30/10/12

തൊണ്ണായിരം നിമിഷങ്ങളി,ലോർമ്മകൾ വർത്തമാനങ്ങൾഅതിരാവിലെ 9:50

എന്നും അങ്ങോട്ട് പോകുമ്പോൾ
പണ്ട് പഠിച്ച പള്ളിക്കൂടം കൂടുന്ന സമയമാണ്.
വഴിയിലൊക്കെ പിള്ളേരുടെ തിരക്കാവും.
അന്നൊക്കെ വെള്ളക്കുപ്പായവും നീല കാലുറയുമായിരുന്നു,
കാലമൊക്കെ മാറിപ്പോയി,
ഹാ! ഇപ്പോൾ ചുവന്നകള്ളിക്കുപ്പായവും കറുത്ത കാലുറയുമാകുന്നു.

ഓയെന്വിയെഴുതിവച്ചപോലെ നെല്ലിമരമുള്ള എന്റെ പള്ളിക്കൂടം.
കോഴ കൊടുത്ത് കയറിയവരെങ്കിലും ഞങ്ങളെയെല്ലാം മക്കളെ പോലെ കരുതി സ്നേഹിച്ച ടീച്ചർമാർ.
കോഴ കൊടുത്ത് കയറിയവരെങ്കിലും ഞങ്ങൾക്കെല്ലാം സൌഹൃദവും അച്ചടക്കവും നൽകിയ സാറുമ്മാർ.
.... ഈ അവസരത്തിൽ അതിയാദൃശ്ചികമായ്
അജയ് എന്ന തടിയനെ തന്തയ്ക്ക് വിളിച്ചതിനു തല്ലിയ പ്രധാനാ‍ദ്ധ്യാപകന്റെ കഷണ്ടി ഞാനോർത്ത് പോവുകയാണ്...
നിങ്ങളറിയണം, ഞാനായിരുന്നില്ല അവനെ തന്തയ്ക്ക് വിളിച്ചത്,
അഖിലേഷായിരുന്നു,
ഞാനത് കേട്ട് ഇളിച്ചതെ ഉള്ളായിരുന്നു.
എന്തായാലും അജയ്ക്കും കിട്ടി
ചന്തിക്ക്
രണ്ടെണ്ണം.
പെട കിട്ടി കഴിഞ്ഞപ്പോൾ ഞാനും അജയും അഖിലേഷുമെല്ലാം ഒരുമിച്ച് പോയി ബോംബേ പൂട വാങ്ങി തിന്നു.
ണിം ണിം.
അന്നൊക്കെ വെളുത്ത ബോംബേ പൂട ആയിരുന്നു.
കാലമൊക്കെ മാറിപ്പോയി.
ഹാ! ഇപ്പോൾ ബോംബേ പൂടയ്ക്ക് നിറം മങ്ങിയ ചുവപ്പാണ്.

ആ പ്രധാനാദ്ധ്യപകനെ വഴിയിലൊക്കെ വച്ച് കണാറുണ്ട്.
അദ്ദേഹവും കോഴ കൊടുത്താകും പണ്ട് നിയമനം വാങ്ങിയത്.
പക്ഷെ ഒരു നല്ല മനുഷ്യൻ തന്നെ...
...പെട്ടന്നൊരു മണല് വണ്ടി ലൈംഗീകവികാരം പോലെ പാഞ്ഞ് വന്നു.
ഞാൻ വണ്ടി ഒതുക്കി രക്ഷപെട്ടു,
പരിസ്ഥിതിപ്രശ്നങ്ങളെ പറ്റി, ഗതാഗതനിയമങ്ങളെ പറ്റി,യൊക്കെയൊന്നുണർന്ന് ചിന്തിച്ച് ആതുരസ്മരണകളിലേക്ക് തിരിച്ച് ചെല്ലുമ്പോൾ,
അതാ നിൽക്കുന്നു അഞ്ജന!
ആശുപത്രിമുക്കിൽ വണ്ടി കാത്ത് നിൽക്കുകയാണ്.
റബ്ബേ! ഇത് അജ്ഞലിയാണോ?
അഞ്ജനയും അഞ്ജലിയും ഇരട്ടകളും
പള്ളിക്കൂടത്തിനടുത്ത് വീടുള്ളവരും
വീട്ടിൽ കമ്പിളിനാരകമരമുള്ളവരും
ഉച്ചയ്ക്ക് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നവരും ആയിരുന്നു.
അവർക്ക് രാസലീല എന്തെന്ന് അറിയില്ലായിരുന്നു.
ഞാനാണാ പുരാണകഥ അവർക്ക് പറഞ്ഞ് കൊടുത്തത്.
അഞ്ജലിയാണത് ടീച്ചറോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചത്.
അന്നെനിക്ക് അഞ്ജലിയേയും അഞ്ജനയേയും മാറിപ്പോകില്ലായിരുന്നു.
കാലമൊക്കെ മാറിപ്പോയി,
ഹാ! ഇപ്പോൾ അഞ്ജനയും അഞ്ജലിയും എന്നെ ഓർക്കുന്നുണ്ടാവുമോ?

