1/12/09

മുഖംമാന്തിക്കവിതകള്‍

‍ബലിയ ഗാസിപ്പൂര്‍ മേഖലയില്‍ ഒരു കിംവദന്തിയായി ആരംഭിച്ചത്‌ ഉത്തര്‍പ്രദേശിനെ ഒട്ടാകെ ഭയത്തിലാഴ്‌ത്തുന്നവിധം വളര്‍ന്നു. ചില ഗ്രാമീണരെ വെളിച്ചം വമിക്കുന്ന ഏതോ ജീവി കടിച്ചു. അജ്ഞാതമായ ആ പറക്കുംജീവി മുഖംമാന്തിപ്പക്ഷിയാണെന്ന്‌ ഏവരും പറഞ്ഞുറപ്പിച്ചു. മുഖംമാന്തിയുടെ പറക്കല്‍ മുപ്പതു ജില്ലകളിലേക്ക്‌ വ്യാപിച്ചു. മുഖത്തും കൈകളിലും ഗുരുതരമായ മാന്തലും പോറലുമേറ്റവരുടെ എണ്ണം നൂറുകണക്കായും കൂടി. മുഖംമാന്തിയേക്കാള്‍ അതുണ്ടാക്കിയ ഭയമാണ്‌ കടുത്തതായത്‌. രാത്രി തന്റെ മുഖം എന്തോ നക്കുന്നത്‌ അറിഞ്ഞ്‌ ഉണര്‍ന്ന ഒരു ഗ്രാമീണന്‍ തന്റെ നായയെ കൊന്നു. മറ്റൊരാള്‍ മുഖംമാന്തിയെന്ന്‌ കരുതി രാത്രി തന്റെ അച്ഛനെ അടിക്കാന്‍ ആരംഭിച്ചു. ആ ഭീകരജീവിയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമീണര്‍ രാത്രി പട്രോളിംങ്‌ ആരംഭിച്ചു. പക്ഷേ, മുഖംമാന്തി അവരുടെ ജാഗ്രതയെ തോല്‍പിച്ച്‌ ആക്രമണം തുടര്‍ന്നു.- ഇത്‌ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു സംഭവം (ഇന്ത്യാടുഡേ,2002). മലയാളസാഹിത്യത്തില്‍ കവിതകളുടെ രൂപത്തിലാണ്‌ മുഖംമാന്തികള്‍ പ്രത്യക്ഷപ്പെടുന്നത്‌. ആ നിരയില്‍ ഉള്‍പ്പെട്ടതാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ (മാതൃഭൂമി, നവം.12), അസീസ്‌ വില്യാപ്പള്ളിയുടെ ഒട്ടകം (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,നവം.22) എന്നീ രചനകള്‍.
ആനുകാലികം
പി.കെ.ഗോപിയുടെസമുദ്രതാളത്തില്‍:
ജീവന്റെപ്രകാശനിശ്വാസങ്ങളില്
‍സ്വയമലിഞ്ഞ്‌ആത്മസമുദ്രങ്ങളുടെ
താളലയത്തില്
‍പ്രവഹിക്കുക മാത്രം ചെയ്യും.-(കലാകൗമുദി)- സംഗീതത്തിന്റെ വഴികളെപ്പറ്റിയാണ്‌ ഗോപി എഴുതുന്നത്‌. സംഗീതം സാഗരമാണെന്നൊക്കെ പലപാട്‌ പാടുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. ജി. ശങ്കരക്കുറുപ്പിന്റെ സാഗരസംഗീതമാണ്‌ ആദ്യം ഓര്‍മ്മയില്‍ തെളിയുക. സമുദ്രതാളത്തില്‍ സംഗീതം കേള്‍ക്കുന്ന പി. കെ. ഗോപി അത്‌ എഴുതി വരുമ്പോള്‍ സംഗീതം നഷ്‌ടമാകുന്നു. ഇത്‌ കവിക്ക്‌ തന്നെ ചികഞ്ഞെടുക്കാവുന്ന പ്രതിസന്ധിയാണ്‌. മികച്ച കവിതകളെഴുതുന്ന ഗോപിക്ക്‌ അതൊക്കെ അനായാസം മറികടക്കാന്‍ സാധിക്കുന്നതേയുള്ളൂ.
പി. കെ. പാറക്കടവ്‌ നവംബര്‍ ലക്കം ഭാഷാപോഷിണിയില്‍ എഴുതിയ സ്‌നേഹം കായ്‌ക്കുന്ന മരം എന്ന കവിത സ്വര്‍ഗക്കാഴ്‌ചയാണ്‌. അവിടെ അഭിലഷിച്ചതൊക്കെയും ലഭിച്ചു. എങ്കിലും കാവ്യപഥികന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു:
ദൈവമേ,
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്‌നേഹം
കായ്‌ക്കുന്നനീര്‍മാതളം.- ജോണ്‍ മില്‍ട്ടന്റെ നഷ്‌ടസ്വര്‍ഗമല്ല പാറക്കടവ്‌ വരച്ചുചേര്‍ത്തത്‌. മനുഷ്യന്റെ അകത്തളത്തിന്റെ നീറ്റലാണ്‌.
കെ.ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിത (മലയാളം വാരിക, നവം.20) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ്‌ വായനക്കാരെ നയിക്കുന്നത്‌. കവിത വാക്കുകളുടെ ശില്‍പമാണ്‌. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്‌മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്‌. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്‍ക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്‌മയുടെയും രണ്ടുകാലങ്ങളാണ്‌ ഈ കവിത ചര്‍ച്ചചെയ്യുന്നത്‌. സ്വപ്‌നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ്‌ ഒഴിവ്‌. ആരും ആരെയും ഭയപ്പെടാത്ത സ്വപ്‌നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക്‌ ഒരു നിറമാണെന്ന്‌ കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ്‌ കെ. ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിതയും അനുഭവപ്പെടുത്തുന്നത്‌. കവിതയില്‍ നിന്നും:
