5/12/09

മൊബൈല്‍ കവിത

അമേരിക്കയില്‍ രോഗിക്ക്‌ ഇഷ്‌ടമുള്ള ഡോക്‌ടറെ ചെന്നു കണ്ട്‌ ചികിത്സ എടുക്കാനുള്ള സ്വാതന്ത്ര്യമില്ല. ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ്‌ അവര്‍ക്കിഷ്‌ടമുള്ള ഡോക്‌ടറുടെ അടുത്തേക്ക്‌ രോഗിയെ പറഞ്ഞയയ്‌ക്കുന്നത.്‌ രോഗി തങ്ങളുടെ മുന്നില്‍ എത്തിപ്പെട്ടാല്‍ ഒരു ഡോക്‌ടറും പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. കാരണം തൊട്ടതിനും തൊടുന്നതിനും അവിടെ ഡോക്‌ടര്‍മാരുടെ പേരില്‍ കേസു കൊടുക്കും. അതുകൊണ്ട്‌ ഓരോ ഡോക്‌ടറും രണ്ടാം പ്രാവശ്യം രോഗി ചെന്നാല്‍ വേറൊരു സ്‌പെഷലിസ്റ്റിന്റെ അടുത്തേക്ക്‌ പറഞ്ഞുവിടും. അങ്ങനെ ഒരു രോഗത്തിന്‌ തന്നെ മൂന്നും നാലും ഡോക്‌ടര്‍മാരെ രോഗി കാണേണ്ടി വരുന്നു. എല്ലാവരും മരുന്നും കൊടുക്കും. ഈ മരുന്നെല്ലാം വെച്ച്‌ ഏത്‌ കഴിക്കണം ഏതു കഴിക്കരുത്‌ എന്ന ആശയക്കുഴപ്പത്തിലായിരിക്കും രോഗി. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയില്‍ രോഗം പിടിപെട്ടാല്‍ സാധാരണക്കാരന്‍ തെണ്ടിയതു തന്നെ- ഇത്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ മരുന്നും മന്ത്രവും (മാതൃഭൂമി) എന്ന പുസ്‌തകത്തില്‍ നിന്നും. മലയാള കവിതയുടെ വായനക്കാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.

ആനുകാലികം
തിരക്കിനിടയില്‍ മന്ത്രി ബിനോയ്‌ വിശ്വം കവിത കുറിക്കുന്നു (കലാകൗമുദി 1786). കവിതയുടെ പേര്‌ ദീര്‍ഘയാത്രകള്‍. ബിനോയ്‌ വിശ്വത്തിന്‌ പറയാനുള്ളത്‌ ദീര്‍ഘയാത്രയെപ്പറ്റിയാണ്‌. ഉറക്കവും ഉണര്‍വ്വും മാറിമാറി തലോടുന്ന യാത്രകള്‍. യാത്രാക്കുറിപ്പ്‌ കവിതയുടെ വിഭാഗത്തില്‍ അച്ചടിച്ചു വന്നത്‌ കലാകൗമുദിയുടെ പത്രാധിപര്‍ക്ക്‌ തെറ്റിയതാകാം എന്നു കരുതി വായനക്കാര്‍ ആശ്വസിക്കുന്നു. എങ്കിലും നിങ്ങള്‍ക്ക്‌ തെറ്റി. സാക്ഷാല്‍ പുതിയ കവിത തന്നെയാണ്‌ മന്ത്രി എഴുതിയത്‌. ഉള്ളിലെ വിങ്ങലുകള്‍ തിരിച്ചറിയുന്ന യാത്രയാണ്‌ മന്ത്രിയുടെ ലക്ഷ്യം. ഭരണത്തിലെ വിങ്ങലുകള്‍ പരസ്യമാകുമ്പോള്‍ ഇങ്ങനെയൊരു കവിതപറച്ചില്‍ എന്തിനാണ്‌ സാറേ? എന്ന്‌ വായനക്കാര്‍ ചോദിച്ചാല്‍ മന്ത്രിയും കലാകൗമുദിയുടെ പത്രാധിപരും ക്ഷോഭിക്കില്ലെന്ന്‌ ആശ്വസിക്കാം. കാരണം ബിനോയ്‌ വിശ്വത്തിന്റെ കവിതാ സംസാരത്തില്‍ വേണ്ടത്ര തെളിവുകളുണ്ട്‌. സ്വയം സംസാരിച്ച്‌ തീര്‍ക്കാവുന്നത്‌ എഴുതി വായനക്കാരെ ശ്വാസംമുട്ടിക്കുന്നതില്‍ ആര്‍ക്ക്‌ നേട്ടം? കവിത എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന മിക്ക രചനകളുടെയും പൊതു സ്വഭാവമാണിത്‌.

