26/2/09
എട്ടാം പെഗ്ഗ്
ചലനങ്ങളിലചേതന
ചെതമ്പലുകളിഴയും മുമ്പേ
ഉരിഞ്ഞെറിഞ്ഞേതീരൂ
ഇനിയും
കാത്തിരിയ്ക്കാന്‍ വയ്യ
പാമ്പാകാതെ വയ്യ.
25/2/09
മാഷ്
വിശേഷം ചോദിച്ചു
കാലന്‍ കുടചൂടി
ഇസ്തിരിയിട്ട നടത്തവുമായി
നാട്ടുകാരുടെ മാഷ്
ശരിയുത്തരത്തിനു
മിഠായി
തെറ്റിയാല്‍ ചെവിയില്‍
നോവാതെ നുള്ളി
കഥയിലെ ആമയും മുയലുമായി
കുട്ട്യോള്‍ടെ മാഷ്
എഴുതിയുംവായിച്ചും
ഉപദേശിച്ഛും
അടുക്കളത്തോട്ടത്തില്‍
തൊഴുത്തില്‍
വീട്ടുകാരുടെ മാഷ്
സ്ക്കൂളും കുട്ട്യോളും
കണ്ണടയും കരയുമ്പോള്‍
പെന്‍ഷന്‍ മാഷായി
മാഷ് വെളുക്കെച്ചിരിച്ചു
23/2/09
മരണക്കുറിപ്പ്
പിണക്കുന്നതെപ്പൊഴും.
മരണത്തെ വെറുതെ
കൊതിപ്പിച്ച് ...
ദൂരങ്ങളഴിച്ചഴിച്ച് ....
അറിയാത്ത ദിക്കുകളില്‍
വെറുതെ മുഖമൊളിപ്പിച്ച്.
ആകെ വിളറിച്ചിരിച്ച്, ഒരു
ജഡമൗനമെന്നില്‍ നിറച്ച്.
വിയര്‍ക്കുന്ന ആഴങ്ങളാണ്
വിളിക്കുന്നതെപ്പൊഴും.
ജീവനെ വെറുതെ
ഇളകിയാടിച്ച് ...
കാമങ്ങളേറെ പൊലിപ്പിച്ച് ...
വെറുമൊരു വരണ്ട ദാഹ-
മെന്നില്‍ കിനിപ്പിച്ച്।
**********************
വി. ജയദേവ്
**********************
ശ്രീ വി. ജയദേവിന്‍റെ ''തുമ്പികളുടെ സെമിത്തീരി''
എന്ന കവിതാ സമാഹാരം പുറത്തിറങ്ങി

*********************************************
കുളിമുറിയില്‍......
അതില്‍ മുങ്ങി നിവരുമ്പോള്‍ ഓര്‍മ വരുന്നു
നീന്തിയ പുഴകളെ
തുഴഞ്ഞ വേഗങ്ങളെ
അറിഞ്ഞ ആഴങ്ങളെ
ഗാനം തുടരുമ്പോള്‍
ടൈല്‍സിലുള്ള മത്സ്യങ്ങള്‍
എന്റെ നഗ്നതയിലേക്ക് തുറിച്കു നോക്കുന്നു
അവന്റെ വലത്തെ തുടയിലെ മറുക്
അവന്റെ അമ്മയുടെതാണെന്ന് അവര്‍ സ്വകാര്യം പറയുന്നു
ഞാന്‍ ഉറയൂരിയിട്ട വസ്ത്രങ്ങള്‍
അയയില്‍ തൂങ്ങികിടപ്പുണ്ട്
അതില്‍ കെട്ടി പിടിച്ചവളുടെ, അടുത്തിരുന്നവന്റെ
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ
ശത്രുവിന്റെ മിത്രത്തിന്റെ ഗന്ധങ്ങള്‍ ഉറങ്ങി കിടക്കുന്നു
ഗാനം തുടരുമ്പോള്‍
ഞാന്‍ ഗന്ധങ്ങള്‍ക്ക് മേല്‍ സോപ്പ് പതയ്ക്കുന്നു
