ഇതാണോ പുതപ്പ്! ഇതു പോത്തിനെ പുതപ്പിക്കാനല്ലേ കൊള്ളാവൂ!- മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജഹാനാബാദ് ജില്ലാ മജിസ്ട്രേറ്റിനുനേരെ ആക്രോശിച്ചത് ചരിത്രവിഹിതം(1987). ഏതാണ്ടിതുപോലെ ഇമേജിസത്തിന്റെ അമരത്ത് നിലയുറപ്പിച്ച എസ്രാ പൗണ്ട് എഴുതി: 'കവിത കുറുകി ഉറച്ചിരിക്കണം. ഒരു കവിക്ക് സംഗീതജ്ഞന്റെ താളബോധമാവശ്യമാണ്. വിവരണങ്ങളില്‍ നല്ല കവി ഭ്രമിക്കുകയില്ല'. ലാലുവിന്റെയും എസ്രാപൗണ്ടിന്റെയും വാശികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നുണ്ട്- അവതരണത്തിനു സഹായകമാകാത്ത യാതൊന്നും ഉപയോഗിക്കരുതെന്നിടത്ത്. വാക്കുകള്‍ റബ്ബര്‍പന്തുകളാണെന്ന് ലാലുവും പൗണ്ടും ഓര്‍മ്മപ്പെടുത്തുന്നു. മലയാളത്തിലെ പുതുകവികള്‍ തിരിച്ചറിയാത്തതും മറ്റൊന്നല്ല.
വാക്കിന്റെ ജീവധാരയിലേക്ക് കണ്ണയക്കലാണ് കവിത. അത് ഏകാന്തതയില്‍ വായനക്കാരുടെ ബോധത്തെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കും.'അറിയുമേ ഞങ്ങളറിയും നീതിയും നെറിയും കെട്ടൊരു പിറന്നനാടിനെ'-(ആസാംപണിക്കാര്‍ -വൈലോപ്പിള്ളി). ഈ കുരുത്തംകെട്ട തിരിച്ചറിവ് തന്നെയാണ് കവിത പ്രസരിപ്പിക്കുന്ന വെളിച്ചം. കാവ്യരചനയുടെ വഴിയില്‍ ഉഷ്ണിച്ച മനസ്സുകള്‍ നിറഞ്ഞ മലയാളത്തില്‍, കവിത യെഴുത്ത് എളുപ്പപ്പണിയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാര്‍ അക്ഷരങ്ങള്‍ തുന്നിക്കെട്ടിയത് കണ്ടുകൊണ്ടാണ് ജൂലൈ 20 പുലര്‍ന്നത്. വാക്കുകളെ പുതപ്പിച്ചു കിടത്തിയവരില്‍ കെ. ജയകുമാര്‍, എ. അയ്യപ്പന്, മഞ്ചു വെള്ളായണി, ഈശ്വരമംഗലം, പത്മദാസ്, കുഞ്ഞപ്പ പട്ടാന്നൂര്‍, ശ്രീധരന് ചെറുവണ്ണൂര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.
വാക്കുകളെ താറാവുകൂട്ടങ്ങളെപ്പോലെ ആട്ടിത്തെളിച്ചവരുടെ നിരയിലും വലിയതിരക്കാണ് അനുഭവപ്പെട്ടത്. ആ കൂട്ടത്തില്‍ നൗഷാദ് പത്തനാപുരം, അബ്ദുള്ള പേരാമ്പ്ര, വി. എച്ച്. നിഷാദ്. റഫീക്ക് തിരുവള്ളൂര്‍, എം. ആര്. രേണുകുമാര്‍, മധു ആലപ്പടമ്പ് എന്നിവരുണ്ട്. കാവ്യ രചനയില്‍ പുലര്‍ത്തുന്ന അലസതയ്ക്ക് മികച്ച ഉദാഹരണങ്ങളാണ് ഈ എഴുത്തുകാരുടെ പുതിയ പറച്ചിലുകള്‍.
