1/10/09

അക്ഷരങ്ങള്‍ പോകുന്നിടം


ക്യാമറയുടെ ഭാഷ.ഫെര്‍ണോ ഒരു സാധ്യതയാണ്‌. ഹിമപര്‍വ്വത പിളര്‍പ്പില്‍ അകപ്പെട്ടുപോയവന്റെ വിഹ്വലതകളാണ്‌ അയാളുടെ കുട്ടിക്കാലത്തിന്‌. മഴനനയുന്ന, ഇരുണ്ട സന്ധ്യകള്‍. നെഞ്ചെരിഞ്ഞു തേങ്ങുന്ന കുട്ടിക്കാലത്തിന്റെ ദൃശ്യപഥങ്ങളില്‍ നിന്നാണ്‌ നാം കണ്ടു തുടങ്ങുന്നത്‌.നിങ്ങള്‍ നോവല്‍ വായിക്കുകയല്ല. ക്യാമറയുടെ ഭാഷ കാണുകയാണ്‌. ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക്‌ എന്നോടുതന്നെ വലിയ സത്യസന്ധത കാണിക്കേണ്ടതുണ്ട്‌. ഞാനുണ്ടാക്കുന്ന സിനിമയില്‍ ഞാന്‍ അനുഭവിച്ച ജീവിതം തിരിച്ചറിയാന്‍ കഴിയണമെന്നു മാത്രമല്ല, എന്റെ പ്രേക്ഷകരെ അത്‌ അനുഭവിപ്പിക്കണമെന്നും എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.- ഇത്‌ വി. ആര്‍. സുധീഷിന്റെ വിധേയം എന്ന ലഘുനോവലിലെ ഒരു സന്ദര്‍ഭം. എഴുതുന്ന വിഷയം വായനക്കാരുടെ മനസ്സില്‍ പതിയണമെന്ന ആഗ്രഹം മലയാളത്തിലെ എത്ര കവികള്‍ക്കുണ്ട്‌? ഇത്തരമൊരു ചിന്ത ഒട്ടുമിക്ക എഴുത്തുകാര്‍ക്കുമില്ല.

സൗന്ദര്യബോധത്തിന്റെ വെളിപാടിലേക്ക്‌ എത്താന്‍ കഴിയാത്തവിധം നമ്മുടെ കവികള്‍ കടുത്ത യുക്തിയുടെ ശാഠ്യങ്ങളില്‍ അകപ്പെട്ടിരിക്കുന്നു. അത്‌ പച്ചിലകളിലും ദര്‍ഭപ്പുല്ലിലും പരിഹരിക്കാന്‍ കഴിയില്ല. വന്യമായ നോവിന്റെ ഇളകിയാടലിലാണ്‌ കവിതയുടെ വ്യത്യസ്‌തമാനം തെളിയുന്നത്‌. പുതിയ കവിതയുടെ ഈയൊരു വിതാനത്തിലെത്താന്‍ മലയാളത്തിലെ പുതുകവിതകള്‍ക്ക്‌ സാധിക്കുന്നില്ല. നക്ഷത്രങ്ങളെ വിതാനിച്ചുകൊണ്ടുള്ള കവിതയെന്ന്‌ പേരിട്ടുവിളിക്കാന്‍ സാധിക്കുന്ന കുറെ രചനകളുമായി കഴിഞ്ഞവാരം ആനുകാലികങ്ങളെത്തി. ഗിരീഷ്‌ പുത്തഞ്ചേരി കഠിനോപനിഷത്ത്‌ എന്ന രചനയില്‍ എഴുതി: അഭിശാപജാതകത്തിന്റെ/ ചിതലരിച്ച പനയോലമേല്‍/ ഗണിതം തെറ്റിപ്പോയൊരു/ ജീവിതത്തിന്റെ ഫലിതം/ പേര്‍ത്തെടുക്കുന്ന ഞാനോ- (മലയാളം വാരിക, ഒക്‌ടോ.2). തിരക്കഥയിലും പാട്ടുകളിലും മാത്രമല്ല, കവിതയിലും ഗിരീഷിന്റെ അഭിശാപജാതക ചിന്ത ഒഴിയുന്നില്ല.എരിക്കിന്‍പൂക്കള്‍ എന്ന കവിതയില്‍ ലക്ഷ്‌മി ദേവി പറയുന്നു: കരളിന്റെ മുറിവിന്റെ പിളരുന്ന നോവിനെ/ തറയോടു പാകി ഞാന്‍ മൂടി/ അതിലൂടെയെങ്കിലുംമൊലിച്ചിറങ്ങുന്നെന്റെ/ കടലാസിലേക്കിറ്റു രുധിരം, വിങ്ങി/ യെരിയുന്ന ഹൃത്തിന്റെ മധുരം- (കലാകൗമുദി 1778). അയ്യപ്പപ്പണിക്കര്‍ ഈ കവിത വായിക്കാന്‍ ഇടവരാത്തത്‌ നന്നായി. രാത്രികള്‍ പകലുകള്‍ ഒരാവര്‍ത്തി വായിക്കാന്‍ പ്രചോദനമാകട്ടെ.

