8/12/09

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?” - അനില്‍ വേങ്കോട്‌

അടുത്തിടെ ബ്ലോഗിൽ കണ്ട വലിയ ചർച്ചകളിലൊന്ന് കവിത എങ്ങനെ വേണം എന്നതിനെ കുറിച്ചായിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിൽ കുഴൂർ വിത്സനും അൻ‌വർ അലിയും തമ്മിൽ നടന്ന അർത്ഥവത്തായ ചർച്ചയും ബ്ലോഗിലേയ്ക്ക് വരികയുണ്ടായി. കവിതയുടെ വളർച്ചയ്ക്കും വായനയ്ക്കും ഉതുകുന്ന താക്കോലുകൾ പ്രധാനം ചെയ്യേണ്ടവയാണ് ഇത്തരം ചർച്ചകൾ. പക്ഷേ കവികൾ തമ്മിലും കവിതയുടെ കവ്യമേന്മയിലും അറപ്പു തോന്നുന്ന ചില പ്രവണതകൾ പ്രകടമാവുന്നതിലാണ് ഇതുപോലൊരു കുറിപ്പ് എഴുതാൻ കാരണം.

ഭാഷയുടെ വളരെ സവിശേഷമായ ഒരു വെളിപ്പെടലാണ് കവിത , കാഴ്ചയുടെയും. ആ നിലക്ക് സാധാരണകാഴ്ചകളുടെയും രുചികളുടെയും പൊതു നിരത്തിൽ നിന്ന് പലപ്പോഴും കവിത അകന്നു നടന്നിട്ടുണ്ട്. ഇത് പണ്ഡിതർക്ക് മാത്രം പ്രാപ്യമാവുകയെന്ന ഫ്യൂഡൽ കാല ചിന്തയോട് ചേർത്ത് കാണേണ്ട ഒന്നല്ല. മറിച്ച് വൈയക്തികമായ അനുഭവങ്ങളുടെ അത് സമൂഹത്തെകുറിച്ച് പൊതുവേയുള്ളതായാലും വ്യക്തിപരമായാലും കവി തന്റെ നിരീക്ഷണങ്ങൾ നിരത്തുന്നത് തന്റെ ഭാഷാ വ്യവസ്ഥയുടെ സ്വകാര്യ തീരത്തു നിന്നുകൊണ്ടാണ്.

അതു കൊണ്ട് പലപ്പോഴും ഒരു കവിയുടെ ഇമാജുകളും കല്പനകളും ശരിക്കും അനുഗമിക്കാൻ ആദ്യവായനയിൽ പ്രയാസമുണ്ടായെന്നു വരും . കവിത വായനക്കാരന്റെ പാഠം സൃഷ്ടിക്കുമ്പോൾ തന്നെ അതിനായി വേണ്ട ജീവനുള്ള സ്റ്റിമുലസ്സുകൾ നൽകാൻ ഇത്തരത്തിൽ ഒരു പുതിയ ഇടപെടലിനു കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ഇതു വായനക്കാരനു പരിചിതമായ ഒരു ലോകം തുറന്നു കൊടുത്തുവെന്നും വരാം.അപ്പോൾ ചിലർക്ക് ആദ്യവായനയിൽ തന്നെ സുഗമമായ ഒരു വയന സാധ്യമാവുന്നു. അതിനാൽ കവിതയുടെ സാർവ്വജനീന അർത്ഥങ്ങളും സ്വീകാര്യതയും കാലാതിവർത്തിയായ മൂല്യവും അന്വേഷിച്ച് നാമെന്തിനു വിയർക്കണം.

