5/11/07

ഉയിര്‍പ്പ്, ഏകാന്തം- സി.കെ.ഷീബ

ഉയിര്‍പ്പ്

കടങ്കഥ പറയുന്ന കണിക്കൊന്നയുടെ
കൂടണയുന്ന കിളികളുടെ
നനുത്ത സന്ധ്യ

നിഴല്‍ പോലെ നീ

വേദനയുടെ രുചി
ഞാനറിയുന്നു
ചുരുട്ടിയ മുഷ്ടികള്‍‍ക്കൊപ്പം
ആകാശത്തേക്കുയര്‍ന്ന
നിന്റെ ശബ്ദം
കല്‍ഭിത്തികളേറ്റുപാടി
പ്രതീക്ഷകളോടെ
പ്രത്യയശാസ്ത്രവും ചിന്തകളും

കഠാരമുനയില്‍ നിന്റെ ജീവന്‍
ഒടുവില്‍ വശംചെരിഞ്ഞ്
പ്രത്യാശയുടെ പുഞ്ചിരി
പൊട്ടിക്കരഞ്ഞുകൊണ്ട്
ആശുപത്രി നൊന്തു

ഞരമ്പുകള്‍ തുളയുമ്പോള്‍
ഞാന്‍ നിന്റെയാശ്വാസമായി
തുള്ളികളായരിച്ചിറങ്ങിയ
രക്തവും എഛ്സീയെല്ലും
നിന്നില്‍ നിശ്ചലമായി
പകച്ച കണ്ണുകളോടെ
തളര്‍ന്നുവീണപ്പോഴും
ഉയിര്‍പ്പിച്ചത്
പ്രതീക്ഷകളായിരുന്നു.
-----------------------------------------


ഏകാന്തം

ആഘോഷത്തിന്റെ ആറാംനാളില്‍
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി
മാംസഭിത്തികളില് ‍കൈകാലിട്ടടിച്ചപ്പോള്‍
സ്നേഹസാന്ത്വനമായി
അമ്മ കൂട്ടുകാരിയായി
ശുദ്ധപാതിരാക്കളില്‍
വീര്‍ത്ത വയറിനു മുകളില്‍ കാതു ചേര്‍ത്ത്
ഹൃത്സ്പന്ദങ്ങളേറ്റുവാങ്ങി
അച്ഛന്‍ കൂട്ടുകാരനായി
ലേബര്‍റൂമിന്റെ വേദനയില്‍
‍ചില്ലുജാലകത്തിനപ്പുറം
ആര്‍ത്തലയ്ക്കുന്ന തിരകള്
‍കൂട്ടുകാരായി
ഭൂമിയിലേയ്ക്കിറങ്ങുവാന്
‍കൊടിലും ഗ്ലൌസും
വെണ്‍മാലാഖമാരും
കൂട്ടുകാരായി
പിച്ച നടന്ന താരാട്ടില്
‍ഇരയിമ്മന്‍ തമ്പി കൂട്ടുകാരനായി
പടവുകള്‍ കയറിയിറങ്ങി
ഊഴമൊടുങ്ങുമ്പോള്‍
ഓര്‍മ്മത്താവളങ്ങളും പേരുകളും
മുഖങ്ങളും സ്വന്തമായി
കൈവെള്ളയിലിറ്റുവീണ
ചോര തുടിക്കുന്ന മഞ്ഞുതുള്ളി
പ്രണയത്തില്‍ കൂട്ടായി
ഉന്മാദസൂര്യന്റെ കത്തിയടങ്ങല്
‍ആത്മരതിയുടെ മുള്ളും
പ്രണയത്തിന്റെ പൂവും
രക്തം കിനിഞ്ഞ ജീവിതവും
സീമന്തരേഖയില്‍ ആവാഹിച്ചപ്പോള്‍
ദുരിതവും ദുരന്തവും കൂട്ടിനെത്തി
ധവളശൂന്യതയില്‍
നന്മയുടെ പൂക്കളം കാണാതെ
ലാഭനഷ്ടത്തിന്റെ കളിയരങ്ങില്‍
കിനാക്കള്‍ക്ക് ചിതയൊരുക്കി
വൃദ്ധസദനത്തിന്റെ വിങ്ങല്‍
കൂട്ടു കൂടി
അവസാനസ്പന്ദമൊഴിഞ്ഞ്
അഗ്നി ഏറ്റുവാങ്ങുമ്പോള്
‍ആകൃതിയില്ലാത്ത ജ്വാലകളും
നേര്‍ത്ത മഴനൂലുകളും
ആശ്ലേഷിച്ചു.