സച്ചിദാനന്ദന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പനി എഴുതിയിട്ടും കേരളത്തില്‍ പനി വ്യാപാരം തുടരുന്നു. പിന്നെന്തിന്‌ രാഘവന്‍ അത്തോളി എഴുതാതിരിക്കണം? സ്‌തുതിപാടുക നാം സ്‌തുതി പാടുക (അയ്യപ്പപ്പണിക്കരോട്‌ കടപ്പാട്‌). രാഘവന്‍ അത്തോളിയുടെ പനികള്‍ സമകാലീനപനികളെല്ലാം വിവരിക്കുന്നു: രാഷ്‌ട്രീയ ദുഷ്‌ടലാക്കു പനികളാകുന്നു/ വംശവെറികളും പനികളാകുന്നു/ മഴകളൊക്കെയും പനികളാകുന്നു/ ഉദയസൂര്യനും ഉദിക്കുന്ന ചന്ദ്രനും/ ഇദയരാഗവും പനികളാകുന്നു/ പനികളൊക്കെയും ശനികളാകുന്നു- (കലാകൗമുദി 1778).ഉറങ്ങുന്ന സുന്ദരി എന്ന വി. എം. ഗിരിജയുടെ കവിതയ്‌ക്ക്‌ മൂന്നുഖണ്‌ഡങ്ങളുണ്ട്‌. ഉറങ്ങുന്ന സുന്ദരി, ഉറങ്ങുന്ന സുന്ദരി കുട്ടികള്‍, അഹല്യ എന്നിവ. അഹല്യയില്‍ ഗിരിജ എഴുതി: ഇല്ല പറയുവാന്‍, ഒന്നു തലോടുവാന്‍/ ഇല്ലാ പരസ്‌പരമൊന്നും/ എന്തിനു പിന്നെയുണര്‍ത്തി, നീയാശ്രമ/ മണ്ണില്‍പ്പറിച്ചുനടാനോ- (മാതൃഭൂമി, ഒക്‌ടോ.4). ഗിരിജയുടെ ചോദ്യമുന രാമന്മാരുടെ മനസ്സ്‌ തുറപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം.യോഗമുദ്രയില്‍ രജനി ആന്‍ഡ്രൂസ്‌: കാലം വിസ്‌തൃതപ്പാത/ ഇറങ്ങേണ്ടിടം പറയാതെ/ നീണ്ടു തരുന്നൂ മുന്നിലേക്ക്‌.- (മാതൃഭൂമി). എന്നിട്ടും ജീവിതം നീണ്ടുപോകുന്നു.

തോര്‍ച്ച മാസികയുടെ സപ്‌തംബര്‍ ലക്കത്തില്‍ നിന്നും: മഷി നിറച്ചു വരുമ്പോഴേക്കും/ നീലനിറമുള്ള നിശ്വാസങ്ങള്‍ക്ക്‌/ ലീക്കടിക്കാന്‍ തുടങ്ങിയിരിക്കും- (അജിതന്‍ ചിറ്റാട്ടുകര). എസ്‌. ജോസഫ്‌: എലിയെ പിന്തുടര്‍ന്ന്‌ ഗോവണി/ കേറിപ്പോയ കണ്ണുകള്‍/ ഓടിട്ട മേല്‍ക്കൂരയില്‍/ പുക കേറുക മൂലം/ ചെമ്പിച്ച നിറം കൊണ്ട ചില്ലിലെ/ ചന്ദ്രനെത്തട്ടി നിന്നു. എഴുത്ത്‌ എന്ന രചനയില്‍ രോഷ്‌നി സ്വപ്‌ന എഴുതി: പറഞ്ഞുതീരും മുമ്പ്‌/ കണ്ണടയും/ അടഞ്ഞുതീരും മുമ്പ്‌/ ഉള്ളതും ഇല്ലാത്തതും/ ഒക്കെക്കൂടിയ/ ഒരു തണുത്ത മൗനം മൂടും. പുതുകവിതയുടെ കരുത്ത്‌ തിരിച്ചറിയാന്‍ വിമുഖതകാണിക്കുന്ന രാജേന്ദ്രന്‍ എടത്തുംകരയ്‌ക്കുള്ള(മലയാളം വാരിക-ലേഖനം) മറുപടി തോര്‍ച്ചയിലുണ്ട്‌. നിരൂപകന്‍ വരയ്‌ക്കുന്ന കള്ളിയില്‍ എഴുതുന്നവരല്ല എഴുത്തുകാര്‍. നിരൂപകരെ അധികവായനയിലേക്ക്‌ നടത്തിക്കുന്നവരാണ്‌. പതിരുകള്‍ പുതിയകാലത്തു മാത്രമല്ല, ടി. പത്മനാഭന്‍ കവിത വായിച്ചുശീലിച്ച സംശുദ്ധതയുടെ ശോഭനകാലത്തും ഉണ്ടായിരുന്നു. കാലം തന്നെ കളപറിക്കുമ്പോള്‍ നിരൂപകനെന്തു ജോലി? ഉത്തരം ലളിതം- സ്വന്തമായൊരു സൗന്ദര്യബോധം.കെ. പി. അപ്പന്റെ വാക്കുകള്‍: പുതുതായി എന്തെങ്കിലും പറയാനില്ലെങ്കില്‍ ഞാന്‍ എഴുതുകയില്ല. ശൂന്യമായ പെട്ടി തുറന്നു കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.- (വരകളും വര്‍ണ്ണങ്ങളും).