ഉറങ്ങാതെയാണ്‌
നേരം വെളുത്തതെങ്കിലും
ഉറക്കമുണര്‍ന്നപോലെ
എണീറ്റിരുന്നു.- ചില നിമിഷത്തിന്റെ തോന്നലുകളാണ്‌ കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന്‍ തെന്നിമാറുന്നതിങ്ങനെ:ഉറങ്ങുമ്പോളെന്തായാലുംആരും ആരേയും ഭരിക്കുന്നില്ലസ്വപ്‌നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്‍എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്‌. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ രാത്രിയുടെ കയ്യൊപ്പ്‌ വാങ്ങാനോ? അടയാളപ്പെടലാണ്‌ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധ്വനിപ്പിക്കാന്‍ ഒഴിവിന്‌ കഴിയുന്നു.
മത്സ്യഗ്രഹണം എന്ന കവിതയില്‍ (മാധ്യമം) കെ. പി. റഷീദ്‌ മീനിന്റെ പിടച്ചിലില്‍ ജീവിതവും മരണവും തമ്മിലുള്ള ഇടനാഴികളാണ്‌ എഴുതുന്നത്‌. കവിതയില്‍ നിന്നും:ഇല്ലപിടയില്ല ഞാനിനിമുക്കവാചൂണ്ടക്കുമാഴത്തില്‍തറഞ്ഞിരിപ്പൂ മരണംഒറ്റവലിക്കുയരാന്‍കുതറുംവീര്‍പ്പുബാക്കിയെങ്കിലുംവലിക്കാതിരിക്കേണ്ടഞാനുയര്‍ന്നു തരാം......വലിക്കാനറക്കേണ്ടമുക്കവാമരിച്ചിട്ടെത്രനാളായിഞാനെന്നോ.- കെ. പി. റഷീദിന്റെ വരികളില്‍ ഇരയുടെ നിതാന്ത സാന്നിധ്യമുണ്ട്‌. പ്രതിഭാഷയുടെ നീരൊഴുക്കും.
കടാപ്പുറക്കവിതയില്‍ വിനു ജോസഫ്‌:പിന്നത്തെ ചാകരയ്‌ക്ക്‌തോണി മുങ്ങിച്ചാകുമ്പോള്‍കണവത്തരിയൊന്നും പെട്ടിരുന്നില്ലാ വലയില്‍ഒരു സമാഹാരത്തിനുപോലുംതികഞ്ഞില്ല കവിതകള്‍മൂന്നാംപക്കം കവിതയാ-യൊഴുകിവന്നു കരയില്‍- (കലാകൗമുദി, 1785). വിനു ജോസഫ്‌ കാവ്യരചനയുടെ വഴി കൂടി വെളിപ്പെടുത്തുന്നു. കവിത എഴുത്തിന്റെ രസതന്ത്രമായി മാറുന്നിടത്താണ്‌ ഹൃദ്യമാകുന്നത്‌.
രാവുണ്ണിയുടെ തപ്പലാട്ടം (ദേശാഭിമാനി, നവം.22) എന്ന കവിത പേരു സൂചിപ്പിക്കുന്നതുപോലെ, കാണാതാകലും അന്വേഷണവുമാണ്‌ കവിതയുടെ വിഷയം. ഓരോ സ്ഥലങ്ങളിലും ഓരോന്നു കാണാതാവുന്നു. വീട്ടമ്മ, അകത്തമ്മ, മുത്തമ്മ എല്ലാവരും തെരയുന്നു. അടുപ്പും അടുക്കളയും കാണാതാവുന്നു. എല്ലാം കളവുപോയതോ, അതോ മണ്‍മറഞ്ഞതോ. ഒന്നിനും ഒരു നിശ്ചയമില്ല. കവിതയുടെ അവസാന ഖണ്‌ഡികയില്‍ കവി പറയുന്നു:
മുഖം വീര്‍പ്പിച്ചിങ്ങിരുന്നാല്
‍നാടു കിട്ട്വോ
മണ്ടാമിണ്ടാട്ടം മുട്ടിയിരുന്നാല്‍
ഉയിരു കിട്ട്വോ പൊട്ടാ?.
കവിതാപുസ്‌തകങ്ങള്
‍മോഹന്‍ദാസ്‌ മൊകേരിയുടെ 20 കവിതകളുടെ സമാഹാരം. രണ്ടുകാലങ്ങളുടെ ഇടകലര്‍പ്പാണ്‌ ഈ കവിതകളിലെഴുതുന്നത്‌. ത്യാഗത്തിന്റെ പച്ചപ്പ്‌ നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടം. എല്ലാറ്റിലും ശൂന്യതമാത്രം വായിച്ചെടുക്കുന്ന മറ്റൊരു കാലം. ഈ രണ്ടുകാലത്തിലും ശാഖകള്‍ വിരിച്ചുനില്‍ക്കുന്ന നാട്ടുമാവിന്റെ തണലും തണുപ്പും മധുരവും മോഹന്‍ദാസ്‌ മൊകേരിയുടെ എഴുത്തിലുണ്ട്‌. നീയും ഞാനും എന്ന്‌ പേരിട്ടു വിളിക്കുന്ന മോഹന്‍ദാസിന്റെ പുസ്‌തകത്തില്‍, തണല്‍മര ചോലയില്‍ (തണല്‍ മരം എന്ന കവിത) നിന്നും