29/7/08

സമ്മാനം

ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിലേക്ക്‌
അവള്‍ വന്നത്‌
ഒരു മുറിച്ചൂലുമായ്‌
നിലത്തു കിടക്കുന്നതൊക്കെ
അടിച്ചു വാരികൊണ്ട്‌
നിരങ്ങി നിരങ്ങിയാണ്‌
അടിച്ചു കഴിഞ്ഞപ്പോഴൊക്കെ
അവളുടെ പ്രായത്തിന്‌ പാകമാകാത്ത
ഒരു നിര്‍വികാരത
യാത്രക്കരുടെ നേരെ കൈ നീട്ടി കൊണ്ടിരുന്നു
കിട്ടിയ ചില്ലറ തുട്ടുകളോട്‌
അവള്‍ ഒരിക്കലും അനുഭവിക്കാത്ത
ചില വാക്കുകളാല്‍ എന്തൊക്കയൊ
പറഞ്ഞു കൊണ്ടിരുന്നു
പോക്കറ്റില്‍ തപ്പിയപ്പോള്‍ തടഞ്ഞത്‌
ആഗ്രയില്‍ നിന്നും ഞാന്‍ കൂടെ കരുതിയ
ആ മാര്‍ബിള്‍ മാലയായിരുന്നു
ആവശ്യമില്ലെന്ന്‌ തോന്നിയതിനാലാവാം
ഞാനതവള്‍ക്ക്‌ കൊടുത്തത്‌
പിന്നെയവളെ കണ്ടത്‌
രസം മാഞ്ഞ കണ്ണാടിയില്‍ നോക്കി
മുഖം കഴുകുമ്പോഴാണ്‌
അപ്പുറത്തെ കമ്പാര്‍ട്ട്മെന്റിന്റെ
വാതിലും ചാരി നിന്നു കൊണ്ട്‌
എന്നെ നോക്കുന്നു
കഴുത്തില്‍ ഞാന്‍ കൊടുത്ത മാലയുണ്ട്‌
എന്തൊ പറയാന്‍ വെമ്പുന്നുണ്ട്‌
പിന്നെ ഒന്നും പറയാതെ അവള്‍ കടന്നു പോയപ്പോഴാണ്‌
ഞാനറിയുന്നത്‌
ഞങ്ങള്‍ക്കിടയില്‍ താജ്‌മഹലിനേക്കാള്‍
മനോഹരമായതെന്തൊ നിശബ്ദമായി ഉയരുന്നത്‌

4 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

‘സമ്മാനം’ നന്നായി മഹി

തണല്‍ പറഞ്ഞു...

മഹി,
പറയാതിരിക്കാനാവുന്നില്ലാ
ഗംഭീരം..!

siva // ശിവ പറഞ്ഞു...

എന്തു നല്ല ഭാവന്യും വരികളും...ഒരു നിശ്ശബ്ദ പ്രണയം...

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!!