മികവുറ്റ ചലച്ചിത്രഗാനങ്ങളും കവിതകളുമായി വായനക്കാരുടെ മനസ്സില്‍ സ്പര്‍ശിച്ചു നില്ക്കുന്ന കവിയാണ് കെ. ജയകുമാര്‍. പക്ഷേ, അദ്ദേഹത്തിന്റെ പുതിയ രചന കാണുമ്പോള്‍ വായനക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കും:
ഗതിമാറിയൊഴുകുന്ന ചോരയുടെ വഴികളില്‍
വികലകാലത്തിന്റെ ദുരിതമേധം
മദമാര്‍ന്നു നുരയുന്ന മൃതകാല സന്ധിയുടെ
ചെകിളയില്‍പ്പൊട്ടുന്നു രുധിരപടലം- (കലാകൗമുദി, ജൂലൈ26)
ജയകുമാര്‍ ഇതുപോലുള്ള വികൃതികള്‍ പരസ്യപ്പെടുത്തുന്നത്; അദ്ദേഹത്തിന്റെ മുന്‍കാല കവിതകളോടുള്ള വെല്ലുവിളിയാണ്. എ. അയ്യപ്പന് നിയമാവലികള്‍ ബാധകമല്ലെന്നത് സുവിദിതം. അയ്യപ്പന് കുറിച്ചിടുന്നതൊക്കെ കവിതയാണെന്ന് കരുതുന്നത് അതിലേറെ അബദ്ധം. മാധ്യമത്തില്‍ എ. അയ്യപ്പന് എഴുതിയ ദംഷ്ട്ര നോക്കുക:
മൃഗമുണ്ടോ അറിയുന്നു
മനുഷ്യന്റെ ചിരിയിലൊളിപ്പിച്ചിരിക്കുന്നു
കൂര്‍ത്ത പല്ലുകളെ...
ഈ വരികള്‍ കുറിക്കാന്‍ അയ്യപ്പന്റെ ആവശ്യമുണ്ടോ ?
മഞ്ചു വെള്ളായണി (കേരള കൗമുദി വാരാന്തപ്പതിപ്പ് ജൂലൈ19) ഭൂമിയെപ്പറ്റി കുറിച്ചിടുന്നു:
ഇടിമിന്നലില്ലാത്ത തക്കം
മേഘമൊഴിഞ്ഞൊരു നേരം
മുറുക്കിത്തുപ്പിയാകാശം
കാതിലടക്കം പറഞ്ഞു
ഭൂമിനിന്‍ പെറ്റമ്മയല്ലോ
എത്രതവണ പലരും ഇങ്ങനെകരഞ്ഞു. മഞ്ചുവിന് മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രകൃതിയെ കേള്‍ക്കാന്‍ ചെവിമാത്രംപോര. തുറന്നുവെച്ച മനസ്സുവേണം. മഞ്ചുവിന് ഇല്ലാത്തതും വള്ളത്തോളിന് ലഭിച്ച വരദാനവും(അരിപ്രാവ്) അതാണ്.
ഈശ്വരമംഗലത്തിന്റേതായി കുറെ അക്ഷരക്കൂട്ടം:
ഞാനായ തങ്കക്കിനാവു പാലികയോ
ഞാനാം നിഴലിനെ രൂപാവതാരമോ (നിര്‍ന്നിമേഷം, ആഴ്ചവട്ടം-തേജസ് ജൂലൈ 19).
മലയാളം വാരികയില്‍ (ജൂലൈ24 ലക്കം) പത്മദാസ് പറയുന്നു:
വരൂ സഖീ, നാം തിരിച്ചുപോകാമിനി നീ
അരിയ ഭൂതകാലത്തിനാരാമത്തില്‍
കൊടിയവേനലില്‍ ശക്തനാമാരുണന്റെ
കിരണമേറ്റേറ്റു വാടുന്നപൂക്കള്‍. (മാണിക്യം തേടുന്ന നാഗങ്ങള്‍)
ഈ എഴുത്തുകാരുടെ പീഡനം സഹിച്ച് മലയാളഭാഷ ഫണം വിടര്‍ത്താതിരിക്കട്ടെ.
