27/1/08

ഹില്ഷ‌

താരേക്ക് താരേക്ക്
നിങ്ങളൊരു ശരിയായ ബംഗ്ളാദേശിയാണ്
ജീവിതത്തില് ഒരിക്കലെന്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന് പേടിക്കുന്ന‌വ‌നാണ്
ഷ‌ര്ട്ടിന്റെ പോക്ക‌റ്റിലെപ്പോഴുമൊരു
ചെറിയ‌ വിശുദ്ധ‌ഖുറാന് ക‌രുതുന്ന‌വ‌നാണ്
സൂക്ത‌ങ്ങ‌ളുരുവിടുമ്പോള് ക‌ണ്ണുക‌ള് നിറ‌യുന്ന‌വ‌നാണ്
ന‌ല്ലൊരു മുസ്ളീം എന്നെപ്പോലെയാക‌രുതേയെന്ന്
എന്നോടെപ്പോഴും ആണ‌യിടുന്ന‌വ‌നാണ്
ഭായി-ഭായിയെന്ന് പ‌റ‌ഞ്ഞ് പ‌റ‌ഞ്ഞ്
1971 നു മുന്പ്
വെസ്റ്റ് പാകിസ്ഥാന് ഈസ്റ്റ് പാകിസ്ഥാനില്
ന‌ട‌ത്തിയ‌ ന‌ര‌നായാട്ട് ഓര്ക്കുമ്പോള്,
സ്വാത‌ന്ത്ര്യത്തിന് വേണ്ടിയ‌ല്ലാ
ഭാഷ‌യ്ക്കും സംസ്ക്കാര‌ത്തിനും വേണ്ടിയാണ് ഞ‌ങ്ങ‌ള്
പാകിസ്ഥാനോട് ഗ‌റില്ലായുദ്ധം
ക‌ല്ലും ക‌വ‌ണ‌യും കൊണ്ട് ന‌ട‌ത്തിയ‌തെന്ന് പ‌റ‌യുമ്പോള്,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെന്കിലെന്നു വ്യാകുലപ്പെടുമ്പോള്,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെന്കിലെന്ന് പ‌റ‌യുമ്പോള്
സര്ക്കാര് താരേക്ക് മഹ്മൂദ്...
നിങ്ങ‌ള് വിയ‌ര്പ്പില് ചോര‌ പൊടിയുന്ന‌വ‌നാണ്.

താരേക്ക് താരേക്ക്
പാകിസ്ഥാന്കാര‌ന് ന‌ട‌ത്തുന്ന‌ അഹ‌മ്മ‌ദ് സ്റ്റോറില്
മീന് വാങ്ങാന് ഞാന് പോയ‌ത് നിങ്ങ‌ളോടൊപ്പ‌മാണ്
ഹില്ഷ‌ഫിഷിന് രുചിയേറെയാണെന്നെന്നോട് പ‌റ‌ഞ്ഞ‌ത് നിങ്ങ‌ളാണ്
ഹില്ഷ‌ ബംഗ്ളാദേശിക്ക്
വിശ‌പ്പും കൊതിയുമ‌ട‌ക്കാനുള്ളൊരു മീന് മാത്രമ‌ല്ല
അമീറും ഗ‌രീബും ക‌ഴിക്കുന്ന‌ ദേശീയ‌വികാര‌മാണ് ഹില്ഷ‌യെന്ന്
മ‌ര‌വിച്ച‌ മീനിനെ തൊട്ട് പ‌റ‌ഞ്ഞ‌ത് നിങ്ങ‌ളാണ്.

വൈകുന്നേരം ഞാന് ഹില്ഷ‌ വ‌റ‌ക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ‌ ക‌യ‌റ്റിയ‌യ‌ക്കുന്ന‌ത്
ബംഗ്ളാദേശ് സ‌ര്ക്കാര് നിര്ത്തിയെന്ന്
ദി ഡെയിലി ഇന്ക്വിലാബില് നോക്കി
നിങ്ങ‌ള് പ‌റ‌ഞ്ഞ‌ത്
കൊതി മൂത്ത‌ വെസ്റ്റ്ബംഗാള്
ഹില്ഷ‌യിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പ‌റ‌ഞ്ഞ‌പ്പോള്
പാവ‌പ്പെട്ട‌വ‌ന്റെ പിഞ്ഞാണ‌ത്തിലെ ഹില്ഷ‌
കാക്ക‌ കൊത്താന് തുട‌ങ്ങിയ‌പ്പോള്
ബംഗ്ളാദേശിന്റെ ദേശീയ‌മ‌ത്സ്യത്തെ
ക‌യ‌റ്റിയ‌യ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയ‌പ്പോള്
ഹില്ഷ‌ ര‌ണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി ര‌ണ്ടാമ‌ത്തേതിന്റെ
പ‌കുതിയുമെടുപ്പിച്ചു
അപ്പോഴും ന‌യ‌ത‌ന്ത്രജ്ഞ‌ത‌ ഞാന് പാലിച്ചു
ഒറ്റ‌ നോട്ട‌ത്തില് വ‌ലിയ‌ ക‌ഷ‌ണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങ‌ള‌പ്പോള് സുഖ‌മായിട്ടുറ‌ങ്ങുക‌യായിരുന്നു.