കവിതയുടെ രൂപത്തെകുറിച്ചുള്ളതാണ് മറ്റോരു തർക്കം. ഇത് കവിതയുടെ മാത്രം പ്രശ്നമല്ല. ഗദ്യസാഹിത്യവും പത്രഭാഷയും രൂപപരമായ പലതരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. വസ്ത്രധാരണരീതിയിലും സംഭാഷണരീതിയിലും ആർക്കിടെക്കിലും എല്ലാം മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം പൊതുവായ ചില ദാർശനിക പിൻബലങ്ങളുണ്ടായിരുന്നു. ഒന്നും വെറുതേയങ്ങ് മാറുന്നതല്ല.ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങൾ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നിൽ ചില ദർശനങ്ങളുടെ പിൻബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല. ഇത്തരത്തിൽ മാറേണ്ടതില്ലയെന്ന് വാദിക്കുന്നവരുണ്ടാകാം. കവിത മറേണ്ടതില്ലായെന്നു വാദിക്കുന്നവർ വീടിന്റെ ഫാഷൻ മാറണമെന്നു വാദിക്കുവരാകാം . വസ്ത്രധാരണരീതി മാറണ്ടായെന്നു വാ‍ദിക്കുന്നവർ കവിതയും സാഹിത്യവും മാറണമെന്നു വാദിക്കുന്നവരാകാം . മാറ്റത്തിനു നേരെ സമൂഹവും വ്യക്തിയും എല്ലാ മേഖലകളിലും ഒരേപോലെ പെരുമാറികൊള്ളണമെന്നില്ല. സാമൂഹ്യമാറ്റത്തിനും രാഷ്ട്രീയമാറ്റത്തിനുമായി അക്ഷീണം പ്രവർത്തിച്ച എത്ര പേർ വീട്ടിൽ തനി യാഥാസ്തികരായി ജീവിച്ചത് നമുക്കറിയാം. വ്യക്തികളിലോ സമൂഹത്തിലോ ഇതിൽ സമഗ്രത ദർശിക്കുക പ്രയാസമാണ്.

കവിതയിൽ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങൾക്ക് വഴിവച്ച ദർശനങ്ങൾ ഉൾകൊണ്ടിട്ടാണ് നമ്മുടെ കവികൾ പലരും ഈ രൂപം കൈകൊണ്ടതും അനുവർത്തിക്കുന്നതും എന്ന് ഞാൻ കരുതുന്നില്ല. ചെറുതിന്റെ സൌന്ദര്യശാസ്ത്രം എന്ന സൌന്ദര്യശാസ്ത്ര പരികല്പനയുടെ തുടർച്ചയിലാണ് മാരുതിപോലുള്ള കാറുകൾ നമ്മുടെ നിരത്തുകളിൽ സാർവ്വത്രികമായത്. വർദ്ധിച്ചു വരുന്ന ട്രാഫിക്ക് തിരക്കിൽ ചെറിയകാറുകളുടെ സൌകര്യം മധ്യവർഗ്ഗ അണുകുടുംബങ്ങളിൾക്ക് യോജിച്ച രൂപവും വിലയും ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഷെയിപ്പുചെയ്തതിൽ small is beautiful എന്ന സെൻ ദർശനം ഉണ്ടായിരുന്നു.

