വ്യാഴം, ജനുവരി 09, 2025

2/12/08

ഉത്തരം

പരീക്ഷയെഴുതുമ്പോൾ ഇരുപുറം,

മുന്നിലും പിന്നിലും

പട്ടാളക്കാരാകും ചോദ്യങ്ങൾ

 

കൈയക്ഷരവടിവുകളിലേക്ക്

ഉന്നം നോക്കും തോക്കിൻ‌കുഴൽ

ഒളിഞ്ഞിരിക്കും വെടിയുണ്ട

 

എത്ര നിശ്ശബ്ദമാണീ ജാഗ്രത

പരീക്ഷാമുറിയിൽ എന്ത് നടക്കുന്നുവെന്ന്

പുറത്ത് ഇല പോലുമറിയില്ല

 

കമാൻഡോ ഓപ്പറേഷൻ

തന്നെ

 

ചാനലിന് മുമ്പിലുണ്ട് പുറത്തെ കാഴ്ചകൾ

മരച്ചില്ലയിൽ കൂട് കൂട്ടാനെത്തുന്ന പുകക്കിളികളൊ

വെളിച്ചം ഉപെക്ഷിച്ചുപോയ വിളക്കുകാലൊ

കുരുടൻ ജനലഴികളൊ

 

ഉത്തരങ്ങളെപ്പോഴും

ഇങ്ങിനെയൊക്കെത്തന്നെയാവും

 

എന്തെഴുതും,

ഏത് ഭാഷയിൽ

അക്കത്തിൽ?

 

അനുവദിക്കപ്പെട്ട അല്പസമയം

തീരെചെറിയ ഓർമ്മ

കാഴ്ച

 

തെറ്റിയെഴുതിയും

കോറിവരച്ചും മടക്കിവെക്കും

കടലാസ്

 

ബൂട്ട്സിന്റെ ശബ്ദത്തിൽ

ചോദ്യങ്ങൾ മുറിക്ക് പുറത്തേക്കിറങ്ങും

 

ആകാശത്തേക്ക് മൂന്ന് വെടിയുതിർക്കും

 

ലൈവായി കാണാം

മരച്ചില്ലയിൽ കൂട് കൂട്ടാനെത്തുന്ന പുകക്കിളികൾ

വെളിച്ചം ഉപേക്ഷിച്ചുപോയ വിളക്കുകാൽ

കുരുടൻ ജനലഴികൾ

2 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

എത്രനല്ല കുട്ടികളാണ് നാം

Mahi പറഞ്ഞു...

കുരുടൻ ജനലഴികൾ