10/7/09

കണ്ണാടി /എ ശാസ്‌തൃശര്‍മ്മന്‍

കുട്ടി കണ്ണാടി നോക്കുമ്പോള്‍
അവന്റെ ഓമന മുഖം അതില്‍ കാണാം
കുറച്ചകലെ പിടിച്ചെങ്കില്‍
ഉമ്മറത്തൂണുകളും മുറ്റവും കാണാം
കുറച്ചുകൂടി അകലെയെങ്കില്‍
മുറ്റത്തെ തുളസിച്ചെടികളും
തുളസിയിലകളിലെ തുപ്പല്‍ക്കൂടുകളും
ചരല്‍‌ക്കല്ലുകള്‍ക്കിടയിലെ കട്ടുറുമ്പുകളും കാണാം.
കുറച്ചുകൂടി അകലെയെങ്കില്‍
അയല്‍ക്കാരുടെ മാളികകളും
മുതുമുത്തച്ഛന്‍ മാവുകളും
നീലക്കുന്നുകളും പുഴയും കാണാം.
കുറച്ചുകൂടി അകലെയെങ്കില്‍...
ഒരു വെള്ളി വെളിച്ചം മാത്രം കാണാം.