ഇതുപോലൊന്ന് കവിതയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ചിലർ പുതുമയുള്ള രൂപവും ഭാവവും കവിതയിൽ വരുത്തുന്നു അതിൽ നേടുന്ന അനുശീലനത്തിൽ പിന്നീട് അതേതുടർന്ന് എഴുതുന്ന ഭൂരിപക്ഷമുണ്ടാവുന്നു. ഇതാണ് മലയാള കവിതയിലും സംഭവിച്ചത്. എന്നാൽ ഇവിടെ പഴയത് വിട്ട് വരാൻ മടികാണിക്കുന്ന ചിലരുണ്ട് അവർക്കും ഈ ഭൂമിയിൽ സ്ഥാനമുണ്ട്.ഒരു പക്ഷേ പുതിയ ഫാഷനിലേയ്ക്ക് അവരെത്തിയിട്ടുണ്ടാവില്ല. അവരുടെ രൂപപരവും ആശയപരവുമായ വെളിപ്പെടലുകൾ നിങ്ങൾക്ക് അരുചിയുണ്ടാക്കുന്നുണ്ടാവാം എങ്കിലും അതു ചെയ്ത് ജീവിക്കാൻ അവർക്ക് അവകാശമുണ്ട്, അവരും ഈ ഭൂമിയിലെ അവകാശികളാണ്. സ്കൂൾ മാഷായ എന്റെയൊരു ജേഷ്ഠൻ ഇപ്പോഴും പഴയ ജയൻ മോഡൽ പാന്റ്സ് ധരിച്ചാണ് നടക്കുന്നത്. അയാൾക്ക് അതാണ് ഇഷ്ടം നമ്മൾക്കെന്തു ചെയ്യാൻ കഴിയും . താൻ ഈ കാലത്തിന്റെ ഫാഷനല്ല ധരിക്കുന്നത് അതുകൊണ്ട് കൊന്ന് കളയും എന്നു പറയാമോ? ഇതു തന്നെയാണ് കവിതയിലും സംഭവിക്കുന്നത്. അവരോടെല്ലാം കൂടുതൽ സാഹോദര്യത്തോടെ പെരുമാറാൻ പുതിയകവികൾക്ക് കഴിയണം. ഗ്രാമത്തിൽ നിന്നു ഒരാൾ ഫാഷനബിൾ അല്ലാത്ത ഒരു നിറമോ വസ്ത്രരൂപമോ ധരിച്ച് സിറ്റിയിലേയ്ക്ക് വരുമ്പോൾ നഗരവാസികളായ പരിഷ്കാരികൾ ചിരിക്കുന്നതുപോലെയാണ് ഇന്ന് പുതു കവിതയുടെ പ്രാണേതാക്കൾ അവർക്ക് മുൻ തലമുറയോടും അതിന്റെ ചുവട്ടിൽ നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോടും പെരുമാരുന്നത്. ഇത് മനുഷ്യവിരുദ്ധമായ ഒരു അല്പത്വത്തിൽ നിന്നു വരുന്നതാണ്.
(.....തുടരും)
ഒറിജിനല്‍ പോസ്റ്റ്

4 അഭിപ്രായങ്ങൾ:

മനോജ് കുറൂര്‍ പറഞ്ഞു...

പ്രിയ അനില്‍ വേങ്ങോട്,
വളരെ താല്പര്യത്തോടെയാണ് താങ്കളുടെ കുറിപ്പ് വായിച്ചുതുടങ്ങിയത്. തെറിവിളികള്‍കൊണ്ടു നിറഞ്ഞ ബൂലോകത്ത് ഇത്തരമൊരു ചര്‍ച്ച സന്തോഷം നല്‍കുന്നു.
എങ്കിലും വേണ്ടത്ര വ്യക്തമായെന്ന് എനിക്കു തോന്നാത്ത ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:
“ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങള്‍ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നില്‍ ചില ദര്‍‌ശനങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല.”
എന്നു പറയുന്നതിനൊപ്പം,
“കവിതയില്‍‌ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങള്‍ക്ക് വഴിവച്ച ദര്‍ശനങ്ങള്‍ ഉള്‍കൊണ്ടിട്ടാണ് നമ്മുടെ കവികള്‍ പലരും ഈ രൂപം കൈകൊണ്ടതും അനുവര്‍ത്തിക്കുന്നതും എന്ന് ഞാന്‍ കരുതുന്നില്ല.”
എന്നും കാണുന്നു. ആധുനികകവിതയിലെ രൂപവൈവിധ്യങ്ങള്‍ക്ക് ദര്‍ശനവൈവിധ്യമുണ്ടെന്നും ഇന്നത്തെ കവിതയ്ക്ക് ദര്‍ശനത്തിന്റെ പിന്‍‌ബലം ഇല്ലെന്നുമാണോ ഉദ്ദേശിച്ചത്? ചെറുതിന്റെ സൌന്ദര്യശാസ്ത്രത്തിനടിസ്ഥാനമാകുന്ന സെന്‍ ദര്‍ശനത്തെക്കുറിച്ച് താങ്കള്‍തന്നെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഒന്നുകൂടി വ്യക്തമാക്കുമെന്നു കരുതട്ടെ.

