24/7/10

സ്വപ്നലോകം

പാർട്ടിയിൽ നിന്ന്‌
പുറത്താക്കിയപ്പോൾ
സഖാവ്‌ കുഞ്ഞനന്തൻ
മറ്റൊരു ലോകം സാദ്ധ്യമാണോയെന്ന്‌
കള്ളുഷാപ്പിലിരുന്ന്‌ ആലോചിച്ചു.
കള്ളുഷാപ്പും
അവനെപ്പറ്റിത്തന്നെ ആലോചിച്ചു
ആലോചിച്ചാലോചിച്ച്‌
സഖാവ്‌ കുഞ്ഞനന്തനും
കള്ളുഷാപ്പിനും ദേഷ്യം വന്നു

`പാർട്ടിയോട്‌ പോഹാൻ പറ`
കള്ള്‌ ഷാപ്പ്‌ കുഞ്ഞനന്തനോട്‌ പറഞ്ഞു
കുഞ്ഞനന്തൻ
സഖാവിന്റെ പുലിനഖം വിടർത്തി
കള്ളുഷാപ്പിനെ നോക്കി പല്ലിറുമ്മി:

കള്ളുഷാപ്പിനപ്പുറത്തെ വയലോരത്ത്‌
ഫണം വിരുത്തി നിന്ന വർഗ്ഗശത്രുക്കൾ
കുഞ്ഞനന്തന്റെ ഓരോ വാക്കും വരുന്ന വഴി നോക്കി
അക്ഷമരായി കാത്തു കിടന്നു

`പാർട്ടിയെപ്പറ്റി നീയന്താ വിചാരിച്ചട്ക്കണത്‌,
പൊറത്താക്കിയാപ്പിന്നെ പാർട്ടി
ഒരു വഹയ്ക്കും കൊള്ളാത്ത പിണമാണെന്നോ`

കള്ളുഷാപ്പിനും
വർഗ്ഗ ശത്രുക്കൾക്കും
അത്ഭുതം തോന്നി:
എത്രപേർ പുറത്താക്കപ്പെട്ട ശേഷം
ഇവിടെ വന്നിരുന്ന്‌ മൂക്കറ്റം കുടിച്ചിട്ടുണ്ട്‌
സഖാവ്‌ ചാമിയാര്‌, രാഘവൻ നായര്‌,
താമിയേട്ടൻ ഒക്കെ
എല്ലാരും പറഞ്ഞതെന്താ
ഒരു മഹാരാജ്യം
റിപ്പബ്ളിക്കുകളായി പിളർന്നു പോയ പോലെ
ഹൃദയം നുറുങ്ങിപ്പോയീന്ന്,
'ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ലാന്ന്'
എന്നിട്ടിപ്പോ ഈ തീയച്ചെക്കനെന്താണ്‌ടാ
ഇങ്ങനെ പറയണത്!

`ഓന്‌ വെഷമണ്ടാവും നായരേ`
ഒരു വഴിപോക്കനോട്‌ കള്ളൂഷാപ്പ്‌ പറഞ്ഞു:
'ക്ളാസില്‌ കേറാണ്ടും വീട്ടില്‌ പോവാണ്ടും
കൊറേ കൈല്‌ കുത്തീതല്ലേ
കൊടി പിടിച്ച ചെറുപ്പമല്ലേ
കൊള്ളിമിന്നിയ പ്രസങ്കമല്ലേ
വാളും പരിചേം പിടിച്ച ചേകോനല്ലേ
വെഷമണ്ടാവാതിരിക്കില്ല'

കുഞ്ഞനന്തൻ
പിന്നേം കള്ളുഷാപ്പിനെ തുറിച്ചു നോക്കി
‘അല്ല നിങ്ങളെന്താ പാർട്ടിയെപ്പറ്റി
വിചാരിച്ചട്‌ക്കണത്‌,
ഒരാളെപ്പൊറത്താക്കിയാ
പാർട്ടി കട്ടേം പടോം മടക്കൂന്നോ,
ഇതേ പ്രസ്ഥാനം വേറ്യാ കുട്ട്യോളേ’

കള്ളുഷാപ്പിന്റെ അത്ഭുതം
മേല്ക്കൂരപൊളിച്ച്
പുറത്തേയ്ക്ക് തള്ളി.
കണ്ണു തുറിച്ചും വാ പൊളിച്ചും അതങ്ങനെ നിന്നു.
വർഗ്ഗ ശത്രുക്കൾ നിരാശരായി
പത്തിമടക്കി
മാളത്തിലേയ്ക്കു തന്നെ മടങ്ങി

കുഞ്ഞനന്തൻ
മറ്റൊരുലോകം സാദ്ധ്യമാണോ എന്ന്
കള്ളുഷാപ്പിലിരുന്ന് പിന്നെയും പിന്നെയും ആലോചിച്ചു
ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ആരൊക്കെയോ വന്ന്
കൈയ്യിലും കാലിലും പിടിച്ച് തൂക്കിയെടുത്ത്
എങ്ങ്ട്ടോ കൊണ്ടോയി

ഒരിടവേളയ്ക്കു ശേഷം
മറ്റൊരു ലോകം
അവനു വേണ്ടി സൃഷ്ടിക്കപ്പെടുകയും
അതിൽ മലർന്നടിച്ചു കിടന്ന്
അവൻ സുഖമായി ഉറങ്ങുകയും ചെയ്തു

5 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

വിജയശ്രീലാളിതനായ കുഞ്ഞനന്തന്‍..

ശ്രീനാഥന്‍ പറഞ്ഞു...

അങ്ങനെ ഒലിച്ചു പോകുന്ന പ്രസ്ഥാനമല്ല കുട്ടാ ഈ പാർടി. (ട്ടാന്നു വേണ്ടാന്നാ പാർടി)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കവിത...

Pranavam Ravikumar പറഞ്ഞു...

മറ്റൊരുലോകം സാദ്ധ്യമാണോ???

ആവട്ടെ....

ആശംസകള്‍!!!

വി.എ || V.A പറഞ്ഞു...

ഒരു ചെറിയ ‘സറ്റയർ ഷോ’,കൊള്ളാം. ‘ഒരിടവേളയ്ക്കു ശേഷം മറ്റൊരു “പാർട്ടി”...’എന്നാക്കിയാൽ എല്ലാവർക്കും ‘തെരിയുമെന്ന്‘ തോന്നുന്നു. കാണാം...