5/12/09

ഒരു ടൈപ്പിസ്റ്റ്‌ കവിതയെപ്പറ്റി പറഞ്ഞത്‌

സര്‍പ്പങ്ങളും ശതാവരികളും
ചുരുണ്ടു തൂങ്ങുന്ന കാവുകള്‍,
കരിപിടിച്ച പാത്രങ്ങള്‍
കമിഴ്ത്തിവച്ച കലവറകള്‍,
അലിത്തു തുടങ്ങിയ ഉപ്പുമാങ്ങകള്‍
നിറച്ചടച്ച ഭരണികള്‍-
കൈയക്ഷരങ്ങളങ്ങനെ, കവികളങ്ങനെ.

അടുക്കുംചിട്ടയുമില്ലാത്തൊരു മ്യൂസിയത്തെ
ഷോപ്പിങ്ങ്‌ കോംപ്ളക്സായി ഡിസൈന്‍ചെയ്യുമ്പോള്‍‌
‍വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
കാവുകള്‍ക്ക്‌ ആയില്യം ബോള്‍ഡും
കലവറകള്‍ക്ക്‌ എം.എല്‍. തുഞ്ചനും
പകരമാകുമെന്നു പറഞ്ഞാലും
ഒറ്റ ഫോണ്ടാണ്‌ ഞങ്ങള്‍ നിരത്തുക പതിവ്‌.
ഒരു ടൈപ്പിസ്റ്റെന്ന നിലയില്‍
കൈയക്ഷരങ്ങളാണ്‌ കവികളെ വേര്‍തിരിക്കുന്നതെന്ന്‌
അറിയായ്കയല്ല.
ഒറ്റ ഫോണ്ടാകുമ്പോഴേ ഓഥര്‍ മരിച്ചോളും.
കക്കാടിനെ വെട്ടി കടമ്മനിട്ടയിലൊട്ടിച്ചാല്‍
അവര്‍ക്കിരുവര്‍ക്കുമല്ലാതെ ആര്‍ക്കെന്തു ചേതം?
ആവര്‍ത്തനത്തില്‍ ക്ഷമിക്കണം.
അനുപ്രാസം, യമകം- ഉണ്ണായിയാണു കമ്പം.

‘കരച്ചില്‍ വന്നാലും
കവിയാവാതിരിക്കണം
കവിയാതിരിക്കണം.’
നല്ല കവിതയ്ക്കെന്തിന്‌ കീബോര്‍ഡില്‍ തായമ്പക!
രണ്ടാം വരിയുടെ കോപ്പി താഴെത്തന്നെ പേസ്റ്റുചെയ്ത്‌
വാ ഡിലീറ്റു ചെയ്താല്‍ മൂന്നാം വരിയായി.
ചില കവികള്‍ക്ക്‌ ചില വാക്കുകള്‍
ഒരിക്കലൊട്ടിച്ചാല്‍പിന്നെ
ഇന്‍സേര്‍ട്ടു ചെയ്താല്‍ മതി.

പാരഡിക്കവികള്‍ക്കായി
പഴയ ചില ഫയലുകള്‍
എളുപ്പമെടുക്കാവുന്ന തരത്തില്‍
സൂക്ഷിക്കുന്നതു നല്ലതാണ്‌.
ഒഴിവുനേരങ്ങളില്‍
ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.
വരിയോരോന്നുമെടുത്ത്‌
ശീട്ടുപോലെ കശക്കാം.
ഗൂഗ്ള്‍വലയില്‍ക്കുടുങ്ങിയ
ചില ഗൂഗ്ളികള്‍കൂടിച്ചേര്‍ക്കാം.
ഹൂഗ്ളിയെന്നോ മറ്റോ
തലക്കെട്ടും ചാര്‍ത്താം.

അത്തരമൊരു ഗയിം ഞാന്‍
ഡിസൈന്‍ചെയ്തുകഴിഞ്ഞു.
ഓരോ വരിയുടെയും കോഡില്‍
ശടപടാ ക്ളിക്കുചെയ്താല്‍
കുറഞ്ഞ സമയത്തിനുള്ളില്‍‌
‍കൂടുതല്‍ വരികളെടുക്കാം.
ഏറ്റവും നല്ല പാറ്റേണിന്‌
ഏറ്റവും നല്ല ശീര്‍ഷകം.
ശീര്‍ഷകത്തിന്റെ പോയിന്റ് ‌
വിജയിയെ കല്‍പ്പിക്കും.

കലര്‍ത്തുന്നതിനാണല്ലൊ നാം
കല എന്നു പറയുന്നത്‌.

5 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

ഒരു ടൈപ്പിസ്റ്റെന്ന നിലയില്‍
കൈയക്ഷരങ്ങളാണ്‌ കവികളെ വേര്‍തിരിക്കുന്നതെന്ന്‌
അറിയായ്കയല്ല.
ഒറ്റ ഫോണ്ടാകുമ്പോഴേ ഓഥര്‍ മരിച്ചോളും.

ഈ ടൈപ്പിസ്റ്റിന്റെ പേര് പുതിയ നിരൂപകനെന്നാവും..

ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.
വരിയോരോന്നുമെടുത്ത്‌
ശീട്ടുപോലെ കശക്കാം.
ഗൂഗ്ള്‍വലയില്‍ക്കുടുങ്ങിയ
ചില ഗൂഗ്ളികള്‍കൂടിച്ചേര്‍ക്കാം.
ഹൂഗ്ളിയെന്നോ മറ്റോ
തലക്കെട്ടും ചാര്‍ത്താം.

ഈ കവിയായിരിക്കും
ഏറ്റവും ആധുനികനായ കവി..

ഗ്രേറ്റ്!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

:)

ഉണ്ണി ശ്രീദളം പറഞ്ഞു...

ha...ha...ha...

kollam...

ഓർമ്മക്കാട്‌/ memory forest പറഞ്ഞു...

ഒരു കവിയുടെ വരിയുടച്ച്‌
മറ്റൊരു കവിയാക്കാം.

Me പറഞ്ഞു...

അല്ല ടൈപിസ്റ്റേ അനക്കും വാരികയിലാണോ ലാവണം..?
ഭേഷ്‌ ഭേഷ്‌.
കവിയാകാനുള്ള കുറുക്കുവഴികൾ ഉഗ്രൻ.

കാവുകള്‍ക്ക്‌ ആയില്യം ബോള്‍ഡും
കലവറകള്‍ക്ക്‌ എം.എല്‍. തുഞ്ചനും
പകരമാകുമെന്നു പറഞ്ഞാലും
ഒറ്റ ഫോണ്ടാണ്‌ ഞങ്ങള്‍ നിരത്തുക പതിവ്‌. ...


അതു പകൽ പോലെ സത്യം കാവായാലും കാമിനിയായാലും കലഹമായാലും കറപ്പായാലും കണ്ണട ഒന്നേ ഒന്ന്..

കക്കാട്‌ കടമ്മനിട്ടയോടും 'ജി' പീ യോടും കുഞ്ചൻ തുഞ്ചനോടും ഒട്ടിക്കോളുമെന്നു ഇന്നത്തെ ഏതു ടൈപിസ്റ്റിനും അറിയാമെന്നത്‌ എതു ഓഥർ-ക്കുമറിയാമെന്നത്‌ എതു (കവികളല്ലാത്ത) പാവം വായനക്കാരനുമറിയില്ലെന്നത്‌ എന്തായാലും മനോജ്‌ കുറുരിനറിയാമെന്നത്‌ എനിക്കറിയാമല്ലോ.