മരണത്തണുപ്പിനുമീതെ
വീണ്ടും വീണ്ടുമുള്ള
കണ്ണുനീര്പെയ്ത്തിന്
അല്പം ശമനമായിരിക്കുന്നു.
നിര്വികാരങ്ങളഴുകി ജീര്‍ണിച്ച
നിര്‍ഗുണ വിശേഷണങ്ങളുടെ
ആവര്‍ത്തന വിരസമായ
അനുശോചനത്തിരയേറ്റവും
ഒട്ടൊന്നടങ്ങിയിരിക്കുന്നു
ചാനലുകളും
ചരമക്കുറിമാനങ്ങളും
അടക്കിവാണ
ചമല്‍ക്കാരങ്ങളുടെ
ചക്രവര്‍ത്തിമാരും
അച്ചടിത്താളുകളില്‍
ദുഃഖം നിറക്കും
അക്ഷര ശ്മശാനങ്ങളുടെ
കാവല്‍ക്കാരും
ശവസമാനം
ക്ഷീണിച്ചുറക്കമായിരിക്കുന്നു.
വിശുദ്ധിയുടെ മഞ്ഞുതുള്ളിയില്‍
പുലര്‍താരകം കണ്മിഴിക്കുന്ന
ശാന്ത നിശ്ശബ്ദമായ
ഈ അനര്‍ഘ വിനാഴികയെ
സാക്ഷിനിര്‍ത്തി
പ്രഭോ,
അടക്കം ചെയ്യപ്പെട്ട
ചമല്‍ക്കാരങ്ങളുടെ
ചുടുകാട്ടില്‍നിന്ന്
അനശ്വരതയിലേക്കുള്ള പ്രാര്ഥനയായ്
അങ്ങ് പുറപ്പെടുമ്പോള്‍
ആ പദനിസ്വനംകേട്ട്
ഞെട്ടിയുണരുന്ന
അലങ്കാരക്കോഴികള്‍
വീണ്ടും മൂന്നുവട്ടം
കൂകുമോ എന്നു പേടിയുണ്ടെങ്കിലും
അലങ്കാരങ്ങളുടെ
അരക്കില്ലത്തിലകപ്പെട്ട
നിസ്സഹായനാണു ഞാന്‍!
2 അഭിപ്രായങ്ങൾ:
ഹ.ഹഹ... അലങ്കാരങ്ങളില്‍ നിന്ന് എന്നെ മോചിപ്പിക്കേണമേ എന്നാണോ :)
അലങ്കാരങ്ങളുടെ അരക്കില്ലത്തിനു തീപ്പിടിച്ചാല്‍ കത്തിത്തീരാവുന്നതേയുള്ളൂ ഞാനടക്കമുള്ളവരുടെ കാവ്യ ധാടി-മോടി-സൗന്ദര്യകേസരങ്ങള് എന്നും. അപ്പോഴും ശേഷിക്കുന്ന ആരുയിരാര്ന്ന അപൂര്‍വം കവിപുംഗവന്മാരേ നിങ്ങള്‍ക്കു തിരുവാഴ്ത്തു മൊഴികള്‍- അല്ലേ, വിഷ്ണുപ്രസാദ്!
സ്നേഹം,
നന്ദി
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