9/6/10

മുപ്പത്തഞ്ചിൽ ഒരുചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മര്‍ദ്ദം
അണപൊട്ടിയപ്പോള്‍
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈല്‍ ഫോണ്‍
ചുവന്നതുജ്ജ്വലം

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോണ്‍)

ഇടയ്ക്കിടക്കവള്‍
ചുണ്ടോടു ചേര്‍ത്തുപകര്‍ന്നൂ
വികാരവിവശം
വാക്കുകള്‍ ,
ഉമിനീര്‍,
നിശ്വാസങ്ങള്‍,
അടക്കം പറച്ചിലുകള്‍ :
മൊബൈല്‍ സംഭോഗ-
രതിസുഖ സീല്‍ ക്കാരങ്ങള്‍.

മാറിമാറി
ചെവിയില്‍ വെച്ചവള്‍ കേട്ടൂ
സ്നേഹത്തിന്റെ ബീജങ്ങള്‍
നീന്തിത്തുടിക്കുന്ന
കടലിന്റെ ആരവങ്ങള്‍.

ത്രസിച്ചു വിവശമായുടല്‍
അണിയിച്ചൊരുക്കീ പുരികങ്ങള്‍
ചായമിട്ടണിയിച്ചു ചുണ്ടുകള്‍
ശരീര മാളികയാകെയും
കസ്തൂരി ജലധാരയില്‍
കഴുകിത്തുടച്ചിട്ടു.

തന്നോടൊപ്പം
കൂടെക്കൊണ്ടുപോയ്ക്കാണിച്ചു
നഗരം,തുണിക്കട
സിനിമാ-ഭക്ഷണശാലകള്‍,
അടുക്കള ,ബാല്ക്കണി ഒക്കെയും

ഉറങ്ങുമ്പോള്‍
നെഞ്ചിലോ തലയോടു ചേര്‍ത്തോ
വിശ്വസ്തതയോടെ
കൂടെക്കിടത്തി.


അപ്പോഴും
മുറിയിലൊരു മൂലയിലുണ്ട്
പഴയ ലാന്റ്ഫോണ്‍,
കൂടെക്കൊണ്ടുനടക്കാന്‍ കൊള്ളാത്ത
മദ്ധ്യവയസ്കനെപ്പോലെ,
ആരുകണ്ടാലും
ആരാണച്ഛനാണോ
എന്നു ചോദിപ്പിക്കും വിധം
നരച്ച് ചാരനിറമാണ്ട്.

വല്ലപ്പോഴും മാത്രം
ഞെട്ടിയുണര്‍ന്ന്
വിഫലരതിപോലെ ഗര്‍ജ്ജിച്ചും
പിന്നെ വാടിത്തളര്‍ന്ന്
ഭൂതകാലത്തിന്റെ
മണികിലുക്കങ്ങള്‍ മാത്രം ശ്രവിച്ചും
പഴയതെല്ലാം പിന്നെയും സ്രവിപ്പിച്ചും
ഒട്ടും റൊമാന്റിക്കല്ലാത്ത
ഒരു യന്ത്രമായി.

റെയ്ഞ്ചില്ലാത്തപ്പോള്‍ മാത്രം
മടിച്ചു മടിച്ചു
കൈയ്യിലെടുത്ത്
പലതും പറഞ്ഞ്
കളിപ്പിക്കാനൊരെണ്ണമായി

7 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇന്നത്തെ ജീവിതത്തിന്റെ ഒരു നേർ കാഴ്ച്ച.

ശ്രീനാഥന്‍ പറഞ്ഞു...

ഇരമ്പി. എങ്കിലും ചന്ദ്രികേ, നമ്മൾ കാണും മൊബൈൽ ലോകമല്ലീയുലകം.

Kuzhur Wilson പറഞ്ഞു...

ഹാ

Kalam പറഞ്ഞു...

വഴിതെറ്റാതെ വരുന്ന മിസ്സ്‌ കാള്‍
വഴിതെറ്റിക്കാതെ നോക്കണം...
;)

അജ്ഞാതന്‍ പറഞ്ഞു...

superb!

naakila പറഞ്ഞു...

വികാരവിവശം

Jayesh/ജയേഷ് പറഞ്ഞു...

മുപ്പത്തഞ്ചിൽ ഒരുചന്ദ്രിക, ഇലകളുടെ ഗ്രാമം,ഉമ്മകളുടെ നഗരം ( താഴെത്താഴെയുള്ളത്) എന്നീ കവിതകൾക്ക് ഒരേ ടോണുള്ളത് പോലെ. എന്താ അങ്ങനെ?