12/2/10

ആരണ്യക് /എ ശാസ്തൃശര്‍മ്മന്‍














നിലാവു കാണുവാ-
നെവിടെപ്പോകുവാന്‍ ...?
മലകളില്‍പ്പോകാം
മുളകളാടുന്ന
മലകളില്‍പ്പോകാം
വഴികളൊക്കെയും
കുഴഞ്ഞു വീണൊരാ
വനാന്തരത്തിലേ-
ക്കരിച്ചു കേറുന്ന
തണുപ്പില്‍പ്പോയിടാം.
നദിയുറങ്ങുന്ന
കരകളില്‍പ്പോകാം
മൈലുകള്‍ നീണ്ട
വയല്‍കളില്‍പ്പോകാം.

മലകളില്ലെന്നാല്‍ ...?
മുളകളാടുന്ന
മലകളില്ലെന്നാല്‍
മൈലുകള്‍ നീണ്ട
വയല്‍കളില്ലെന്നാല്‍
നദിയുറങ്ങുന്ന
കരകളില്ലെന്നാല്‍
നിലാവു കാണുവാന്‍..?

നിലാവു കാണുവാന്‍
നമുക്കു പോയിടാം
ബിഭൂതി ഭൂഷന്റെ
വചോഹയത്തിന്റെ
മുതുകിലേറിയാ
വനസ്ഥലികളി-
ലതീവ ശാന്തമാം
നിശീഥിനികളി-
ലതിരഹസ്യമായ്
വനഹൃദയത്തി
ലൊരു മിടിപ്പു പോല്‍
നമുക്കിരുന്നിടാം.

നിലാവിന്‍ ഭംഗികള്‍
അടക്കിവെച്ചൊരാ
ചെറിയ പുസ്തക
ത്തുരുത്തിലെപ്പൊഴും
നമുക്കുപോയിടാം
നിലാവു കാണുവാന്‍ ...

18 അഭിപ്രായങ്ങൾ:

Me പറഞ്ഞു...

ഇതു കവിത . അതിൽക്കൂടുതൽ എന്തുപറയാൻ.

Me പറഞ്ഞു...

ഈ കവിത ശാസ്തൃശർമ്മന്റെ മറ്റു ഒൻപതുകവിതകളിലേയ്ക്ക്‌ കൈ പിടിച്ചു കൊണ്ടുചെന്നു. എന്തേ ഇത്രകാലവും കണ്ടില്ല ഇവയൊന്നും എന്നു തോന്നി.

കവിതകൾ വായിച്ചു
അതിശയോക്തിയല്ല, മനസ്സു നിറഞ്ഞു.

കിണറ്റിന്റെ ആഴങ്ങളിലേയ്ക്ക്‌ ഒരു കണ്ണടയോടൊപ്പം ആണ്ടിറങ്ങി(കണ്ണട കഥയിലേക്ക്‌....) ചൂടുറവകൾ തള്ളിയുയർത്തിപ്പോൾ പൊളിഞ്ഞ ആകാശം നോക്കി മിഴിച്ചു നിൽക്കുന്ന തവളകളുടെ ക്ലാസ്സിലെ കണ്ണടയില്ലാത്ത കണ്ണടക്കാരൻ വാദ്ധ്യാരെ നോക്കി കണ്ണിറുക്കി.

കുട്ടിയുടെ പിന്നിൽ മറഞ്ഞുനിന്ന്‌' കണ്ണാടിയിലൂടെ ചക്രവാളത്തിന്റെ വെള്ളിവെളിച്ചം കണ്ടു(കണ്ണാടി).

മലമുകളിലെ മരത്തണലിൽ കൊറ്റിത്തൂവൽമഴ നനഞ്ഞു(മഞ്ഞ)

ഇരുട്ടിനു മുറുക്കാൻ നൽകി(യക്ഷിക്കഥ)

പ്രാർത്ഥിച്ചുമരിച്ച കാടിന്റെ(കാട്‌) നിലവിളി കേട്ടില്ലെന്നു നടിച്ച്‌ ഒച്ചയുണ്ടാക്കാതെ വാതിലുടലുകൾ തുറന്നുചെന്ന്‌ വെയിലുപോലെ വിജനമായ തെരുവിലേക്ക്‌.

കാറ്റിന്റെ ആരവത്തിനൊപ്പം കടന്നുവരുന്ന ഒറ്റയാൾ- സൈനയത്തെ(നീ) ക്കണ്ടു .പരപ്പും നീളവുമുള്ള ഒരു ശവം 'കൊന്നുവോ' എന്നു പിന്തുടർന്നു.

തുടരുന്നു ..

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

വിഷ്ണുമാഷിന് നന്ദി.

എത്ര സുന്ദരമീ വരികള്‍‌ !

മനസ് അറിയാതെ ആലപിക്കുന്ന വരികള്‍ !!

മാഷേ,ഇതൊന്ന് ചൊല്‍ക്കവിതയാക്കാന്‍ അനുവാദം കിട്ടുമോ?ഒരാഗ്രഹം.

Unknown പറഞ്ഞു...