തപിക്കുന്ന കാലത്തിലേക്കുള്ള (ഒരു സന്ധ്യയുടെ മരണം എന്ന കവിത) യാത്രാനുഭവങ്ങളുടെ രേഖാചിത്രമാണ്‌ അടയാളപ്പെടുത്തുന്നത്‌. വേവുന്ന മനസ്സിന്റെ രോദനവും നോട്ടം വറ്റിപ്പോകുന്ന ജീവിതസന്ധികളും മോഹന്‍ദാസ്‌ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. എഴുത്ത്‌ ഒരു ഉപാസനയായി കണ്ടെടുക്കുകയാണ്‌ ഈ എഴുത്തുകാരന്‍. ഉപാസന എന്ന കവിതയില്‍ എഴുതി:അറിയുന്നു കവിതേ, നിനക്കായ്‌ മാത്രമെന്‍ഹൃദയം ത്രസിച്ചു നില്‍ക്കുന്നു-എന്നിങ്ങനെ ധാര്‍മ്മികമൂല്യത്തിനായി നിലകൊള്ളുന്ന കവിതക്കുവേണ്ടിയാണ്‌ മോഹന്‍ദാസിന്റെ എഴുത്ത്‌. കടത്തനാട്ട്‌ നാരായണന്റെ അവതാരിക, ഡോ. ദേശമംഗലം രാമകൃഷ്‌ണന്റെ പഠനം, മദനന്റെ ചിത്രങ്ങള്‍ എന്നിവ നീയും ഞാനും എന്ന കൃതിയുടെ അര്‍ത്ഥഗരിമ പ്രതിഫലിപ്പിക്കുന്നു.- (എവര്‍ഗ്രീന്‍ ബുക്‌സ്‌, 35 രൂപ).
മുളയരി എന്ന പുസ്‌തകത്തില്‍ 44 കവിതകളുണ്ട്‌. അന്തര്‍ദാഹത്തില്‍ നിന്നും ദുരന്തത്തിലേക്കുള്ള തിരിച്ചു നടത്തമെന്ന്‌ ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. കാര്‍മേഘങ്ങളെ ഭയപ്പെടുന്നത്‌ നാട്ടില്‍ പിറന്നതുകൊണ്ടാണെന്ന്‌ കവയിത്രി തിരിച്ചറിയുന്നു. എങ്കിലും അതിജീവനത്തിന്റെ കരുത്തില്‍, അന്തര്‍ദാഹം കൂടെ നടത്തുന്നതിനാല്‍ ചാവുകടലും ഉപ്പുനീരും തലവരയും അതിര്‍വര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്‌ ഹരിതയുടെ എഴുത്തിന്റെ ചാലകശക്തി. ഉയരത്തില്‍ പറക്കാത്ത കിളിയുടെ സന്തോഷവും സങ്കടവും ഹരിതയുടെ കവിതകളിലുണ്ട്‌. മാഞ്ഞുപോയ അക്ഷരങ്ങളില്‍ നിന്നും ജീവിതത്തെ തിരിച്ചുവിളിക്കാനുള്ള തയ്യാറെടുപ്പുകളോടെ കനത്ത നിശബ്‌ദതയോട്‌ കാരണങ്ങള്‍ ചോദിക്കുകയാണ്‌ മുളയരി. മലയാളത്തിന്റെ മണവും രൂചിയും ഇഴചേര്‍ന്നു നില്‍ക്കുന്ന മുളയരി കാഴ്‌ചയുടെയും വായനയുടെയും പറച്ചിലുകളാണ്‌. അഥവാ മഴപ്പറച്ചിലുകളാണ്‌. സൂക്ഷ്‌മതയോടെ വാക്കുകളെ നിബന്ധിക്കാന്‍ ഹരിത പ്രകടിപ്പിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്‌. മലയാളത്തിലെ പുതുനിരയില്‍ വേറിട്ടൊരു എഴുത്തുഭാഷയാണ്‌ ഹരിത മുളയരിയിലെ കവിതകളിലൂടെ അനുഭവപ്പെടുത്തുന്നത്‌. അവതാരിക സംപ്രീത.- (പായല്‍ ബുക്‌സ്‌, 35 രൂപ).
ബ്ലോഗ്‌ കവിത
ബ്ലോഗുകളില്‍ കവിതയുടെ വസന്തകാലമാണ്‌. വ്യത്യസ്‌ത ശൈലിയിലും താളത്തിലും മലയാളകവിതയുടെ വഴിമാറ്റം ശക്തമായി അനുഭവപ്പെടുത്തുന്നത്‌ ബ്ലോഗുകളാണ്‌. കൊച്ചു കൊച്ചു വാക്കുകള്‍ കൊണ്ട്‌ തീര്‍ക്കുന്ന എഴുത്തിന്റെ വിസ്‌മയമാണ്‌ ബ്ലോഗുകവിതകളിലേക്ക്‌ നമ്മെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്‌.വി. ജയദേവിന്റെ ആനമയിലൊട്ടകം എന്ന ബ്ലോഗില്‍ നിന്നും:
സ്വന്തം തലയറുത്തു
വഴിയരികില്
‍സ്വന്തം ജാതകം കാഴ്‌ചയ്‌ക്ക്‌വച്ചിരുന്ന
ചെറുപ്പക്കാരനെ
ഈയിടെയായി
വഴിവിളക്കുകള്‍ക്കുംകണ്ടാലറിയില്ല.- (ശ്‌മശാനത്തിലെ ഓരോ പകല്‍). യാഥാര്‍ത്ഥ്യത്തിന്‌ മുഖം കൊടുക്കാത്ത കാലമാണ്‌ ജയദേവന്‍ വാക്കുകളില്‍ പ്രതിഫലിപ്പിക്കുന്നത്‌.
പുതുകവിതാ ബ്ലോഗില്‍ സി. പി. ദിനേശ്‌ എഴുതിയ ഒഴുക്ക്‌ എന്ന കവിതയില്‍ പറയുന്നു:
തോരാത്ത മഴയുടെ ചുവട്ടില്‍
കുട
ചൂടാതെനനഞ്ഞിരിക്കുന്നുകുട.
കാറ്റടിച്ചീടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍ഉള്ളു
കുതിര്‍ന്നങ്ങനെ.- വാക്കിന്റെ പെരുമഴയില്‍ കുതിരുന്ന മനസ്സാണ്‌ കവിത. നിയോഗത്തിന്റെയും നിവേദനത്തിന്റെയും രീതിശാസ്‌ത്രമാണ്‌ ദിനേശ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.
