21/1/09

ടെററിസ്റ്റ് ,അവന്‍ നോക്കിക്കൊണ്ടിരിക്കുന്നു.

[ Wislawa Szymborska എഴുതിയ The Terrorist, He Watches എന്ന കവിതയുടെ വിവര്‍ത്തനം. ]


ബാറിനുള്ളിൽ ബോംബ്‌ ഉച്ചക്ക്‌ ഒന്നേ ഇരുപതിനു പൊട്ടിത്തെറിക്കും.
ഇപ്പോൾ സമയം ഒന്നേ പതിനാറുമാത്രം
ചിലർക്ക്‌ ഇനിയും അകത്തേക്കു പോകാൻ സമയമുണ്ട്‌,
ചിലർക്ക്‌ പുറത്തേക്കിറങ്ങാനും.
ആ ടെററിസ്റ്റ്‌ തെരുവിന്റെ മറുവശത്തേക്ക്‌ മാറിനിന്നു കഴിഞ്ഞു.
ദൂരം അയാളെ ഏതപകടത്തിൽ നിന്നും രക്ഷിക്കും,
മാത്രമോ, ക്രൗര്യം നിറഞ്ഞ കണ്ണുകൾക്ക്‌
എന്തൊരു കാഴ്ച്ചയാണിത്‌:
മഞ്ഞ ജാക്കറ്റണിഞ്ഞ ഒരു സ്ത്രീ, അവൾ അകത്തേക്കു പോകുന്നു.
കറുത്ത കണ്ണട വച്ചയൊരാൾ, പുറത്തേക്കിറങ്ങി.
ജീൻസിട്ട ചെറുപ്പക്കാർ, അവർ സംസാരിച്ചു കൊണ്ടു നിൽക്കുകയാണവിടെ.
ഒരു മണി പതിനേഴുമിനിട്ട്‌ നാലു സെക്കന്റ്‌.
ആ പൊക്കം കുറഞ്ഞയാൾ ശരിക്കും രക്ഷപെട്ടു, സ്കൂട്ടറിൽ കയറി പോകുന്നു.
ആ പൊക്കം കൂടിയ മനുഷ്യൻ, അയാൾ അകത്തേക്കു കടന്നു.
ഒരു മണി പതിനേഴു മിനിട്ട്‌ നാൽപത്‌ സെക്കന്റ്‌
അവിടെ ആ പെൺകുട്ടി, മുടിയിൽ പച്ച റിബ്ബൺ കെട്ടിയവൾ
കഷ്ടമായിപ്പോയി ബസ്സ്‌ കാഴ്ചയിൽ നിന്നു് അവളെ ഒന്നു മറച്ചത്‌.
ഒന്ന്‌ പതിനെട്ട്‌.
ആ പെൺകുട്ടിയെ അവിടിപ്പോൾ കാണാനില്ല.
അകത്തേക്കു പോകാൻ മാത്രം മണ്ടിയാണോ അവൾ, അതോ കയറിയിട്ടില്ലേ?
അത്‌ അവരെ പുറത്തേക്കെടുത്തുകൊണ്ടു വരുമ്പോൾ നമുക്കു കാണാം.
ഒന്ന്‌ പത്തൊൻപത്‌.
ആരും അകത്തേക്കു പോകുന്ന ലക്ഷണമില്ല.
മറിച്ച്‌, ഒരു തടിയൻ കഷണ്ടി പുറത്തേക്കിറങ്ങി വരുന്നുമുണ്ട്‌
അയാൾ പോക്കറ്റിൽ എന്തോ തപ്പിനോക്കുന്നതുപോലെ, എന്നിട്ട്‌
ഒന്ന് പത്തൊൻപത്‌ അൻപത്‌ സെക്കന്റ്‌
അയാളുടെ വൃത്തികെട്ട കയ്യുറകൾ തപ്പി അകത്തേക്കുതന്നെ തിരിച്ചുപോയി
ഒന്ന് ഇരുപത്‌
സമയം, എത്രയിഴഞ്ഞാണു പോകുന്നത്‌
ഇനി ഏതു നിമിഷത്തിലും സംഭവിക്കാം
ഇതുവരെ ആയിട്ടില്ല
അതെ, ഇതുതന്നെ
ബോംബ്‌, അത്‌ പൊട്ടിത്തെറിച്ചു.

7 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

മികച്ച ഒരു കവിത പരിചയപ്പെടുത്തിയതിന് നന്ദി:)

വിശാഖ് ശങ്കര്‍ പറഞ്ഞു...

നന്ദി സുഹൃത്തേ,
സസ്യശ്യാമള കോമള കാല്‍പ്പനികതകളെ ഞെട്ടി ത്തെറിപ്പിച്ച ഈ കവിതയ്ക്ക് ഒരുപാടൊരുപാടു നന്ദി.

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇത്തരം പരിഭാഷാ ശ്രമങ്ങളെ ചുരുങ്ങിയത് നാം പ്രോത്സാഹിപ്പിക്കണം.ഗൌരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാവുന്നത് കവിതകളുടെ ബൂലോകവര്‍ത്തമാനത്തെ ഒന്ന് റിഫ്രെഷ് ചെയ്തേക്കും.ബ്ലോഗ് കവിതകളുടെ സാര്‍വത്രികമായ അയഞ്ഞ ജനകീയ ഘടനയെ കുറിച്ച് ഒരു പുനര്‍ചിന്തനത്തിന് സമയമായെന്ന് തോന്നുന്നു...

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവിത എന്നും നിര്‍വചനങ്ങള്‍ക്കപ്പുറത്താണ് ...ഒരുബോംബുപോലെ അതെന്നോ സംഭവിക്കുന്നു./(പൊട്ടുന്നു)..ഇതാ അതിവിടെ യും സംഭവിച്ചിരിക്കുന്നു ഇത്തരം നല്ലവിവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാവട്ടെ....

Jayasree Lakshmy Kumar പറഞ്ഞു...

He watches..!!!
നന്നായിരിക്കുന്നു പരിവർത്തനം

Mahi പറഞ്ഞു...

വിഷ്ണു മാഷോട്‌ ഞാനും യൊജിക്കുന്നു

Sureshkumar Punjhayil പറഞ്ഞു...

This is really nice..! Thanks & Best wishes Dear...!!!