12/12/07
പൂവുകളെഴുതിയ സുവിശേഷം
സ്റ്റാഫ് കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍.
കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ് സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.
സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍.
പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.
കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്
ചന്തം തികച്ചത്.
തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്
സമ്മാനമുറപ്പിച്ച്
മോര്‍ച്ചറിപ്പടിയിറങ്ങി
വിഭാഗം
കവിത,
ജ്യോതീബായ് പരിയാടത്ത്
7 അഭിപ്രായങ്ങൾ:
ജില്ലാ ആശുപത്രിയിലെ ഓണപ്പൂക്കളമത്സരത്തിന് മോര്‍ച്ചറിയിലും ഉണ്ടായിരുന്നു പൂക്കളം. ഒന്നല്ല ,രണ്ട്. അകത്തും പുറത്തും
അകത്തേത്..
കേട്ടു..
അവയവങ്ങള്‍ ചേര്‍ത്തുവെച്ച് അവളുടെ രൂപം മെനയാന്‍ അവര്‍ പാടുപെട്ട കഥ...
ആ കമെന്റ് വേണ്ടിയിരുന്നില്ല.ഇല്ലായിരുന്നെങ്കില്‍ കവിത ആ രീതിയില്‍ വായിക്കപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് ഒരു വലിയ പൊട്ടിച്ചിരിയാവും എന്റെ ഉത്തരം.എങ്കിലും ആ കമന്റില്ലാതെയും അതു മനസില്‍ തറക്കുന്നുണ്ട്.സാധ്യതകള്‍ ഒരുപാട് നിലനിര്‍ത്തിക്കൊണ്ട്.
അതു ശരിയാണ്. പ്രസിദ്ധീകരിച്ചപ്പോള്‍ കിട്ടിയ ഒരഭിപ്രായം മാനിച്ചായിരുന്നു ആ comment ഇനിയതു മാറ്റാന്‍ നിന്നാല്‍ പഴയ കിഴവനും മകനും കഴുതയെ വാങ്ങാന്‍ പോയ കഥ പോലെയാവും. :). അതുകൊണ്ട് കിടക്കട്ടെ.
കവിത അപാരം..!!!
ഈ കവിതക്കൊരു കമന്റിട്ടതാണു,എന്റെ അറിവുകേട്കൊണ്ട് ഇവിടെയൊരു ലിങ്കായി-എന്റെ ബ്ലോഗിലെക്കു.ജ്യോതിക്ഷമിക്കുമല്ലൊ.ഈ ലിങ്ക് ഒന്നു ഡിലീറ്റ് ചെയ്യണേ...
"ഒരുക്കം തീര്‍ത്തും
വിധി കാത്തും" കിടക്കുന്ന കളങ്ങള്‍...
തീക്ഷണമായ വരികള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