28/11/12

ഏറ്റവുമൊടുവിൽ അജ്ഞതയെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സ്വപ്നങ്ങൾ

ഏറ്റവുമൊടുവിൽ അത്തരം ചോദ്യങ്ങളിലേക്ക്
നിങ്ങളെ എത്തിക്കേണ്ടതുണ്ട് എന്നതിനാൽ
സ്വപ്നങ്ങളുടെ ദൃശ്യസംവിധാനങ്ങൾക്കൊപ്പം
നിങ്ങളെ നടത്തേണ്ടിവരുന്ന ജോലി
നിങ്ങളുടെ തന്നെ കിതപ്പുകൾപോലെ
കനമേറിയതാണ്.

(കമ്പനിയിലെ ഏക തദ്ദേശീയ തൊഴിലാളിക്ക്
ദേശീയത എന്നൊന്നിനെ മത്രമേ ഭയക്കാനുള്ളൂ)

ദേശങ്ങൾക്കും,സഞ്ചാരങ്ങൾക്കും,കാലത്തിനുമനുസരിച്ച്
ക്രമാനുഗതമായോ,തരം തിരിച്ചോ,കുഴച്ചുമറിച്ചോ
അലസമായോ ചെയ്യേണ്ട ഒരു ജോലിയുടെ
ഭാരിച്ച ഉത്തരവാദിത്വങ്ങളെ കുറിച്ച്
ഞാൻ പറഞ്ഞുതുടങ്ങുന്നത്
സാദൃശ്യതകൊണ്ടുമാത്രം ഏതൊരു പഴയകാലത്തിനും
ചെന്നെത്താവുന്നൊരു ചെമ്മണ്ണുപാതയിലെ
കിതപ്പിന്റെ കൂവലിൽ വലിഞ്ഞോടുന്നൊരു
മനുഷ്യവാഹനത്തിലിരുന്നാണ്

ഞങ്ങളുടേത്
ഒരു മൾട്ടിനാഷണൽ കമ്പനിയാണ്.
ഞങ്ങളുടെ ഉപഭോക്താക്കൾ
ഭൂമിയുടെ അതിരുകൾക്കുള്ളിൽ നിന്നാണ്
കാലങ്ങളിലേക്കും,അദൃശ്യനിരൂപണങ്ങളിലേക്കും
ചെന്നെത്തുന്നതിനാൽ
ഭൂമിക്കുമേൽ ഞങ്ങളുടെ ഇടപെടലിനോളം
തുടർച്ചകൾ മറ്റൊരു പ്രൊഡക്റ്റിനുമുണ്ടാകില്ല

ലളിതമായി നിർമ്മിച്ചെടുക്കുന്ന സങ്കീർണ്ണതകളെ
സ്വപ്നങ്ങളാക്കി നിർമ്മിച്ചെടുക്കുന്ന ഞങ്ങളുടെ എഞ്ചിനീയർമാർ
നിസ്സാരമെന്ന് തോന്നിപ്പിക്കുമെങ്കിലും
ഭൂനിരപ്പിൽ നിന്ന് ഏഴടിയോളം ഉയരത്തിൽ
തലമുറകൾ-വാക്കുകൊണ്ടും,ചിഹ്നം കൊണ്ടും
തലമുറകൾ-നിർമ്മിച്ചെടുത്ത സ്വപ്നഫലകങ്ങളിൽ
കാലങ്ങൾ തെറ്റാതെ ജോലിചെയ്യുന്നവരാണ്.

ഈ കരാറിലൂടെ ഒടുവിൽ
മൂന്നാം ലോകയുദ്ധം വരെ നിലനിന്നിരുന്ന
നമ്മുടെ രാജ്യത്തുള്ള അവരുടെ അഭ്യന്തര ഇടപെടലുകൾ
നിർത്തലാക്കിയിട്ടുണ്ട്.
നമ്മുടെ രാജ്യം കരാറുകളിൽ മാത്രം വിശ്വസിക്കുന്നത്
അന്നുമുതലായിരിക്കണം.

ഭൗതികമായി നിർമ്മിക്കപ്പെട്ടു എന്നതല്ലാതെ
ഒരോരോ കാരണവും
സ്വപ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിൽ നിന്ന് ഭാഷകൾ പോലും നിർമ്മിക്കപ്പെട്ടിരിക്കുന്നു
കുറച്ചുകൂടി വ്യക്തമാക്കിയാൽ
സ്വപ്നങ്ങളുടെ കേടുപാടുകളെ ഭാഷയെന്ന് വിളിക്കുന്നു.
ഇത്രകാലം ഈ കേടുപാടുകൾ സംസാരിച്ച നമ്മളെ
അവർ വിഡ്ഡികളെന്ന് വിളിക്കുന്നത് ഒരു തെറ്റാകാൻ വഴിയില്ല
ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള
കയറ്റുമതികൾ വൻതോതിലാണ് ഈക്കാലത്ത് വർദ്ധിച്ചത്.

(അവിടങ്ങളിലെ ദേശസാത്കൃത സ്വപ്നകമ്പനികൾ
സ്വപ്നങ്ങളുടെ അസംസ്കൃത ഇറക്കുമതികൾ ചെറുത്തിരുന്നു)

ഞങ്ങളുടെ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവുകൾ
സ്വപ്നങ്ങളാണ് എന്ന് ധരിക്കരുത്
അവർ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ പോലുമല്ല.
അവ്യക്തതകളെ ചൂഷണം ചെയ്യുന്ന രാജ്യത്ത്
സ്വപ്നങ്ങളെ സ്വതന്ത്രരാക്കുക എന്നതാണ് അവരുടെ ജോലി
സ്വതന്ത്രരാക്കുക ഒരുപക്ഷേ ഒരാവശ്യം പോലുമല്ല എന്ന വാദം
നിങ്ങളുടെ  മൂന്നാംലോക പുച്ഛമാണല്ലോ.

അതിനാൽ അജ്ഞതയെ കുറിച്ചുള്ള
ചോദ്യങ്ങളിൽ എന്റെ ചിന്തകൾ
ഇവിടെ അവസാനിക്കുകയും ഞാൻ എന്റെ ഇന്നത്തെ ജോലിയിൽ
പ്രവേശിക്കുകയും ചെയ്യുന്നു.

1 അഭിപ്രായം:

Neetha പറഞ്ഞു...

എല്ലാ ജോലി കള്‍ക്കും അതിന്‍റെ താ യ നൂലാ മാല കള്‍ ഉണ്ടല്ലോ .
സ്വന്തം കിതപ്പ് പോലെ ഇതും താമസിയാതെ ജിവിതത്തിന്റെ ഭാഗം ആയി മാറും .
ഇഴ തിരിച്ചു വേര്‍ പിരിക്കാന്‍ ആകാത്ത സ്വപ്നം പോലെ അവ ദിനചര്യയായി മാറി തീരും