മണമ്പൂര്‍ രാജന്‍ബാബുവിന്റെ ഭൂകമ്പം (ഭാഷാപോഷിണി) എന്ന കവിത മണല്‍മൊഴിയാണ്‌. പ്രളയത്തിലൂടെ തിരിച്ചുപോകുന്ന മണല്‍ത്തരിയുടെ യാത്രാമൊഴി മണമ്പൂര്‍ അടയാളപ്പെടുത്തുന്നതിങ്ങനെ:
മണലായ്‌,
കരിങ്കല്ലായ്‌
ചിതറിക്കിടക്കുന്നു
ഒരു ജന്മത്തില്‍
സ്വപ്‌ന
സമ്പാദ്യസൗധം
മുന്നില്‍.- ഈയൊരു ചിത്രം തകരാനുള്ളതാണ്‌. അലറിക്കൊണ്ട്‌ അമ്മ വന്നപ്പോള്‍ കൂടെ പോകാതിരിക്കാന്‍ കഴിയില്ലെന്ന്‌ മണല്‍ത്തരി മനസ്സിലാക്കുന്നു. ഓരോ വസ്‌തുവും മനുഷ്യന്‍ സൃഷ്‌ടിക്കുന്ന ബന്ധനം അറുത്തുമാറ്റി തിരികെ പ്രകൃതിയിലേക്ക്‌ തിരിച്ചുപോകുന്നതിന്റെ സൂചകമായി ഭൂകമ്പം വായിച്ചെടുക്കുകയാണ്‌ മണമ്പൂര്‍ രാജന്‍ബാബു.

രണ്ടു കവിതയില്‍ (ഭാഷാപോഷിണി) സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ അറിവടയാളമാണ്‌ എഴുതിയത്‌. കുമ്മായത്തിന്റെ ചൂടും വേവുമാണ്‌ നിറമെന്ന്‌ തിരിച്ചറിയുന്നു. കുമ്മായം എന്ന കവിതയില്‍ നിന്നും:
നിനക്കറിയില്ല
എത്ര വെന്തിട്ടാണ്‌
ഈ നിറമെന്ന്‌.- എല്ലാ നിറത്തിനും എല്ലാ ജീവിതത്തിനും പിറകില്‍ ഒരു ദൈന്യതയുടെ കഥയുണ്ടെന്ന്‌ സത്യചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഏകാന്തതയ്‌ക്ക്‌ പേര്‌ കണ്ടെത്തുന്നതിങ്ങനെ;
ഏകാന്തതയ്‌ക്കൊരു
പേരു നല്‍കാം
എന്നില്‍ നീ പൂക്കും
നിമിഷമെന്ന്‌.- പരസ്‌പരം പൂത്തുനില്‍ക്കുകയും കൊഴിഞ്ഞില്ലാതാകുകയും ചെയ്യുന്ന ജന്മത്തിന്റെ കയറ്റിറക്കമാണ്‌ ഈ കവിതയില്‍ സത്യചന്ദ്രന്‍ അവതരിപ്പിച്ചത്‌.