സ്‌കൂള്‍ബ്ലോഗ്‌
സ്‌കൂള്‍ ബ്ലോഗില്‍ ഇത്തവണ ഓല ഓണ്‍ലൈന്‍ മാസികയും നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്ന വൈല്‍ഡ്‌ഫ്‌ളവേര്‍സുമാണ്‌ പരാമര്‍ശിക്കുന്നത്‌. വടകര പുതുപ്പണം ജെ. എന്‍. എം. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓലയില്‍ ശരണ്യ പി. എഴുതിയ ബലിച്ചോറ്‌ എന്ന കവിത അവതരണത്തിലും ഇതിവൃത്തത്തിലും മികച്ചുനില്‍ക്കുന്നു. വായനക്കാരുടെ ഓര്‍മ്മയില്‍ വൈലോപ്പിള്ളിയുടെ കാക്കകള്‍ എന്ന കാവ്യം കൂടെനടക്കുമെങ്കിലും ശരണ്യ പഴയ കവിയില്‍ നിന്നും ഏറെ മാറിനടക്കുന്നുണ്ട്‌. ശരണ്യയുടെ കവിതയില്‍ നിന്നും:
കാലം കഴിഞ്ഞവര്‍ക്കായി
ഞാന്‍ ഉരുട്ടി വച്ച ബലിച്ചോറ്‌
ആര്‍ത്തിയോടെ കൊത്തിതിന്ന കാക്കകള്
‍സ്വര്‍ഗ്ഗത്തിലേക്കെന്നപോലെ
പറക്കാന്‍ തുടങ്ങി.- ഈ രചനയില്‍ മനോഹരവും അര്‍ത്ഥഗരിമയുമുള്ള നിരവധി വാക്കുകളുടെ സന്നിവേശമുണ്ട്‌. നിലപറങ്കിയുടെ കൊമ്പ്‌ പോലുള്ള പദപ്രയോഗം മികച്ച കാവ്യരചനയിലേക്കുള്ള വഴിയടയാളമാണ്‌ തെളിയുന്നത്‌. ശരണ്യയുടെ കവിതയുടെ തുടക്കം തന്നെ ഹൃദ്യമാണ്‌. എന്റെ മൗനത്തെയും വലിച്ചിഴച്ച്‌ ഈ രാത്രി മണ്ണിന്റെ ഈര്‍പ്പത്തിലേക്ക്‌ ഊര്‍ന്നിറങ്ങുകയാണ്‌.
ആര്‍. എന്‍. എം. എച്ച്‌. എസിലെ വൈല്‍ഡ്‌ഫ്‌ളവേഴ്‌സില്‍ ശ്രീഹരി എസ്‌. എന്‍ എഴുതിയ അടുപ്പ്‌ കല്ല്‌, അടുപ്പിന്റെ വേവും മനസ്സിന്റെ ചൂടുമാണ്‌ അടയാളപ്പെടുത്തുന്നത്‌. കവിതയില്‍ പറയുന്നു:
വേദനകളെരിച്ചിടുന്നു
മോഹമായ്‌ പുകപൊങ്ങുന്നു
എങ്കിലുമൊന്നാളിക്കത്താന്‍
മനം നിറയെ കൊതിച്ചിടുന്നു.-നോട്ടത്തില്‍ തളിര്‍ക്കുന്ന ജീവിതചിത്രമാണിത്‌.
ഹര്‍ഷമേനോന്റെ മലകയറ്റം, അരുണ്‍ ജി. പി.യുടെ ചൂല്‍ എന്നീ രചനകളും ശ്രദ്ധേയമാണ്‌. മലകയറുന്ന തന്നെ പുലരിയുടെ കരങ്ങള്‍ താങ്ങിനിര്‍ത്തുന്നതിനെപ്പറ്റിയാണ്‌ ഹര്‍ഷ ആലോചിക്കുന്നത്‌. അരുണ്‍ ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതമാണ്‌ ചൂലില്‍ വായിച്ചെടുക്കുന്നത്‌.
കാമ്പസ്‌ കവിത
കാമ്പസ്‌ കവിതയില്‍ ഈ ലക്കത്തില്‍ രണ്ട്‌ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. ശരണ്യ ശശി (പാലക്കാട്‌) യുടെ നിനക്കായ്‌ (മാതൃഭൂമി, നവം.22). അര്‍പ്പണത്തിന്റെ പാട്ടാണിത്‌. കൂട്ടുകാരിക്കായ്‌ എല്ലാം നീക്കിവയ്‌ക്കുന്ന മനസ്സാണ്‌ ശരണ്യ എഴുതിയത്‌:എന്റെ മോഹങ്ങള്‍പൂവിട്ടു പഴുത്തതുംകനിയായ്‌ നില്‌പതുംനിനക്കായ്‌ സഖീനിനക്കായ്‌ മാത്രം.-പ്രണയത്തിന്റെ കുമ്പസാരം എന്ന രചനയില്‍ ശ്യാം പി. എസ്‌ എഴുതുന്നത്‌ പ്രണയത്തിന്റെ ഇരിപ്പിടങ്ങളെക്കുറിച്ചാണ്‌. പ്രണയത്തെ പലവിതാനത്തില്‍ വെച്ച്‌ വായിക്കുകയാണ്‌ എഴുത്തുകാരന്‍. ശ്യാം പറയുന്നത്‌:
ചിലരുടെ പ്രണയങ്ങള്
‍ബസ്‌ യാത്രക്കാരെപ്പോലെയാണ്‌
കയറിയാല്‍ ഇറങ്ങിപ്പോകുവാന്
‍തിരക്കുക്കൂട്ടുന്നവരുണ്ട്‌
ചില പ്രണയങ്ങള്‍ നിന്ന്‌ നിന്ന്‌ കാല്‍ കഴച്ച്‌ആത്മഹത്യ ചെയ്യും.......ഇനിയും ചിലരുടെ പ്രണയം
എന്നും കണ്ടുമുട്ടുന്ന യാത്രക്കാരെപ്പോലെയാണ്‌
പരസ്‌പരം മിണ്ടാറില്ല.
കാവ്യനിരീക്ഷണം
ഏതൊരനുഭവത്തേയും ഭാവനയുടെ സഹായത്തോടെ വൈകാരികാനുഭൂതിയാക്കി മാറ്റാന്‍ കവിക്ക്‌ കഴിയണം. കവിമനസ്സില്‍ രൂപപ്പെടുന്ന ജീവിതത്തിന്റെ വ്യാഖ്യാനമാണ്‌ കവിത.- പ്രൊഫ. കടത്തനാട്ട്‌ നാരായണന്‍.
.-നിബ്ബ്‌ ചന്ദ്രിക, 29-11-2009