ഓര്‍മകള്‍ക്ക് മേല്‍ വേദനകള്‍ക്ക് മേല്‍
അപമാനങ്ങള്‍ക്ക് മേല്‍ ഞാന്‍ സോപ്പ് പതയ്ക്കുന്നു
അഴുക്ക് നിറഞ്ഞ ഈ ലോകത്തിലേക്ക്
ഞാന്‍ ഒരു പുതിയ മനുഷ്യനായ് പുറത്തിറങ്ങുന്നു
വീണ്ടും വീണ്ടും തിരിച്ചു വരുന്നു
ഓരോ വട്ടവും കുളുമുറി ലോകത്തിന്റെ
അഴുക്കുകള്‍ മുഴുവന്‍ ഏറ്റെടുക്കാനായി കാത്തുകിടക്കുന്നു
ഗാനം തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍
സ്വയം ഭോഗം ചെയ്ത്, സ്വയം ഭോഗം ചെയ്ത്
എന്റെ സ്വപ്നത്തിന്റെ ബീജങ്ങള്‍ വിഫലമാകുന്നത്
മത്സ്യങ്ങള്‍ മാത്രമറിയുന്നു
ഒരിക്കല്‍ ഗാനം നിലയ്ക്കുന്നു
ഓര്‍മകളില്‍ പുഴ വറ്റുന്നു
മത്സ്യങ്ങള്‍ ചെകിള പൂക്കളില്‍
മരണത്തെ ശ്വസിക്കുന്നു
കുളുമുറിയുടെ ഓടയിലേക്ക് ചോര
പെട്ടെന്നൊരു നിലവിളിയാകുന്നു
19/2/09
ഉണ്ണി ശ്രീദളം
അമ്മയുടെ കയ്യില്‍ വിരലുകളില്ല,
പകരം പ്രഭ ചൊരിഞ്ഞ് അഞ്ചു പകലുകള്‍.
അസ്തമിക്കുകയില്ല അവ.
ഉള്ളം കയ്യില്‍ ഒരു കടല്‍;
ഒന്ന് രണ്ട് മൂന്ന് എന്ന് തിരകള്‍.
ഒടുവില്‍ തളര്‍ന്നു മയങ്ങുമ്പോള്‍
എന്റെ പിഞ്ചു കണങ്കാലുകളിലേയ്ക്ക്
പതഞ്ഞു പതഞ്ഞ് എന്റെ അമ്മ.
ഒരു ഭ്രൂണകാല ലായിനിയായ്
ഇളഞ്ചൂടിലൂറി
മുറിയ്ക്കകം നിറയെ ഒഴുകിപ്പരന്ന്
ഇങ്ങനെ ഞാനും എന്റെ അമ്മയും...
"അമ്മേ" എന്നു ഞെട്ടറ്റു വീണ
എന്റെ രാത്രി സ്വപ്നങ്ങള്‍.
ഇരുട്ടു വകഞ്ഞ് അമ്മയുടെ കൈ;
എനിക്കു തൂങ്ങാനൊരു വിരല്‍ത്തുമ്പും.
അമ്മയുടെ പകല്‍ത്തുമ്പില്‍ത്തൂങ്ങി
എനിക്കും ഈ മുറി വിട്ടു പുറത്തിറങ്ങണം.
"എന്താണമ്മേ ഈ മുറിയ്ക്കുപുറത്ത്?"
18/2/09
എം.ആര്‍.രേണുകുമാര്‍
അപ്പന്‍
ആകാശത്തിലാണ്
ചിറകുകളില്ലാതെ കുഴഞ്ഞ്
മകള്‍
വെള്ളത്തിലാണ്
ചെകിളകളില്ലാതെ കുഴഞ്ഞ്
ഭൂമിയില്‍
ചിറകുകളുടേയും
ചെകിളകളുടേയും
ഭാരമിറക്കാനാവാതെ ഞാന്‍
ചിറകുകള്‍
ആകാശത്തിലേക്കുയര്‍ത്തി
ചെകിളകളാല്‍
ജലത്തിന്‍റെ ഹൃദയമിടിപ്പ് കേട്ട്
കരയോ കടലോ ആവാതെ
ഇരുളൊ പകലോ ആവാതെ
17/2/09
കവിതയെഴുത്ത് നിര്‍ത്തിയ ഒരാളെ കാണാന്‍ പോകുമ്പോള്‍
എന്തെങ്കിലും...
