ഇറങ്ങിയിടം തൊട്ട്
നടന്നു പോകുമ്പോൾ
കിതച്ചിരിക്കുമ്പോൾ
നാട് പറയുന്നുണ്ട്
തിരിച്ചുപോവാൻ
                                                      
വിൽക്കുവാൻ വെച്ചിടങ്ങളിൽ        
വിലപേശുന്ന ബോർഡുകളിൽ      
മതിപ്പുപറയുന്ന ബ്രോക്കർമാർ
കണ്ണിറുക്കുന്നുണ്ട്
കയ്യിലുള്ളകാശിനു
ഒരുകിലോ മത്തികിട്ടിയാലയെന്നു
കളിയാക്കുന്നുണ്ട് കലുങ്കുകൾ
                                                        
നാടേയെന്നു വിളിച്ചുമോർത്തും      
നെഞ്ചിലിട്ടു പാട്ടായും കവിതയായും          
മൂളിയും രാവുതീർന്നുപോയെതു മിച്ചമെന്നോരോ      
നടവഴിയുമോർമ്മിപ്പിക്കുന്നു     
 
മരം പെയ്യുന്നേയില്ല         
കാക്കപോലുമിരിക്കാത്ത   
ടവറേ   
നാടുമുഴുവനൊളിഞ്ഞുനോക്കുന്നതെന്തിനാ....
                                            
കണ്ടാലുമറിയില്ല
നാലുകാര്യമില്ലാതെയാരും മിണ്ടില്ല
നഗരത്തിലേക്കൊലിച്ചുപോയെടോ
നാടെന്നു  ചങ്ങാതി     
                                       
കൂലിയോക്കെകൂടി കൂടി            
വർഗ്ഗവും സമരവുമില്ലാതെ
വിപ്ലവത്തിനൊക്കെ
മണ്ഡരിപിടിച്ചുപോയെന്നു
നരച്ചകൊടിമരങ്ങൾ.
നാടെന്നു പറയുമ്പോൾ
നാവിലാദ്യമെത്തുന്ന
മാർക്കിസ്റ്റ് നാണുവേട്ടാ
ബീഡിവലിച്ചു വലിച്ചു
ബീഡിക്കുറ്റിപോലായിപ്പോയല്ലോ?
‘കമ്യൂണിസ്റ്റാവാൻ ഒരു നായിന്റെമോനെയും
കിട്ടുന്നില്ല മാപ്ലേയെന്നു
പറഞ്ഞപ്പോഴേക്കും
ദേ..തെങ്ങുമുറിച്ചാൽ
കൂലിക്കൊപ്പം തെങ്ങുഫ്രീയെന്നൊരു
പരസ്യം
മഴനനയുന്നു
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