18 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

" മലയാളസാഹിത്യത്തില്‍ കവിതകളുടെ രൂപത്തിലാണ്‌ മുഖംമാന്തികള്‍ പ്രത്യക്ഷപ്പെടുന്നത്‌. ആ നിരയില്‍ ഉള്‍പ്പെട്ടതാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ (മാതൃഭൂമി, നവം.12)"

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ചെടിപ്പിക്കുന്ന മലയാള കവിതകള്‍ക്കിടയില്‍ അല്‍പ്പമെങ്കിലും ഈ ദിവസങ്ങളില്‍ ആശ്വാസം നല്‍കുന്നത് ബ്ലോഗിലെ കവിതകള്‍ക്കൊപ്പം എന്‍.പ്രഭാകരന്റെ കവിതകളാണ്. ആളുടെ ഞാന്‍ തെരുവിലേക്ക് നോക്കി ഒന്ന് മനസ്സിരുത്തി വായിക്ക്.

ഈ കാലത്തെ ഇത്രയും എഴുതിയ ഒരു കവി വേറെയുണ്ടോ എന്ന് ന്യായമായും സംശയിച്ച് പോകും. കവികള്‍ എന്ന് പേരുള്ള അനേകര്‍ ഇത് വായിച്ച് പഠിക്കേണ്ടതുമാണ്.

കവിതയില്‍ പ്രതിരോധം ഇപ്പോഴുമുണ്ടെന്ന് എന്‍.പ്രഭാകരന്റെ കവിത പറയുന്നു. തെളിയിക്കുന്നു.

ഇങ്ങനത്തെ കാടടച്ചുള്ള കവിത നിരൂപണം ആണെങ്കില്‍ അത് അച്ചടിയില്‍ മാത്രം മതി മാഷെ. ഇവിടെ ഈ ബൂലോകത്തെ കവിതയില്‍ നിന്ന് അകറ്റണമെന്നില്ല

Kuzhur Wilson പറഞ്ഞു...

ഒരര്‍ത്ഥത്തില്‍ ശരിയാണ് . പ്രഭാകരന്റെ കവിത മാന്തുന്നത് മലയാളിയുടെ കപടമുഖത്ത് തന്നെയാണ്.

അപ്പോള്‍ ചിലര്‍ക്ക് ഇത് പോലെ മുറിയും

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

കുഴൂരിന്റെ വാശി നല്ലതാണ്‌. പ്രഭാകരന്‍ പറയുന്നതെല്ലാം കവിതയാണെന്ന്‌ പറയുന്നിടത്താണ്‌ നമ്മുടെ വാശികള്‍ പുറത്തു ചാടുന്നത്‌. വിത്സണെപ്പോലുള്ള നല്ല വായനക്കാരായ എഴുത്തുകാര്‍ ഇത്രയും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്നത്‌ ശരിയാണോ. കവിത എന്തെന്ന്‌ വായിച്ചനുഭവിക്കാത്തവരുടെ നിരവധി പ്രതികരണങ്ങള്‍ കേള്‍ക്കാറുണ്ട്‌. നിബ്ബ്‌ ബ്ലോഗിന്‌ അപമാനമാണെന്നും നിര്‍ത്തണമെന്നും അത്‌ ബൂലോകത്തെ നശിപ്പിക്കുന്നു എന്നൊക്കെ. ചിലര്‍ കൃഷ്‌ണന്‍ നായരെയും കാണുന്നു. ഇതൊക്കെ വായിക്കുമ്പോള്‍ ചിരിയാണ്‌ വരുന്നത്‌. ഒരാളുടെ കാഴ്‌ചകൊണ്ടോ, വായന കൊണ്ടോ നശിക്കാനും തീരാനുമുള്ളതാണോ ബുലോകം. അല്ലെങ്കില്‍ കവിത എഴുത്ത്‌. നാം വലിയവരെന്ന്‌ കരുതുന്നവരുടെ മനസ്സിന്റെ ചെറുപ്പം കാണുമ്പോള്‍ അല്‍ഭുതം തോന്നുന്നു. എന്റെ ഗുരുനാഥനാണ്‌ എന്‍. പ്രഭാകരന്‍. അദ്ദേഹം എഴുത്തില്‍ ഈയിടെ ബോധപൂര്‍വ്വം കൊണ്ടുവരുന്ന സ്വയം നാശം കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്‌. അത്‌ മുഖംമാന്തി എന്ന പ്രയോഗത്തില്‍ ധ്വനിച്ചിരിക്കാം. പ്രഭാകരന്റെ കവിതകള്‍ നന്നായി ശ്രദ്ധിക്കാറുണ്ട്‌. എഴുതുമ്പോള്‍ നിബ്ബ്‌ മുഖം ഓര്‍ക്കാറില്ല. നല്ലതു വായിക്കാനിടവരുമ്പോഴും. അഭിപ്രായാന്തരങ്ങല്‍ സ്വാഭാവികം. പിന്നെന്തിന്‌ ശാഠ്യം? മലയാളി കടലാസിലായാലും ബ്ലോഗിലായാലും മുന്‍കൂട്ടി തീരുമാനിക്കുന്ന വാശി ഉപേക്ഷിക്കാന്‍ തയാറാകുന്നില്ല.