നാലോറഞ്ച്
രണ്ടാപ്പിള്‍
ഒരു കുല മുന്തിരി...
മതിയായില്ലല്ലോയെന്ന്
ഉള്ള് വിയര്‍ത്തു.
കീശയില്‍
ഒരു പേനയുണ്ട്
ഇഷ്ടമാവുമായിരിക്കും,
എന്നെങ്കിലും
എഴുതുമായിക്കും...
നടപ്പിനിടയ്ക്ക്
ഒരോറഞ്ച് തിന്നാന്‍ തോന്നി;
പുളിപ്പുണ്ട്
മധുരവും.
ഓറഞ്ചിന്റെയാ തരിപ്പുണ്ടല്ലോ
സഹിച്ചില്ല,
ഒരാപ്പിളും തിന്നു.
നല്ല മധുരം,
മറ്റേതും ഒറ്റയിരുപ്പില്‍...
നടപ്പിനിടയില്‍
മുന്തിരിക്കുല പൊട്ടിച്ചു,
നടപ്പായതിനാലാവാം
തിന്നു തീര്‍ന്നതറഞ്ഞില്ല...
രണ്ടോറഞ്ച് ബാക്കി
പുളിയുണ്ട്
മധുരവും...
നീട്ടിയൊരു നടത്തം
കീശയില്‍
ഒരു പേനയുണ്ടല്ലൊ,
പുഴുങ്ങിത്തിന്നട്ടെ...
കവി.
ബലാത്സംഗം
ഇരയുടെ
ഫലഭൂയിഷ്ഠിതയമര്‍ത്തി,
ആര്‍ത്തിക്കൊഴുപ്പാഴ്ത്തിയിറക്കുന്ന
ശരീരാധിനിവേശം.
കുതറലും പിടച്ചിലും
കരച്ചിലും ഞരങ്ങലും
കരാളാധിനിവേശത്തി-
ന്നാവേശത്താളമേളങ്ങള്‍
താളംമുറുകിയൊടുവില്‍
താണ്ഢവനൃത്തമൊടുങ്ങുമ്പോള്‍
തളര്‍ന്നുലഞ്ഞവളുടെ
ഹൃദയത്തിലെന്തായിരിയ്ക്കാം?
പുകച്ചിലും വേദനയുമോ
നിരാശയും സങ്കടവുമോ
വെറുപ്പും വിദ്വേഷവുമോ......
(നിങ്ങള്‍
പ്രതീക്ഷിച്ചതൊന്നുമല്ലെന്റെ
സുഹൃത്തേ)
ഒരിയ്ക്കല്‍ക്കൂടിയാ'ക്രൂര'ദേഹത്തിനു
കീഴെയാകാനുള്ള
അപൂര്‍വ്വാസക്തി......!
അല്ലെങ്കിലെന്തിനാണ്
വിണ്ടുമധിനിവേശസ്പര്‍ശമേല്‍ക്കുമ്പോൾ
അവളുടെ തടിച്ചതുടകള്‍
അറിയാതെയകന്നുപോകുന്നത്.......?
16/2/09
നാസ്സര്‍ കൂടാളി
മരം പച്ച വെയില്‍ ചുമക്കുന്നു
ഇലകളില്ലാത്ത
ശാഖികള്‍ കൊണ്ട്
വേരുകളുടെ ജല പ്രാര്‍ത്ഥന.
ഉണങ്ങിയ ഒരു മരം
മഴ മേഘങ്ങളെ വേട്ടയാടുന്നു
അടിവാരത്തിലേക്ക്
ഇറങ്ങിപ്പോയ തായ് വേര്
പുനര്‍ജ്ജനിയുടെ
ഗ്രീഷ്മ സ്വപ്നങ്ങളുമായ്
ഇഴ ചേര്‍ന്ന് പിടയുന്നു
അവസാനത്തെ വേരും
ശീതീകരണത്തിണ്ടെ
കടല്‍ പരപ്പില്‍
ജലസവാരിയായ് അലഞ്ഞ്
ഉണങ്ങിയ
ഒരു വിത്ത് കണ്ട് കിട്ടുന്നു.
