നമ്മളും

JIGISH പറഞ്ഞു...

നസീറിന്റെ കവിത ഭൂമിയിൽ നിന്ന് അല്പം ഉയർന്ന തലത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന അഭിപ്രായം എനിക്കുമുണ്ട്. അതുപക്ഷേ, പുതിയ കാലത്തെ പഴയ ഭാഷയിൽ (വള്ളത്തോളിന്റെയും ആശാന്റെയും) വരയ്ക്കാനാവാത്തതു കൊണ്ടുതന്നെയാവാം. ദൈവത്തിനു മടുക്കുന്ന, ദിനംപ്രതി മൃഗത്തെ മുറിച്ചുവേവിച്ചു തിന്നുന്ന, ഉള്ളിൽതൊടാതെ പുസ്തകം ഛർദ്ദിക്കുന്ന, വ്യാജഇമേജിന്റെ തടവറയിൽ പുലരുന്ന ഈ കാലത്തെ വിവരിക്കാൻ ‘ആശാൻ’ അപര്യാപ്തമായിരിക്കാം.! സമകാലം ചീത്തപറഞ്ഞാലും നസീറിന്റെ കല കാലത്തെ അതിജീവിക്കും..ബഷീറിനെപ്പോലെ..!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എനിക്കും മടുത്തു...

Unknown പറഞ്ഞു...

നസീറിനെ വായിച്ചിറങ്ങിയാൽ...
നസീറിനെ വായിച്ചിറങ്ങിയ പോലൊരു തോന്നലുണ്ടാകുന്നു....

തോന്നലു പോലെ ഒന്നും ബാക്കി വെയ്ക്കാത്ത ഇക്കാലത്ത് നസീർ ഒരു തോന്നലായ് കൂടെയുണ്ടാകുന്നത് കവിത ബാക്കി വച്ച 'ഒരിതു'കൊണ്ടാണെന്ന്........