27/3/08

മരം

കവലയില്‍
‍ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്‌
ഓടിവന്നതാണ്‌.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌കാണാന്‍.

ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍.

വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍‍
കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.

ഞെട്ടല്‍ വിട്ട്‌
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്‌
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്‌
ആശ്ചര്യപ്പെടാന്‍.

ഒടുവില്‍‍
അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്‌
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.

വഴിമുടക്കല്‍
‍സമരം ഒഴിപ്പിച്ച്‌
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്‌..? കുറ്റി..?
ഒരു വേരെങ്കിലും...!

10 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു..

ഫസല്‍ ബിനാലി.. പറഞ്ഞു...

കൊള്ളാം, ആശംസകള്‍

അനിലൻ പറഞ്ഞു...

ബാക്കിയുണ്ടാവും വിശാഖേ,
ആ മരത്തിന്റെ ഉയരത്തിന്റേയും പടര്‍പ്പിന്റേയും വലിപ്പത്തില്‍ ഒരു ശൂന്യസ്ഥലം ബാക്കിയുണ്ടാവും.

സജീവ് കടവനാട് പറഞ്ഞു...

ലേലത്തില്‍ പങ്കുകൊണ്ട് സമൂഹത്തോടൊപ്പം നില്‍ക്കാന്‍ ഇപ്പോഴും പഠിച്ചില്ലെന്ന്.

വിശാഖ് ശങ്കര്‍ പറഞ്ഞു...

പാമരാ, ഫസലെ, നന്ദി.

ശൂന്യതയുടെ ഒരു വടവൃക്ഷം അല്ലേ അനിലാ...

കിനാ‍വേ, നീ പറഞ്ഞതു സത്യം.

ഗീത പറഞ്ഞു...

നിരാശപ്പെടാതെ അവിടൊരു കുഞ്ഞുതൈ നടുക.

Sanal Kumar Sasidharan പറഞ്ഞു...

ഹ!
വിശാഖ് ശങ്കര്‍ ഈ മരം അമരം തന്നെ.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌കാണാന്‍.

എന്നെക്കൊണ്ടുപോയി ഒരു പച്ചക്കൊടുങ്കാറ്റ്

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഗീതാഗീതികളേ,
ഇതു തന്നെ എനിക്കു നടാവുന്ന ഒരു ചെറു തൈ..:)

നന്ദി സനാതനന്‍.

സര്‍ഗ്ഗ പറഞ്ഞു...

നന്നായിരിക്കുന്നു...:)

മരമാക്രി പറഞ്ഞു...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html