കവിതാപുസ്‌തകം: സഹനം കണ്ട വിറകുകൊള്ളികള്‍ നീറി നീറി തേങ്ങുന്നതിന്റെ ഒച്ചനക്കമാണ്‌ സക്കീര്‍ഹുസൈന്‍ എന്ന എഴുത്തുകാരന്‍ കേള്‍പ്പിക്കുന്നത്‌. എവിടെനിന്നും എപ്പോഴും ഉയരുന്ന തന്റെ കൈകളില്‍ ജീവനുള്ള കവിതയുണ്ടെന്ന്‌ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്നു കവി. മുപ്പത്തിയഞ്ച്‌ കവിതകളുടെ സമാഹാരത്തിന്‌ അക്ഷരങ്ങള്‍ പോകുന്നിടം എന്നാണ്‌ സക്കീര്‍ ഹുസൈന്‍ പേരിട്ടുവിളിച്ചത്‌. ജെ. ആര്‍. പ്രസാദിന്റെ കവിതപറയുന്ന ചിത്രങ്ങളും സക്കീറിന്റെ വരികളുടെ ആഴം അനുഭവപ്പെടുത്തുന്നു. കാഴ്‌ചകള്‍ക്കപ്പുറത്തേക്ക്‌ വായനക്കാരെ നടത്തിക്കുന്ന കവിതകള്‍. പി. കെ. ഗോപി അവതാരികയില്‍: ഭാഷയില്‍ എവിടെയും കുഴിച്ചു നോക്കുക, കവിത കിട്ടും. പക്ഷേ, ജീവിതത്തിന്റെ നന്മയിലും നൈര്‍മല്യത്തിലും വിശ്വാസമുണ്ടാകണമെന്നുമാത്രം. ജീവിത്തിലുള്ള ആത്മവിശ്വാസമാണ്‌ സക്കീറിന്റെ കവിതകളുടെ കരുത്ത്‌- (ഒലിവ്‌, 40രൂപ).

ബ്ലോഗ്‌കവിത: ബൂലോകകവിതാ ബ്ലോഗില്‍ നിന്നും രണ്ടുകവിതകള്‍. ഹരീഷ്‌ കീഴാവൂര്‍ എഴുതുന്നു: വെയിലും/ മഴയും/ പിന്നെ കണ്ടവന്റെ/ കണ്ണേറും കൊണ്ട്‌/ നല്ലതാകാതിരിക്കാനായി/ ചീത്തകളെ/ നമ്മള്‍ പൊതിഞ്ഞ്‌/ പിടിക്കുന്നത്‌. കാവ്യാന്ത്യത്തില്‍ ഹരീഷ്‌ ചോദിക്കുന്നു: കവിതയൊരു മുഴുത്ത ചീത്തയാകുമോ?. വി. മോഹനകൃഷ്‌ണന്‍: ഞാന്‍ തൊലിയടര്‍ത്തി നോക്കി/ അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു/ അടര്‍ന്ന തൊലികളാണ്‌/ ഞങ്ങളുടെ അര്‍ത്ഥം.പുതുകവിതാ ബ്ലോഗില്‍ ടി. എ. ശശിയുടെ കവിതയില്‍ നിന്നും: ഒരിടത്ത്‌ കാറ്റിന്‍/ ശിഷ്‌ടമുണ്ടോ/ ഒരുപിടി മണ്ണില്‍/ അതില്‍ ധൂളിയായ്‌/ തരികളായ്‌ തീര്‍ന്ന/ ശവശിഷ്‌ടം പോലെ.നീഹാരി ബ്ലോഗില്‍ മഹി എഴുതുന്നു: കടലാസുകളില്‍ അവര്‍ പറയുന്നു/ അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌/ അവര്‍ നിങ്ങള്‍ക്കായി സമാധാനം/ കൊണ്ടുവരുമെന്ന്‌/ ചരിത്രത്തിന്റെ ഓരോ വയലുകളിലും/ അമര്‍ന്ന്‌ നിശബ്‌ദമാവുന്നതിനെക്കുറിച്ച്‌/ നിങ്ങളെക്കാള്‍ നന്നായി ആരറിയാനാണ്‌?- (ആരറിയാനാണ്‌).തര്‍ജ്ജനിയില്‍ നവീന്‍ ജോര്‍ജ്ജ്‌: മരത്തെ ഓക്കാനിച്ചു/ കളയുന്നതിന്റെ ഒരു പാട്‌/ ഇല്ലെങ്കില്‍/ മരം തള്ളുന്നതിന്‌/മരം മണക്കുന്നതിന്‌/ പഴി കേട്ടെന്നു വരും!- (മരം കയറ്റവും മറ്റും.)-നിബ്ബ്‌ 4-10-2009