അലച്ചിലിന്റെ നോട്ടുപുസ്തകം
ഡോ. അനു പാപ്പച്ചന്റെ *തുഗ്ലക്കാബാദ് 26 എന്ന കവിതയുടെ വായന
അനൂപ് എം. ആര്‍.
നിറങ്ങളുടെ സഞ്ചാരം, ഓരോ
നിറങ്ങളുടെയും വകഭേദങ്ങള്‍, അതിലൂടെ വികസിക്കുന്ന മറ്റേതോ
നഗരത്തിന്റെ ആത്മമായി തുടിക്കുന്ന വികാരവിചാരങ്ങള്‍... സ്വപ്നത്തില്‍
പാഞ്ഞുപോകുന്ന ഒരു നോട്ടമാണ് ആണ് പാപ്പച്ചന്റെ തുഗ്ലക്കാബാദ് 26 എന്ന കവിത. ധാബകളിലെ
അടുപ്പുകനലുകള്‍ കെടുമ്പോള്‍ എന്റെ ഓര്‍മ്മകളില്‍ ഞാനും അലയുകയാണ്. അലച്ചിലിന്റെ
നോട്ടുപുസ്തകം പോലെയാണ് ഞാനീ കവിതയെ അടയാളപ്പെടുത്തുന്നത്. എത്രയോ രാത്രികളുടെ ഓര്‍മ്മകള്‍
ഞൊടിയിടയില്‍ വന്നുനിരക്കുന്നു.
മനസ്സില്‍ പല വീക്ഷണകോണുകള്‍
സൃഷ്ടിച്ചുകൊണ്ടാണല്ലോ ഓരോരുത്തരും വായിക്കുന്നത്. ചിലര്‍ കടലോരത്തിരുന്ന്,
ഓടുന്ന വണ്ടികളിലിരുന്ന്, എഴുത്തുമേശയിലിരുന്ന് അങ്ങനെ
ഓരോരുത്തരും വായിക്കുന്നു. ഈ കവിത വായിക്കാന്‍ ഞാന്‍ സൈക്കിള്‍ റിക്ഷയാണ്
ചവിട്ടുന്നത്.
ഉടലിനെ ചാണക്കല്ലിലുരച്ച് മൂര്‍ച്ചയാക്കുന്ന,
എന്നാല്‍ ഉരയ്ക്കുന്തോറും തേഞ്ഞുപോകുന്ന നിറങ്ങള്‍ നഷ്ടമാകുന്ന തൊഴില്‍ജീവിതങ്ങള്‍
പുഴയോരത്തെ അലക്കുതുണികള്‍ അഴയിലെന്നതുപോലെ എമ്പാടും തോരിയിട്ടിരിക്കുന്നു. ജീവിതമാക്കാന്‍ പെടാപ്പാടുപെടുന്ന വാക്കായുരുവംകൊണ്ടിട്ടില്ലാത്ത
അവസാനിക്കാത്ത സ്ത്രീയാധ്വാനങ്ങള്‍. ഗലികളില്‍ കടുംചായങ്ങള്‍ കാണും. അവയെല്ലാം
ജീവിതങ്ങളില്‍നിന്ന് വാര്‍ന്ന് തെരുവിലേയ്ക്ക് നഷ്ടപ്പെട്ടവയാണെന്ന് നമ്മള്‍
വീണ്ടും തിരിച്ചറിയും. കടും നീലയില്‍ കടലിലേയ്ക്കൊഴുകുന്ന ദാദിമാരുടെ കഥകള്‍.
എല്ലായിടത്തും പരിചയമുള്ള നഗരത്തില്‍
സ്ത്രീ ആരെന്ന് കവി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. സൂക്ഷ്മമായ ഒരു ശില്പം അനു
പാപ്പച്ചന്റെ കവിതകളിലുണ്ട്. സ്ഥൂലതയെ തള്ളിക്കളയുന്നതുകൊണ്ടാണ് ആ കവിതകള്‍
എനിക്കു പ്രിയപ്പെട്ടതാകുന്നതും. സൈക്കിള്‍ റിക്ഷ ശ്വാസം മൂട്ടിക്കൊണ്ട്
ഞരങ്ങുന്നുണ്ട്. ഒരാണായിരിക്കണം, എന്തിനായിരിക്കണം! ഇരുമ്പഴികളില്‍ കോര്‍ത്ത
കുഞ്ഞുപാവാടകള്‍ പിന്നിപ്പോയിരിക്കുന്നു. അക്കാലം മാറുന്നുണ്ടോ? പല വലിപ്പങ്ങളുടെ പാവാടക്കാലങ്ങള്‍ വന്നുപോകുന്നതല്ലാതെ!