മേഘ വേഗങ്ങളുടെ
താഴ്വരയില്‍ നിന്നും
കാടുകള്‍ മല കയറുന്നു.
നിലാവിണ്ടെ തണലില്‍
കിളികള്‍
വൃക്ഷ ഭോഗത്തിണ്ടെ കഥ പറയുന്നു.
തിരിച്ചറിയാത്ത
മഴയടയാളങ്ങള്‍ ബാക്കി വെച്ച്
കത്തുന്ന പച്ച മരങ്ങള്‍ക്കിടയിലേക്ക്
ഒരു കാറ്റ്
വന്‍ കരകളെ സ്വയം വലയം ചെയ്യുന്ന
കപ്പല്‍ പായകളുമായ്
യാത്ര തിരിക്കുന്നു.
തീര്‍ച്ച,
അടിക്കാടും
നടുക്കാടും നഷ്ടപ്പെട്ട
പൂര്‍വ്വ സ്മൃതിയില്‍ നിന്നും
വേരുകള്‍
വേട്ടക്കിറങ്ങുന്ന
ഒരു ദിവസം വരും
വിവരക്കേട്. (ജന്മദിന ചിന്ത)
ചുവരുകള്‍ക്കുള്ളില്‍
ഊറ്റിവീഴ്ത്തും കാഴ്ച്ചയില്‍,
നാദത്തില്‍, സ്നേഹധാരയില്‍
മൂര്‍ദ്ധാവില്‍ തൊട്ടു വിതുമ്പും
ഹൃദയ തുടിപ്പില്‍,
കണ്ണുപൂട്ടി തപമായിരുന്നു
ശിശുവായ്..
ആരു പറഞ്ഞിട്ട് അറിയില്ലെനിയ്ക്ക്.
തൊട്ടരികില്‍ കുഴല്‍ വഴികള്‍
യാത്രപോകുന്നാഹാര കുഴമ്പുകള്‍
നിശബ്ദമാം നോവുകള്‍
ദീര്‍ഘനിശ്വാസങ്ങള്‍
എനിക്കായ് വിളമ്പുന്ന
ചോപ്പിന്‍ പ്രവാഹങ്ങള്‍
ആരു പറഞ്ഞിട്ടറിയില്ലെനിയ്ക്ക്.
ചേര്‍ത്തു പിടിച്ചൊരെന്നെ പുറംതള്ളിയിട്ട്
ഓര്‍ത്തില്ല പിന്നെ
പിറകോട്ടൊരിക്കലും
നിന്നിലൂടെന്നില്ലൂടെ
വിരിഞ്ഞും കൊഴിഞ്ഞും
കൊണ്ടുതള്ളിയൊരീ ലോകന്യായങ്ങള്‍
വിചിത്രമീ നീതികള്‍
എനിക്കിന്നുമപരിചിതം ഇവിടം
പര്‍ത്തിടാനിന്നും
വിരുദ്ധം വിശ്വാസം..
സ്വഛന്ദമായൊരാ ഗര്‍ഭ്ഭവാസത്തി-
നെത്തിടുംമുന്‍പേ
മുറിച്ചെതെവിടെ നിന്നാരില്‍നി
ന്നെന്‍മനംമിങ്ങോട്ട്
നട്ടിടാന്‍
ആരിതിന്‍ പിന്നില്‍അറിയില്ലെനിക്ക്...
14/2/09
കാമുകന്‍
വാക്കുകളുടെ സമാഹാരം
(നീ വന്ന നാള്‍)
ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം
(പ്രേമത്തിന്റെ ദേശീയ സസ്യം)
*
"പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ"
"സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ"
*
"ശരിക്കും
എത്ര നീയുണ്ട് "
(തലക്കെട്ടുണ്ട്)
*
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
(ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...)
