20/3/10
ഒളിവുകാലങ്ങളിന്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു / ലതീഷ് മോഹന്‍
1- വസന്തം തുടങ്ങുന്നു
അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.
ബോംബയില്‍ നിന്നും റയ്ബാന് ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢാമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്ക്കുന്ന ആ അമ്മാവന് ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.
ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല
2 - വസന്തം
ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.
ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന് താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന് പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.
എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വള്ര്ന്നിട്ടേയില്ലാത്ത, ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.
3 വസന്തത്തിന് ദേഷ്യം വരുന്നു
ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല്‍ തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന് തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.
ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്മുകളിലൂടെ നടന്നു പോകുന്നു.
പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.
വിഭാഗം
കവിത,
ലതീഷ് മോഹന്‍
13 അഭിപ്രായങ്ങൾ:
Breaking Time ! ! !
Breaking TIME !
ella watchukalkkum key koduthu vaykkuka.
ഹെഡ് ലൈറ്റില്ലാതെ
ബ്രേക്കില്ലാതെ ഓടിക്കോ
എവിടെയെങ്കിലും എന്നെങ്കിലും ഇടിച്ചു നില്‍ക്കാതിരിക്കില്ല.
വായിച്ചു കഴിഞ്ഞപ്പൊ ഒരുമ്മ തരണം എന്നു തോന്നി. എഴുതിയതു മനസ്സിലാകാഞ്ഞിട്ടാണെന്ന് നിരൂപകന്മാര് പെട്ടെന്നു കണ്ടുപിടിച്ചു കളയും, എന്നാലും വേണ്ടില്ല.
ഉമ്മ!!!
വാക്കിനെ കെട്ടഴിച്ചു വിടുന്ന കാവ്യകര്ഷകന്.
രൂപവും രൂപകങ്ങളും അപായപ്പെടുന്ന നിന്റെ ജലശരീരത്തില്‍ എനിക്കെന്റെ ചങ്ങാടം ഇറക്കണം.
അവിടിരുന്നു തീര്‍ക്കണം സമയബോധമില്ലാത്തവന്റെ ചിത്രകല.... (overayo?!)
കവിത!
touching...
touching...
സിമി നസ്രേത്തിന്റെ ചില രചനകൾക്ക് ഇതുപോലെ കെട്ടഴിച്ചുവിട്ട ഒരു ഭാവമുണ്ട്.
ലതീഷ് കവിത(കഥ?) വായിച്ചു. ഗൃഹാതുരത്വവും അതിന്റെ നഷ്ടവും നമ്മുടെതല്ലേ. ഒരു പട്ടുപാവാടയുടെ ഉലച്ചിലിന് പിന്നാലെ , ഒരു തുമ്പിചിരകിനു പിന്നാലെ, ഒരു കളിവാചിന്റെ സമയത്താല്‍ നയിക്കപ്പെട്ടു നാം എത്ര പോയിരിക്കുന്നു. കരകയരുവാനവുമോ ഓര്‍മ്മകളുടെ ചതുപ്പില്‍നിന്നു ഒരുകാലമെങ്കിലും. കൈത്തണ്ടയില്‍ മിടിക്കുന്ന വാച്ചില്‍ കാലത്തെ കുരുക്കുവാനാവുമോ നമുക്ക്. ഉന്മാദിയുടെ മനസ്സ് ചിലപ്പോഴെങ്കിലും നമ്മെ നല്ലവരാക്കില്ലേ. തരളിതര്‍.
പട്ടുപാവാടയുടെ ഉലച്ചിലിന് പിന്നാലെ കറങ്ങിത്തിരിഞ്ഞ ഒരു ജീവിതം ആര്‍ക്കില്ല.? തുംബിച്ചിരകിനു പിന്നാലെ പോകുന്ന ഒരു ബാല്യം പോലെ. നമ്മുടെ ഗൃഹാതുരത്വവും കളിവാച്ചും ഒളിച്ചുപര്ക്കുന്നത് എത്രനാള്‍.
മനോഹരം...nostalgic
തലമരവിച്ച്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