രാഷ്ട്രീയകവിതകള്‍ മലയാളത്തില്‍ എഴുതപ്പെടുന്നില്ല. ഇടയ്ക്കെങ്കിലും രാഷ്ട്രീയം കവിതയില്‍ കൂടുവയ്ക്കുന്നത് ശ്രദ്ധിക്കപ്പെടും. കുഞ്ഞപ്പ പട്ടാന്നൂര്‍ ശ്രമിച്ചു പരാജയപ്പെടുന്നതും രാഷ്ട്രീയമെഴുത്തിലാണ്. സാഹോദരങ്ങളെ കൊലചെയ്യുന്നവര്‍ എന്ന രചനയില്‍ കുഞ്ഞപ്പ പട്ടാന്നൂര്‍:
വൈറസ്സുകള്‍
വേട്ടക്കിറങ്ങുന്ന
പോക്കുവെയില്‍ നേരം
ഒരിക്കല്‍ ചിരികള്‍ പൂത്തുനിന്ന മുഖങ്ങള്‍
ഓരോന്നായ്
കറുത്തുകരുവാളിക്കുന്നു-(ജനശക്തി, ജൂലൈ 16).
അബ്ദുള്ള പേരാമ്പ്രയുടെ അത്രതന്നെ, ശ്രീധരന് ചെറുവണ്ണൂരിന്റെ മനുഷ്യനിലേക്ക്, നൗഷാദ് പത്തനാപുരത്തിന്റെ കടങ്കഥ.. എന്നീ രചനകള്‍ (ദേശാഭിമാനി വാരിക) പുതുകവിതയുടെ ചടച്ച ശരീരം വ്യക്തമാക്കുന്നു.
ആര്യാഗോപിയുടെ മറവി(ഇന്ന് മാസിക, ജൂണ്‍)യില്‍ പറയുന്നു:
ഉദിക്കാന്‍ മറക്കാറില്ല
വാക്കുകള്‍
അസ്തമിക്കാനാണ്
മറന്നുപോകുന്നത്.
കടല്‍ എന്ന രചനയില്‍ മധു ആലപ്പടമ്പ്:
കടല്‍ കണ്ടുകണ്ട്
അമ്മയുടെ കണ്ണില്‍
കടലൊരുങ്ങി കണ്ണീരായി-(കടല്‍-ഇന്ന് മാസിക, ജൂലൈ)
എന്നിവ ഹ്രസ്വത കൊണ്ട് സവിശേഷത പുലര്‍ത്തുന്നു.
അല്പം സൂക്ഷ്മത പാലിച്ചാല്‍ കവിതയോട് അടുത്തുനില്ക്കാന് കഴിയുമെന്നതിന് ദൃഷ്ടാന്തമാണ് നൗഷാദ് പത്തനാപുരത്തിന്റെ വരികള്‍:
കഞ്ഞിക്കലങ്ങള്‍
എത്ര പിഞ്ഞാണങ്ങളില്‍
പകര്‍ന്നുവച്ചിട്ടും
ആറിക്കിട്ടാത്ത സങ്കടങ്ങള്‍. -(ഭക്ഷ്യശൃഖംല- കലാകൗമുദി, ജൂലൈ 26).
പുതുകവിതാ ബ്ലോഗില്‍ (ജൂലൈ 15) നിന്നും മൂന്നുകവിതകള്.
കുടപ്പാട്ടില്‍ വി. എച്ച്. നിഷാദ്:
മഴയെ മറന്നാലും
കുടയെ മറക്കില്ല.
വെയിലില്‍
ഇല്ലേപ്പിന്നെ
നനഞ്ഞു കുളിക്കില്ലേ.
നോട്ടം എന്ന രചനയില്‍ റഫീക്ക് തിരുവള്ളൂര്‍ :
ഏതു പുരുഷന്റേയും
നോട്ടത്തിനു മുന്നില്‍
ഒരു സ്ത്രീയുണ്ട്.
എം. ആര്. രേണുകൂമാര്‍ എഴുതുന്നു:
കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ചു കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു.
