31/12/07

നീ എഴുതിക്കൊണ്ടിരിക്കുമ്പോള്‍

തലേന്നു വാങ്ങിയ ചെരിപ്പിട്ട്
മകള്‍, നക്ഷത്രങ്ങളുമായ്
ഓടിത്തൊട്ടു കളിക്കുമ്പോള്‍
“പകലൊക്കെ കാറോടി നടന്നിട്ടാണ്
ഉറക്കത്തിലിങ്ങനെ...”
എന്ന് വഴക്കിട്ടതെന്തിന്?

ചിറകുകളില്‍ പിടി മുറുക്കിയതിന്
പൊറുക്കുമോ അവളിനി?
ഓരോ കുതിപ്പിലും തടഞ്ഞെന്ന്
വെറുക്കുമോ?

കണ്ടില്ലേ, മകന്‍
പുതിയ സൈക്കിളിനായ്
ഉറക്കത്തിലും വാശിയില്‍
ഒന്നു തലോടാമായിരുന്നവനെ
ഒന്നും വാങ്ങിക്കൊടുത്തില്ലെങ്കിലും

എഴുതുമ്പോള്‍ ഒച്ചവെച്ചെന്ന്
ഇളംതുടയിലടിച്ചതെന്തിന്?
കൈകളില്‍ മസിലുവരുംകാലം
അവനതോര്‍മ്മ വന്നാലോ!

രാവു പകലാക്കി
എഴുതുന്നതെന്തിനിങ്ങനെ
ആരു വായിക്കുവാന്‍
നിന്റെ അടഞ്ഞ നിലവിളികളെ!

നനഞ്ഞു കുതിര്‍ന്നിരുന്നു
സ്കൂള്‍ വിട്ടിന്നലെ
മക്കളെത്തുമ്പോള്‍
അവരുടെ ഒടിഞ്ഞ കുടയ്ക്ക്
കമ്പിയും ശീലയുമാകാന്‍
കഴിയുമോ നിന്റെ കവിതയ്ക്ക്?

മേല്‍പ്പുരയുടെ ചോര്‍ച്ച മാറ്റുവാന്‍
ഓലയ്ക്കിടയില്‍ തിരുകിയ
കവുങ്ങിന്‍ പാളയെങ്കിലുമാകുവാന്‍
കഴിയുമോ?

19 അഭിപ്രായങ്ങൾ:

അനിലന്‍ പറഞ്ഞു...

ഇക്കൊല്ലത്തെ അവസാനത്തെ കവിത
എഴുതാന്‍ തുടങ്ങിയിട്ട് മൂന്നുമാസത്തിലേറെയായി
ഇന്നതിങ്ങനേയെങ്കിലും അവസാനിച്ചു.

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍

Sumesh Chandran പറഞ്ഞു...

കഴിയണം മാഷെ, അതിനൊക്കെ കഴിയണം!!
മനസ്സൊന്നങ് ദൃഡമാക്കൂ, ഒരു പുതിയ വര്‍ഷമല്ലെ വരുന്നേ, ഇത്തരം ചാപല്യങള്‍ വെടിഞ് കൂടുതല്‍ ഊര്‍ജ്ജമേറിയ ഒരു വര്‍ഷം നേരുന്നു, പകരമായി നീ ഒരുപിടി കവിതകള്‍ തരൂ, നിന്റെ ആത്മാവില്‍ നിന്നും ചുരണ്ടിയെടുത്ത്!

സനാതനന്‍ പറഞ്ഞു...

വായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യം മനസില്‍ വന്നത്
ഇയാളിതെന്താ എന്നെക്കുറിച്ചുകവിതയെഴുതുന്നോ എന്നാണ്.
അതങ്ങു ചോദിച്ചേക്കാമെന്നു വച്ചു :)))

വിഷ്ണു പ്രസാദ് പറഞ്ഞു...

മേല്‍പ്പുരയുടെ ചോര്‍ച്ച മാറ്റുവാന്‍
ഓലയ്ക്കിടയില്‍ തിരുകിയ
കവുങ്ങിന്‍ പാളയെങ്കിലുമാകുവാന്‍
കഴിയുമോ?


ഓരോ കവിയും മനസ്സില്‍ സൂക്ഷിക്കേണ്ട വരികള്‍...
അനിലാ,പുതുവര്‍ഷം കവിതാ വര്‍ഷമാവട്ടെ

അലി പറഞ്ഞു...

രാവു പകലാക്കി
എഴുതുന്നതെന്തിനിങ്ങനെ
ആരു വായിക്കുവാന്‍
നിന്റെ അടഞ്ഞ നിലവിളികളെ!

ആരെങ്കിലുമൊക്കെയുണ്ടാവും മാഷെ വായിക്കാന്‍...

പുതുവത്സരാശംസകള്‍.

ഫസല്‍ പറഞ്ഞു...

nalla kavithayaakumbol, ezhuthitheerkkaan alpam samayameduthaalenthu?
nalla kavitha, aashamsakal..

വാല്‍മീകി പറഞ്ഞു...

നല്ല വരികള്‍.
പുതുവത്സരാശംസകള്‍.

ഗോപന്‍ പറഞ്ഞു...