ഈ മാസം ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ചെഞ്ചോരപ്പരത്തി എന്ന ആദ്യ കാവ്യപുസ്തകം
മറ്റേതോ നഗരത്തില്‍ കാണുന്നതെങ്കിലും യാത്രാപോകുന്ന പെണ്ണിന് അവയെല്ലാം കൈവെള്ളയിലെന്നതുപോലെ വായിച്ചെടുക്കാനാകും. ചാണകമുണങ്ങിയ തറയില്‍ കുത്തിയിരുന്ന് പല പ്രായങ്ങളിലെ സ്ത്രീ എന്തെല്ലാം അരച്ചും പൊടിച്ചുമെടുത്തു. എത്രയാളുകളെ ഊട്ടി. മുടിനരച്ചു. കൈമുട്ടുകള്‍ മെലിഞ്ഞുന്തി. എന്നിട്ടും അടുക്കളയില്‍ പണിയൊഴിയാത്ത നേരമാണ്. പുളിപ്പിക്കാനുള്ള മാവ്, റൊട്ടിക്കുകുഴച്ച ഉരുളകള്‍ ശീലത്തുണിയാല്‍ മൂടിയിരിക്കണം. വീടുമുഴുവന്‍ വിശപ്പുമാറ്റി ഉറങ്ങാന്‍ പോയി. അവള്‍ തന്റെ വിശപ്പുമാറ്റാന്‍ ഉത്തകാത്ത ഭക്ഷണപ്പുരകളില്‍ തുടരുകയാണ്. വെള്ളം തീര്‍ന്നുപോകുമ്പോള്‍ പൊരിവെയിലില്‍ ദിവസം മുഴുവന്‍ ഒക്കത്തും തലയില്‍ ഗോപുരം കണക്കെയും കുടങ്ങള്‍ ചുമന്നുകൊണ്ട് അവളിപ്പോഴും നടക്കുകയാണ്. പൊരിവെയിലിന്റെ നരച്ച പാതയില്‍ അവളുടെ ചേലയില്‍ അല്പം കടും നിറങ്ങള്‍ കണ്ടേക്കാം. ചോരവിയര്‍ത്തുകൊണ്ട് ജീവിതം വാര്‍ന്നുപോകുന്നവരുടെ ബലിയിടങ്ങളാണ് നിത്യജീവിതത്തിന്റെ അടുക്കളകളെന്ന് പറയുകകൂടിയാണ് ഈ കവിത. അതിലേറെ അടുക്കള വീട്ടിലെ കേവലമൊരു മുറിയല്ലെന്നും സ്ത്രീയ്ക്ക് ലോകം മുഴുവന്‍ ഒരടുക്കളയായി വളരുന്ന സമസ്യയെ അഭിമുഖീകരിക്കേണ്ടുന്ന യാഥാര്‍ത്ഥ്യംകൂടി അതിജീവിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയാണ്.
കടന്നെത്തിയ ദൂരത്തില്‍ അവള്‍ക്ക് ഓര്‍ത്തെടുക്കാവുന്നതെന്താണ്!
“ബേട്ടിമാര്‍ കാലൂര്‍ത്തിയിട്ട
ഇടുപ്പുകളുടെ മടക്കുകളില്‍
ചുരുങ്ങിക്കിടക്കുന്നു കടന്നെത്തിയ
കാലം”
*സമകാലിക മലയാളത്തില്‍ 2026 ജൂലൈ മാസം പ്രസിദ്ധീകരിച്ച കവിത
അനുബന്ധം:
സൈക്കിളില്‍ നടത്തിയ പല യാത്രകളും വീട്ടില്‍നിന്ന്
സ്വയമെടുത്തെറിയുന്നവയായിരുന്നു. അറിഞ്ഞാലും അജ്ഞാതങ്ങളിലേയ്ക്കുള്ള പുറപ്പാടുകള്‍കൂടിയാണല്ലോ
യാത്രകള്‍! ചെന്നൈ യാത്രയുടെ രണ്ടാം ദിവസം പുലര്‍ച്ചെ കോരിച്ചൊരിയുന്ന മഴ. നനഞ്ഞുതണുത്ത്
പഞ്ചറായിപ്പോയ സൈക്കിളുമായി സേലത്തിനപ്പുറത്തെവിടെയോ ദേശീയപാത 47 നുവക്കത്ത്
കണ്ണുകാണാതെ നില്ക്കുന്നു. പെഡല്‍ കറക്കി അദ്ധ്വാനിക്കുമ്പോള്‍ മാത്രം തെളിഞ്ഞുകത്തുന്ന
12 വാട്ട് ബാള്‍ബ്. കണ്ണിലേയ്ക്ക് നേരിട്ടും നനവില്‍വീണ് പ്രതിഫലിച്ചും
തുളച്ചുകയറുന്ന ലോറികളുടെ മഞ്ഞവെളിച്ചങ്ങള്‍. പ്രിയപ്പെട്ടതെല്ലാം
വീട്ടിലാണെന്നറിഞ്ഞിട്ടും യാത്ര മുന്നോട്ടുപോവുകയാണ്. എപ്പോഴേത്തുമെന്നറിയാത്ത
യാത്രകള്‍ ഉദ്വേഗജനകങ്ങളാണ്. ഒരുപക്ഷേ ജീവിതത്തിന്റെ തനിസ്വരൂപമാര്‍ന്നവ.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