ജീവിതത്തിന് ഇങ്ങനെയും ഒരു വശമുണ്ടോ? എന്ന ചോദ്യം സൈബര്‍ നിലാവ് എന്ന കവിതയില്‍ ആലങ്കോട് ലീലാകൃഷ്ണന് വരിച്ചിടുന്നു:
അന്തിചാഞ്ഞ വിരിപ്പുപാടങ്ങളില്‍
പുഞ്ചദാഹിച്ചു കേഴും തടങ്ങളില്‍
വേര്‍പ്പു തേവിത്തളര്‍ന്നു വരുന്നൊരാള്‍
നേര്‍ത്ത സൈബര്‍ നിലാവില് തെളിഞ്ഞുവോ-(മാതൃഭൂമി, ജൂലൈ27)- ആശയങ്ങളുടെ ആവിര്‍ഭാവവും സമൃദ്ധമായ ഒഴുക്കും അടയാളപ്പെടുത്തുന്ന കവിത.
സൂചന: അസ്ഥികൂടം പുറത്തായിരിക്കുന്ന ചിലയിനം ജീവികളെപ്പോലെയാണ് കവിത- ജോണ്‍ ഹോളന്‍ഡര്‍. അസ്ഥികൂടം അകത്തുതന്നെയിരിക്കണമെന്ന കരുതലാണ് എഴുത്ത്. കവിതയും വ്യത്യസ്തമല്ല.
എഡിറ്റിംഗില്ലാത്ത കവിതകള്‍
ഇമേജിസ്റ്റായ എസ്രാപൗണ്ടിനെ ചുവന്നമഷിയുള്ള പേന എന്ന് വിശേഷിപ്പിച്ചത് കവിതകളോട് പുലര്‍ത്തിയ നിലപാടുകള്‍ കൊണ്ടായിരുന്നു. അനാവശ്യവാക്കുകള്‍ എഡിറ്റു ചെയ്യുന്നതില്‍ പൗണ്ട് ജാഗ്രത കാണിച്ചിരുന്നു. മാതൃഭൂമിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ ജോലിചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വിരല്‍സ്പര്‍ശമേറ്റ് മലയാളത്തില്‍ കുറെ കവികളുണ്ടായി. ചിലരെങ്കിലും എഴുത്തുനിര്‍ത്തി. പുതിയ കാലത്ത് പേനയ്ക്ക പകരം മൗസ് എഡിറ്റിംഗ് ടേബിള്‍ ഭരിക്കുമ്പോള്‍ കവിതയുടെ പേരില്‍ നിരവധി പ്രബന്ധങ്ങള്‍ പുറത്തുവരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നത് എഴുതിത്തുടങ്ങുന്നവരെയാണ്. എഴുതിക്കഴിഞ്ഞാല്‍ പല തവണ വായിച്ച് സ്വയം ബോധ്യപ്പെട്ടാല്‍ മാത്രം പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചാല്‍ കാവ്യഭീകരതയില്‍ നിന്ന് വായനക്കാര്‍ രക്ഷപ്പെടും.
പുതുവഴി
പുതുവഴിയില്‍ നാല് രചനകളാണ് ഉള്‍പ്പെടുത്തിയത്. മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ (രമേഷ് ബേപ്പൂര്‍), രണ്ടു കവിതകള്‍ (ബാരിമോന്‍ ഇരിങ്ങല്ലൂര്‍), അ എന്ന വാക്ക് (നജീബ് മഞ്ചേരി),സ്ഫോടനം (അമീന്) എന്നിവ. മഴയെപ്പറ്റി രമേഷിന് ചിലതൊക്കെ പറയാനുണ്ട്. അത് ഭാഷാന്തരീകരിക്കുമ്പോള്‍ പറയാനുള്ളത് എവിടെയോ നഷ്ടമാകുന്നു. രണ്ടു കവിതകളിലും സംഭവിക്കുന്നത് ഇതേ പ്രശ്നമാണ്. പുതുമ എന്നു കരുതി എഴുതുന്നതെല്ലാം കവിതയാകില്ലെന്നതിന് തെളിവാണ് നജീവ് മഞ്ചേരിയുടെ അ എന്ന വാക്ക്. അമീന് എന്തൊക്കെയാണ് എഴുതിയത്. ശാന്തമായി ഒരിടത്തിരുന്ന് വായിച്ചുനോക്കിയാല്‍ ഇങ്ങനെയൊരു രചന ആവശ്യമില്ല എന്ന് അമീന് തന്നെ ബോധ്യപ്പെടും. ഈ എഴുത്തുകാരുടെ കാവ്യവെട്ടത്തിലേക്ക് സച്ചിദാനന്ദന്റെ വരികള്‍ കുറിക്കുന്നു:
എന്റെ കവിതയില്‍ ഞാന്‍
വാക്കുകള്‍ അടുക്കിയടുക്കിവെക്കുന്നു
പച്ചവിറകുകള്‍പോലെ- (ദേശാടനം എന്ന കവിത).