ഈ ചെറുതിന്റെ സൌന്ദര്യശാസ്ത്രത്തെ പുതുകവിതയുടെ പൊതുസ്വഭാവമായി കാണുന്നതിനോട് വിയോജിക്കുന്നു. ഒരു താല്‍ക്കാലികവിഭ്രമത്തില്‍നിന്നും രൂപംകൊണ്ട സ്വയംനിര്‍വചനമായിരുന്നു ഈ ‘ചെറുതാകല്‍’ എന്നേ ഞാന്‍ കരുതുന്നുള്ളൂ. വലുതാകല്‍ അതിനു മറുപടിയുമല്ല. അത്തരത്തില്‍ ചെറുത്/വലുത് എന്ന ലളിതയുക്തിക്കുപകരം ഓരോ കവിതയ്ക്കും അതിന്റേതു മാത്രമായ രൂപമെന്ന നിലയിലുള്ള ഒരു ഉരുവപ്പെടല്‍ സംഭവിക്കുന്നുണ്ട്. അത് തിരിച്ചറിയുന്നതിന് സാമാന്യവത്കരണങ്ങള്‍ക്കപ്പുറത്തേക്കു പോകേണ്ടതുണ്ട് എന്നു തോന്നുന്നു.
ഇതേ സാമാന്യവത്കരണം പഴയത്/പുതിയത് എന്ന ഇരട്ടയിലുമുണ്ട്. സമകാലികജീവിതത്തെ അടയാളപ്പെടുത്തുന്നതിന് ഈ സുന്ദരമായ ലാളിത്യത്തിന് എപ്പോഴും കഴിഞ്ഞെന്നു വരില്ല. അതില്‍നിന്നു വിട്ടുള്ളതെല്ലാം പഴയതുമല്ല. (പദ്യ-ഗദ്യ വ(വി)രട്ടുവാദങ്ങളല്ല ഉദ്ദേശിക്കുന്നത്. കാവ്യരൂപത്തിന്റെ സങ്കീര്‍ണമായേക്കാവുന്ന വൈവിധ്യത്തെയാണ്.)

അവസാനഖണ്ഡികയിലെ തമാശയെ ചിരിച്ചു വിടുന്നു. :)

എങ്കിലും ചര്‍ച്ച ചെയ്യാനുള്ള, ചര്‍ച്ച ചെയ്യേണ്ട ചില സ്ഥലങ്ങള്‍ ഉണ്ടാവുന്നതില്‍ സന്തോഷം. വിയോജിപ്പുകള്‍, നമുക്കൊക്കെ കൂടുതല്‍ ആലോചിക്കാന്‍ വേണ്ടി മാത്രം. നന്ദി :)

സജീവ് കടവനാട് പറഞ്ഞു...

പ്രിയ കുറൂര്‍,

{“ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങള്‍ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നില്‍ ചില ദര്‍‌ശനങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല.”
എന്നു പറയുന്നതിനൊപ്പം,
“കവിതയില്‍‌ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങള്‍ക്ക് വഴിവച്ച ദര്‍ശനങ്ങള്‍ ഉള്‍കൊണ്ടിട്ടാണ് നമ്മുടെ കവികള്‍ പലരും ഈ രൂപം കൈകൊണ്ടതും അനുവര്‍ത്തിക്കുന്നതും എന്ന് ഞാന്‍ കരുതുന്നില്ല.”
എന്നും കാണുന്നു. ആധുനികകവിതയിലെ രൂപവൈവിധ്യങ്ങള്‍ക്ക് ദര്‍ശനവൈവിധ്യമുണ്ടെന്നും ഇന്നത്തെ കവിതയ്ക്ക് ദര്‍ശനത്തിന്റെ പിന്‍‌ബലം ഇല്ലെന്നുമാണോ ഉദ്ദേശിച്ചത്?}

എന്റെ വായനയില്‍ ഇന്നത്തെ കവിതയ്ക്ക് ദര്‍ശനത്തിന്റെ പിന്‍ബലം ഇല്ലെന്ന ഒരര്‍ത്ഥം കാണാന്‍ പറ്റിയില്ല. “ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല.” എന്നതില്‍ തന്നെ അതു വ്യക്തവുമാണ്.

