20/4/09

ജലച്ചിത്രം

അനക്കം കെട്ടുള്ള ഈ കിടപ്പ്‌
ഒറ്റക്കൊത്തിന്‌ പൊട്ടിച്ച്‌
ഉള്ളിലൊളിയ്ക്കും പിടപ്പുമെടുത്ത്‌ പറക്കാന്‍
ഇലമറഞ്ഞിരിപ്പുണ്ടൊരുവന്‍.

കാറ്റില്ലാതെയും വീഴാമൊ എന്നൊരു കരിയില
ഞെട്ടടര്‍ന്ന്‌ താഴേയ്ക്കു പിറുപിറുക്കുന്ന കശുമാങ്ങ
വെയില്‍പ്പാടം മുറിച്ചോടി വരുന്ന പശു
ഉച്ചമയക്കത്തില്‍ നിന്നൊരു കൊക്കിപ്പറക്കല്‍... മതി
വെള്ളപ്പരപ്പറിയാതെ ഉമ്മവെച്ഛ്‌
വട്ടപ്പൊട്ടുകളുണ്ടാക്കും
മീന്‍ചുണ്ടുകള്‍ മുങ്ങിക്കളയും.

ശ്വാസം മറന്നിരുന്ന നിമിഷപ്പാതിയില്‍
ഒറ്റക്കാലില്‍ തൂങ്ങിനില്‍ക്കും തലയ്ക്കുമേലെക്കൂടി
പാഞ്ഞുവന്ന ഓട്ടിന്‍ചീള്‌
ആകുലതകളിലേയ്ക്കൊന്നും പരതാതെ
നിവര്‍ത്തിയിട്ടിരുന്ന ആകാശമെറിഞ്ഞുടച്ച്‌
കണ്ണില്‍ ചില്ല്‌ തെറിപ്പിച്ചു..

6 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

കാറ്റില്ലാതെയും വീഴാമൊ എന്നൊരു കരിയില
ഞെട്ടടര്‍ന്ന്‌ താഴേയ്ക്കു പിറുപിറുക്കുന്ന കശുമാങ്ങ


മനസിലേക്ക് വീഴുന്ന ഓട്ടിന്‍ ചീള്

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“നിവര്‍ത്തിയിട്ടിരുന്ന ആകാശമെറിഞ്ഞുടച്ച്‌
കണ്ണില്‍ ചില്ല്‌ തെറിപ്പിച്ചു..“


വെള്ളപ്പരപ്പറിയാതെ ഉമ്മവെച്ച്....

Kaithamullu പറഞ്ഞു...

“അനക്കം കെട്ടുള്ള ഈ കിടപ്പ്‌
ഒറ്റക്കൊത്തിന്‌ പൊട്ടിച്ച്‌
ഉള്ളിലൊളിയ്ക്കും പിടപ്പുമെടുത്ത്‌ പറക്കാന്‍
ഇലമറഞ്ഞിരിപ്പുണ്ടൊരുവന്‍.“

പറയാതെ പറഞ്ഞൂ എല്ലാ കാര്യങ്ങളും
ഈ വരികളില്‍!!

-ബാക്കി വാ‍യിക്കണോ?

അനിലൻ പറഞ്ഞു...

ആരവന്‍?
അമ്പടാ!

Phayas AbdulRahman പറഞ്ഞു...

"ഞെട്ടടര്‍ന്ന്‌ താഴേയ്ക്കു പിറുപിറുക്കുന്ന കശുമാങ്ങ" ഇതിലെന്താണുദ്ധേശിച്ചതെന്നു മനസ്സിലായില്ല.. സത്യം പറഞാല്‍ ഒന്നും മനസ്സിലായില്ല.. സന്ദര്‍ഭം വിവരിച്ചു ആശയം വ്യക്തമാക്കാമോ..??
കാര്യായിട്ടു പറഞതാട്ടോ.. എനിക്കു മനസ്സിലായില്ല.. :(

മുസാഫിര്‍ പറഞ്ഞു...

മനസ്സിലേക്ക് കൊണ്ടു കയറുന്ന ഗ്രാമീണ ചിത്രങ്ങള്‍ !ഒരാഴ്ച്ചത്തേക്ക് മുങ്ങാം കുഴിയിട്ടത്തിന്റെ ബാക്കിയായിരിക്കും അല്ലെ ?