മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..
മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.
മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ
അതുവഴിയേ പോകുമ്പോഴൊക്കെ
വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ
ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,
തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങളെ
ഒളികണ്ണിട്ട് നോക്കുന്നതും എനിക്കറിയാം.
മീശമുളച്ച ആണുങ്ങളെക്കണ്ടാൽ പേടിക്കും,
മുലമുളച്ച പെണ്ണുങ്ങളെക്കണ്ടാൽ നാണിക്കും,
എന്നല്ലാതെ
എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ
കാലിൽ തടഞ്ഞ് വീഴിക്കും കള്ളക്കരുമാടി.
മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന
കുട്ടികളെ തണുപ്പിക്കാൻ അമ്മമാരെത്തും
പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.
പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ
തന്മയത്വത്തോടെ അതും പങ്കെടുക്കുന്നുണ്ടാവും.
കുട്ടികൾ നിർത്തിയാലും തുടരുന്ന
ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.
മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും
ഇടവെയിൽ കാഞ്ഞും
ഒരേ കിടപ്പ് കിടക്കും വഴിയിൽ.
ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്
ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.
മഴ തീർന്നാൽ തലയിൽ
മണ്ണിട്ട് ആളുകൾ വഴിനന്നാക്കും.
അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...
മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും
സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും
ഏതോ അവതാരം വരം നൽകിയിട്ടുണ്ടാകും അതിന്...
9 അഭിപ്രായങ്ങൾ:
ഇന്നും കൂടി കണ്ടതാണല്ലോ ഈ പാറയെ എന്നു പരിചയം...
കവിത കലക്കി...:)
പാറക്കരച്ചില്‍....അമ്മമാരുടെ നാടകം....എനിക്കും തട്ടിവീണ് ഓര്‍മ്മയുടെ മുട്ടില്‍ ചോരകിനിയുന്നൂ......
ഭാഗ്യമുള്ള പാറ...മഴക്കാലത്ത് വരാന്‍ വരം കിട്ടിയല്ലൊ....പൊട്ടിച്ച് ദൂരെ കളഞ്ഞിരുന്നെങ്കിലൊ?നല്ല കവിത.
Shapamochanam kittumvare kathirikkatte... Nannayirikkunnu. Ashamsakal...!!!
കുട്ടികളെ വീഴ്ത്തിയിട്ടും ദു:ഖിക്കാത്ത കല്ലു മനസുള്ള പാറ. കുട്ടിക്കാലത്തേ എന്നെ വീഴ്ത്തിയിട്ട് രണ്ടു പല്ലിന്റെ പാതി കടിച്ചു തിന്നവൻ …
നന്നായിരിക്കുന്നു!!
എന്തെങ്കിലും ശാപം കിട്ടി പാറയായ മനുഷ്യരാവും,പാവം.കവിത ഇഷ്ടമായി.
നമ്മൾ എത്രമണ്ണിട്ട് മൂടാൻ ശ്രമിച്ചലും ചില കരച്ചിലുകൾ അശാന്തമായി അവശേഷിക്കും.നല്ല കവിത,വാക്കുകളിലൂടെ ഒഴുകുന്ന അനുഭവം.
നമ്മൾ എത്രമണ്ണിട്ട് മൂടാൻ ശ്രമിച്ചലും ചില കരച്ചിലുകൾ അശാന്തമായി അവശേഷിക്കും.നല്ല കവിത,വാക്കുകളിലൂടെ ഒഴുകുന്ന അനുഭവം.
നല്ല കവിത....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