ആധുനികതയുടെ കാലത്തായാലും ഉത്തരാധുനികതയിലായാലും എല്ലാഎഴുത്തുമുണ്ടാകുന്നത് ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചയില്‍ നിന്നാകണമെന്നില്ല. എന്നാല്‍ ആ കാലം ആ ഒരു കാഴ്ചയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ദര്‍ശനത്തെ ഉള്‍ക്കൊള്ളാതെ തന്നെ തന്റെ കാലഘട്ടത്തിന്റ ദര്‍ശനം സാഹിത്യത്തിലും കലയിലുമൊക്കെ വന്നു ചേരുന്നു. ദര്‍ശനം എന്നത് രൂപപരമോ ഭാ‍വഹാവാധികളിലോ എന്തുതന്നിലായിരുന്നാലുമെന്ന ഒരു വായനയല്ലേ അവിടെ കൂടുതല്‍ യോജ്യമാകുക.

അനില്‍ വേങ്കോട്‌ പറഞ്ഞു...

പ്രിയ മനോജ്,
നിശബ്ദത അതിജീവനത്തിന്റെ ബൈപ്പാസായി ഉപയോഗിക്കുന്നൊരു കാലത്ത് താങ്കളുടെ ഗൌരവമായ കമന്റ് ആഹ്ലാദഹരമാണ്.ഇന്നലെ രാവിലെ ഓഫീസിലിരുന്നു അര മുക്കാൽ മണിക്കുറിനുള്ളിലാണ് ഈ കുറിപ്പ് നേരിട്ട് ടൈപ്പ് ചെയ്ത് കയറ്റിയത്. അതിനാൽ അതിൽ തിരികെപ്പോയി വ്യക്തതവരുത്താൻ കഴിഞ്ഞില്ല. അക്ഷരതെറ്റുകൾ വരെ വന്ന ആ കഴിവുകേടിനു മാപ്പ് ചോദിക്കുന്നു. എന്നാൽ പറഞ്ഞകാര്യങ്ങൾ എന്റെ ഉത്തമബോധ്യത്തിലും വിശ്വാസത്തിലും നിന്നുകൊണ്ട് പറഞ്ഞവയാണ്. ഒന്നാമതായി താങ്കൾ സൂചിപ്പിച്ച പുതിയ കവിതയ്ക്ക് ദാർശനിക പിൻബലം ഇല്ലായെന്നു ഞാൻ പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല ആ ദർശനം മാത്രമാണ് ഇത്തരം മാറ്റങ്ങൾ സാധ്യമാക്കുന്നത് എന്നുകൂടി ഞാൻ വിശ്വസിക്കുന്നു.പക്ഷേ കവിതയുടെ പുതിയ രൂപത്തെ ഉപാസിക്കുന്നവരെല്ലാം ഇത് സ്വായത്തമാക്കിയവരാണെന്ന ധാരണയെനിക്കില്ല. അത് പുതിയകവിതയിലും അനുശീലനത്തിന്റെ ഫലമായി വന്നുചേരുന്ന തനിയാവർത്തനങ്ങളുണ്ടാക്കുന്നു. ഞാൻ നീ തുടങ്ങിയ ദ്വന്ദങ്ങളിൽ പതിനായിരക്കണക്കിനു കവിതകൾ തളം കെട്ടി കിടക്കുന്നത് താങ്കൾ കണ്ടിട്ടില്ലേ?. താങ്കൾ കോമായിലൊക്കെ ചെയ്തതു പോലെ ഒരു മറികടക്കലോ കടന്നുള്ള നടത്തമോ പലർക്കും സാധ്യമല്ലാതിരിക്കുന്നത് ഈ പരിമിതിയിലാണ്.