ചേര്‍ത്തുവായിക്കാന്‍ മറ്റൊരു നക്ഷത്രദീപ്തി- വിവേകശാലിയായ വായനക്കാരാ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കെ. പി. അപ്പന് എഴുതി:
എന്റെ നിലപാടുകളെ വിവേകത്തോടെ സ്വാഗതം ചെയ്യുകയും വിവേകത്തോടെ എതിര്‍ക്കുകയും ചെയ്ത വായനക്കാരെയാണ് ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ അഭിസംബോധന ചെയ്യുന്നത്.- ഇതിലടങ്ങിയ ആശയം പുതുവഴിക്കാര്‍ തിരിച്ചറിയണം.
കവിതകള്‍
മഴയെ കുറിച്ചോര്‍ക്കുമ്പോള്‍
രമേഷ് ബേപ്പൂര്‍
ആകാശത്തിന് മണ്ണിനോടുള്ള,
അടക്കാനാവാത്ത, അഭിനിവേശ-മാണ് മഴ!
ഇവ ജലനൂല്‍ തോരാ-
ണങ്ങളായി പെയ്തിറങ്ങുമ്പോള്‍
അടങ്ങാത്ത അനുഭൂതികള്‍ നല്കുന്നു
ഇഷ്ടമായതൊക്കെ അരികിലുണ്ടെങ്കിലും
മാരിയുടെ ഗൃഹാതുരത്വംനഷ്ടവസന്തമാണ്!
ഏതോ ഒരു കര്‍ക്കിടകമഴയില്‍
പിതൃത്വം പടിയിറങ്ങിയ ഈറന്‍സന്ധ്യയും
ഇടവഴിക്കോണിയുമുണ്ട്!
പിന്നെ അമ്മയുടെ നനഞ്ഞമിഴിയുടെസാക്ഷിയുമുണ്ട്!
വര്‍ഷം നിര്‍ത്താതെ-തിമിര്‍ത്തു പെയ്യുമ്പോള്‍
പാടവക്കത്തെ മണ്‍കുടിലും
പുഴയ്ക്കക്കര വീടുകളും
പുതച്ചെടുക്കുന്നതായി തോന്നും!
മഴ ജീവന്റെ സ്പന്ദനമാണ്
താളവും ഗീതവുമുള്ള അതില്‍
ബീജത്തിന്റെ ഉറവിടമുണ്ട്
അളക്കാനാവാത്ത പ്രതിഭാസമാണ് മഴ!
ഗോവര്‍ദ്ധനമുടികുടയാക്കി,
ഇടയന്‍രക്ഷകനായ കഥ
ആര്‍ദ്രസ്നേഹത്തിന്റെഹൃദയസ്പര്‍ശം മാത്രമാണ്.
രണ്ടു കവിതകള്‍
ബാരിമോന്‍ ഇരിങ്ങല്ലൂര്‍
കണക്ക്കൂടിയാല്‍ തെറ്റ്
കുറഞ്ഞാല്‍ കുറ്റം
പിരിച്ചും ഹരിച്ചും
അവള് നാളുകള്‍തള്ളുന്നു.
ഈ അടുക്കളവല്ലാത്തൊരു
കണക്കു പാഠശാല തന്നെ.
കണ്ണുനീര്‍ഉപ്പു കുറഞ്ഞതിന്
അവനെറിഞ്ഞപിഞ്ഞാണത്തിലൂറ്റിയ
കണ്ണുനീരിന് നല്ലഉപ്പു രുചിയുണ്ട്.
