നസീർ കടിക്കാട്
നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ
അവർ ചുംബിച്ചു.
സ്നേഹം അവൻ കാണുന്നുണ്ട് .അനങ്ങുന്നുണ്ട്.
അവൾ വയറു തലോടി.
അവനല്ല അവളാണ്
അവനവളുടെ വയറ്റിൽ കാതോർത്തു.
9999 പേരുകളുടെ പുസ്തകം നിവർത്തി
തിരയുവാൻ തുടങ്ങി.
എന്തെല്ലാം അർത്ഥങ്ങളാണീ
ആൺകുട്ടികളുടെ പേരുകൾക്കെന്ന് അവളും
എത്ര അനർത്ഥങ്ങളാണീ
പെൺകുട്ടികളുടെ പേരുകൾക്കെന്ന് അവനും
പേജുകൾ മറിച്ചു മറിച്ച്
ഒരു തീരുമാനത്തിലെത്താനാവാതെ
പഴയ കാമുകിയുടെ പേരോർമ്മയിലേക്ക് അവനും
കാമുകന്റെ പേരോർമ്മയിലേക്ക് അവളും തെറിച്ചു.
പരിഭവിച്ചു.കലഹിച്ചു.
നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ
അവർ പട്ടിണി കിടന്നു.
വയർ വീർത്തുവന്നു.
അവനോ അവളോ വയറ്റിൽ
വിശക്കുന്നുവെന്നു കൈകാലിട്ടടിച്ചു.
ഉണ്ണിയാർച്ചയെന്നോ ഝാൻസി റാണിയെന്നോ
ഒതേനനെന്നോ സുഭാഷ് ചന്ദ്രബോസെന്നോ
അവർ ഞെട്ടിയുണർന്നു.ചുംബിച്ചു.
എ എന്നോ ബി എന്നോ ഉദാഹരണപ്പെടുത്തിയാലോ
ഒന്നെന്നോ രണ്ടെന്നോ അക്കമാക്കിയാലോ
ൻ ൾ എന്നു ചില്ലക്ഷരത്തിലാക്കിയാലോ
! ? എന്നു ചിഹ്നരൂപമാക്കിയാലോ
മടുത്തു.പരിഭവിച്ചു.കലഹിച്ചു.
പിന്നേയും പട്ടിണി കിടന്നു.
പിന്നേയും വയർ വീർത്തുവന്നു.
അവനോ അവളോ വയറ്റിൽ
വിശക്കുന്നുവെന്നു കൈകാലിട്ടടിച്ചു.
ഭൂഗോളത്തോളം വീർത്ത വയറിന് അപ്പുറമിപ്പുറം
അവർ മുഖംവീർപ്പിച്ചിരുന്നു.
വയറിന്റെ മറവിൽ
അവളറിയാതെ അവനും
അവനറിയാതെ അവളും
കട്ടു തിന്നു.വയറു വീർപ്പിച്ചു.
പേരില്ലാതെ എനിക്കു ജനിക്കേണ്ടെന്ന്
അവനോ അവളോ
അവിടെക്കിടന്നു പ്രായപൂർത്തിയായി.
നമുക്കിനി ഇത്രയൊക്കെയേ ചെയ്യാനുള്ളൂ
അവർ ചുംബിച്ചു.
9999 പേരുകളുടെ പുസ്തകം നിവർത്തി
തിരയുവാൻ തുടങ്ങി.
13 അഭിപ്രായങ്ങൾ:
ഒരു പേരിലെന്തിരിക്കുന്നു ?
ഹിറ്റ്ലർ ജനിക്കും എന്ന്
‘നോസ്ത്രദാമൂസ്’ പറഞ്ഞു.
അതുപോലെ പലരും വരുമെന്ന്.
ഇനിയും നമുക്ക് കാതോർക്കാം.
എന്തെല്ലാം അർത്ഥങ്ങളാണീ
ആൺകുട്ടികളുടെ പേരുകൾക്കെന്ന് അവളും
എത്ര അനർത്ഥങ്ങളാണീ
പെൺകുട്ടികളുടെ പേരുകൾക്കെന്ന് അവനും
പേജുകൾ മറിച്ചു മറിച്ച്....
-ആണെടാ മോനേ ആണ്.
aakasa mitayi
ഹിഹി..പണ്ട് ഒരു കേശവൻ നായരും സാറാമ്മ യും കൂടി ഇങ്ങനെയൊരു കളി കളിച്ചിരുന്നു.! 2011 ആയപ്പോഴേക്കും ബഷീറിന്റെ പേര് നസീർ എന്നായി..! വിനീതചരിത്രകാരനു നന്ദി..!