രണ്ട്. ചെറുതിന്റെ സൌന്ദര്യ ശാസ്ത്രമാണ് ഇന്നത്തെ കവിതയുടെ രൂപം ചെരുതാക്കിയതെന്നും ഞാൻ പറഞ്ഞിട്ടില്ല. മാരുതിയുടെ കഥപറഞ്ഞത് ഉൽ‌പ്പന്നങ്ങളെപ്പോലും നിർണ്ണയിക്കുന്നതിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന സൌന്ദര്യ ദർശനങ്ങളെ വ്യക്തമാക്കാൻ വേണ്ടി മാത്രമായിരുന്നു. പുതിയ കവിതയുടെ രൂപത്തിനും ഭാവത്തിനും കാരണമായിത്തീർന്ന നിരവധികാര്യങ്ങളുണ്ട് അത് ഇതു പോലൊരു കമന്റിൽ പറഞ്ഞുതീരുന്നതല്ല.ആധുനികതയുടെ കാലത്ത് പരിധിയിലായിരുന്ന പലതും ഉത്തരാധുനികതയുടെ കാലത്ത് കേന്ദ്രത്തിലേയ്ക്ക് വന്നിട്ടുണ്ട്.അതിൽ നിരവധി കാര്യങ്ങളുണ്ട്.വലുത് ചെറുത് , പഴയത് പുതിയത് എന്നീ കേവല ദ്വന്ദങ്ങളിൽ കവിതയെ കാണരുതെന്നു പറയാൻ കൂടിയാണ് ഞാനീ കുറിപ്പെഴുതിയത്.നവോത്ഥാനകാലത്ത് ശക്തിപ്പെട്ടതും ആധുനികതയെല്ലാം കൊണ്ട് നടന്ന ചിന്തകളെല്ലാം തന്നെ മനുഷ്യ കേന്ദ്രീകൃതങ്ങളായിരുന്നു. എന്നാൽ ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ഒരു പക്ഷേ രാഷ്ടീയത്തിലും തത്വചിന്തയിലും വന്ന വിപ്ലവകരമായ ഒരു പാരഡൈം ഷിഫ്റ്റ് ഇതാണ്. ഇന്ന് ചിന്തയ്ക്ക് പല കേന്ദ്രങ്ങളുണ്ട് . ഷിസോഫേണിക്ക് എന്ന് തോന്നാവുന്ന ഈ സെന്റർ ഷിഫ്റ്റ് ആണ് കവിതയിലും ഉപ്പന്റെ കൂവലുകൾ വരച്ചുകൊണ്ടിരിക്കുന്നത്.അതാണ് പുതിയ കവിത നിർമ്മിക്കുന്ന പുതിയ ഇക്കോസിസ്റ്റം .അതിനു താങ്കൾ തന്നെ പറയുന്നതു പോലെ ദ്വന്ദങ്ങൾക്ക് അപ്പുറം പോവേണ്ടതുണ്ട്.വൈവിധ്യങ്ങളെ പുണരേണ്ടതുണ്ട്. ഭാഷയോ ബിംബങ്ങളോ പൂർവ്വാനുഭവങ്ങളോ സൃഷ്ടിക്കുന്ന പരിമിതപ്പെടുത്തലുകളിൽ നിന്നു കവിയും കവിതയും മോചനം നേടേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒന്നാണ് എന്നാൽ ഈ വേദന കവി പേറേണ്ടതാണ്.
താങ്കൾ ചിരിച്ചു തള്ളിയകാര്യം എന്നിൽ ചിരിയല്ലയുണ്ടാക്കിയത് എഴുത്തിലൂടെ സ്നേഹം തോന്നിയിട്ടുള്ള പലരും അല്പത്വത്തിന്റെ താൻപോരിമയിൽ കുളിക്കുമ്പോൾ ഇതൊക്കെ പറയാതിരിക്കാൻ കഴിയില്ല.

മനോജ് കുറൂര്‍ പറഞ്ഞു...

പ്രിയ അനില്‍, വ്യക്തമായ വിശദീകരണത്തിനു നന്ദി. ചിരിച്ചൊഴിഞ്ഞത് മറ്റൊന്നുംകൊണ്ടല്ല.
“തെറിവിളികള്‍കൊണ്ടു നിറഞ്ഞ ബൂലോകത്ത് ഇത്തരമൊരു ചര്‍ച്ച സന്തോഷം നല്‍കുന്നു.” എന്നു പറഞ്ഞതില്‍ അത്തരം കാര്യങ്ങളോടൂള്ള സമീപനം വ്യക്തമാണല്ലൊ. പിന്നെ കവികളെ വിട്ട് കവിതയെക്കുറിച്ചു പറഞ്ഞുവന്ന പോസ്റ്റില്‍ അത്തരം കാര്യങ്ങള്‍ വിശദീകരിക്കണമോ എന്നു സംശയം തോന്നി. അത്ര മാത്രം. താങ്കളുടെ വികാരം മനസ്സിലാകുന്നു :)