വൈകുന്നേരം ഞാന് തിരിച്ചെത്തിയ‌പ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില് നിന്നും നിങ്ങ‌ള് ത‌ല‌യുയ‌ര്ത്തിയ‌ത്
പ‌ക‌ര‌ത്തിനു പ‌ക‌രം വെസ്റ്റ് ബംഗാള് വീട്ടി
ഉരുള‌ക്കിഴ‌ങ്ങും സ‌ബോള‌യും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവ‌പ്പെട്ട‌വ‌നിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങ‌ള് നെടുവീര്പ്പിട്ട‌പ്പോള്;
അന്കിള് സാമെന്നാല് അമേരിക്ക‌യാണെന്നെന്നോടാദ്യം പ‌റ‌ഞ്ഞ
ദ‌സ്ക്യാപ്പിറ്റ‌ല് വായിച്ച‌ ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ‌
റ‌ഷ്യ ക‌ഴിഞ്ഞാല് ഏഷ്യയിലാദ്യം തൊഴിലാളിക‌ള്ക്കിട‌യില്
ക‌മ്മ്യൂണിസം പ‌ട‌ര്ന്ന‌ത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച‌
ന‌ല്ലവ‌ന് മാത്രമായ‌
സ‌ര്ക്കാര് താരേക്ക് മ‌ഹ്മൂദ്,
സ്നേഹിക്കുന്ന‌തു പോലെ ത‌ന്നെ
നിങ്ങ‌ളെ മ‌ടുക്കാനും ഞാന് പ‌ഠിച്ച‌തെങ്ങെനെയാണ്?

താരേക്ക് താരേക്ക്...

9 അഭിപ്രായങ്ങൾ:

സുനീഷ് പറഞ്ഞു...

ഹില്ഷാ ഫിഷിനെക്കുറിച്ച് അറിയണമെന്കില് ദാ http://en.wikipedia.org/wiki/Hilsa
ദി ഡെയിലി ഇന്ക്വിലാബ് ഒരു ബംഗ്ളാദേശ് പത്രം ആണ്, ഓണ്‍ലൈണ് എഡീഷന് ലഭ്യമാണ്.
കൂടുതല് ചരിത്രം ബംഗ്ളാദേശിനേക്കുറിച്ചറിയണമെന്കില് ദാ ഇവിടെ നോക്കുക,http://en.wikipedia.org/wiki/Bangladesh

Sanal Kumar Sasidharan പറഞ്ഞു...

പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയ‌പ്പോള്
ഹില്ഷ‌ ര‌ണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി ര‌ണ്ടാമ‌ത്തേതിന്റെ
പ‌കുതിയുമെടുപ്പിച്ചു
അപ്പോഴും ന‌യ‌ത‌ന്ത്രജ്ഞ‌ത‌ ഞാന് പാലിച്ചു
ഒറ്റ‌ നോട്ട‌ത്തില് വ‌ലിയ‌ ക‌ഷ‌ണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങ‌ള‌പ്പോള് സുഖ‌മായിട്ടുറ‌ങ്ങുക‌യായിരുന്നു.

വീണ്ടും വായിക്കേണ്ടിയിരിക്കുന്നു ഈ കവിത.

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിത തകര്‍പ്പനായിട്ടുണ്ട്.
ചരിത്രമൊക്കെ വാ‍യിച്ച് വീണ്ടും വരാം.

ടി.പി.വിനോദ് പറഞ്ഞു...

സുനീഷേ, എനിക്കുമുണ്ട് ഇവിടെ ബംഗ്ലാദേശി സുഹൃത്തുക്കള്‍..എനിക്കറിയാം അവര്‍ക്കത് ഒരു മീന്‍ മാത്രമല്ലെന്ന്..

കവിതയുടെ ഭാഷയും ക്രാഫ്റ്റും ഒന്നാന്തരം..അഭിനന്ദനങ്ങള്‍..

Pramod.KM പറഞ്ഞു...

കവിക്ക് ഒരു ചുവന്ന അഭിവാദ്യം:)

സജീവ് കടവനാട് പറഞ്ഞു...

പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയ‌പ്പോള്
ഹില്ഷ‌ ര‌ണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി ര‌ണ്ടാമ‌ത്തേതിന്റെ
പ‌കുതിയുമെടുപ്പിച്ചു

പൂര്‍വ്വ വംഗദേശമേ ഇത് തന്നെയാണ് നിന്റെ പശ്ചിമഭാഗത്തിനും പറ്റിയത്. ഒരു കാല്‍ ഭാഗമെങ്കിലും അവര്‍ക്കും നീക്കിവെക്കാമായിരുന്നു. കുറച്ച് നയവും തന്ത്രവും കാണിക്കാമായിരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

‘ഹില്‍‌ഷ’യും, ബംഗ്ലാദേശികളും നന്നായി. ഇന്ത്യക്കു പൂറത്തുള്ള ലോകങ്ങളിലേക്കും നമ്മുടെ ഭാവന വ്യാപരിക്കുന്നത് നല്ലതു തന്നെ. രാജു ഇരിങ്ങലെഴുതിയ ‘ബേനസീറിന്റെ കാമുകന്‍’ എന്ന പോസ്റ്റും പാകിസ്ഥാന്റെ അവസ്ഥയിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോവുകയുണ്ടായി. റഷ്യ, ചൈന, വിയറ്റ്നാം എന്നീ ചുവപ്പന്‍ പ്രദേശങ്ങള്‍ വിട്ട് നാം നമ്മുടെ അയല്‍‌പക്കങ്ങളിലേക്കു (ഒരിക്കല്‍ ഒരു വീടായിരുന്നുവെങ്കിലും) നോക്കാനൊരു ശ്രമം നടത്തുന്നതിലൂടെ പുതിയ കാവ്യാനുഭവങ്ങള്‍ ഉരുത്തിരിയട്ടെ എന്നാശംസിക്കുന്നു.

സുനീഷ് പറഞ്ഞു...

സനാതനന്‍ മാഷേ ഒത്തിരി ഒത്തിരി സന്തോഷം (നന്ദി എന്ന വാക്ക് പ്രയോഗിക്കപ്പെടരുതന്നല്ലേ മാഷ് പറഞ്ഞത്). വാചാ‍ടോപം കൂടിയോയെന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. പക്ഷേ ഇരിങ്ങല്‍ പണ്ട് പറഞ്ഞത് പോലെ, എഴുതിക്കഴിഞ്ഞ് പിന്നൊന്ന് അഴിച്ച് പണിയാന്‍ മനസ്സ് വന്നില്ല; മടിയുമായിരുന്നു. ഇപ്പോള്‍ ആ വിഷമം മാ‍റിക്കിട്ടി. ചിലപ്പോഴൊക്കെ കവിത തുപ്പലുവെട്ടിക്കാ പോലെയാണല്ലേ... വെയില്‍ തട്ടി മൂത്ത് മൂത്ത് നില്‍ക്കുമ്പോള്‍ ചെറിയ നനവ് തട്ടിയാല്‍ മതി, പൊട്ടിത്തെറിച്ച വിത്താകും...
വിഷ്ണുമാഷേ ഒരു പാട് സന്തോഷം... ചരിത്രം വായിക്കപ്പെടേണ്ടതാണ്.
വിനോദേട്ടാ... ഒത്തിരി സന്തോഷം വായനയ്ക്ക്... മത്സ്യം തൊട്ട് കൂട്ടി തുടങ്ങാനല്ലേ ഗുരു പറഞ്ഞത്.
പ്രമോദേ ലാത്സലാം... ഷെങ്കന്‍ വിസയടിച്ചു കിട്ടീയ ചൊങ്കന്‍ മുഖത്ത് നിക്കോളാസ് സര്‍ക്കോസിയെ മനസ്സില്‍ ധ്യാനിച്ചൊരുമ്മ തരട്ടേ. :)
കിനാവേ... വിദേശനയവും തന്ത്രവും എന്റമ്മോ...
മോഹന്‍ ചേട്ടാ... ഇരിങ്ങലിന്റെ ബേനസീര്‍ വായിച്ചിരുന്നു... വളരെ വളരെ സ്വാഭാവികമായി ഭവിച്ച നല്ല കവിതയെന്നു തോന്നി.
പിന്നെ താരേക്ക് സുഹൃത്തായത് കൊണ്ട് അത്രയുമറിയാനൊത്തു. പിന്നെ പഴയ റഷ്യയെ മറക്കാന്‍ പറ്റുമോ... പണ്ട് തറവാട്ടില്‍ വരുത്തിക്കൊണ്ടിരുന്ന സോവിയറ്റ് യൂണിയന്‍ മാഗസിനുകളെ ആരാധിച്ചിരുന്ന ഒരു കുട്ടിസഖാവായിരുന്നു ഞാന്‍.

Unknown പറഞ്ഞു...

സുനീഷ്,നല്ല കവിത...കുറച്ചു പരന്നു...കുറച്ചധികം ഒഴുകി ..എന്നൊക്കെ പറയാന്‍ തോന്നുന്ന കുറ്റങ്ങള്‍ക്കു മുകളില്‍ ഈ കവിത “ദര്‍ശനം“ വിടര്‍ത്തുന്നു.നന്ദി