27/5/08

രണ്ട് നദികള്‍

എന്റെ നാട്ടിലൂടെ
രണ്ടു നദികളൊഴുകുന്നുണ്ട്‌
ഒന്ന് കന്യാകുമാരിത്തിര പുരണ്ട്‌
വടക്കോട്ട്‌
മറ്റേത്‌ അഗസ്ത്യവനം തിരണ്ട്‌
പടിഞ്ഞാട്ട്‌

ഒന്ന് ഒളിച്ചും പാത്തും
കാടിനും പടലിനും ഇടയിലൂടെ
കള്ളിക്കാട്‌,പൂഴനാട്‌
കുന്നനാട്‌,തത്തമല
പൂവാർ,പൊഴിയൂർ എന്ന്
നാട്ടുമലയാളം മൊഴിഞ്ഞ്‌
അറബിക്കടലിലേക്ക്‌ ഒരു പലായനം

മറ്റേത്‌ കറുത്ത ഉടലിൽ
കാളകൂടം കലക്കി
വേഗത്തിന്റെ കാഹളം മുഴക്കി
മാർത്താണ്ഡം,തിരുവനന്തപുരം
കൊല്ലം,കോട്ടയം,എറണാകുളം
തൃശൂർ,പാലക്കാട്‌,
കോയമ്പത്തൂർ, അവിനാശി എന്നിങ്ങനെ
സേലത്തേക്ക്‌ പ്രൗഡമാമൊരു
ഘോഷയാത്ര

ഒന്നിന്റെ പേര്‌ കേട്ടാൽ
ഒരു പക്ഷേ നിങ്ങളറിയില്ല
നിളയെപ്പോലെ നീളമോ
പെരിയാറിനെപ്പോലെ പരപ്പോ ഇല്ലതിന്‌
തീരത്ത്‌ മാമാങ്കവും മല്ലയുദ്ധവും
നടന്നതിന്റെ ഐതീഹ്യങ്ങളില്ല
കവിസംഗമങ്ങളില്ല
കെട്ടുകാഴ്ചകളില്ല
മലയാളത്തെയോ
തമിഴിനെയോ എന്നല്ല
ഒരുഭാഷയേയും നനച്ചുവളർത്തിയിട്ടില്ല
കുറുകേ കുറ്റിപ്പുറം പാലമില്ല
പേര്‌ നെയ്യാർ
നെയ്യ്‌ കൊണ്ടൊരാറെന്നോ
നെയ്തെടുത്തൊരാറെന്നോ കരുതിക്കൊള്ളൂ

മറ്റേതിന്റെ പേര്‌ നിങ്ങൾക്കും
സുപരിചിതമായിരിക്കും
മഴയിലും വെയിലിലും
കുത്തൊഴുക്കൊഴിയാത്ത
കൈവഴികളേറെയുള്ളൊരു
മഹാ കാളിന്ദി
തീരത്ത്‌ പെരുമപെറ്റൊരു നദീതടസംസ്കൃതി
അംബരചുമ്പികളാം കെട്ടിടങ്ങളെപ്പോലെ
തലയെടുത്തു നിൽക്കുന്നു,
ഇളം തമിഴ്‌മുതൽ കൊടും തെറിവരെ
വിളയുന്ന മലയാളമെന്ന നാഗരികത
പേര്‌ എൻ.എച്ച്‌47

ചരിത്രം കുഴിച്ചുനോക്കി
"ക" കണ്ടെടുക്കുന്നവർ
പടർന്നു പന്തലിച്ചൊരു
നദീതട സംസ്കൃതിയേയും
ശാസ്ത്രീയമായൊരഴുക്കുചാലിനേയും
കണ്ടെടുക്കുമായിരിക്കും

6 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നദികളേ
നനച്ചു നിങ്ങളെന്നെ

ഹാരിസ് പറഞ്ഞു...

ട്വിസ്റ്റ് കൊള്ളാം

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ട്വിസ്റ്റില്‍ ഞെട്ടി.

അനിലൻ പറഞ്ഞു...

സനാതനാ

സല്യൂട്ട്

നജൂസ്‌ പറഞ്ഞു...

കവിത.
നന്നായിരിക്കുന്നു.

Jayesh/ജയേഷ് പറഞ്ഞു...

ഇനിയുമൊരു മാമാങ്കവും സം സ്കൃതിയുടെ ജനനവും കൊതിച്ചിരുന്നു നമ്മുടെ പുഴകള്‍ ... പക്ഷേ, എല്ലാം മരണപത്രത്തില്‍ എഴുതി വച്ച് ചിതയിലേയ്ക്ക് പോയിയവര്‍ .... ഇനിയൊരു നദീതടം , സം സ്കാരം എല്ലാം നമ്മുടെ അതിമോഹങ്ങള്‍ .... അവസാന വരികള്‍ ഞെട്ടിച്ചു...