16/4/23

വി ടി

 "വി ടി എന്നൊരു ദുഷിച്ച സത്വമീ- നാട്ടിലുണ്ട് വഷളൻ വിലക്ഷണൻ എട്ടുചാണിലധികം വലിപ്പമി- ല്ലൊട്ടുമെങ്കിലുമവൻ ഭയങ്കരൻ"

തന്നെ അധിക്ഷേപങ്ങൾ കൊണ്ട് മൂടിയവർക്ക്  മറുപടിയായി വി ടി എഴുതിയ സെൽഫ് പോർട്രേറ്റ് ആണ് മുകളിൽ കൊടുത്തത്. രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും നടക്കാൻ കഴിയുമെങ്കിൽ    ' ഈ അക്രമവും അനീതിയും കണ്ടു മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്?' എന്ന് ഓരോരുത്തരോടും   താൻ ചോദിക്കുമെന്ന്    പറയാറുള്ളത് മകൻ വി ടി  വാസുദേവൻ ഓർമ്മിക്കുന്നു. ജീവിതത്തിലുടനീളം അവനവനോട് തന്നെ സമരം ചെയ്ത്  നിർമ്മിച്ച  ആ   ജ്വാല ഒരു സമുദായത്തിന്റെയും ഒരു ദേശത്തിന്റെതന്നെയും മാറ്റത്തിന് ഇന്ധനമാക്കി  മാറ്റിയ ആളാണ് വി ടി.  അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തുനിന്ന് അവതരിപ്പിക്കുകയാണ് മകൻ 'വി ടി : ഒരു തുറന്ന പുസ്തകം' എന്ന കൃതിയിൽ. പുസ്തകത്തിൽ ഭൂരിപക്ഷവും അച്ഛനെക്കുറിച്ച് ആയിരിക്കുമ്പോഴും  അതിലൂടെ പ്രകാശിക്കുന്ന അമ്മയുടെ മുഖം കൂടിയുണ്ട്-ഗ്രന്ഥകാരന്റെ വാക്കുകൾ വായിക്കുക: "അച്ഛൻറെ ഹിതം പോലെ വന്നു കയറുന്ന സ്നേഹിതരെ സ്വീകരിച്ച് സൽക്കരിക്കാൻ പാടുപെട്ട അമ്മ സ്വന്തം ആരോഗ്യം ദാനം ചെയ്ത് അച്ഛനേക്കാൾ വേഗത്തിൽ വൃദ്ധയായി".  ആ അമ്മയുടെ(ശ്രീദേവി അന്തർജ്ജനം) കൂനിക്കൂടിയുള്ള നടത്തവും അവശതകളും  അക്ഷീണവും  ത്യാഗഭരിതവുമായ  സഹധർമ്മാചരണത്തിൻറെ   തുടർച്ചയായിരുന്നു.

   എന്തുകൊണ്ടാണ് വി ടി യിലേക്ക് വീണ്ടും വീണ്ടും പോവാൻ തോന്നുന്നത്? നിസ്സാരമായ , കഥയില്ലാത്ത അഹന്തകൾ  എത്തിനോക്കുമ്പോൾ   ആ വലിയ സാന്നിധ്യത്തിനുമുമ്പിൽ  ചെന്ന് സ്വന്തം നിസ്സാരത ബോധ്യപ്പെടാൻ ...


"കത്തുന്നുണ്ടു വിളക്കു  രാവു- പകലും സംഗീതകോലാഹലം മെത്തുന്നുണ്ടു ഗഭീരമൗനമധുരം ത്രൈലോക്യചൈതന്യമേ

ഉത്തുംഗാത്ഭുതരംഗസീമ്നി 

നടനം ചെയ്യുന്നു നീയന്തിക- ത്തെത്തുന്നില്ലിവനിന്ദ്രിയ -

ച്ചിറകടിച്ചെത്രക്കുയർന്നീടിലും...

എന്ന് കെ കെ രാജാ എഴുതി.'ഉത്തുംഗാത്ഭുതരംഗസീമ്നി നടനം ചെയ്യുന്ന' 

 വി ടിയുടെ അടുത്തേക്ക് എത്ര ഉയർന്നാലും  നമുക്ക് എത്താൻ സാധിക്കുകയില്ല തന്നെ...

അഭിപ്രായങ്ങളൊന്നുമില്ല: