20/3/07

സെമിനാര്‍

പ്രിയപ്പെട്ട സഹൃദയരേ,
ഞാനിവിടെ നില്‍ക്കുമ്പോള്‍
വിരലുകള്‍ നനഞ്ഞിട്ടുണ്ട്.
മൈക്രോഫോണിന്റെ വയര്‍
ചവിട്ടിപ്പിടിച്ചിട്ടുണ്ട്.
നനഞ്ഞിളകിയ മണ്ണ്
കാല്‍പ്പത്തിയില്‍ കുഴയുന്നുണ്ട്.
എന്നോളം പോന്ന ഒരു കാര്യം
എന്നോടുതന്നെ പറയുമ്പോള്‍
കൈവിട്ടുപോകുന്ന വാക്കില്‍
ഞാന്‍ വിറയ്ക്കുന്നുണ്ട്.
ഒന്നും പറയാനില്ലാത്തതിനാല്‍
എന്തു പറയണമെന്ന്
ഇപ്പോഴും കുഴങ്ങുന്നുണ്ട്.
പറയണമെന്നു പണ്ടു കരുതിയവ
ഇപ്പോഴൊന്നും പറയാതെ
പിണങ്ങിയിരിക്കുന്നുണ്ട്.
ഞാന്‍ എന്നെക്കുറിച്ചു പറയാം.
അല്ലെങ്കില്‍ നിങ്ങളെക്കുറിച്ച്.
ഇന്നത്തെ പത്രം വായിച്ചോ?
അയാള്‍ മരിച്ചുപോയി.
അപ്പോള്‍ ഇന്നാളു മരിച്ചതാരാണ്?
ആ ചെടിയുടെ പേരെന്താണ്?
അലസന്മാരാകരുത്.
അവിടെ ദൈവം വന്നിരിക്കും.
സോഷ്യലിസ്റ്റിനെക്കൊണ്ടു തോറ്റു.
അയാളിരിക്കുന്ന അദ്വൈതത്തില്‍
എനിക്കു സീറ്റില്ല.
അഭിമുഖത്തിനാരെങ്കിലും
വന്നു നില്‍പ്പുണ്ടാവും.
അയാളോടെന്തു പറയും?
പലവ്യഞ്ജനം വാങ്ങിയില്ല.
വറ്റല്‍മുളകിലിപ്പോള്‍
നിറയെ ഉപ്പാണ്.
നിങ്ങളനുവദിച്ചാലുമില്ലെങ്കിലും
ഞാനെന്റെ വീട്ടില്‍
ഉടുപ്പിടാതെ നടക്കും.
ഉഡുപ്പിയിലേക്കുള്ള വണ്ടി
മംഗലാപുരത്തിനുമാണല്ലൊ.
മംഗലം കഴിഞ്ഞെന്നുവച്ച്
എന്നെ മറന്നുകളയരുത്.
എന്റെ വീടിന്റെയുമ്മറത്ത്
പട്ടി വന്നുകിടക്കും.
പണ്ടൊക്കെ വീട്ടില്‍
ഒരു പശുവിനെ വളര്‍ത്തിയിരുന്നു.
ഓഫുചെയ്ത ഫോണിലേക്ക്
ആരെങ്കിലും വിളിക്കുന്നുണ്ടാവും.
ഓര്‍മിക്കാമെന്നു വയ്ക്കുമ്പോഴേ
അവള്‍ മനസ്സില്‍ വന്നു നില്‍ക്കും.
ഞാനൊരു തമാശ പറഞ്ഞപ്പോള്‍
അവളെന്തിനാണു കരഞ്ഞത്?
ഇന്നലത്തെ വഴക്കില്‍
ഇറങ്ങിപ്പോയ കൂട്ടുകാരന്‍
രാവിലെ വിളിച്ചിരുന്നു.
തിരിച്ചു ചെല്ലുമ്പോള്‍
പിള്ളേര്‍ പോക്കറ്റുപരതും.
കുളത്തിലിറങ്ങുമ്പോഴേ
മീനുകള്‍ കാലില്‍പ്പൊതിയും.
കുളിക്കാതിരുന്നിട്ടാണോ
മുടിയില്‍ താരന്‍ വരുന്നത്?
കണ്ണുതുറക്കാന്‍ പറ്റിയില്ലെങ്കില്‍
വലിയ പാടുതന്നെ.
പാടാത്ത വീണയും പാടും.
വീണാലും വീണില്ലെങ്കിലും.
തലയ്ക്കു വല്ലാത്തൊരു
മന്ദത തോന്നുന്നു.
കവിതയെക്കുറിച്ചുള്ള
ഈ സെമിനാര്‍
ഞാനുദ്ഘാടനം ചെയ്യുന്നു.

13 അഭിപ്രായങ്ങൾ:

മനോജ് കുറൂര്‍ പറഞ്ഞു...

തലയ്ക്കു വല്ലാത്തൊരു
മന്ദത തോന്നുന്നു.

രാജ് പറഞ്ഞു...

ഹാഹാഹാ!

Kuzhur Wilson പറഞ്ഞു...

ഞാന്‍ എങ്ങാന്‍ ആയിരിക്കണം.

ചാടിയിറങ്ങി ഓടി 3 എണ്ണം മട മടാന്നു അടിച്ചിട്ട്
ഒറ്റക്കരച്ചില്‍.

കുറൂര്‍ എപ്പ കുഴൂര്‍ ആയി എന്നു ചോദിച്ചാ മതി.

വിഷ്ണു പ്രസാദ് പറഞ്ഞു...

അലസന്മാരാകരുത്.
അവിടെ ദൈവം വന്നിരിക്കും.

വൈരുദ്ധ്യങ്ങളെ സെമിനാര്‍ എന്ന ഒരു തലക്കെട്ട് എങ്ങനെയാണ് സംബോധന ചെയ്യുകയെന്ന് നര്‍മബോധത്തോടെ കാണിച്ചു തരുന്നുണ്ടീ കവിത.

sandoz പറഞ്ഞു...

ഇവിടെ എന്താ സംഭവം....കവിക്ക്‌ ബുദ്ധി കൂടിയതോ....അതോ എനിക്ക്‌ കുറഞ്ഞതോ...ആ ആര്‍ക്കറിയാം.....

ഒന്നും കൂട്ടിവായിക്കാന്‍ കൂടി പറ്റുന്നില്ലല്ലോ......

മനോജ് കുറൂര്‍ പറഞ്ഞു...

പെരിങ്ങോടാ, ചിരി കിട്ടി ബോധിച്ചു!
കുഴൂര്‍, അതൊക്കെ നോക്കി. കരയാന്‍ പറ്റാത്തതുകൊണ്ടു ചിരിക്കുന്നു.
വിഷ്നുപ്രസാദ്, പെരുത്തു നന്ദി.
സാന്‍ഡോസ്, സംശയമില്ല. കവിക്കു ബുദ്ധി കുറഞ്ഞതുതന്നെ!

ഉമേഷ്::Umesh പറഞ്ഞു...

നല്ല സെമിനാര്‍!

ഇതു വായിച്ചപ്പോള്‍ എന്റെ ഈ കമന്റ് ആണു് ഓര്‍മ്മ വന്നതു്.

മൂര്‍ത്തി പറഞ്ഞു...

നിന്റെയീ കോളിനോസ് പുഞ്ചിരി നിര്‍ത്ത്
എന്നിട്ടു പറ..
നിന്റെ പല്ലിന്റെ മോണയിലേക്ക് ഒച്ചിനെ പീച്ചിയതാര്?

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് മാഗസിനില്‍ പണ്ട് വായിച്ച റ്റൂത് പേസ്റ്റിനെക്കുറിച്ചുള്ള ഒരു കവിതയില്‍ നിന്ന്‌..ചുമ്മാ കുറിച്ചെന്നേയുള്ളൂ.....

Kuzhur Wilson പറഞ്ഞു...

ഒന്നും പറയാനില്ലാത്തതിനാല്‍
എന്തു പറയണമെന്ന്
ഇപ്പോഴും കുഴങ്ങുന്നുണ്ട്.
പറയണമെന്നു പണ്ടു കരുതിയവ
ഇപ്പോഴൊന്നും പറയാതെ
പിണങ്ങിയിരിക്കുന്നുണ്ട്.

മനോജ് കുറൂര്‍ പറഞ്ഞു...

ഉമേഷ് എന്ന സമാനഹൃദയ, നിനക്കായ് പാടുന്നേന്‍!
മൂര്‍ത്തി, കോളെജിനോസ് പുഞ്ചിരിക്കു നന്ദി. തിരിച്ചോര്‍മിക്കാന്‍ ഞാന്‍ കേരളവര്‍മ്മക്കോളേജില്‍ കേരളപാണിനീയം പഠിച്ചിട്ടില്ല.
കുഴൂരേ നിന്റെ വാക്കിന്റെ പിണക്കം എനിക്കു മനസ്സിലാവും. ഈ നശിച്ച കവിതയ്ക്കു മനസ്സിലാവുകയില്ലെങ്കിലും

മിടുക്കന്‍ പറഞ്ഞു...

ഈ കവിത പോസ്റ്റ് ചെയ്യാന്‍ പറ്റിയ സ്ഥലം ആ ഓഫ് യൂണിയനായിരുന്നു..

മനോജ് കുറൂര്‍ പറഞ്ഞു...

മോനേ മിടുക്കാ, എന്റെ പിതൃനാമം അടിച്ചെടുത്തവനേ, നിന്നെ എന്റെ കൈയില്‍ കിട്ടും!

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

സത്യം സത്യമായും സത്യസന്ധമായും... അഭിനന്ദനങ്ങള്‍ മനോജ്‌