അനിലൻ പറഞ്ഞു...

പുതുകവിതയെക്കുറിച്ചെഴുതിയും കവിതയെഴുതിയും മലയാളകവിതയില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന 'സാഹിത്യകാരന്‍' എന്ന് എന്‍.പ്രഭാകരനെ വിശേഷിപ്പിക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പൊഴും. വില്‍സന്‍ പറഞ്ഞ, എന്‍.പ്രഭാകരന്റെ ആ കവിതാപുസ്തകം അദ്ദേഹത്തിന്റെ ശിഷ്യന്‍ വായിച്ചിട്ടില്ലെന്ന് തോന്നുന്നു!

Kuzhur Wilson പറഞ്ഞു...

എന്തൊരു കഷ്ടമാണിത്. കവിതയെ അടുത്തു നോക്കുന്നു എന്ന് വിചാരിച്ച വാണിമേല്‍ പോലും കവിതയൊഴിച്ച് ബാക്കിയെല്ലാം കാണുന്നു. ഇത്തവണ കലാകൌമുദിയിലുമുണ്ട് പ്രഭാകരന്‍ മാഷിന്റെ കവിതകള്ക്ക് നേരെ ഒരു മാന്തല്. എം .കെ ഹരികുമാര്‍ വക.

കവിത ക്യഷി ചെയ്യാന്‍ എളുപ്പമാണെന്ന് കരുതി പ്രഭാകരന്‍ മാഷ് കവിതയിലേക്ക് വന്നിരിക്കയാണത്രേ. ആള്‍ എഴുതിയ എന്തെങ്കിലും വായിച്ച ഒരാള്‍ ഇത് പറയുമോ ? പുലിജന്മം പോട്ടെ, ജനകഥ പോട്ടെ. എന്തെങ്കിലും . ആ മനുഷ്യന്റെ കവിതാ പുസ്തകം എങ്കിലും വായിക്കണ്ടെ.

കഥയെഴുതുന്നവര്‍ കവിത എഴുതിയാല്‍ എന്താണ്‍ പറ്റുക ? അപ്പോള്‍ ടാഗോറോ. ഇതിനൊന്നും മറുപടി എഴുതേണ്ടതല്ല. എന്.പ്രഭാകരന്റെ കവിതകളെക്കുറിച്ച് ഒരു നല്ല നിരൂപണം കാത്തിരിക്കുകയായിരുന്നു ഇതു വരെ.

ഇല്ല. സ്വന്തമായി ഒന്ന് ചെയ്ത് വരാം .

അനിലൻ പറഞ്ഞു...

രാക്കവിത

പാതിരാവിന്റെ തോട്ടത്തില്‍
ഇലകള്‍ തോറും ചില്ലകള്‍ തോറും
കിളികള്‍ ഒച്ചവയ്ക്കുന്ന പെരുമരമായി
മാറി അയാള്‍
ഇനി സ്വയം മുറിച്ചുമാറ്റുന്നതിന്റെ
ആനന്ദം
ലജ്ജ, ഏകാന്തത
സ്നേഹവും ഹിംസയും
മരണവും ജീവിതവും
എത്ര അരികെയാണെന്ന അറിവില്‍
അയാള്‍ മൂര്‍ച്ഛിക്കുകതന്നെ ചെയ്യും

എന്‍.പ്രഭാകരന്‍
പുസ്തകം: ഞാന്‍ തെരുവിലേക്ക് നോക്കി

അനിലൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kuzhur Wilson പറഞ്ഞു...

എം .കെ ഹരികുമാര്‍ കഥയില്‍ നിന്ന് കവിതയിലേക്കുള്ള മാറ്റത്തെ ക്യഷിയോടാണ്‍ ഉപമിച്ചിരിക്കുന്നത്. രണ്ടിന്റെയും മഹ്ത്വം അറിയില്ല എന്ന് മനസ്സിലായി

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പക്ഷി

അത്ഭുത ഖഗമൊന്നുമല്ല
വെറും സാധാരണ പക്ഷി
മുമ്പ് ചിറകുണ്ടായിരുന്നുവെന്ന് കേള്‍വി
ഇപ്പോഴേതായാലും ഇല്ല
മണ്ണിലിരിക്കുന്നു
നടക്കുന്നു
ഓടുന്നു
ചാടുന്നു

ഇരപിടിയില്‍ ഇളവില്ലാത്ത ആക്കം
എന്നേരവുമേതിനോടും
ഇണചേരാനൊരുക്കം
പോകെപ്പോകെ എല്ലാവരും പറയും:
ഒരു പക്ഷിയെന്നാല്‍ ഇതുതന്നെയല്ലേ
ചിറകൊക്കെ വെറും വെച്ചുകെട്ടല്ലേ?


എന്‍.പ്രഭാകരന്‍
പുസ്തകം: ഞാന്‍ തെരുവിലേക്ക് നോക്കി

Sapna Anu B.George പറഞ്ഞു...