റോഡ്‌ഷോ എന്ന കവിതയില്‍ (മലയാളം വാരിക) മരണം എഴുതി ജീവിതത്തിന്റെ നൈമിഷികത അനുഭവപ്പെടുത്തുകയാണ്‌ ഗഫൂര്‍ കരുവണ്ണൂര്‍. പേരിട്ടുവിളിക്കാന്‍ കഴിയാത്ത ഒരിടത്തേക്കാണ്‌ ഒരു മെലിഞ്ഞ വെയില്‍ ബൈക്കില്‍ കയറി യാത്ര തിരിച്ചത്‌. പിന്നീട്‌ കവിതയില്‍ നിറയുന്നത്‌ അപകടമരണത്തിന്റെ വിവിധ ദൃശ്യങ്ങളാണ്‌. കവിതയുടെ അവസാനഭാഗത്താണ്‌ ഗഫൂര്‍ സിനിക്കായി മാറുന്നത്‌. വര്‍ത്തമാനകാല ജീവിതത്തിന്റെ മുഖം. അല്‌പം സറ്റയറായി മാറുകയും ചെയ്യുന്നു:
അടുത്ത ബുള്ളറ്റിനില്
‍ലൈവ്‌ കാണാമെന്ന്‌
മനസ്സില്‍ കുറിച്ച്‌
ഉച്ചവെയിലിന്റെ
നെഞ്ചിലൂടെ
കാണികള്‍ ഉണ്ണാന്‍പോയി.-കാഴ്‌ചകളുടെ ലഹരിയില്‍ അമര്‍ന്നുപോകുന്ന ജനതയിലേക്ക്‌ ഗഫൂര്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിസ്സംഗതയെ തൊഴിച്ചുണര്‍ത്തലാണ്‌ കവിതയുടെ ഒരു മുഖം. ഗഫൂര്‍ കരുവണ്ണൂരിന്റെ റോഡ്‌ഷോ എന്ന രചനയില്‍ അതുണ്ട്‌.

ശ്രീധരന്‍ ചെറുവണ്ണൂരിന്റെ ആത്മവൃക്ഷം (മലയാളം വാരിക) എന്ന കവിത അനുരാഗം വിശകലനം ചെയ്യുന്നു. കവിതയില്‍ നിന്നും:
നിന്റെ ഹേമന്തമിഴികള്
‍എന്റെ സഹയാത്രികന്
‍നിന്റെ കുപ്പിവിളക്കിന്റെ
ഈറന്‍എന്റെ മൗനവും.- അനുരാഗത്തിന്റെ പച്ചപ്പില്‍ മലയാളി നെഞ്ചേറ്റിയ പ്രണയനദികളെ പുതിയ കാലത്തില്‍ വായിക്കുകയാണ്‌ ശ്രീധരന്‍ ചെറുവണ്ണൂര്‍.

ബ്ലോഗ്‌ മാസിക
ലെജിസ്ലേറ്റീവ്‌ സെക്രട്ടേറിയറ്റ്‌ ജീവനക്കാരുടെ മാസികയാണ്‌ ബ്ലോഗ്‌. പേരു സൂചിപ്പിക്കുന്നതുപോലെ ഇത്‌ ബ്ലോഗില്‍ ചെയ്യുന്ന മാസികയല്ല. ലഘുരൂപത്തില്‍ ലെജിസ്ലേറ്റീവ്‌ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സര്‍ഗ്ഗാത്മക വിഭവങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചു പുസ്‌തകം. കവിതകളും കഥകളും കാര്‍ട്ടൂണുകളും മാത്രമല്ല, സ്‌ത്രീപതിപ്പ്‌, എം. എല്‍. എ. മാര്‍ വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രകലാ പ്രത്യേകപതിപ്പ്‌ തുടങ്ങിയവയും ബ്ലോഗ്‌ മാസിക അതിന്റെ ഹ്രസ്വരൂപത്തിലും തനിമയിലും പുറത്തിറക്കിയിട്ടുണ്ട്‌. മലയാളസാഹിത്യത്തിലെ പ്രധാന എഴുത്തുകാരെ പങ്കെടുപ്പിച്ചുള്ള വിശേഷാല്‍ പ്രതിയും അടുത്തുതന്നെ പുറത്തിറങ്ങും. ഇതിന്റെ പ്രധാന ശില്‍പികള്‍ നിയമസഭയിലെ ഉദ്യോഗസ്ഥരായ രാജ്‌ കാഞ്ഞിരമറ്റം, ബിജു ഡേവിഡ്‌ ജോണ്‍, മോഹന്‍ദാസ്‌ മൊകേരി തുടങ്ങിയവരാണ്‌. നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും ജീവിതം നേര്‍ക്കുന്നവരുടെ അകംപുറം കാഴ്‌ചകള്‍ക്ക്‌ ബ്ലോഗ്‌ മാസിക വേദിയൊരുക്കുന്നത്‌ ശ്രദ്ധേയ ദൗത്യമാണ്‌. സവിശേഷമായൊരു വായനാനുഭവവും.