9:58

അഞ്ജലിക്ക്/അഞ്ജനയ്ക്ക് ഇപ്പോൾ ജോലിയൊക്കെ ആയിരിക്കും-
സാരിയൊക്കെ ഉടുത്താണല്ലോ നിൽ‌പ്പ്-
എനിക്കോ, വേലകൂലാദികളൊന്നുമില്ലല്ലോ-
എന്നിങ്ങനെ വർത്തമാനകാലപരിസരങ്ങളിലേക്ക് വീണ് പോകെ-
അതത്രമേൽ അസുഖകരമായതിനാൽ ഓർമ്മകളിലേക്കെങ്ങനെ വീണ്ടും കയറിപ്പറ്റാം എന്ന് വിചിന്തനം ചെയ്യവെ
ഒരു ചുള്ളൻ പയ്യൻ
സൈക്കിളിൽ അണച്ചണച്ച് പോവതായ് കണ്ടു.
പള്ളിക്കൂടത്തിൽ മണി അടിച്ചു കഴിഞ്ഞിരുന്നു.
അവനെ കണ്ടപ്പോൾ എന്റെ കാമുകിയുടെ പഴയ കാമുകനെ ഓർമ്മ വന്നു പോയി.
അവനും ഈ സ്കൂളിലാണ് പഠിച്ചത്.
(നായിന്റെ മോൻ)
അവനെ പറ്റിയോർത്തപ്പോൾ അവളെ പറ്റിയോർക്കാതെ പറ്റില്ലല്ലോ.
അവളും ഈ സ്കൂളിലാണ് പഠിച്ചത്.
(നായിന്റെ മോ‍ൾ)
അവളെ പറ്റിയോർത്തപ്പോൾ....
ഹ! എങ്ങനെ ഈ കല്യാണം നടക്കുമെന്ന് എനിക്കൊരു പിടിയുമില്ല.
വായനക്കാരെ, നിങ്ങളുടെ സഹായസഹകരണങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നില്ല എന്ന് എങ്ങനെ പറയും.
സർവ്വം പ്രതീക്ഷയാൽ മാത്രം ചീർത്തിരിക്കൂന്നു, ഏറെക്കുറെയളിഞ്ഞും.
എല്ലാം ശരിയാകും.

10:00

ഛേ! വർത്തമാനത്തിന്റെ അധമമായ ചൊറിത്വത്തിലേക്ക് മാന്തിയെറിയാനാണോ ഓർമ്മകളേ നിങ്ങാളെന്നെ ഉച്ചയ്ക്ക് മുന്നെ ഇങ്ങനെ കുരുക്ക് വച്ചത്?
‘എന്റെ പുന്നാര ഓർമ്മകളെ തിരിച്ചു വരൂ, നിങ്ങൾക്ക് മസാലദോശ വാങ്ങിത്തരാ‘മെന്ന് പ്രാർത്ഥിച്ചിട്ടും....
ഹാ! കഷ്ടം.

സുസ്ഥിരമായൊരു വരുമാനമൊക്കെ ആയിട്ടെ ഇനി നെല്ലിക്ക എന്ന് പറയുക കൂടി ചെയ്യൂ
എന്ന് ആരൂഡത്തിൽ തെളിഞ്ഞരുളുന്നത് തന്നെ സുകൃതം.

ഒരുവട്ടം കൂടിയാ പഴയ പരീക്ഷകളൊക്കെ എഴുതേണ്ടി വരിക എന്നോർത്താലും മഹാകലിപ്പാണ്.

10:05


(റിപ്പോർട്ടർ വെബ്ബ് മാഗസിൻ ഓണപ്പതിപ്പ്)

അഭിപ്രായങ്ങളൊന്നുമില്ല: