31/12/10

പ്രപഞ്ചരഹസ്യം

കറന്റുകമ്പിയില്‍
തലകീഴായ്
തൂവലടര്‍ന്ന്
വെറുങ്ങലിച്ച കാക്ക
പൊടുന്നനെയുയര്‍ന്ന്
ചിറകൊതുക്കി
കാ...കാ...
എന്നു കരഞ്ഞ്
മീന്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി പറന്നത്
തികച്ചും യാദൃച്ഛികമായി
കണ്ണില്‍പ്പെട്ടു

വിശ്വസിച്ചു
വിശ്വസിച്ചു
എന്നെത്രയുറക്കെപ്പറഞ്ഞാലും
എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കല്ലേ
എന്നല്ലേ
നമ്മളോരോരുത്തരുമുള്ളില്‍പ്പേറുന്ന
പ്രപഞ്ചരഹസ്യം ?

(കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന സമാഹാരത്തില്‍ നിന്ന് )

29/12/10

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

28/12/10

കൊല്ലന്‍

വരമ്പിനു നടുക്ക്
കാറ്റിനോടെപ്പോഴും
കൈചൂണ്ടിക്കെറുവിക്കു
മൊറ്റപ്പനയോടു തൊട്ട
ഓലപ്പുരയായിരുന്നാല

കൊല്ലനതില്‍
വാക്കത്തി,കൊടുവാളു
കഠാരകളില്‍
മൂര്‍ച്ചയേറ്റിയ ധ്യാനത്തിലിരുന്നു

ഇടയ്ക്കു റോഡിനോരത്തു വന്ന്
ചായകുടിച്ച്
ബീഡിയെരിച്ച്
പൊകല ചവച്ച്
പുകചുവപ്പിച്ച കണ്ണുകളോടെ
ആലയിലേക്കു തന്നെയടങ്ങും

ഇരുമ്പിരുമ്പിനോടു
ചെന്നുപറയുമൊച്ചകള്‍
ഓലപ്പഴുതുകടന്ന്
കൊറ്റികളെ പറപ്പിച്ചുവിട്ടു

മൂര്‍ച്ചയില്ലാത്തൊരരിവാളുമാ
യന്തിനേരമാകാശം
തോടുചാടിക്കടന്നു ചെല്ലുമ്പോള്‍
ആറിയ ആലയ്ക്കരികിലിരുന്നു ചാരി
കൊല്ലനൊരു കിനാവുകണ്ടുറങ്ങുന്നു
നിറുകയിലൊരു വാള്‍മുന
വീഴാനോങ്ങുന്നു

കുഞ്ഞുങ്ങളുടെ ചിരി
കാറ്റിലെഴുതുകയാവുമന്നേരം കരിമ്പന

27/12/10

ദൈവം

എന്നെങ്കിലും ഒരു ദൈവം
ഉണ്ടായിരുന്നുവെങ്കില്‍
അയാള്‍ തീര്‍ച്ചയായും
ഒരു ജനാധിപത്യവാദിയായിരുന്നിരിക്കണം.
അല്ലെങ്കില്‍ എന്തിനാണ്
നമുക്ക് മുന്നില്‍
ഇത്രയേറെ തിരഞ്ഞെടുക്കലുകള്‍?
യുദ്ധവും സമാധാനവും,
സ്‌നേഹവും ശത്രുതയും,
നല്ലതും ചീത്തയും,
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും,
ഇടതുകൈയും വലതുകൈയും,
നീയും മറ്റൊരാളും....
എന്തിനാണ് ഇത്രയേറെ തിരഞ്ഞെടുക്കലുകള്‍?
എല്ലായിടത്തും ദ്വന്ദ്വങ്ങള്‍
കണ്ടുപിടിച്ചവന്‍
ദൈവമാണെങ്കില്‍ എന്തിനാണ് നമ്മള്‍
സ്വയം ഭയപ്പെടുന്നത്?
ഓര്‍മ്മയും മറവിയും
ബാക്കിവക്കുന്നതുപോലെ
എന്തിനാണ്
ആത്മാവും ശരീരവും

എത്രയെത്ര തിരഞ്ഞടുക്കലുകളാണ്

അവന് നമുക്ക് മുന്നില്

ഒരു തെരുവുകച്ചവടക്കാരന്റെയോ

ജനാധിപത്യവാദിയുടെയോ

കള്ളച്ചിരിയോടെ നിരത്തിവക്കുന്നത്?

23/12/10

ഫെയ്സ് ബുക്ക്

മടുപ്പിന്റെയുടുപ്പു തുന്നുന്നുണ്ടോരോ
സൌഹ്രുദങ്ങളും
പ്രണയത്തിലേക്കു തെന്നിവീഴുന്നുണ്ട്
ചിലത്
അമ്മയായി കാണാമോയെന്നൊരമ്മ
കൌമാരത്തിനോട്

മരണത്തിനു ജന്മദിനത്തിനും
ദുരന്തത്തിനും
ഒരേ ലൈക്ക്…..


കവിതകളുപേക്ഷിച്ചു പോവുന്നു
ചിലർ
വായിക്കപ്പെടാത്തതു
സംസ്ക്കരിക്കാനാവാത്ത
മാലിന്യം പോലെ………

വാക്കേ ഇങ്ങിനെ ചീഞ്ഞു നാറുന്നതെന്തിനെന്നു
ചിത്രങ്ങൾ കളിയാക്കുന്നു

മിണ്ടാതിരിക്കുന്ന മുഖങ്ങളേ
ജീവനുണ്ടോന്നറിയാൻ
മറ്റു വഴിയില്ല
കുഴിമാടത്തിൽ കിടന്നു മണ്ണായാലും
പ്രൊഫൈലിലിങ്ങനെ ചിരിച്ചിരുന്നു
പറ്റിച്ചേയെന്നു പറഞ്ഞോ…..

22/12/10

ഗൃഹാശയം

എല്ലാ വാതിലുകളുമടയുമ്പോള്‍
വാതിലുകളേയില്ലാത്ത ഒരു വീട്‌
മരങ്ങളോട്‌ പിണങ്ങി ആകാശം നിറയെ വേരുകളും
ഭൂമി നിറയേ ശാഖകളും പടര്‍ത്തി ഒരു മരമതിന്റെ മുറ്റത്ത്‌
ആഗ്രഹിക്കുമ്പോള്‍ മരിക്കുന്നതിന്‌ ഒരു കട്ടിലും
അതേ പോലെ ജനിക്കുന്നതിന്‌ ഒരു തൊട്ടിലും ഓരോ അകത്തും
ജനലുകളോട്‌ കാറ്റും ചുമരുകളോട്‌ വെളിച്ചവും സമ്മതം ചോദിക്കില്ല
ഇല്ലാത്ത മതിലുകള്‍ എല്ലാ നടപ്പുകളേയും ക്ഷണിച്ചു വരുത്തും
ഇല്ലാത്ത വാതിലുകള്‍ എല്ലാ വഴികളേയും അകത്തു കയറ്റും
അടിച്ചേല്‍പ്പിക്കപ്പെട്ട വീട്ടില്‍ പാര്‍ക്കാതിരിക്കാനുള്ള അവകാശം
ഒരിക്കലെങ്കിലും നിങ്ങളുമാഗ്രഹിച്ചിരിക്കും
മടുക്കുമ്പോള്‍ ഉപേക്ഷിക്കാവുന്ന ഒരു പുറന്തോട്‌ മതി എനിക്കുമെന്ന്‌
ഒരു ദിവസമെങ്കിലും മോഹിച്ചിരിക്കും
അങ്ങനെ ഒരു ദിവസം പടുത്തു തുടങ്ങിയതാണ്‌ ഈ വീടും