*
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
(അത്ര മാത്രം)
*
മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍
(ചരക്ക് വണ്ടി )
*
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
( കഴിഞ്ഞത് )
*
അദ്യം മരിച്ചാല്, നിന്നെ ആര്‍
നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു
(2007 ഫെബ്രൂവരി 28 )
*
ഉറങ്ങില്ല നിശ്ചയം
നീ വരും വരെ
എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം
ഉണരില്ല നിശ്ചയം
നീ വരും വരെ
(വരും വരെ)
*
പ്രണയമായ്
പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്
വാങ്ങി
ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ
(വായന)
*
അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍
പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ
( ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍)
*
12/2/09
ഇരുമ്പ്
ഇതു നിന്റെ
വിധിയാണ്
ഉരുകി രൂപം മാറി
തിരിച്ചുപോക്കില്ലാത്ത
നിന്റെ വിധി
ഭൂമിയിലെ പാപങ്ങൾക്ക്
എവിടെയോ
ഞങ്ങൾക്കു നരകം
ഭൂഗർഭത്തിലെ
നിന്റെ
പാപങ്ങൾക്ക്
ശിക്ഷ
ഈ നരകത്തിൽ
11/2/09
ശവചിന്ത
തീര്‍ച്ചയായും കിടന്നു തന്നെ മതി.
പരിചിതമായൊരു കട്ടിലില്‍
സ്വസ്ഥമായി
കൈകാലുകള്‍ നിവര്‍ത്തണോ ?
വേണ്ട..
ചരിഞ്ഞു കിടന്നുറങ്ങാനാണ്
സൌകര്യം.
പിന്നെ...?
പതിയെ പതിയെ
ചലനങ്ങളെ ഒരോന്നായി മടക്കി
(ഇനി ഒന്നുകൂടി വന്നു കാണുവാനാവാതെ)
കാഴ്ച്ചയെ മടക്കി
( ഒരു നോക്കു കൂടി വേണ്ടെനിക്ക്)
എല്ലാ ഗന്ധങ്ങളേയും മറന്ന് മറന്ന്
പരാക്രമങ്ങളെല്ലാം നയിച്ച
ഹൃദയത്തെ.. 1..2..3..,
ഇതാ നിര്‍ത്തുന്നു..
ഇനിയുമുണര്‍ന്നിരിക്കുംപ്രജ്ഞയെ ..
ഒപ്പം എന്നെയും ഒരുമിച്ചുമറച്ചു.
ഓ.....!
എന്നേ വേഗം ചുടുകാട്ടിലെത്തിക്കൂ..
പണം മേശയിലുണ്ടു.
എത്ര ലജ്ജാകരം..
എന്റെ അഹമെവിടെ ?
പറഞ്ഞ ന്യായങ്ങളെവിടെ ?
എന്നെ പുതപ്പിക്കാതെ..
പ്രദര്‍ശിപ്പിക്കാതെ...
ഇത്രയും വെറുമൊരു
ശവമെന്നറിയിക്കാതെ...
കാരണം
ഞാന്‍ ജ്ന്മ സാഫല്യത്തിന്‍
കണക്കെടുക്കുന്നതിപ്പോഴാണു.
8/2/09
പൂമ്പാറ്റ,ഒരു കുഞ്ഞുമാസികയുടെ പേര്
ഒരു പുഴുവായിരുന്നുവെന്ന്
വിശ്വസിക്കാനാവില്ല
ഇലപ്പച്ചയിലേക്ക്
ഇഴഞ്ഞു വന്നുവെന്നും.
അപ്പോഴും...
ഒരു പൂവ് വീളിച്ചുപറയും
എനിക്കറിയാം
എനിക്കറിയാമെന്ന്
ഒരാകാശം താഴ്ന്നു പറക്കും
എന്റേത്
എന്റേതെന്ന്
ഒരു കുട്ടി പിന്നാലെയോടും
എനിക്ക്
എനിക്കെന്ന്
പൂമ്പാറ്റ
ചിറകിളക്കികൊണ്ടേയിരിക്കും
പല നിറത്തില്‍
വരയില്‍
വഴുതിപ്പോകുന്നുവല്ലോയെന്ന്
ഒരൊറ്റ പറക്കലില്‍
മണ്ണിനെക്കുറിച്ച്
നിലവിളിച്ചുകൊണ്ടേയിരിക്കും.
