3/5/12

അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും മാറ്റി വരയ്ക്കുന്നു
അതിവിശാലമായ ക്യാന്‍‌വാസില്‍
ചുറ്റുമുള്ള പ്രകൃതിയെ ആളുകളെ കിളികളെ ഒച്ചകളെ ഒക്കെ
മാറ്റി വരച്ചുകൊണ്ടിരിക്കുന്നു.
അവന്റെ ചിത്രമാണ് ഞാനെന്നോര്‍മിക്കാതെ
ഞാനും വരച്ചുകൊണ്ടിരിക്കുന്നു
എന്റെ അതിമോഹത്തെ നിയന്ത്രിക്കാന്‍
അവന്‍ പാടുപെടുന്നു

വാകമരങ്ങളില്‍ ചുവന്ന പൂക്കളെ വരച്ചുചേര്‍ക്കുന്നു
മഴയുടെ ബ്രഷ് കൊണ്ട് മുറ്റമാകെ പച്ചപ്പുല്ലുകള്‍ വരയ്ക്കുന്നു
മരങ്ങളുടെ ഇലകളെ നനച്ച് തുടച്ച് പ്രകാശിപ്പിക്കുന്നു
ശിഖരങ്ങളെ ചെമ്പന്‍പൂപ്പലുകളുടെ കയ്യുറകള്‍ ഇടുവിക്കുന്നു.
വേനല്‍‌വെയിലെന്ന ടൂളിനാല്‍ ആകാശം തുടച്ചുതുടച്ച് ഇളം നീലയാക്കിയെടുക്കുന്നു
മഴപെയ്യുമിറയത്ത് നിമിഷാര്‍ദ്ധം നില്‍ക്കുന്ന
ജലദളങ്ങളുള്ള പൂവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

അവന്‍ വരച്ചവയെ ഞാന്‍ മാറ്റിവരയ്ക്കുന്നു
മഞ്ഞുകാലത്തെ പ്രഭാതങ്ങളില്‍ വായ തുറന്ന് പുകയൂതിക്കൊണ്ടിരിക്കുന്ന മലകളെ
മുത്തച്ഛന്റെ ഛായയില്‍ മാറ്റിവരയ്ക്കുന്നു
അതിരുകളില്‍ അവന്‍ വരച്ച മേഘങ്ങളെ ചിറകുകളാക്കി മാറ്റിവരച്ച്
സമതലത്തെ മാന്ത്രികപ്പരവതാനിയാക്കുന്നു
മലകള്‍ക്കിടയില്‍ മൈലാഞ്ചിയിട്ട് ചെമ്പിപ്പിച്ച മുകള്‍ത്തലപ്പുള്ള കാറ്റാടിക്കാടുകള്‍  നീക്കി
എന്റെ കാമുകിയുടെ ഭഗരോമങ്ങള്‍ വരച്ചുചേര്‍ക്കുന്നു
അവന്റെ വെള്ളച്ചാട്ടങ്ങളെ ഞാന്‍ അടിയുടുപ്പുകളിലേക്ക് ഇറങ്ങിവരുന്ന
കഞ്ചാവുപുകയാക്കിത്തീര്‍ക്കുന്നു
കുളങ്ങള്‍ക്കു മീതെ തെന്നിപ്പറക്കുന്ന തുമ്പികളെ
കൃസരികള്‍ക്കു മുകളില്‍ തെന്നുന്ന വിരലുകളാക്കിമാറ്റുന്നു
പറക്കുന്ന ശലഭങ്ങളെ പറക്കുന്ന യോനികളാക്കി  മാറ്റുന്നു
അവന്‍ വരച്ചുവെച്ച മഴവില്ല് ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ മുടിക്കാവടിയാല്‍ റദ്ദു ചെയ്യുന്നു
നിശാകാശത്ത് അവന്‍ വരച്ചുവെച്ച നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളായ് ഊതിപ്പറപ്പിക്കുന്നു
അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
എന്റെ മുടിയിഴകള്‍ അവന്‍ മായ്ക്കുന്നു
എന്റെ കണ്‍പീലികള്‍ വെളുപ്പിക്കുന്നു
എന്റെ മൃദുലമായ തൊലി ചുളിക്കുന്നു
എന്റെ ചലനശേഷി തിരിച്ചെടുക്കുന്നു
മാറ്റിവരയ്ക്കാനുള്ള എന്റെ മോഹം മാത്രം
മാറ്റിവരയ്കാനാവാതെ അവന്റെ ബ്രഷ് തളരുന്നു
ഒടുക്കം തിരമാലകളുടെ മുത്തുപിടിപ്പിച്ച വക്കുകള്‍ ഉയര്‍ത്തി അവന്‍ വിളിക്കുന്നു
ഒറ്റത്തോണിയില്‍ ചെന്ന് ചക്രവാളത്തിലെ ചുവന്ന പൊട്ടും
വെളുത്ത പക്ഷികളെയും മാറ്റിവരയ്ക്കാന്‍ ...

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
എന്റെ മുടിയിഴകള്‍ അവന്‍ മായ്ക്കുന്നു
എന്റെ കണ്‍പീലികള്‍ വെളുപ്പിക്കുന്നു
എന്റെ മൃദുലമായ തൊലി ചുളിക്കുന്നു
എന്റെ ചലനശേഷി തിരിച്ചെടുക്കുന്നു
മാറ്റിവരയ്ക്കാനുള്ള എന്റെ മോഹം മാത്രം
മാറ്റിവരയ്കാനാവാതെ അവന്റെ ബ്രഷ് തളരുന്നു