ഒരോ ദിവസും ഒരോ അഥിതി
ശനി പോയി പിറ്റേന്നു ഞായര്‍ വരും
ചോവ്വേ വന്നോളൂ എന്നു വിളിക്കേണ്ടതില്ല
തിങ്കളു പോകുന്ന രാത്രി അവന്‍ വരും
പ്രയപ്പെട്ട ബുധന്‍ പുറപ്പെട്ടുവോ എപ്പോഴെത്തും എന്നൊന്നുമില്ല ആധികള്‍
വ്യാഴവും വെള്ളിയും ചിലപ്പോള്‍ ഒന്നിച്ചാണു വരിക,
അവരൊന്നിച്ചു പോകാതിരുന്നാല്‍ മതി
ഉന്‍മാദത്തില്‍ പണിത വീടുകളാണ്‌
സ്വപ്‌നത്തില്‍ വച്ച വീടുകളേക്കാള്‍ ജീവിതത്തിന്റെ വസതി
വീടുകള്‍ ഇടക്കിടെ ഉയര്‍ത്തുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമെതിരെ
കൊതികള്‍ പാകിയ ഒരുത്തരക്കെട്ട്‌
പണിതീരുന്നതിനു മുന്നേ ഗൃഹപ്രവേശം കഴിഞ്ഞ
ഈ വീട്ടിലെ താമസക്കാരനെ നിങ്ങളറിയും
ഇല്ലെന്നു പറയരുത്‌
നിങ്ങളും വരണം
ഈ വീട്ടിലും ഇടക്ക്‌ ഒന്നു കൂടുന്നത്‌ നന്ന്‌

19/12/10

ഏതൊരാളുടേയും...

മരിച്ചുകഴിഞ്ഞപ്പോൾ
അയാൾ ഒന്നുരണ്ടുദിവസം
അസ്വസ്ഥനായി
പെട്ടിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിചയമില്ലല്ലോ
ഇങ്ങനെയൊരു ജഡത്വം

പെട്ടിയിൽ
ഉഷ്ണമാപിനി ഉരുകിയൊലിയ്ക്കും രാപ്പകലുകൾ
വാതിലോ ജനലോ ഇല്ലാത്ത അവിദഗ്ദ്ധവാസ്തു ,
വൈദ്യുതിനിലച്ച ഉഷ്ണിതനഗരം
കുറച്ചു വെള്ളം തരൂ...
സോഡ...
കഴിക്കാനെന്തെങ്കിലും...
എന്നിങ്ങനെ ഉള്ളിലുണ്ട്
ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ

ശവക്കല്ലറകൾ
ഭൂനിരപ്പിനു മുകളിൽ
ഫ്ളാറ്റിലേയ്ക്കോ
മൂന്നാം നിലയിലേയ്ക്കോ മാറ്റണം
സഹിക്കാനാവുന്നില്ല മണ്ണിനടിയിലെ മുഴക്കങ്ങളെ
എന്തെങ്കിലുമൊന്നുരിയാടാൻ ഒരാളുമില്ലല്ലോ..
ഫോൺനമ്പറുകൾ,
മെയിലുകൾ,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്ബാറിൽ നിന്ന്
ഹൃദയം വഴിഞ്ഞൊഴുകും
പ്രണയപദങ്ങൾ..

കുറച്ചുകൂടിക്കഴിഞ്ഞാൽ
പെട്ടിയിൽ വന്നു മുട്ടും
രാത്രികളിൽ അനാഥ പ്രേതങ്ങൾ,
പണ്ടെന്നോ മരിച്ചവർ.

വഴിതടഞ്ഞ്
വിശന്നിട്ടോ ദാഹിച്ചിട്ടോ
ഒന്നുമ്മ വെച്ചോട്ടേയെന്ന്
കാമത്തിലാളിപ്പടർന്നിട്ടോ
ഒരുവൾ

മൂന്നാം ദിനം
ശവപ്പെട്ടിയിലെ പൂക്കളിൽ നിന്ന്
അവസാനത്തെ ബന്ധുവും
മറവിരോഗത്തിലേയ്ക്ക് വഴുതി രക്ഷപെടും

നാലാം ദിനം
മണ്ണിൽ നിന്ന്
മരിച്ചവരുടെ അച്ചടക്കമില്ലാത്ത പ്രജകൾ
മുഖത്തേയ്ക്ക് പുളഞ്ഞുകേറും
ശത്രുവിന്റെ പെണ്ണുങ്ങളിലേയ്ക്കിരച്ചെത്തും
സൈനികരെപ്പോലെ പുഴുക്കാലടികൾ

വിരലുകൾ പൂവുകൾപോലെ ചീയും
കണ്ണുകൾ ഏറെപ്പഴകിയ മത്സ്യങ്ങളെപോലെയും
പണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയ നല്ല ഗന്ധങ്ങൾ
മൂക്ക് ചീയുമ്പോൾ
മുഷിഞ്ഞുമുഷിഞ്ഞ് പുറത്തേയ്ക്കു വരും.
കുടലും മസിലുമഴുകും
മുടിയിഴകളുടെ കടയഴുകും
ജനനേന്ദ്രിയം ജീവൻ വരുന്ന വഴികളെല്ലാമടഞ്ഞ്
ദുസ്സഹഗന്ധമുദ്രിതമാകും.
ഉടലിന്റെ എല്ലാ ദിക്കുകളിൽ നിന്നും
അഴുകിയമണങ്ങൾ മാത്രം
വിരുന്നു മുറിയിലേയ്ക്കൊഴുകിയെത്തും
ഉടൽ അഴുകിയഴുകി ഒരു കടലാകും

കണ്ണിൽ നിന്നൊരു പുഴ പുറപ്പെടും
നാവിൽ നിന്ന്
തൊലിയിൽ നിന്ന്
ചെവിയിൽനിന്ന്
മൂക്കിൽ നിന്ന്
അഴുകിയഴുകിയൊഴുകുന്ന
ഓരോരോ പുഴകൾ പുറപ്പെട്ടുതുടങ്ങും

ദൈവമേ
മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം
നിന്റെ സൈനികരെക്കൊണ്ട്
ഇങ്ങനെ പീഡിപ്പിക്കുകയുമരുത്
ജീവിതത്തെ മാറ്റിത്തീർത്ത
ദയാപരനേ
മരണത്തേയും.....

എവിടെയുമാകാമല്ലോ

എവിടെയുമാകാമല്ലോ...

മരിച്ചവര്‍

മണ്ണ് തൊട്ടശുദ്ധമാക്കാതിരിക്കാന്‍

ശവം പാകം ചെയ്തുതിന്നുന്ന

ആമസോണിലെ ഗോത്രക്കാര്‍ക്കിടയില്‍,

ജീവിച്ചിരിക്കുന്നവര്‍

ദൈവത്തെ തൊട്ടുപോകാതിരിക്കാന്‍

അറിവുകൊണ്ട് മതിലുകെട്ടുന്ന

പുതുഗോത്രങ്ങള്‍ക്കരികില്‍...

എവിടെയുമാകാമല്ലോ...

ജീവിതത്തിനും മരണത്തിനും മധ്യേ

കഴിഞ്ഞുപോകുന്നവന്റെ

പട്ടിണിക്കാലവും

കുഴഞ്ഞുവീഴുന്നവന്റെ വാര്‍ദ്ധക്യവും.

അടുപ്പില്‍ തിളക്കുന്ന

മസാലക്കൂട്ടുകളില്‍

ചേര്‍ത്തിളക്കാന്‍

ഒരു ജന്മത്തിന്റെ ചോരയും മാംസവും മാത്രം

ശേഷിപ്പിക്കുന്നവന്റെ പിന്നിലൂടെ ചെന്ന്

ഒറ്റ മുരള്‍ച്ചകൊണ്ട് ഞെട്ടിക്കുവാന്‍

കഴുകനാവുകയൊന്നും വേണ്ട,

കാക്കക്കരച്ചിലിന്റെ പരുത്ത ശബ്ദം പോലും വേണ്ട,

ഒരു നിഴലനക്കം മാത്രമായാല്‍ മതി.

അത്

എവിടെയുമാകാമല്ലോ...