7/2/09
നിശബ്ദം
കുന്നിന്റെ നെറുകയിൽ
നടപ്പാതയുമവളുമൊപ്പം
നിശബ്ദതയിൽ
പൊതിഞ്ഞ
സ്മരണകൾ പോലെ നിന്നു
കുന്നിന്റെ താഴ്‌വാരങ്ങളിൽ
അതിന്റെ വായിൽനിന്നടർന്ന
വാക്കുകൾ പോലെ
ചിതറിക്കിടക്കുന്ന
പാറകള്‍
എന്നും കാണാറുള്ള
ഒരു കാറ്റ്
പെട്ടെന്ന്
നടപ്പാതയുടെ കൈവിടുവിച്ച്
അവളേയും കൊണ്ട്
കുന്നിന്റെ
കൗതുകമാർന്ന
ആഴങ്ങളിലേക്കു പോയി
കാറ്റ്
തിരികെ കൊണ്ടുവരുന്ന
അവളെയും കാത്ത്
നടപ്പാതയിന്നും
അവിടെനിൽപ്പാണ്
5/2/09
പാത് ഫൈന്റര്‍
... 2,1,0.
അരമുള്ള ഒരു വാക്കൂരിഎന്റെ കഴുത്തിലുരുമ്മി അവള്‍ ചീറി
ഞാന്‍ ശ്വാസമടക്കി
...വിയര്‍പ്പ്,രക്തം,മാംസം.
ഞങ്ങള്‍ ഭൂമി വിട്ടു.
ഈ പ്രഭാതത്തില്‍ നമ്മള്‍ നഗ്നരെന്ന് തെളിയുന്നതു വരെ
ഇങ്ങനെ വന്യമായി സ്നേഹിക്കുന്നതിന്
നിനക്കു ഞാനൊരു പുകച്ചുരുള്‍ നല്‍കട്ടെ..
നീ തീര്‍ച്ചയായും ഇഷ്‌ടപ്പെടും അതിന്റെ മണം
എന്റെ വായ്‌നാറ്റത്തോട് അടുത്ത ഒരു ഗന്ധം..
അതിനോടു വളരെ അടുത്ത എന്റെ വായ്‌നാറ്റം..
അല്ലെങ്കില്‍ നീ തലയില്‍ വിരലോടിക്കുമ്പോള്‍
ഒരു പത്തു നിമിഷത്തിനുള്ളില്‍ ഞാന്‍ ഉറങ്ങിത്തരാം..
വേറൊന്നും ചോദിക്കരുത്,
സ്വന്തമായി എനിക്ക് ഇനിയൊന്നുമില്ല.
വേറൊന്നും ചോദിക്കല്ലേ ദയവായി..
പുലര്‍കാലത്ത് നീയെനിക്ക്
5 1/2 അടി നീളമുള്ള ഒരു നദിയാണ്..
ആകാശത്തു നിന്ന് താഴ്വരയിലേക്കുള്ള
കുത്തിയൊലിപ്പിന്റെ രാജകുമാരി.
ഇതേ പോലെ എന്നെ സ്നേഹിക്കുന്നതിന്
എന്തു നല്‍കണം?
അലിഞ്ഞു ചേരുമ്പോഴെല്ലാം
വേര്‍പെട്ട് ജഡമായി പൊന്തിക്കിടക്കട്ടെ..
നിറയെ വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിടത്താണ്
നമ്മള്‍ സ്വതന്ത്രരാക്കപ്പെട്ടത്.
ഒരു വൃക്ഷത്തിന്റെ തണലില്‍ നിന്ന്
ഇലപ്പടര്‍പ്പുകളിലേക്ക് ഒളിച്ച് കളിക്കുമ്പോഴാണ്
പകര്‍ക്കപ്പെട്ടത്..
പക്ഷേ,
എനിക്കു ലഭിച്ച സ്പാം മെയിലില്‍ ഒന്നില്‍ പോലും
നീ ഇല കൊണ്ടു നാണം മറക്കാന്‍ ശ്രമിച്ചിരുന്നില്ല.
എപ്പോഴും എനിക്കു ചുറ്റും
നിന്നെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഉണ്ട്;
പച്ചച്ച ഒരു ബന്ധം..
ജലത്തിന്റെ ആദ്യ സ്പര്‍ശം പോലെ തെളിവാര്‍ന്ന ഒന്ന്.