കവിതാപുസ്‌തകങ്ങള്‍
നീര്‍മാളത്തിനും വളയുടെ തേങ്ങലുകള്‍ക്കും ഇടയിലുള്ള ദൂരമാണ്‌ രാധാകൃഷ്‌ണന്‍ പനയാല്‍ എഴുതുന്നത്‌. രാഗത്തിന്റെയും ശോകത്തിന്റെയും അറിവടയാളങ്ങളിലൂടെയുള്ള സഞ്ചാരമാണ്‌ രാധാകൃഷ്‌ണന്‌ കവിത. അന്തരാളത്തിലെ കനലെഴുത്ത്‌. പ്രണയമഴയുടെ നിറച്ചാര്‍ത്തെന്ന്‌ രാധാകൃഷ്‌ണന്‍ പനയാലിന്റെ മൊബൈല്‍ ചിലന്തികള്‍ എന്ന കാവ്യസമാഹാരത്തെ വിശേഷിപ്പിക്കാം. കത്തുന്ന കാലത്തില്‍ നിന്നും മഴയേറ്റ്‌, മധുതേടി, കണ്‌ഠം തുറന്നുപാടാന്‍ കൊതിക്കുന്ന ഒരു പക്ഷി ഈ പുസ്‌തകത്തിലെ കവിതകളിലുണ്ട്‌. ദാഹത്തിന്റെയും വേര്‍പാടിന്റെയും ധന്യതയുടെയും നിമിഷങ്ങളിലൂടെ ആ കിളി ചിറകുവിരിച്ച്‌ പറക്കുന്നു. ചേക്കേറാന്‍ കൊതിച്ച ചില്ലകളൊക്കെ അടര്‍ന്നു പോകുന്നു. ഇടം നഷ്‌ടപ്പെടുന്ന ജീവിതത്തിന്റെ വാമൊഴികളാണ്‌ മൊബൈല്‍ ചിലന്തിയിലെ കവിതകള്‍. മഴമുറുക്കി തുപ്പിയ ചെമ്മണ്‍പാതകളും മഞ്ഞുവീഴുന്ന ഡിസംബറും മാത്രമല്ല, എഴുത്തുകാരന്റെ കണ്ണില്‍നിറയുന്നത്‌. അച്ഛന്‍ പടിയിറങ്ങിയ കര്‍ക്കിടവും ഒന്നാം തിയതി എല്ലാം മറക്കുന്ന അധ്യാപകരും ഈ കൃതിയിലുണ്ട്‌. മഴനാരുപോലെ നിറഞ്ഞുപതയുന്ന പ്രണയം. ഉടഞ്ഞുപെയ്യുന്ന നിലവിളികള്‍ക്കും കാവ്യപഥികന്‍ ചെവികൊടുക്കുന്നു. കവിതയെഴുത്തിന്റെ ശാഠ്യങ്ങളില്ലായ്‌മയിലേക്ക്‌ വായനക്കാരെ നടത്തിക്കുകയാണ്‌ രാധാകൃഷ്‌ണന്‍ പനയാല്‍. കാലത്തിലേക്ക്‌ കണ്ണുതുറന്നു പിടിക്കുന്ന ഒരു ഒറ്റയാന്റെ തലയെടുപ്പ്‌ ഇതിലെ കവിതകള്‍ക്കുണ്ട്‌. രാധാകൃഷ്‌ണ്‍ എഴുതിയതുപോലെ: കാഴ്‌ച നഷ്‌ടമായപ്പോള്‍/ കരളറിയാതെ/ ഒരു നൊമ്പരം/ അടര്‍ന്നു വീണു/ മാപ്പ്‌- (പ്രണയാനന്തരം). സാമൂഹിക പരിസരത്തിന്റെ കിലുക്കം കേള്‍പ്പിക്കുന്ന കാവ്യസമാഹാരം.-(കൈരളി ബുക്‌സ്‌, കണ്ണൂര്‍. 35 രൂപ).