അജിത്തെ ഭൂമി ബിസ്ക്കെറ്റ് പറ്റു ലെ ...
11.12.2008-ൽ എഴുതിയ,സംക്രമണത്തിലിട്ട കവിത:
ആകാശമിഠായി
...........
ഞാനെന്റെ പേര് മാറ്റി
അവളുടേയും….
കേശവൻ നായരും
സാറാമ്മയും.
പേര് ചൊല്ലി
വിളിക്കാൻ തൂടങ്ങിയ കാലത്തേ
ഇതല്ലല്ലോ പേരെന്ന
പൊരുത്തക്കേടിലായിരുന്നു
ഹാജർ വിളിക്കുമ്പോളെല്ലാം
രാവിലെത്തന്നെ
ഉറങ്ങാൻ തുടങ്ങിയോന്ന്
മാഷ് വടിയെടുക്കും
ഒപ്പിട്ട് വാങ്ങുമ്പോൾ
സ്വന്തം ശമ്പളം
മുഖത്തേക്ക് നോക്കും
നീ തന്നെയോ എന്ന്…
പേര് മാറ്റി
കേശവൻനായരും സാറാമ്മയും.
വിരുന്നു വന്നവർ
വീട് മാറിയെന്ന്
അറച്ചു നില്പായി
ഓമനിച്ചു വളർത്തിയ
പശുക്കുട്ടി
കയറും പൊട്ടിച്ചോടി
അന്തിക്കു കത്തിക്കാൻ
നിലവിളക്കൊ
മെഴുകുതിരിയൊ
അയൽക്കാരൻ തീപ്പെട്ടിയുരച്ചു
കേശവന്നായരുണ്ടോ
സാറാമ്മച്ചേട്ടത്തിയുണ്ടോ
വഴിയേ പോയവർ
ഒളിഞ്ഞിരുന്ന് ഒച്ചവെച്ചു
മിഠായി വാങ്ങാനോടിയ മക്കൾക്ക്
ആകാശമിഠായി കിട്ടിയില്ല
കൈ നിറയെ
കിറ്റ് കാറ്റും കാഡ്ബറീസും…
വർണ്ണകടലാസിൽ
പൊതിഞ്ഞൊരു പൊട്ടിത്തെറി
മക്കളോടൊപ്പം
ഓടിക്കളിച്ചെത്തി
...........................
*സച്ചിദാനന്ദന്റെ ഞാൻ മുസ്ലിം എന്ന കവിത വായിക്കേണ്ടി വന്നപ്പോൾ,
ബഷീറിന്റെ പ്രേമലേഖനം എന്ന നോവൽ വീണ്ടുമോർക്കേണ്ടി വന്നപ്പോൾ…
കേശവൻ നായരും സാറാമ്മയും ആകാശമിഠായിയും ബേപ്പൂർ സുൽത്താന്‍ സ്വന്തം.
ഉന്തുട്ടാാന്നു എനിക്ക് പിടികിട്ടിയില്ല...
കട്ടു തിന്നും വീർപ്പിച്ചും ഒളിച്ചു കളിച്ചും...
ഇപ്പോ നീയെന്നെ കൺഫ്യൂഷനാക്കി...
എന്തെല്ലാം അർത്ഥങ്ങളാണീ
ആൺകുട്ടികളുടെ പേരുകൾക്കെന്ന് അവളും
എത്ര അനർത്ഥങ്ങളാണീ
പെൺകുട്ടികളുടെ പേരുകൾക്കെന്ന് അവനും
പേജുകൾ മറിച്ചു മറിച്ച്...
അജിത്തെ ക്ച്ചമിക്കണം കഥയറിയാതെ ആട്ടം കണ്ടതിനു
അപ്പോള്‍ ആകാശ midaayi യിയില്‍ നില്ക്കാം. .
എന്തൊക്കെ അര്‍ത്ഥങ്ങളാണ് വരികള്‍ക്കെന്ന്
എന്തൊക്കെ അനര്‍ത്ഥങ്ങളാണ് ഈ വരികള്ക്കിടയിലെന്ന് ചിന്തിച്ച് ചിന്തിച്ച്.....
Nice one.!
അര്‍ത്ഥമില്ലാത്ത പേര് പോലെ അര്‍ത്ഥമുള്ള മറ്റൊന്നുമില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