പരസ്പരം ചോര പുരട്ടി

എയ്‌തൊഴിക്കുന്ന അമ്പിന്

വിഷച്ചുവയാണെന്ന് എപ്പോഴും ഉറപ്പിക്കുന്ന

നഗരത്തിരക്കിലോ

നിന്റെ ശബ്ദം അകന്നുപോയിടത്ത്

നിറച്ചുവച്ച നിശബ്ദതയിലോ

എവിടെയുമാകാമല്ലോ,

വേട്ടക്കാരന്റെയും ഇരയുടെയും

സ്വപ്‌നങ്ങള്‍ ഒരുമിച്ച്് തന്റേതാക്കിത്തീര്‍ക്കുന്ന

ഗതികേടുകാരന്റെ

തുടക്കവും ഒടുക്കവും..

17/12/10

കുഞ്ഞുങ്ങളുടെ ശ്മശാനം

ഹാരിസ്‌ എടവന

കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍


നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്


നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍ വരാറുണ്ട്
കഥകേള്‍ക്കാന്‍

നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായി
കുഴിമാടങ്ങളിലേക്കവര്‍
തിരിച്ചു പോവാറുണ്ട്


നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ

ഒരോ കുഴിമാടങ്ങളും
പറയുന്നുണ്ട്
ഈ പൂവിനെയാരോ കശക്കിയെറിഞ്ഞതാണെന്നു
ആരാവാം?
അച്ചന്‍....
അധ്യാപകന്‍
അയല്‍ക്കാരന്‍
ഏയ്...ആരൊക്കെയോ

യുദ്ധവിമാനങ്ങള്‍ റാഞ്ചിയെടുത്തവര്‍
തോക്കുകള്‍ കൊത്തിപ്പറിച്ചെടുത്തവര്‍


മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍


ഇന്നു നിലാവും
നക്ഷത്രങ്ങളുമുള്ള രാത്രിയല്ലെ
അവര്‍ വരാതിരിക്കില്ല
മഴവില്ലിന്റെ.....
പൂപോലെ.......

15/12/10

തൊട്ടു മുമ്പ്

ശ്വാസമാണത്
അകത്തേക്കോ പുറത്തേക്കോ
പൊട്ടിവീണതാണത്

ഒരു പക്ഷി പറന്നുപോകുന്നത്
ഒരാള്‍ വിമാനം കയറുന്നത്

മരത്തെക്കുറിച്ചിനി പറയരുത്
നാടുവിട്ട മനുഷ്യരെക്കുറിച്ചും പറയരുത്

മരത്തിലൊരു കൂട്
നാട്ടിലൊരു വീട്
മിണ്ടാട്ടം മുട്ടും

അകത്തേക്കൊന്നാഞ്ഞു വലിക്കും
പുറത്തേക്കൊന്നു നോക്കും

കൂടി നില്‍ക്കുന്നവര്‍
തൊട്ട്
തലോടി
ചുംബിച്ച്

ഒന്നു ഛര്‍ദ്ദിക്കും
ചോര

കണ്ണൊന്നടയ്ക്കും
കാണും

മുറ്റത്ത്
പുല്ലിന്റെ-
യറ്റത്ത്
തുമ്പി
പൂവ്


ക്കു
ന്ന
ത്

08/12/10

ന്യായം

ടി.എ.ശശി

ഉള്ളിലെ മൃഗത്തെ
വേലിപ്പഴുതിലൂടെ കടത്തി
കുടുക്കി
കാലിലടിച്ചും
തലയ്ക്കടിച്ചും;
പുളയുന്നുണ്ട് മൃഗം.

മൃഗമിടക്കിടെ
നിഴലിന്മേല്‍ നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു
കുതിക്കുന്നു പിന്നെയും

കാടല്ലെ
പണ്ടത്തെ വീടല്ലെ
എന്നൊക്കെ
ന്യായങ്ങള്‍ നിരത്തിയും

05/12/10

കാഴ്ചബംഗ്ലാവ്

നസീർ കടിക്കാട്

പക്ഷികളെ തുറന്നുവിട്
ഇഴജന്തുക്കളെ തുറന്നുവിട്
മൃഗങ്ങളെ തുറന്നുവിട്

ആ ആമകളേയും
ഉള്ളിലുള്ള മനുഷ്യരേയും തുറന്നുവിട്

കാണെടോ കണ്ടു രസിക്കെടോ
പച്ചയിൽ മാത്രമല്ല പച്ച കലർന്ന ചുവപ്പിലും മഞ്ഞയിലും
നല്ല നാടൻ തത്തയെ
പ്രേമലേഖനം കാണാപ്പാഠമാക്കിയ പണ്ടത്തെ ഹംസത്തെ
വെയിലു കണ്ടാലും പീലി വിടർത്തുന്ന മയിലിന്റെയാ പീലിയെ