Wonderful effort Wilson and truly inspiring

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

സ്‌നേഹിതന്‍ വിത്സനും സുഹൃത്തുക്കളും നിബ്ബിനെ മറ്റൊരാളുടെ കൂടെ നിര്‍ത്തി വായിക്കുന്നിടത്താണ്‌ പിശക്‌ വരുത്തുന്നത്‌. നിബ്ബിനെ തനിച്ചൊന്ന്‌ കണ്ടുനോക്കുക. അത്‌ ഏതെങ്കിലും എഴുത്തുകാരനെ കുറ്റപ്പെടുത്താനോ, പുകഴ്‌ത്താനോ ശ്രമിക്കുന്നില്ല. എന്‍. പ്രഭാകരന്റെ പുസ്‌തകത്തെപ്പറ്റിയല്ല നിബ്ബ്‌ പറഞ്ഞത്‌. ആ പുസ്‌തകം നന്നായി വായിച്ചിട്ടുണ്ട്‌. ചില കവിതകളോട്‌ വിയോജിപ്പുണ്ടെങ്കിലും 2009-ല്‍ ഇറങ്ങി യ മികച്ച കവിതാ പുസ്‌തകങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. നിബ്ബ്‌ ഒരു ആഴ്‌ച പ്രസിദ്ധപ്പെടുത്തിയ ഒരു കവിതയെ മാത്രമേ പരാമര്‍ശിച്ചുള്ളൂ. ഒരു എഴുത്തുകാരനെക്കുറിച്ചുള്ള സമഗ്ര വിലയിരുത്തലല്ല. അതിന്‌ നിബ്ബിന്റെ സ്ഥലവും ശ്രമവും പോരാ. എന്‍. പ്രഭാകരന്റെ രചനകള്‍ വളരെ നേരത്തെ പഠിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഥാമനസ്സ്‌ എന്ന പുസ്‌തകം കാണുക- പൂര്‍ണ, കോഴിക്കോട്‌. തിരക്കഥ ഉള്‍പ്പെടെ. നവംബര്‍ ലക്കം ഡിസി ബുള്ളറ്റിന്‍ നോക്കാം. ഒരു കവി/ കഥാകൃത്ത്‌ എഴുതുന്നതെല്ലാം മികച്ചതാകണമെന്നോ, മികച്ചതായിരിക്കുമെന്നോ വാശിപിടിക്കുന്നത്‌ ശരിയാണോ? കുഴൂരിനെ പോലുള്ള ബ്ലോഗ്‌ സുഹൃത്തുക്കള്‍ ആലോചിക്കേണ്ട വിഷയങ്ങളിലൊന്നാണ്‌. ബ്ലോഗിലെ സ്വാതന്ത്യം അംഗീകരിക്കുന്നു. അതുതന്നെ സ്വയം പ്രഖ്യാപനത്തില്‍ മുന്നില്‍ നില്‍്‌കുകയും ചെയ്യുന്നു. ശരിയോ, തെറ്റോ എന്നു പറയാന്‍ കഴിയില്ല. എങ്കിലും സംവാദത്തെ പൂര്‍ണ്ണമായി നിഷേധിക്കുന്നത്‌ വായനയില്‍ അഭികാമ്യമല്ലെന്ന അഭിപ്രായമാണ്‌ നിബ്ബിനുള്ളത്‌. സ്‌നേഹത്തോടെ.

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

എന്‍ പ്രഭാകാരന്‍ ധര്‍മപുത്രര്‍ എന്ന പൊസിഷനില്‍ നിന്നാണ് കവിത എഴുതുന്നത്‌.
ഒരു "ഞാന്‍മാത്രം ശെരി'' ഭാവം .

ഇത് കവികള്‍ക്ക് നല്ലതല്ല. രക്ഷകന്മാര്‍ക്ക് പറ്റും.

അജ്ഞാതന്‍ പറഞ്ഞു...

hmm

അജ്ഞാതന്‍ പറഞ്ഞു...

എന്‍. പ്രഭാകരന്‍ മികച്ചൊരു കഥാകൃത്താണ്. പുതുകവിതയില്‍ പ്രഭാകരന്‍മാഷ് നടത്തുന്ന ശ്രമങ്ങളെ കവിത എഴുതാനുള്ള പ്രയത്നമായി കാണേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ ഒട്ടും പുതിയതല്ല എന്നതല്ലേ സത്യം. എന്‍.പ്രഭാകന്‍മാഷിന്റെ കവിത പുതിയ കവിതയാണെന്നു പറയേണ്ടിവന്നാല്‍ ഉമേഷ്ബാബുവിന്റെയും കുഞ്ഞപ്പപട്ടാന്നൂരിന്റെയും കാനായി കുഞ്ഞിരാമന്റെയും കവിതകളും പുതിയ കവിതയെന്നു പറയേണ്ടിവരും. കഷ്ടപ്പെട്ട് പുതുകവിതയെ പുതുഭാവുകത്വത്തിലേക്ക് മാറ്റാന്‍ നവഊര്‍ജ്ജത്തോടെ പുതുകവികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍. പ്രഭാകരന്‍ മാഷിനെ പോലുള്ളവരുടെ കവിത സൂക്ഷ്മരാഷ്ട്രീയവും, വ്യത്യസ്തമേറിയ ക്രാഫ്റ്റും, പാര്‍ശ്യഭാവനയും, നവജീവിതവും, സമാന്തരജീവിതവും ഒക്കെക്കൊണ്ട് വളര്‍ന്നു വരുന്ന പുതു കവിതയെ പിന്നോട്ടടിക്കുകയാണ്.

അജ്ഞാതന്‍ പറഞ്ഞു...

