22/7/08

വളവുകള്‍

വളവുകളെപ്പോഴും നമുക്കായ്‌ എന്തൊക്കയൊ
കാത്തു വെക്കുന്നുണ്ട്‌
അല്ലെങ്കില്‍ ഓരോ വളവിലും നാമെന്തൊക്കയൊ
ഉറ്റു നൊക്കുന്നുണ്ട്‌
അതു കൊണ്ടായിരിക്കണം വളവുകള്‍ക്ക്‌ മുന്നില്‍
‍നാം മെല്ലെയാവുന്നത്‌
ഒരു നേര്‍വരയിലേക്ക്‌ ആയുന്ന ജീവന്റെ ചലനങ്ങളെ
നാം വഴി തിരിച്ചു വിടുന്നത്‌
ഓരോ വളവുകള്‍ക്കപ്പുറവും
നാമെന്തൊക്കയൊ കണ്ടെത്തുന്നുണ്ട്‌
ആ വഴിയുടെ നേര്‍വരകള്‍ നമ്മെ
മുഷിപ്പിക്കുന്നത്‌ വരേയെങ്കിലും
അതു നമ്മെ നവീകരിക്കുന്നുണ്ട്‌
മരണം ഒരു നേര്‍വരയാണെന്ന്‌
അതിനു കീഴെ തൂങ്ങുന്ന വളവുകളാണീ
ജീവിതമെന്ന്‌
ഒരൊറ്റ കയറില്‍ ചലനമില്ലാതെ തൂങ്ങി കിടന്ന്‌
ഒരക്ഷരം പോലും ഉരിയാടാതെ
എനിക്കു പറഞ്ഞു തന്നത്‌
എന്റെ കൂട്ടുകാരന്‍ പ്രസാദായിരുന്നു

1 അഭിപ്രായം:

siva // ശിവ പറഞ്ഞു...

ഈ ഓര്‍മ്മപ്പേടുത്തല്‍ ഇഷ്ടമായി...നല്ല വരികള്‍...

സസ്നേഹം,

ശിവ.