9/12/09

ചക്ക

മഞ്ഞച്ചേലചുറ്റിയ പെണ്‍കുട്ടി
അവളുടെ മുഖത്ത് മഞ്ഞച്ഛായം
കൊണ്ടെഴുതിയ ആകാശം
കുട്ടികള്‍ പട്ടം പറത്തുന്ന
കടപ്പുറത്തിരുന്നവള്‍
ചക്കപ്പഴം വില്‍ക്കുന്നു

കടല്‍, കാമുകര്‍, കടലവില്‍പ്പനക്കാര്‍
ഹിജഡകള്‍, മീന്‍കാരികള്‍, കുഴലൂത്തുകാര്‍
പന്തയക്കാര്‍, കുതിരസവാരി, പൂമ്പാറ്റപ്പട്ടം
ഒറ്റക്കയറില്‍ നടക്കും കുഞ്ഞുപെണ്‍കുട്ടി
ചെണ്ടത്താളം, വളവില്‍പ്പനക്കാര്‍

സാര്‍ പിലാപ്പഴം വേണമാ
അവള്‍ ഓരോരുത്തരോടും ചോദിക്കുന്നു

ഞങ്ങള്‍ ചക്കപ്പഴത്തിന്റെ നാട്ടില്‍
നിന്ന് വരുന്നു-ഞാനവളെ നോക്കി
പുഞ്ചിരിക്കുന്നു.

വരിക്കച്ചക്കയുടെ ചുള
നാടിന്റെ മണം കൊണ്ടു വരുന്നു.
ചക്കതിന്ന് വയറു നിറച്ച ഭൂതകാലം
ചക്കക്കുരു മണ്ണില്‍ കുഴിച്ചിട്ട ഓര്‍മക്കാലം
വെളനീരുകൊണ്ട് വിരലുകള്‍
ഒട്ടിപ്പിടിപ്പിച്ച കുട്ടിക്കാലം
ചമിനിയും മടലുംകൊണ്ട് പുഴുക്കു
വെച്ച മുത്തശ്ശിക്കാലം

മഞ്ഞച്ചേല ചുറ്റിയ പെണ്‍കുട്ടി
അവള്‍, മടലില്‍ നിന്ന് ഓരോ ചുളയും
പുറത്തെടുക്കുന്നു.
അവളുടെ കൈവിരലുകളില്‍
ജീവിതം പോലെ വെളനീര്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു

നമുക്കൊരോ ചുള വാങ്ങിയാലോ
ഞാന്‍ കൂട്ടുകാരിയോടു ചോദിച്ചു.
കഴിക്കാനല്ല, വെറുതെയൊന്നു
നാടു മണക്കാന്‍?

അവളുടെ കൈയില്‍ നിന്നും
ചുള വാങ്ങുമ്പോള്‍, ഒരുവേള
വെളനീരില്‍ വിരലുകള്‍
പരസ്പരം ഒട്ടിപ്പിടിച്ചുവോ?
അവളുടെ മഞ്ഞയാകാശത്ത്
ഏതോ ഒരോര്‍മയില്‍ കഴുകന്‍
വട്ടമിട്ടു പറന്നുവോ?
---------
*പിലാപ്പഴം-ചക്കപ്പഴം

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ithanu kavitha. vayikkumbol thanne nadu manakkunnu...

J Binduraj പറഞ്ഞു...

Nee Bhooloka Kavi thanne!!!!! Enikkithu sarikkum Ishtappettu. Bhangivaakkalla.. :)

നാടകക്കാരന്‍ പറഞ്ഞു...

കടല്‍, കാമുകര്‍, കടലവില്‍പ്പനക്കാര്‍
ഹിജഡകള്‍, മീന്‍കാരികള്‍, കുഴലൂത്തുകാര്‍
പന്തയക്കാര്‍, കുതിരസവാരി, പൂമ്പാറ്റപ്പട്ടം
ഒറ്റക്കയറില്‍ നടക്കും കുഞ്ഞുപെണ്‍കുട്ടി
ചെണ്ടത്താളം, വളവില്‍പ്പനക്കാര്‍
ഒരു കന്യാകുമാരി കടപ്പുറം പോലെ ഉണ്ട്

നാടുമണക്കതെ പോകുന്ന നവ വാനരർക്ക് ചെ നവ മാനവർക്ക് (രണ്ടും ഒന്നു തന്നെയാണ്) ഈ കവിത സമർപ്പിക്കാം

അജ്ഞാതന്‍ പറഞ്ഞു...

Orupaaaaaadishttamayi...N
adinte manavum ruchikalum veendum manasil nirayunnu.....
Thankyu fr this wonderful kavitha :)