അത് പലപ്പോഴും ഓര്‍മ്മിപ്പിക്കും
ആരൊക്കെ നിന്നെ തൊട്ടുനില്‍ക്കുമ്പോഴും അവസാനം
നീ ഒറ്റയ്ക്കല്ലേ സ്പന്ദിക്കുന്നത് എന്ന്..
നിനക്ക് കുത്തിക്കോറിയിടാന്‍
ഞാനെത്ര മരങ്ങളെ നല്‍കി?
എന്നിട്ടും നീ എന്റെ എത്ര സസ്യങ്ങളെ
പച്ചയ്ക്ക് കൊലപ്പെടുത്തി!
നീ എത്ര തരിശാകിലും അവിടെ
എന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന്
വീണ്ടും വീണ്ടും കാടുകള്‍ ഉയര്‍ന്നു വരും..
തന്ത്രം
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം
തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല
വെറുതെയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്.
കൈവെള്ളയിൽ
മൊട പിടിച്ച ശീലങ്ങളും
അതിനൊത്ത ഭാഗ്യ,ദോഷങ്ങളും
പിണഞ്ഞും, പിണക്കം നടിച്ചും
വിളഞ്ഞു കിടപ്പാണ്.
ഭൂതത്തിൻ അസൂയക്കണ്ണുകൾ,
ഭാവിയുടെ പങ്കിലേയ്ക്ക്
വർത്തമാനത്തിൻ വേലി നീക്കിക്കെട്ടി,
കൊയ്തെടുക്കും.
ആകാംക്ഷയുടെ മുൾമുനകളിലൂന്നി,
വേലിയ്ക്കപ്പുറത്തേയ്ക്കുള്ള
എത്തിനോട്ടത്തിലാകാം
പണിയായുധം വഴുതി
രേഖകളറ്റുപോയത്.
3/2/09
അഭിരാമിക്ക് തുഞ്ചന്‍ സ്മാരക പുരസ്കാരം സനലിനും അനുവാര്യര്‍ക്കും അറ്റ്ലസ് കൈരളി പുരസ്കാരങ്ങള്‍
കൊല്‍ക്കത്ത മലയാളി സമാജം ഇരുപത്തഞ്ച് വയസ്സില്‍ താഴെയുള്ള യുവകവികള്‍ക്ക് നല്‍കുന്ന തുഞ്ചന്‍ സ്മാരക അവാര്‍ഡ് അഭിരാമിക്ക് ലഭിച്ചു.ആറ്റൂര്‍ രവിവര്‍മ,കെ.ജി ശങ്കരപ്പിള്ള,കെ.സി നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കമ്മറ്റിയാണ് എഴുപതോളം കവികളുടെ രചനകളില്‍ നിന്ന് അഭിരാമിയെ തെരഞ്ഞെടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു.അഭിരാമിക്കും സനാതനനും അനുവാര്യര്‍ക്കും ബൂലോകകവിതയുടെ അഭിനന്ദനങ്ങള്‍.
ബോക്സോഫീസ്
ഇരിപ്പിടങ്ങളിലേക്കിറങ്ങി വരികയും
ഫസ്റ്റ്‌ക്ളാസ്സിലും,സെക്കന്‌റ്‌ക്ളാസ്സിലും,
ബാല്‍ക്കണിയിലും നിരന്നിരുന്ന്
തിയേറ്റര്‍ ഹൌസ്‌ഫുള്ളായപ്പോള്‍
കാറും ബസ്സും ഓട്ടോയും കയറിവന്നവരും
നടന്നും ഓടിയും കിതച്ചെത്തിയവരും
ഗേറ്റ് തള്ളിത്തുറന്ന് ക്യൂ നിന്ന്
ഉന്തിയും തള്ളിയും കണ്ണുരുട്ടിയും
ഇരിപ്പിടത്തിലേക്കോടിയപ്പോള്‍
ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍
സീറ്റുകള്‍ നിറഞ്ഞിരിക്കുന്നു,
സിനിമ.