കവിയില്‍ നിന്നും ഉതിരുന്ന വേദനയാണ്‌ കവിത എന്നൊരു മുഖമൊഴിയോടെയാണ്‌ അശ്‌റഫ്‌ കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന കാവ്യപുസ്‌തകം ആരംഭിക്കുന്നത്‌. കവിത ബോധ്യപ്പെടുത്തലിന്റെ നക്ഷത്രദീപ്‌തിയായി അശ്‌റഫിന്റെ കവിതകളില്‍ നിറയുന്നു. ഏതോ ചില്ലയില്‍ നിന്ന്‌ അക്ഷരം കൊത്തിപ്പറക്കുന്ന പക്ഷിയെപ്പോലെയാണ്‌ എഴുത്തുകാര്‍. കവിയുടെ വാക്കില്‍ നിന്നും അഗ്നിപടരുമ്പോഴാണ്‌ എഴുത്തിന്റെ രസവിദ്യ പ്രതിഫലിപ്പിക്കുന്നത്‌. അശ്‌റഫ്‌ കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന പുസ്‌തകത്തില്‍ നാം അനുഭവിക്കുന്നതും മറ്റൊന്നല്ല. ബദ്ധപ്പാടിനിടയില്‍ ഒന്നിനും നേരമില്ലാതെ പോകുന്ന വര്‍ത്തമാനകാല ജീവിതം നോക്കി അശ്‌റഫ്‌ എഴുതുന്നു:
നേരമില്ലൊന്നിനും
നേരെയാവാനും-(നേരം എന്ന കവിത). ആകാശവും ഭൂമിയും തൊട്ടുനില്‍ക്കുന്ന കവിതകളാണ്‌ ഈ പുസ്‌തകത്തില്‍. അവതാരിക കുരീപ്പുഴ ശ്രീകുമാര്‍.-(ഓറഞ്ച്‌, കോഴിക്കോട്‌. 35 രൂപ).

ബ്ലോഗ്‌ കവിത
ബൂലോക കവിതാബ്ലോഗില്‍ വാഴയിലയെക്കുറിച്ചാണ്‌ മനോജ്‌ കാട്ടാമ്പള്ളി എഴുതിയത്‌.ഏറെനാള്‍അഴുക്കു നനഞ്ഞഒരില മതിപ്രണയത്താല്‍ പാളിയെരിയുംഎനിക്കിങ്ങനെനിവര്‍ന്നു വീഴാന്‍.ഉരുകി വാടുമെന്നറിഞ്ഞിട്ടുംഎത്ര ശക്തമായിമേനിയിലൊട്ടുന്നുതണുപ്പിന്റെചതുങ്ങിയകയ്യൊപ്പുകള്‍.- പ്രണയത്തിന്റെ പാഠപുസ്‌തകത്തില്‍ ദുരിതത്തിന്റെ കയ്യൊപ്പു പതിയുന്നതും കവി കാണുന്നു. കവിത കാഴ്‌ചയ്‌ക്കുമപ്പുറത്തേക്ക്‌ നീണ്ടു ചെല്ലുന്നു.

കവിമൊഴി
ഓരോ കവിതയും ബോധ്യപ്പെടുത്തലിന്റെ ചെറുതുള്ളികളായി നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നു. ചെറു സസ്യങ്ങള്‍ പ്രകാശവും സുഗന്ധവും പരത്തിനില്‍ക്കുന്ന വഴിയാണ്‌ കവിക്ക്‌ ഇഷ്‌ടം.-കുരീപ്പുഴ ശ്രീകുമാര്‍.-നിബ്ബ്‌ ചന്ദ്രിക, 6-12-2009

അഭിപ്രായങ്ങളൊന്നുമില്ല: