19/7/08

വെളുത്ത ശ്യൂന്യത

ഇന്നാണ്‌ ഞാനത്‌ കണ്ടത്‌
കലണ്ടറിലെ പഴയ തിയതികളൊക്കെ
മാഞ്ഞുപോയിരിക്കുന്നു
പകരം കറുത്ത ചതുരക്കള്ളികളില്‍ നിന്നും
ഒരു വെളുത്ത ശ്യൂന്യത മാത്രം എന്നെ തുറിച്ചു നോക്കുന്നു
ഇതെന്ത്‌ മറിമായം എന്ന്‌ ഞാന്‍
മൂക്കത്ത്‌ വിരല്‍ വെച്ചു പോയ്‌ !
ഇത്ര നാളും ആ കറുത്ത ചതുരക്കള്ളികളില്‍
‍ഒതുങ്ങി നിന്ന്‌ മടുത്ത്‌ അവ ഇറങ്ങിപ്പോയൊ?
എന്തായാലും അപ്പോള്‍ മുതല്ക്കാണ്‌
കഴിഞ്ഞ കാല സംഭവങ്ങള്‍ക്ക്‌
ഒരു ക്രമം എനിക്ക്‌ നഷ്ടപ്പെട്ടത്‌
ഇന്നലെ നടന്നതും രണ്ടു മൂന്നു ദിവസം മുമ്പേ നടന്നതും
ഏതാദ്യം ഏതവസാനം എന്നൊരു കുഴമറി സംഭവിച്ചത്‌
ഇപ്പോള്‍ എന്റെ ഓര്‍മകളുടെ ഇടങ്ങളില്‍ വരെ
അത്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌
തിരിഞ്ഞു നോക്കാന്‍ കൂടി പേടിയാണ്‌
അതെന്റെ പിന്നാലെ തന്നെയുണ്ട്‌
എന്റെ ഓരോ തിരിഞ്ഞു നോട്ടങ്ങളേയും മായ്ച്ച്‌
കുറച്ചു നേരത്തെ ഞാന്‍ കുടിച്ച
കട്ടന്‍ ചായ തന്ന ആശ്വാസത്തിന്റെ നിമിഷങ്ങളെ മായ്ച്ച്‌
എന്റെ ഓരോ ഇരുപ്പുകളേയും നില്‍പ്പുകളേയും മായ്ച്ച്‌
അതെന്റെ പിന്നാലെ തന്നെയുണ്ട്‌
ആ വെളുത്ത ശ്യൂന്യത
എന്റെ ഓരോ ചുവടുകളിലും
ഓരോ ശ്വാസങ്ങളിലും
എന്നെ പിന്തുടര്‍ന്ന്‌……….

5 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

ഗാമവന്നില്ലായിരുന്നെങ്കില്‍!
മഹിയുടെ മറ്റു കവിതകള്‍ എനിക്കിഷ്ടമായി

Unknown പറഞ്ഞു...

കൊള്ളാ മാഷെ

siva // ശിവ പറഞ്ഞു...

നല്ല ചിന്തയും വരികളും...ഒന്ന് ctrl+z ട്രൈ ചെയ്യൂ...ചിലപ്പോള്‍ അതൊക്കെ തിരികെ വന്നാലോ...

സസ്നേഹം,

ശിവ.

Mahi പറഞ്ഞു...

ഗാമ വന്നില്ലായിരുന്നെങ്കില്‍! എന്റെ കവിതയല്ല. അത്‌ പാവം കിനാവ്‌ കണ്ടതാ.കമ്മെന്റ് എഴുതിയതിന്‌ എല്ലവര്‍ക്കും നന്ദി അറിയിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നീട്ടിയെഴുതിയോ എന്നൊരു സംശയം...
സംശയം മാത്രമാണ് കേട്ടോ ...
എങ്കിലും
നന്നായിരിക്കുന്നു ആശംസകള്‍ ...!