മാഷ് തന്നെ മനസ്സിലാക്കേണ്ടതാണ്. എക്കാലവും ഓര്‍മ്മിക്കാന്‍ തക്ക കഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ആ കഥകള്‍ ഉണ്ടാക്കിത്തന്ന മാധ്യമ ഇടത്തിലേക്കാണ് അദ്ദേഹം പ്രത്യക്ഷ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പോലുള്ള ചെടിപ്പിക്കുന്ന കവിതകള്‍ പ്രസിദ്ധീകരിക്കുന്നത്. മാഷ് പ്രതിഭാശാലിയായ കഥാകൃത്താണ്. എന്നു കരുതി ബാബേല്‍ പോലുള്ള സ്ഥൂലവും, പ്രകടനപരതയുള്ളതുമായ മുദ്രാവാക്യ കവിതകള്‍ എഴുതി വായനക്കാരെ മടുപ്പിക്കേണ്ടിയിരുന്നോ....മാതൃഭൂമിയില്‍ ബാബേല്‍ എന്ന കവിത കുഴൂര്‍വിത്സണ്‍ എഴുതി അയച്ചാല്‍ കമല്‍റാമിന്റെ ചവറ്റുകുട്ടയിലാകും അതിന്റെ സ്ഥാനം. ഇവിടെ എന്‍. പ്രഭാകരന്‍ എന്ന ബ്രാന്‍ഡ് നെയിമാണ് കാര്യം. ഞാന്‍ തെരുവിലേക്ക് നോക്കി എന്ന സമാഹാരം എന്ത് ഭാവുകത്വമാണ് സുഹൃത്തുക്കളേ ഉണ്ടാക്കുന്നത്. ആത്മാര്‍ത്ഥമായി ചിന്തിച്ചുനോക്കൂ. ഇവിടെ മാഷും ശിഷ്യമ്മാരും എന്നതാണ് പ്രശ്നം. മലയാള കവിത ഭാവുകത്വ പരിണാമത്തിന്റെ ഘട്ടത്തിലാണ്.ദയവു ചെയ്ത് ആ മാറ്റത്തെ മാധ്യമ ബ്രാന്‍ഡ് ഭീകരന്മാര്‍ തല്ലിക്കെടുത്തല്ലേ

ഗുപ്തന്‍ പറഞ്ഞു...

കവിതകളെക്കുറിച്ചുള്ള ഒറ്റവാക്ക് നിരൂപണങ്ങളെക്കുറിച്ച് (മുഖം‌മാന്തിക്കവിത) തികഞ്ഞ വിയോജിപ്പാണെന്ന് ആദ്യമേ പറയുന്നു.

വിശകലനമില്ലാതെ സാഹിത്യസൃഷ്ടികളെ തരംതിരിക്കുകയും ഉച്ചമയക്കത്തിനിടയില്‍ ഉച്ചിക്ക് എറികൊണ്ട അമ്മാവന്മാര്‍ അരിശം തീര്‍ക്കാന്‍ ചെയ്യുന്നതുപോലെ ഇരട്ടപ്പേര് വിളിക്കുകയും ചെയ്യുന്ന നിരൂപണശൈലി വാരഫലത്തില്‍ ശ്രീ കൃഷ്ണന്‍ നായര്‍ ഇടയ്ക്കിടെ ഉപയോഗിച്ച് മടുപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തിട്ടുള്ള ഒന്നാണ്. അദ്ദേഹത്തിന്റെ അത്രതന്നെ കാഴ്ചയോ വിവേചനശേഷിയോ ഇല്ലാത്ത വാരഫലമിമിക്രി താരങ്ങള്‍ (കലാകൌമുദി ഉദാ.) ആ വഴി അധികമായി ഉപയോഗിച്ച് അതൊരു വിമര്‍ശനശൈലി ആക്കുന്നത് സംഗതി വളരെ എളുപ്പമായതുകൊണ്ടുമാത്രമാണ്. കവിതവായിച്ച ഒരു സാധാരണവായനക്കാരന്‍ അത് ഇഷ്ടമായോ ഇല്ലയോ എന്നു പറയുന്നത്ര ലഘുവായ ഒരു അഭ്യാസമാണ് നിരൂപണമെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഇക്കാര്യം മുന്‍പൊരിക്കല്‍ കമന്റായി പറഞ്ഞിരുന്നതാണ്.


പക്ഷേ

ശ്രീ എന്‍ പ്രഭാകരന്റെ മുകളില്‍ പറഞ്ഞ കവിത ഈ ചര്‍ച്ചകണ്ടതിനു ശേഷം അല്പം ബുദ്ധിമുട്ടിയാണെങ്കിലും വായിച്ചു. ഇതിനുതൊട്ടുമുന്‍പ് അനോണിമസാ‍ായി കമന്റിട്ട വായനക്കാരന്‍ പറഞ്ഞതുപോലെ സ്ഥൂലവും പ്രകടനപരവുമായ മുദ്രാവാക്യങ്ങളില്‍ ഒതുങ്ങിയ ഒരു രചന എന്നേ തോന്നിയുള്ളൂ. എന്‍ പ്രഭാകരന്‍ നല്ല എഴുത്തുകാരനായതുകൊണ്ട് അദ്ദേഹം എഴുതുന്നതെല്ലാം മികച്ചതാവണമെന്ന് ഇല്ല; അദ്ദേഹം പരട്ടക്കവിത എഴുതിയാലും മികച്ചതാണെന്ന് എല്ലാവരും സ്തുതിച്ചുകൊള്ളണമെന്നുമില്ല.

അജ്ഞാതന്‍ പറഞ്ഞു...

kariyad u r correct
n.prabhakaran oru taram pu.ka.sa linil ulla ezhuthanu. parajayamgalum, pollatharamgalum, kapadathayum, oke ullavaranu manushayar. allathe adarshatha kondu jeevithayine kapada mugam anu velippedunnathu. kuzhoor wilsonum,anilanum prabhakaran mazhinodu andahamaya aradana undennu tonnunnu. adhyam nalla kavitha ezhhutan sramikatte ee kavikal. blogil swanthamayi kireedam charthy rajakanmar akanulla sramam anu evarude n.prabhakara sthuthikalail ullathu.kunjikanan 2010 il irangiya mikacha pustakathil n.prabhakarante pustakathe sthutikkunathukandu. karanam enthanavo...? sathyam parayatte. anoniku tonniyathu,,n.prabhakarnte kavya bodam very poor ennanu. kuzhoor oru karyam manasilakanam n.prabhakaran vimarshanathinu athhethanalla. potta kavikal weekly kondu akalacharamam adaum.

അജ്ഞാതന്‍ പറഞ്ഞു...

anoniku oru abdam patty2010 alla 2009