:-)
പുതുവത്സരാശംസകള്‍

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഇതില്‍ നീ അവസാനം എഴുതിയ വരി(വാക്ക്,അല്ലെങ്കില്‍ ചിഹ്നം)ഏതാ?

നെഞ്ച് നീറ്റുന്ന പ്രശ്നങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അവ പുകച്ച് കവിത വായിക്കണോ അനിലാ...?

“നീ എഴുതിക്കൊണ്ടിരിക്കുമ്പോള്‍” ഒരു പ്രശ്നക്കാരനായ കവിയാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

ആരോ ഒരാള്‍ പറഞ്ഞു...

...

lekhavijay പറഞ്ഞു...

എഴുതുമ്പോള്‍ ഒച്ചവെച്ചെന്ന്
ഇളംതുടയിലടിച്ചതെന്തിന്?
കൈകളില്‍ മസിലുവരുംകാലം
അവനതോര്‍മ്മ വന്നാലോ!
സത്യം..സത്യം.അഛന്‍ തോളത്തേറ്റി നടന്നതു ഓര്‍മ വരില്ല.ഈര്‍ക്കില്‍ കൊണ്ടായാലും തല്ലിയതു ഓര്‍ത്തു വക്കും.പുതുവത്സരാശംസകള്‍ !

ഉമ്പാച്ചി പറഞ്ഞു...

മേല്‍പ്പുരയുടെ ചോര്‍ച്ച മാറ്റുവാന്‍
ഓലയ്ക്കിടയില്‍ തിരുകിയ
കവുങ്ങിന്‍ പാളയെങ്കിലുമാകുവാന്‍
കഴിയുമോ?
ഞാനൊന്ന് പടച്ചോനെ വിളിച്ചു അനിലാ..

ലാപുട പറഞ്ഞു...

സുതാര്യം, സൂക്ഷ്മം, സത്യസന്ധം..
എന്റെ സല്യൂട്ട് സ്വീകരിക്കൂ...

അനിലന്‍ പറഞ്ഞു...

സുമേഷ് - ഇനിയുമുണ്ടാവുമോ ചുരണ്ടുവാന്‍, നോക്കട്ടെ :)

സനാതനന്‍ - നീ തന്നെയാവും ഞാനും‍!

വിഷ്ണു, അലി, ഫസല്‍, വാല്‍മീകി, ഗോപന്‍ - സന്തോഷം

വിശാഖ് - ഉമ്മ

ലേഖ - പുതുവത്സരാശംസകള്‍

ഉമ്പാച്ചി - :)

വിനോദ് - :)

kaithamullu : കൈതമുള്ള് പറഞ്ഞു...

നനഞ്ഞു കുതിര്‍ന്നിരുന്നു
സ്കൂള്‍ വിട്ടിന്നലെ
മക്കളെത്തുമ്പോള്‍
അവരുടെ ഒടിഞ്ഞ കുടയ്ക്ക്
കമ്പിയും ശീലയുമാകാന്‍
കഴിയുമോ നിന്റെ കവിതയ്ക്ക്?
-ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സിലെന്തോ നീറ്റല്‍ ....

അനില്‍, തപസ്സിരുന്നെഴുതിയ വരികള്‍ പുനര്‍വായന ആവശ്യപ്പെടുന്നു; അതിനാല്‍ പ്രിന്റ് എടുക്കുന്നു, വിണ്ടും വാ‍യിക്കാന്‍!

Pramod.KM പറഞ്ഞു...

അതു മാത്രമല്ല, മറ്റു പലതിനും കഴിയും. കഴിയണം...
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍
:)

താരാപഥം പറഞ്ഞു...

കവി ഇവിടെ പറയുന്ന "കവിത" ഓരോരുത്തരും കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ജീവിതം തന്നെയല്ലെ?
ഇങ്ങനെ ചോദിച്ച്‌ നിലവിളിക്കാതെ, ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട്‌ നേടിയെടുക്കണം എല്ലാം, സ്വന്തമായി.

അനിലന്‍ പറഞ്ഞു...

കൈതമുള്ള്, പ്രമോദ് - സന്തോഷം
താരാപഥം - കമന്റ് ശരിക്ക് മ്മനസ്സിലായില്ല. :)

Cartoonist പറഞ്ഞു...

ഇതുവരെ എന്റടുഠുണ്ടയിരുന്ന സിദ്ധാര്‍ഥ് ഇപ്പൊ ഉറങ്ങാന്‍ പോയതേള്ളൂ..

രാവു പകലാക്കി
എഴുതുന്നതെന്തിനിങ്ങനെ
ആരു വായിക്കുവാന്‍
നിന്റെ അടഞ്ഞ നിലവിളികളെ!

എന്നും രാവിലെ കുട്ടിക്കസേരയിലിരുന്ന് പിറുപിറുക്കുന്ന
അവനെ നോക്കി ഇത്ര ഭംഗിയൊന്നുമില്ലാതെ
ഏതാണ്ട് ഇതേ വരികള്‍ ഞാനും മനസ്സില്‍
ജപിയ്ക്കാറുണ്ട്.

അനില്‍ ‘പുറത്തു’ ചാടുമല്ലൊ. ഞങ്ങള്‍ കാത്തിരിക്കുന്നു.