കറുകറുത്തൊരോന്തിനെ
കടിച്ചിട്ടും കടിച്ചിട്ടും ആരും ചാവുന്നില്ലെന്നു
പത്തി വിടർത്തുന്ന നീർക്കോലിയെ
ചിരിച്ചു ചിരിച്ച് മഞ്ഞച്ച ചേരയെ
മുഖം കാണേണ്ടെന്നു കളിപറഞ്ഞോടുന്ന കീരിയെ

ഞാനാടാ ഗബ്ബർസിംഗെന്ന് കറുപ്പ് ചവച്ചു തുപ്പും സിംഹത്തെ
ഞാനാടാ സേതൂന്റെ കൂട്ടുകാരനെന്ന് ചാടിക്കിതച്ചു വരും പുലിയെ
ങ് ഹാ...യെന്ന് ചിരിപ്പിച്ച് ഉരുണ്ടുവരുന്ന കരടിയെ

ആ ആമകളെ ആരെങ്കിലും കണ്ടോ?

03/12/10

പകർപ്പ്‌

പി.എ.അനിഷ്

അതുപോലെത്തന്നെ
പകർത്തി വച്ചിരിക്കുന്നു

അടഞ്ഞകണ്ണുകളിലും
മുഖത്തും
ചിലയടയാളങ്ങൾ
മഷിപരന്ന പോലെ
എന്നല്ലാതെ
യാതൊരു മാറ്റവുമില്ലാതെ

ഇറുത്തെടുക്കുമ്പോഴുളള പിടച്ചിലിൽ
കിടപ്പിലോ
തൂക്കിലോ
ചില ചരിവുകളുണ്ടെന്നല്ലാതെ

അതേ മരക്കൊമ്പ്‌
റെയിൽപ്പാളം
അടച്ചിട്ട കിടപ്പുമുറി
സീലിങ്ങ്‌ ഫാൻ
ഉടുമുണ്ട്‌
ആഴക്കിണർ

എന്നാൽ
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ പകർപ്പിലും
കീറലുകളുണ്ട്‌

വേലിയില്ലാത്ത
വക്കിടിഞ്ഞ കിണറിൽ
കാലുതെറ്റി വീഴുമ്പോലല്ലല്ലൊ
ഉയരത്തിൽ
ചുറ്റുമതിലുളള
കിണറ്റിൽ വീഴുന്നത്‌

02/12/10

കവി

കുഴൂർ വിത്സൺ

കത്തുന്ന വിശപ്പ്

ഹേയ് അതൊന്നുമല്ല
അതിന്റെയൊരു ഫോട്ടോസ്റ്റാറ്റ്

മരക്കസേരയിലേയ്ക്കും,
മണിപ്ലാന്റിലേയ്ക്കും
സ്വര്‍ണ്ണവെയിൽ പായിക്കുന്ന
ഒരു സൂര്യന്റെ പകുതി അപ്പാടെ
ഒരു ബിയർ നുണയുമ്പോലെ
നുണയുകയാണ്

ദൈവമേ
കുറച്ചു കഴിഞ്ഞാൽ സന്ധ്യയാകും
പാതിയില്ലാതെ സൂര്യാ
നീ കടലിൽ പോയി മുങ്ങും

ആകാശവും ഭൂമിയും സമുദ്രവും
ഒരുപോലെ കരഞ്ഞും
കളിയാക്കിയും ചോദിക്കും

പാതിയെവിടെപ്പോയി

സൂര്യന്റെ പകുതി അപ്പാടെ വിഴുങ്ങി
ചാരുകസേരയിലിരുന്ന്
ചിരിക്കുകയാണു

കവി