സമൃദ്ധി നടിച്ച്പട്ടിണി കിടന്ന്
അവന്‍തിന്നെണീറ്റ പാത്രം
മോറിയപ്പോളുറ്റിയകണ്ണുനീരിന്
തേനിനേക്കാള്‍മാധുര്യവുമുണ്ട്.
അ എന്ന വാക്ക്
നജീബ് മഞ്ചേരി
അ ഒരു അക്ഷരമല്ല
അ
ഒരു വാക്കാകുന്നു.
അതില്‍
ആത്മീയതയുണ്ട്
അശ്ലീലതയുമുണ്ട്
വ്യഭിചരിക്കപ്പെടുന്നവാക്കുകളിലെ
വലിയ ഇരയാകുന്നു അ.
സുഹൃത്തേ,എന്റെയീ മൗനം പോലും
അശ്ലീലമെന്നോ!
എന്നോട് ക്ഷമിക്കുക
ഇവിടെ രക്ഷയില്ല
മനുഷ്യനും ഭൂമിയേക്കാള്‍
തൂക്കമുള്ളൊരീയൂക്കന്‍ വാക്കിനും.
സ്ഫോടനം
അമീന് ഖാസിയാറകം
കടലില്‍ അലറുന്നുതിരമാലകള്‍
ഒപ്പംഏ.കെ. 47നും അനേകംഭാവി ജഡങ്ങളും
കാണാമറയത്ത് മറയുന്ന അപരിചിതര്‍
രാത്രിപൊക്കിയെടുത്ത മനസ്സുകള്‍
പിറ്റേന്ന് നഗരങ്ങളില്ചിന്നിച്ചിതറി
അടര്ന്നുപോകുന്നവേരുകള്,
ഉതിര്‍ന്നുവീഴുന്ന പഴങ്ങള്‍,
കൊഴിഞ്ഞുപോകുന്ന ഇലകള്‍
എല്ലാം പരസ്പരബന്ധിതം
ബാക്കിയുണ്ട് നമുക്ക്
വിലപിക്കാന്‍ തെറിപറയാന്‍
വോട്ടുബാങ്കുകള്‍ തിട്ടപ്പെടുത്താന്‍.
-കുഞ്ഞിക്കണ്ണന് വാണിമേല്‍
6 അഭിപ്രായങ്ങൾ:
നന്നായി
കവിതകളെക്കുറിച്ചുള്ള ചിന്തയിൽ സൈബർ സ്പേസിലെ ചില്ലറ ശ്രമങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
കൂടെ കമെന്റ് മോഡറേഷനും ;)
താങ്കളുടെ വായന എന്റെ ഉത്തരവാദിത്വം കുറച്ചുകൂടി വര്‍ദ്ധിപ്പിച്ചു. നന്ദി
കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍
കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍
സത്യത്തില്‍ താങ്കളെ പ്പോലെ സാഹിത്യത്തെയും രചനകളേയും ഗൌരവബുദ്ധ്യാ കാണുന്ന ഒരാള്‍ സൈബര്‍ ലോകത്തെ നിരീക്ഷിക്കുന്നു എന്ന് കാണുമ്പോള്‍ തീര്‍ച്ചയായും സന്തോഷം നല്കുന്നു.
സൈബര്‍ സ്പേയ്സിനെ അതിന്റെ രീതിയിലുള്ള മാറ്റങ്ങളില്‍ താങ്കളുടെ ശ്രമങ്ങള്‍ അനിവാര്യമായിരിക്കുന്ന ഒരു കാലമാണ് എന്ന് തന്നെ പറയാം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ഉത്തരവാദിത്വം ഒട്ടും കുറക്കണ്ട സഖാവേ, ഞങ്ങള്‍ വായിക്കാന്‍ കൂടെയുണ്ട്.
ബ്ലോഗുകളെ കുറച്ചുകൂടി ഗൌരവത്തിലെടുത്താല് നന്നായിരുന്നു.
വായനയും മറുവായനയും ഒളിയമ്പുകളും അനിവാര്യം. താങ്കള്‍ സൂചിപ്പിച്ചതുപോലെ പറയാനുള്ളത് പറയാന്‍ ഇനിയും ശ്രമിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