22/9/09

മോര്‍ച്ചറി

കാത്തിരിപ്പു അസഹ്യമാവുന്നവര്‍
മോര്‍ച്ചറിക്കു പുറത്തു
പിറുപിറുത്തും
വിരലുകള്‍ ഞെരിച്ചും ...
എത്ര കത്തിച്ചിട്ടും
അണഞ്ഞു പോവുന്ന ബീഡിക്കുറ്റി
തീപ്പെട്ടിയുരച്ചും വീണ്ടുമുരച്ചും
കാറ്ററിയാതെ കത്തിക്കുന്ന
മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍

അകത്ത്‌..
മരണത്തിന്റെ മൗനത്തില്‍
ഡെറ്റോളും ഫിനോയിലും
ഒരുമിച്ചൊരു ഗന്ധമാവുന്നു..
റാക്കുകളില്‍
കാത്തിരിക്കുന്നു ശവങ്ങള്‍..
തുടമാന്തിപ്പൊളിച്ചുകണ്ണുതുറിച്ചതു..
തലയുമുടലും ചേരാത്തതു,
വിഷംകുടിച്ചളിഞ്ഞുപോയതു,
താളംതെറ്റിയോടിയ ജീവിതത്തില്‍ നിന്നും
തെറിച്ചു വീണതു,
പാളങ്ങളില്‍ അരഞ്ഞു പൊയതു,
പറിച്ചു ചീന്തിയതു.....

മരിച്ചു കഴിഞ്ഞാല്‍ ഒരേ പൊലെ
ഒരേ പേരു ....ശവം
ആവശ്യക്കാരില്ലാതതു
പഠനമുറികളിലേക്കു..
പൊതു ശ്മശാനത്തിലേക്കു...
നിലവിളികളും
അടക്കം പറച്ചിലുകളുമായി
വരുന്നവരെ കാത്തു..
മിഠായികടലാസു
കൈവെള്ളയില്‍ മുറുക്കിപിടിച്ചു...
റോഡില്‍ ചിറകറ്റുവീണൊരുകുഞ്ഞുശലഭം...

മോര്‍ച്ചറി സൂക്ഷിപ്പുകാരനിപ്പൊഴും..
കാറ്ററിയാതെ..
കൈപൊത്തി തീപ്പെട്ടിയുരച്ചു............

1 അഭിപ്രായം:

ഹാരിസ്‌ എടവന പറഞ്ഞു...

2007 ല്‍ എന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാണു.
ഉമ്മാമ പറഞ്ഞ കഥപോലെ.അധികം വായിക്കപ്പെട്ടില്ല
എന്ന തോന്നലാണു സമകാലിക വായന കൂടുതല്‍ നടക്കുന്ന
ഇവിടെ പബ്ലിഷ് ചെയ്യാന്‍ കാരണം.