1/5/09

ദാനിയേല്‍ 13 (edited)

 

ദാനിയേല്‍ 13

എന്റെ മുറിയില്‍ ഉറങ്ങുന്നുണ്ട് സൂസന്ന.
ഉടുപ്പോരല്‍പ്പം ഉയര്‍ന്ന്,
എറുമ്പ് രോമങ്ങള്‍ സന്കീര്‍ത്തനം വായിക്കുന്ന 
ചെറിയ മെലിഞ്ഞ കാലുകള്‍.
അവളുടെ ചുരുണ്ടു ചുരുണ്ട മുടി. 
നെറ്റിയില്‍ ടൈഗര്‍ ബാം പൊള്ളിയ ചതുരങ്ങള്‍. 
മുഖത്തോട് ചേര്‍ന്ന വിരല്‍ 
എപ്പോള്‍ വായില്‍ വെയ്ക്കുമോ എന്തോ? 
ഉറങ്ങുന്നതു കണ്ടാല്‍ പാവം എന്നല്ലാതെ എന്ത് തോന്നാന്‍? 


സമുദ്രങ്ങളുടെ മുഴക്കം പ്രാവിന്റെ കുറുകല്‍ ആക്കി 
സൂസന്നാ, 
നീ എന്നാണു ജലമായി മാറുന്നത്? 

നിന്റെ ഒഴുക്കുകളില്‍ ചെറിയ പട്ടണങ്ങള്‍ 
ഒലിച്ചു പോകുന്നതെന്നാണ്?
നഗരങ്ങളുടെ അരികുകളെ നിന്‍റെ 
തിരയുടെ അരം കൊണ്ട് 
മൂര്‍ച്ച കൂട്ടി എടുക്കുന്നതെന്നാണ്? 
എന്നാണ് നീ ഭൂമിയുടെ അതിരുകളില്‍ വെച്ച് ശരീരം 
പറവകള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത്?

നീ ഇല്ലാതാവുന്നതും എല്ലാമാവുന്നതും എന്നാണ്? 



മിന്നലില്‍ സവാരി ചെയ്യുന്നവരേ, 
നാട്ടു ചന്തയില്‍ ഉദ്ഘോഷിക്കരുതേ...
ഒന്നുറങ്ങാന്‍ വന്നതല്ലേ ഇവിടെ, 
ഉറങ്ങിക്കോട്ടെ.
 
പ്രഭാസക്കറിയാസ്

1 അഭിപ്രായം:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒന്നുറങ്ങാന്‍ വന്നതല്ലേ ഇവിടെ,
ഉറങ്ങിക്കോട്ടെ. :)