5/3/08

വയല്‍ത്തുമ്പി- ഒരു കുട്ടനാടന്‍പാട്ട്


(Dedicated to good old K.K.Chinnammu)
വഴിക്കണ്ണുമായ് വയല്‍ത്തുമ്പികള്‍ക്കൊപ്പം
വരമ്പത്ത് കാത്തുനിന്നോളേ
വരിക്കപ്പിലാക്കാതല്‍ കടഞ്ഞോരുടുക്കുമായ്
വരാമെന്നു ചൊന്നവന്‍ വന്നോ?

കരിമണിത്താലി വാങ്ങി കന്നിയ്ക്കു മുമ്പു വന്നാല്‍
കല്യാണമെന്ന്നവന്‍ ചൊന്നോ?
കരക്കാരറിഞ്ഞു പൊന്‍കസവാട തന്നു നിന്‍
കൈപിടിക്കുമെന്നവന്‍ ചൊന്നോ?

ഏട്ടമീന്‍ ചുട്ടതും എളംകള്ളുമായി നീ
ഏഴുനാള്‍ കാത്തിരുന്നില്ലേ
മകം കൂടുവാനവന്‍ വരില്ലെന്നു കേട്ടിട്ടും
മനസ്സിലെ മൈന പാട്ടുന്നോ?
കൊഴുച്ചാലിലോമനേ ഒഴുക്കല്ലേ കണ്ണുനീര്‍
മുടിയ്ക്കല്ലേയാരിയന്‍ വിതച്ച കണ്ടം.

പനന്തത്ത കൊണ്ടുപോയ് കതിര്‍ ചാഞ്ഞതൊക്കെയും
പായാരമായിരം പറഞ്ഞവന്‍ പോയ്
പള്ളയില്‍ പാപവും പേറി നീ പമ്പ തന്‍
പാടിലെത്തേങ്ങലായെന്നോ?
(ഈ പാട്ട് പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ശ്രീ.സി.ജെ.കുട്ടപ്പന്‍ സംഗീതം നല്‍കി പാടിവരുന്നു)

3 അഭിപ്രായങ്ങൾ:

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

നന്നായിരിയ്ക്കുന്നു മാഷെ..

Suraj പറഞ്ഞു...

ഇത് ഉഗ്രന്‍....!
അഭിനന്ദനങ്ങള്‍!

നവരുചിയന്‍ പറഞ്ഞു...

കുട്ടനാടന്‍ പാട്ടിന്റെ മനോഹാരിത അല്ലെ മാഷെ ............

ഈ ഫോട്ടോ എനിക്ക് നല്ല പരിചയം ..ഇതു എവിടുന്നു കിട്ടി ????
ഓടോ . നമ്മള്‍ തമ്മില്‍ കണ്ടിടുണ്ട്