നല്ല കവിത. കവിത ചൊല്ലാതെ, വായിക്കുന്ന ഞാനും അറിയാതെ മൂളിപ്പോയി. അഭിനന്ദനങ്ങള്‍.

ഷാജി അമ്പലത്ത് പറഞ്ഞു...

ഇത് കവിത

സ്നേഹപൂര്‍വ്വം
ഷാജി

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നിലാവ്...

Ummer koya kozhikode പറഞ്ഞു...

athi manoharam ennu thanne parayatte abhinandanangal.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

അതിമനോഹരം...!
ബൂലോക കവിതയിൽ ഇതാദ്യമായ് ഒരു കവിത...!

വിഷ്ണു പ്രസാദ് പറഞ്ഞു...

അതുകൊള്ളാം പണിക്കരേ...ഇതു കവിത,ഇതിനു മുന്‍പ് വന്നതൊന്നും കവിതയല്ല എന്നൊക്കെ സര്‍ട്ടിഫിക്കറ്റെഴുതാന്‍ താനാരുവാ പണിക്കരേ...

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ക്ഷുഭിതനാകേണ്ട ചങ്ങാതി. ഒരു വായനക്കാരന്റെ അഭിപ്രായം മാത്രമാണിത്‌. എനിക്കു കവിതയായി തോന്നുന്നത്‌ നിങ്ങൾക്ക്‌ കവിതയാകണമെന്നില്ല. നിങ്ങൾക്ക്‌ കവിതയായിത്തോന്നുന്നത്‌ വായനക്കാർ കവിതയായി അംഗീകരിക്കണമെന്നുമില്ല. പക്ഷെ ഒന്നുണ്ട്, ചില കവികൾക്കുമാത്രം മനസ്സിലാകുന്ന രഹസ്യ രൂപമല്ല കവിത. കവിത എല്ലായിപ്പോഴും വായനക്കാരന്റെ കൈയിലാണ്. അംഗീകരിക്കേണ്ടതും അവർ തന്നെ. അങ്ങനെ വരുമ്പോൾ എന്റെ കമന്റിന് താങ്കളുടെ മറുപടി തീർത്തും ചപലമാണ്.
ഓ.ടോ: ഇഷ്ടപ്പെട്ട കവിതയ്ക്ക്‌ ഏതൊരു വായനക്കാരനും ഒരു സർട്ടിഫിക്കറ്റൊക്കെ എഴുതാം.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ഓ.ടോ: ഇഷ്ടപ്പെട്ട/ഇഷ്ടപ്പെടാത്ത കവിതയ്ക്ക്‌ ഏതൊരു വായനക്കാരനും ഒരു സർട്ടിഫിക്കറ്റൊക്കെ എഴുതാം.

വിഷ്ണു പ്രസാദ് പറഞ്ഞു...

പണിക്കരേ തന്റെ സര്‍ട്ടിഫിക്കറ്റാവശ്യമുള്ള ഏതെങ്കിലും കവിയുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.ഇത് നല്ല കവിത എന്ന തന്റെ അഭിപ്രായത്തെ മാനിക്കുന്നു.പക്ഷേ ഇതിനു മുന്‍പ് വന്ന എല്ലാ കവിതകളും കവിതയല്ല എന്ന് സര്‍ട്ടിഫിക്കറ്റെഴുതാമെന്നുള്ള അഹങ്കാരം മാറ്റിവെക്ക്.മലയാള കവിതയുടെ കുളിയാണ്ടറാവുന്നതൊക്കെ കൊള്ളാം.പക്ഷേ കവിത ആസ്വദിക്കാന്‍ ശേഷിയില്ലാത്തതിന് സഹതാപം ചോദിച്ചു വാങ്ങരുത്...പ്ലീസ്.

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

കഷ്ടം...!





കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്? നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം?
.........................................................!!!

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

“പണിക്കരേ തന്റെ സര്‍ട്ടിഫിക്കറ്റാവശ്യമുള്ള ഏതെങ്കിലും കവിയുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.“

“ഇത് നല്ല കവിത എന്ന തന്റെ അഭിപ്രായത്തെ മാനിക്കുന്നു.“

ഹ ഹ ഹ ഹ..!

പിന്നെ കുളിയാണ്ടർ എന്നതാ അതിന്റെ അർഥം..?
വയനാടൻ വാമൊഴിയാണോ..?

ഭാനു കളരിക്കല്‍ പറഞ്ഞു...

മനോഹരം. ഹൃദയത്തില്‍ ആഞ്ഞുകയറി.

Unknown പറഞ്ഞു...

hridhyam, manoharam!!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അടുത്ത് കണ്ട ഒരു സാക്ഷാൽ കവിത..!
കേട്ടൊ മാഷെ .

Shamsu Panamanna പറഞ്ഞു...

വായിക്കുമ്പോള്‍ ഒരു രസം..അതില്‍ പരം എന്താണ് ഈ കവിതയ്ക്ക് നല്‍കാനുള്ളത്?

കുഴപ്പമില്ലാത്ത ഒരു കവിത...