കടല കൊറിച്ചും,ഐസ്ക്രീം നുണഞ്ഞും
പുത്തന്‍ ചലച്ചിത്രഗാനങ്ങളെക്കുറിച്ച് സംഗതിയിട്ടും
ഭരതനെയും പത്മരാജനെയുമോര്‍ത്തും
മങ്ങിയവെളിച്ചത്തിലിരുന്ന്
സിനിമ
സ്ക്രീനിലെ ജ്വല്ലറിപരസ്യവും നോക്കിയിരിപ്പാണ് .
ജനകോടികളുടെ വിശ്വസ്തസ്ഥാപനം...
പാതിടിക്കറ്റുമായ് ഇരുട്ടത്ത്‌ആളുകള്‍
സീറ്റുകള്‍ക്കിടയിലൂടെ ഓടിനടന്നു.
മമ്മൂട്ടിയുടെ കാലില്‍തട്ടി വീണു
ലാലേട്ടന്‌റെ മടിയില്‍ കയറിയിരുന്നു
ഇന്ദ്രന്‍സിനെ ചവുട്ടിമെതിച്ചു
റോമയുടെ കൈ തണ്ടയില്‍ കേറിപ്പിടിച്ചു
മീരാജാസ്മിന്‌റെ മുഖത്തുരുമ്മി...
പരസ്യം തീര്‍ന്ന്
സ്ക്രീന്‍ വെളുത്തുകിടന്നതോടെ
പല നാട്ടില്‍നിന്നും സിനിമ കാണാനെത്തിയവര്‍ വെള്ളിവെളിച്ചത്തിലേക്ക്‌ഓടിക്കയറാന്‍ തുടങ്ങി.
70.എം. എമിലും,
സിനിമാസ്കോപ്പിലുമൊതുങ്ങാതെ
സ്ക്രീന്‍ ആള്‍ക്കൂട്ടമായി...
ആണും പെണ്ണും കുട്ടികളും
ഉന്തും തള്ളും കൂട്ടത്തല്ലുമായി.
നാലുകുട്ടികള്‍ ചവിട്ടേറ്റു മരിച്ചു
പതിനാലുകാരിയും, മൂന്ന് കുട്ടികളുള്ള വീട്ടമ്മയും
ബലാത്സംഗം ചെയ്യപ്പെട്ടു
ഒരു കുടുംബം ഒന്നാകെ വെന്തുതീര്‍ന്നു
മുന്നൂറോളം പേരെ കാണാതായി
പല ആശുപത്രികളിലായി ചികിത്സയിലായവരുടെ
കൃത്യമായ കണക്കില്ല.
ആ സിനിമ
ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു.
2/2/09
തീരെ ചെറിയ...വലിയ ഒഴുക്കുകള്‍
പടിഞ്ഞാട്ട് പെയ്യേണ്ട
മേഘത്തെ
പകുത്ത്
വടക്കോട്ട് ഗതി മാറ്റി വിടും.
തെങ്ങോലത്തുമ്പത്തെ
ചാറലിനോടൊപ്പം
നനഞ്ഞ് വിറച്ച
അവളുടെ
കുടയും
അവളോടൊപ്പം
ഇടവഴിയിലെ
ചെമ്പകച്ചോട്ടില്‍
അവളോടൊപ്പം
ഒടിച്ച് കുത്തിയിടും.
നിണ്ടെ
ഒലിച്ച് വരവിനെ
പോയ വേനലിണ്ടെ ഓര്‍മ്മയ്ക്ക്
അമ്മ കുടത്തിലാക്കി വെക്കും.
തീരെ ചെറിയ ചാട്ടങ്ങള്‍
മീനിറങ്ങിപ്പോയ വഴിയിലൂടെ
അവരുടെ
കളി വള്ളങ്ങളെ
വഴി തെറ്റിച്ച് വിടും.
എണ്ടെ
പൂച്ചയേയും,പട്ടിയേയും
വലിയ വായിലെ
നിലവിളിയോടെ
നാട് കടത്തി വിടും,
വലിയ ഒഴുക്കുകള്‍.
അപ്പോള്‍
മഴ പെയ്ത്
ജീവിതങ്ങള്‍ ഒലിച്ച് പോവും
പകല്‍ വഴി ചുവക്കും.



